This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡീസെല്‍ എന്‍ജിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡീസെല്‍ എന്‍ജിന്‍

Diesel engine

ഡീസെല്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഒരു ആന്തരദഹന യന്ത്രം. റുഡോള്‍ഫ് ഡീസെല്‍ ആണ് ഇതിനു രൂപകല്പന നല്‍കിയത്. യന്ത്രത്തിന്റെ ദഹന അറയില്‍ ഇന്ധനമെത്തിക്കുന്ന രീതി, ഇന്ധന ദഹന സംവിധാനം എന്നിവയില്‍ മറ്റ് ആന്തരദഹന യന്ത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഡീസെല്‍ എന്‍ജിന്‍. മറ്റുള്ളവയില്‍ വായു-ഇന്ധന മിശ്രിതത്തെ സ്പാര്‍ക് പ്ലഗ് മുതലായവയുപയോഗിച്ച് കത്തിക്കുമ്പോള്‍ ഡീസെല്‍ എന്‍ജിനില്‍ വായുവിനെ വലിച്ചെടുത്ത് സമ്മര്‍ദനത്തിലൂടെ അതിന്റെ താപനിലയെ ഇന്ധനം കത്താന്‍ ആവശ്യമായ താപനിലയെക്കാള്‍ ഉയര്‍ന്ന തലത്തില്‍ എത്തിച്ചശേഷം ആ വായുവിലേക്ക് ഇന്ധന ദ്രാവകത്തെ തളിക്കുകയാണ് പതിവ്. ഇങ്ങനെ ഇന്ധനം സ്വയം കത്തിജ്വലിച്ച് ദഹനം നടന്നശേഷം ലഭിക്കുന്ന ചൂടായ വാതകമിശ്രിതം വികസിച്ചാണ് ആവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്നത്. ദഹന അറയില്‍ വച്ചുള്ള വായു സമ്മര്‍ദനം, ഇന്ധന ദഹനം, വായു-മിശ്രിത വികസനം, പുറംതള്ളല്‍ എന്നിവയാണ് ഒരു ഡീസെല്‍ ചക്രത്തിലെ വ്യത്യസ്ത ഘട്ടങ്ങള്‍.

ചെറിയ ബോട്ടുകളില്‍ ഉപയോഗിക്കുന്ന മറൈന്‍ ഡീസെല്‍ എന്‍ജിന്‍

ഇന്ധനം ദഹന അറയിലേക്കു കടത്തി വിടുന്ന പ്രത്യേക രീതി മറ്റുള്ളവയെ അപേക്ഷിച്ച് ഡീസെല്‍ എന്‍ജിന് രണ്ട് പ്രധാന ഗുണമേന്മ നല്‍കുന്നു. ഒന്ന്, ദഹന അറയില്‍ സമ്മര്‍ദനം നടക്കുമ്പോള്‍ വായു മാത്രമേ ഉള്ളൂ എന്നതിനാല്‍ അനിയന്ത്രിത ദഹനം എന്ന ആപത്ത് ഇവയില്‍ സംഭവിക്കാറില്ല. ഇത് വളരെ ഉയര്‍ന്ന സമ്മര്‍ദാനുപാതവും (compression ratio) തദ്വാര ഡീസെല്‍ ചക്രത്തിന് (diesel cycle) കൂടിയ ദക്ഷതയും നല്‍കുന്നു. രണ്ട്, ദഹന അറയിലേക്ക് സമ്മര്‍ദിത വായു പ്രവേശിക്കുമ്പോള്‍ തന്നെ ഇന്ധനം കത്തിത്തുടങ്ങുന്നതിനാല്‍ ഇന്ധനം കത്തിക്കാന്‍ സ്പാര്‍ക് പ്ലഗ് പോലുള്ള പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടിവരുന്നില്ല. ഇത് വ്യത്യസ്ത വായു-ഇന്ധന അനുപാതത്തില്‍ പ്രവര്‍ത്തിക്കാന്‍ ഡീസെല്‍ എന്‍ജിനെ പ്രാപ്തമാക്കുന്നു. മാത്രമല്ല, നിശ്ചിത അളവ് ഊര്‍ജം ലഭിക്കാന്‍ ആവശ്യമുള്ളത്ര ഇന്ധനം ദഹന അറയിലേക്ക് കടത്തിവിട്ടാല്‍ മതിയാകുമെന്നതിനാല്‍ ത്രോട്ട്ലിങ് മൂലം ഡീസെല്‍ എന്‍ജിനില്‍ വളരെ കുറഞ്ഞ ഇന്ധന നഷ്ടമേ സംവിക്കാറുള്ളൂ.

ടര്‍ബോചാര്‍ജര്‍ സംവിധാനം ഘടിപ്പിച്ച ഡീസല്‍ എന്‍ജിന്‍

എന്നാല്‍ ദഹന അറയില്‍ വായുവിന്റെ അളവ് 60%-70% പരിധിയില്‍ കവിഞ്ഞാല്‍ യന്ത്രം പ്രവര്‍ത്തിക്കുമ്പോള്‍ ധാരാളം പുക സൃഷ്ടിക്കപ്പെടാം. ഈ പുക യന്ത്രം നല്‍കുന്ന ഊര്‍ജത്തിന്റെ അളവിലും കുറവു വരുത്തും. സൂപ്പര്‍ചാര്‍ജറുകള്‍ ഉപയോഗിച്ച് ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാനാകും.

താരതമ്യേന വില കൂടിയവയാണെങ്കിലും ഉയര്‍ന്ന ദക്ഷത, ഈടുറപ്പ്, വളരെ കുറഞ്ഞ അറ്റകുറ്റപ്പണികള്‍ എന്നിവ ഡീസെല്‍ എന്‍ജിന്റെ മറ്റ് വിശേഷ ഗുണമേന്മകളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍