This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൂസേ, എലിനോറ (1858 - 1924)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡൂസേ, എലിനോറ (1858 - 1924)

Duse,Eleonora

ഇറ്റാലിയന്‍ നടി. അഭിനേതാക്കളായ മാതാപിതാക്കളോടൊപ്പം കുട്ടിക്കാലത്തുതന്നെ ഇറ്റലിയിലുടനീളം സഞ്ചരിച്ചു. 1879-ല്‍ ഗിയോവന്നി ഇമ്മാനുവലിന്റെ നാടകക്കമ്പനിയില്‍ ചേര്‍ന്നു. ഡെസ്ഡമോണയുടേയും ഒഫീലിയയുടേയും റോളില്‍ അഭിനയിച്ച എലിനോറ ജനശ്രദ്ധ ആകര്‍ഷിച്ചു. എമിലി സോളയുടെ 'തെരേസെ റാക്വിനി'ല്‍ അഭിനയിച്ചതോടെയാണ് മുന്‍നിരയിലെത്തിച്ചേര്‍ന്നത്. 1884-ല്‍ വെര്‍ഗയുടെ 'കവലീരിയ റസ്റ്റിക്കാനാ'യിലൂടെ മികച്ച അഭിനയം കാഴ്ചവച്ചു. ഇതേത്തുടര്‍ന്ന് തെക്കനമേരിക്കയിലും മറ്റും പര്യടനം നടത്തി. 1887-ല്‍ പ്രസിദ്ധനടനായ ഫ്ലാവിയോ ആന്റോയുമായി ചേര്‍ന്ന് ഒരു നാടക കമ്പനി രൂപീകരിക്കുകയും ഫ്രഞ്ച് നാടകകൃത്തുക്കളായ സാര്‍ദോ, ഡൂമാ മുതലായവരുടെ രചനകള്‍ രംഗത്ത് അവതരിപ്പിക്കുകയും ചെയ്തു.

സംഗീതരചയിതാവായ അറിഗോ ബോയ്തോയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന എലിനോറ അദ്ദേഹം പരിഭാഷപ്പെടുത്തിയ ഷെയ്ക്സ്പിയറുടെ ആന്റണി ആന്‍ഡ് ക്ലിയോപാട്ര രംഗത്ത് അവതരിപ്പിച്ചു. 1888-ല്‍ മിലാനിലാണ് നാടകം ആദ്യമായി അരങ്ങേറിയത്. 1893-ല്‍ ലണ്ടനിലും അവതരിപ്പിക്കുകയുണ്ടായി. 1891-ല്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ 'ലാ സിനോറാ ഡെല്ലെ കമീലി' അവതരിപ്പിച്ചതോടെ എലിനോറയുടെ പ്രശസ്തി വര്‍ധിക്കുകയും അതിനെത്തുടര്‍ന്ന് യൂറോപ്പിലും അമേരിക്കയിലും നിരവധി പര്യടനങ്ങള്‍ നടത്തുകയും ചെയ്തു. പ്രസിദ്ധ ഇറ്റാലിയന്‍ കവിയും നാടകകൃത്തുമായ ഗബ്രിയേല്‍ ഡി അനന്‍സിയോയുടെ ഉറ്റസുഹൃത്തായി മാറിയ എലിനോറ നാടകരംഗത്ത് വിപ്ലവകരമായ ഒരു പരിവര്‍ത്തനത്തിനുവേണ്ടി പ്രയത്നിച്ചു. അനന്‍സിയോയുടെ 'ലാ സിറ്റാമോര്‍ട്ടാ' 1898-ല്‍ പാരീസില്‍ അവതരിപ്പിച്ചു. ഇദ്ദേഹത്തിന്റെ മറ്റു ചില നാടകങ്ങളിലും എലിനോറ അഭിനയിക്കുകയുണ്ടായി. തുടര്‍ന്ന് ഇബ്സന്റെ 'ഡോള്‍സ് ഹൗസ്', 'ഹെഡ്ഡാ ഗാബ്ളര്‍' മുതലായ നാടകങ്ങളും എലിനോറ രംഗത്തവതരിപ്പിച്ചു.

എലിനോറയുടെ അഭിനയശൈലിയെ പ്രസിദ്ധ നാടകകൃത്തായ ബര്‍ണാഡ് ഷാ വളരെയധികം പുക്ഴത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍