This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിസിയസ്, ഗയസ് മെസ്സിയസ് ട്രാജനസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:19, 25 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡിസിയസ്, ഗയസ് മെസ്സിയസ് ട്രാജനസ് (സു. 200 - 251)

Decius,Gaius Messius Trajanus

റോമന്‍ ചക്രവര്‍ത്തി. ബുഡാലിയ പട്ടണത്തില്‍ (ഇപ്പോള്‍ ബെല്‍ഗ്രേഡിനു സമീപം) സു. 200-ല്‍ ജനിച്ച ഇദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് പരിമിതമായ വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുളളൂ. ചക്രവര്‍ത്തിയാകുന്നതിനുമുമ്പ് ഇദ്ദേഹം സെനറ്റര്‍ ആയിരുന്നിരിക്കാം എന്ന് അനുമാനിക്കപ്പെടുന്നു. ഗോത്തുകളുടെ ആക്രമണം നിമിത്തം അശാന്തനും നിസ്സഹായനുമായി 248-ല്‍ സ്ഥാനത്യാഗം ചെയ്യാന്‍ ഒരുമ്പെട്ടുനിന്ന ഫിലിപ്പ് ചക്രവര്‍ത്തിയെ അതില്‍ നിന്നും പിന്തിരിപ്പിച്ചു രക്ഷിച്ചത് ഡിസിയസ് ആയിരുന്നു. ഇതോടെ ഇദ്ദേഹം ചക്രവര്‍ത്തിയുടെ വിശ്വസ്ത മിത്രമായി മാറി. ഡാന്യൂബ് അതിര്‍ത്തിയില്‍ ഗോത്തുകള്‍ക്കെതിരായി പട നയിക്കാന്‍ ചക്രവര്‍ത്തി ഇദ്ദേഹത്തെ നിയോഗിച്ചു. ഗോത്തുകളെ പൊരുതിത്തകര്‍ത്തു മുന്നേറിയ ഡിസിയസിനോട് സൈന്യം കൂറു പ്രകടിപ്പിക്കുകയും ഇദ്ദേഹത്തിന്റെ വിയോജിപ്പു കണക്കിലെടുക്കാതെ 249-ല്‍ ഇദ്ദേഹത്തെ ചക്രവര്‍ത്തിയായി അവരോധിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ഫിലിപ്പ് ചക്രവര്‍ത്തി ഇദ്ദേഹത്തിനെതിരായി യുദ്ധം പ്രഖ്യാപിച്ചു. യുദ്ധത്തില്‍ ഫിലിപ്പ് ചക്രവര്‍ത്തി കൊല്ലപ്പെട്ടു. തുടര്‍ന്ന്, ഡിസിയസ് റോമാസാമ്രാജ്യത്തിന്റെ അജയ്യനായ അധിപതിയായി അംഗീകരിക്കപ്പെട്ടു.

റോമിലെ പ്രാചീന മതം സംരക്ഷിക്കുവാനുളള വ്യഗ്രതയില്‍ ഇദ്ദേഹം ക്രിസ്ത്യാനികളോട് നിഷ്ഠൂരമായി പെരുമാറി. പ്രാചീന മതത്തിന്റെ ഭാഗമായ ആചാരമുറകള്‍ ജനങ്ങള്‍ അനുഷ്ഠിക്കണമെന്ന് ചക്രവര്‍ത്തി നിഷ്കര്‍ഷിക്കുകയും ഇത് പാലിക്കാത്തവരെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. ഏകദേശം മൂന്നു വര്‍ഷം ഈ തേര്‍വാഴ്ച തുടര്‍ന്നു. ഡാന്യൂബ് നദി കടന്ന് റോമാസാമ്രാജ്യത്തെ ആക്രമിക്കാന്‍ സന്നദ്ധരായി വന്ന ഗോത്തുകളുമായി വീണ്ടും യുദ്ധം ചെയ്യേണ്ടിവന്നു. 251-ല്‍ നടന്ന ഈ കൊടും യുദ്ധത്തില്‍ ഡിസിയസ് ദാരുണമായി വധിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍