This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡി ലനോയ്, യൂസ്റ്റേഷ്യസ് ബനഡിക്റ്റസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡി ലനോയ്, യൂസ്റ്റേഷ്യസ് ബനഡിക്റ്റസ് (1715 - 77)

De Lannoy,Eustachius Benedictus

തിരുവിതാംകൂര്‍ സേനയ്ക്ക് യൂറോപ്യന്‍ മാതൃകയില്‍ പരിശീലനം നല്‍കിയ ഡച്ച് സൈനികന്‍. തിരുവിതാംകൂര്‍ ഭരിച്ചിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ രാജാവിന്റെ ഭരണകാലത്ത് (1729-58) ഡച്ചുകാരുമായുണ്ടായ കുളച്ചല്‍ യുദ്ധത്തില്‍ (1741) തടവുകാരനായി പിടിക്കപ്പെട്ട ഇദ്ദേഹം കര്‍മനിപുണതകൊണ്ടും ആത്മാര്‍ഥതകൊണ്ടും മഹാരാജാവിന്റെ പ്രീതിയും വിശ്വാസവുമാര്‍ജിക്കുകയും ക്രമേണ തിരുവിതാംകൂര്‍ സൈന്യത്തിന്റെ നേതൃത്വപദവിയിലേക്ക് ഉയരുകയും ചെയ്തു. മാര്‍ത്താണ്ഡ വര്‍മയ്ക്കുശേഷം ഭരണമേറ്റ കാര്‍ത്തികതിരുനാള്‍ രാമവര്‍മ രാജാവിന്റെ (ധര്‍മരാജാ) കാലത്തും ഇദ്ദേഹം സൈനികസേവനമനുഷ്ഠിച്ചിരുന്നു.

ഡി ലനോയിയുടെ ജനനം 1715-ലായിരിക്കാമെന്നാണ് കരുതപ്പെടുന്നത്. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ചേര്‍ന്ന ഇദ്ദേഹം സിലോണില്‍ സൈനികോദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചിരുന്നു. ഇക്കാലത്താണ് അവിടെനിന്നും ഡച്ച് സൈന്യം കുളച്ചല്‍ യുദ്ധത്തിനു പുറപ്പെട്ടത്. ഈ സൈന്യവ്യൂഹത്തില്‍ ഡി ലനോയിയും ഉള്‍പ്പെട്ടിരുന്നു. 1741 ആഗ. 10-ന് ഈ സേന തിരുവിതാംകൂറിനു കീഴടങ്ങി. ഇതോടെ മറ്റു സൈനികരോടൊപ്പം ഡി ലനോയിയും തടവുകാരനായി പിടിക്കപ്പെടുകയാണുണ്ടായത്.

യുദ്ധത്തില്‍ പരാജിതനായി തടവുകാരനാക്കപ്പെട്ട ഡി ലനോയ് സ്വന്തം നാട്ടില്‍ മടങ്ങിപ്പോകാന്‍ ആഗ്രഹിക്കാതെ മാര്‍ത്താണ്ഡവര്‍മ മഹാരാജാവിനെ സേവിക്കുവാന്‍ തയ്യാറായി. ഇദ്ദേഹത്തിന്റെ പ്രാഗല്ഭ്യത്തില്‍ വിശ്വാസം വന്ന രാജാവ് തന്റെ ഒരു സൈനികോദ്യോഗസ്ഥനായി ഡി ലനോയിയെ നിയമിക്കുകയും നാട്ടുസേനയെ പാശ്ചാത്യരീതിയില്‍ പരിശീലിപ്പിക്കുവാന്‍ നിയോഗിക്കുകയും ചെയ്തു. തിരുവിതാംകൂര്‍ സൈന്യത്തിന് യൂറോപ്യന്‍ മാതൃകയില്‍ ശിക്ഷണം നല്‍കുന്നതിലും, വെടിമരുന്നുപയോഗിച്ചുകൊണ്ടുള്ള പുതിയ തരം ആയുധ പരിശീലനത്തിലും നൂതനവും സുശക്തവുമായ രീതിയില്‍ സൈനിക സജ്ജീകരണം നടത്തുന്നതിലും ഡി ലനോയ് സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചു. ഇദ്ദേഹത്തിന്റെ സൈനിക പാടവം മനസ്സിലാക്കിയ മഹാരാജാവ്, ഡച്ചുകാരുള്‍പ്പെടെയുള്ള എല്ലാ ശത്രുക്കളേയും നേരിടുന്നതിന്, തിരുവിതാംകൂര്‍ നടത്തിയ പല യുദ്ധങ്ങളിലും ഡി ലനോയിയെക്കൂടി സൈനിക നേതാവായി നിയോഗിച്ചിരുന്നു. തന്നില്‍ നിക്ഷിപ്തമായ കര്‍ത്തവ്യങ്ങള്‍ തൃപ്തികരമായ വിധത്തില്‍ നിര്‍വഹിച്ചതിനാല്‍ രാജാവ് ഇദ്ദേഹത്തെ ഒരു ഉന്നത സൈനികോദ്യോഗസ്ഥനായി ഉയര്‍ത്തി 'വലിയ കപ്പിത്താന്‍' (ചീഫ് ക്യാപ്റ്റന്‍) എന്ന ഔദ്യോഗിക ബിരുദം നല്‍കി അംഗീകരിച്ചു. തോക്കും പീരങ്കിയുമുള്‍പ്പെടെയുള്ള യുദ്ധസാമഗ്രികള്‍ സ്വരൂപിക്കുന്നതിനും പുതിയ കോട്ടകെട്ടിയും പഴയ കോട്ടകള്‍ ബലപ്പെടുത്തിയും പ്രതിരോധം ശക്തമാക്കുന്നതിനും ഡി ലനോയിയുടെ നേതൃത്വം രാജ്യത്തിനു സഹായകമായി. രാമയ്യന്‍, അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ള എന്നീ ദളവമാരോടൊപ്പം യുദ്ധം നയിക്കുവാനുള്ള അവസരം ഡി ലനോയിക്കു ലഭിച്ചിരുന്നു.

ഡച്ചുകാര്‍ കായംകുളം രാജാവുമായി ചേര്‍ന്ന് 1742-ല്‍ കിളിമാനൂരില്‍ ആക്രമണം നടത്തിയപ്പോള്‍ അതിനെതിരായി മാര്‍ത്താണ്ഡവര്‍മ നേതൃത്വം നല്‍കിയ സേനയുടെ ഒരു വിഭാഗത്തെ നയിച്ചത് ഡി ലനോയ് ആയിരുന്നു. ഡി ലനോയ് നല്‍കിയിരുന്ന ശിക്ഷണമനുസരിച്ച് ഈ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം യൂറോപ്യന്‍ രീതിയിലുള്ള തന്ത്രപരമായ നീക്കങ്ങളും പ്രതിരോധവും നടത്തിയത് ഡച്ചുകാരെ വിസ്മയിപ്പിച്ചു. യുദ്ധാവസാനം കിളിമാനൂര്‍ തിരുവിതാംകൂറിന്റെ ഭാഗമായിത്തീര്‍ന്നു.

ഡി ലനോയിയുടെ പട്ടാള ശിപായിമാര്‍

1746-ല്‍ അമ്പലപ്പുഴയുമായുണ്ടായ യുദ്ധത്തിലും ഡി ലനോയിയുടെ പങ്ക് നിര്‍ണായകമായിരുന്നു. അമ്പലപ്പുഴ രാജാവിനെ കീഴടക്കി തടവുകാരനാക്കി തിരുവനന്തപുരത്തേക്കയയ്ക്കാന്‍ അന്ന് ഡി ലനോയിക്ക് കഴിഞ്ഞു. 1754-ല്‍ കൊച്ചിയുടെ സേനയുമായി നടത്തിയ യുദ്ധത്തിലും ഡി ലനോയ് പ്രകടിപ്പിച്ച വൈഭവം അസാധാരണമായിരുന്നു എന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

മാര്‍ത്താണ്ഡവര്‍മയുടെ കാലശേഷം ധര്‍മരാജാവിനും (1758-98) ഡി ലനോയിയുടെ സേവനം ലഭിച്ചു. കോഴിക്കോടിനെതിരായി യുദ്ധം ചെയ്യുവാന്‍ കൊച്ചിയുടെ സഹായത്തിനു പോയ തിരുവിതാംകൂര്‍ സൈന്യത്തെ നയിച്ചത് ഡി ലനോയ് ആയിരുന്നു. ഈ യുദ്ധത്തിന്റെ വിജയഫലമായി ആലങ്ങാടും പറവൂരും തിരുവിതാംകൂറിനു ലഭിച്ചു.

ഡി ലനോയിയുടെ ശവകുടീരം-ഉദയഗിരിക്കോട്ട,കന്യാകുമാരി

കൂടെക്കൂടെയുണ്ടായിക്കൊണ്ടിരുന്ന മൈസൂര്‍ ആക്രമണത്തിനു സ്ഥിരമായി നിരോധനമുണ്ടാക്കുന്നതിനായി മധ്യകേരളത്തില്‍ പ്രസിദ്ധമായ നെടുങ്കോട്ട കെട്ടുന്നതിന് നേതൃത്വം നല്‍കിയത് ഡി ലനോയ് ആയിരുന്നു. ഡി ലനോയ് നിര്‍മാണ നേതൃത്വം നല്‍കിയ മറ്റൊരു പ്രധാന കോട്ടയാണ് പദ്മനാഭപുരം കൊട്ടാരത്തിനു സമീപമുള്ള ഉദയഗിരിക്കോട്ട. കൊല്ലം, മാവേലിക്കര, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ കോട്ടകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി സുശക്തമാക്കുന്നതിലും ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു. 1741 മുതല്‍ 36 വര്‍ഷം തിരുവിതാംകൂര്‍ സൈന്യത്തില്‍ പ്രധാനസ്ഥാനം വഹിക്കുവാനും, ഒരു വിദേശി എന്ന നിലവിട്ട്, തദ്ദേശവാസികളുടെ ദേശാഭിമാനവും കൂറും രാജ്യത്തോടു പുലര്‍ത്തുവാനും ഡി ലനോയിക്ക് കഴിഞ്ഞു. അതുകൊണ്ടായിരിക്കാം നീതിനിപുണനായ മഹാരാജാവ് ഇദ്ദേഹത്തെ തിരുവിതാംകൂറിന്റെ സൈന്യാധിപനായി നിയമിക്കുവാന്‍ സന്നദ്ധനായത്.

അടിയുറച്ച ഒരു മതവിശ്വാസിയായിരുന്നു ഡി ലനോയ്. ഒരു തിരുവിതാംകൂര്‍ പ്രജയെപ്പോലെതന്നെ തിരുവിതാംകൂറിനെ സ്നേഹിച്ച, സേവിച്ച ഈ ഡച്ചുകാരന്‍ 62 വയസ്സും അഞ്ചുമാസവും പൂര്‍ത്തിയാക്കി 1777 ജൂണ്‍ 1-ന് മരണമടഞ്ഞു. ഉദയഗിരിക്കോട്ടയിലെ ശവകുടീരത്തില്‍ ഡി ലനോയിയുടെ ഭൌതികാവശിഷ്ടങ്ങള്‍ കുടികൊള്ളുന്നു.

(നേശന്‍ റ്റി. മാത്യു, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍