This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിമാന്റ് നിക്ഷേപങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡിമാന്റ് നിക്ഷേപങ്ങള്‍

Demand deposits

എപ്പോള്‍ ആവശ്യപ്പെട്ടാലും തിരികെ നല്കാമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍. നിക്ഷേപകന് ഒരു പരിധിവരെ സ്വാതന്ത്ര്യമനുവദിക്കുന്ന ബാങ്ക് നിക്ഷേപമാണിത്.

പ്രധാനമായും രണ്ടു തരത്തിലുള്ള ബാങ്ക് നിക്ഷേപങ്ങളാണുള്ളത്; ഡിമാന്റ് നിക്ഷേപങ്ങളും സമയനിക്ഷേപങ്ങളും (Time deposits) ഡിമാന്റ് നിക്ഷേപങ്ങളില്‍ കറന്റ് അക്കൗണ്ടുകളും സേവിങ്സ് ബാങ്ക് അക്കൗണ്ടുകളും ഉള്‍പ്പെടുന്നു. സാധാരണ ഗതിയില്‍ വായ്പാ അക്കൗണ്ടുകളായ ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടുകളിലെ ക്രെഡിറ്റ് ബാലന്‍സുകളും ഡിമാന്റ് നിക്ഷേപങ്ങളുടെ കൂടെയാണ് ഉള്‍പ്പെടുത്താറുള്ളത്. കറന്റ് അക്കൗണ്ടുകളില്‍ സാധാരണയായി പലിശ നല്കാറില്ല. ഇവ വ്യാപാര വ്യവസായ ആവശ്യങ്ങള്‍ക്കായാണ് ഉപയോഗപ്പെടുത്തുന്നത്. ഇതില്‍നിന്നും പണം പിന്‍വലിക്കുന്നതിന് യാതൊരു നിയന്ത്രണവും ബാങ്ക് ഏര്‍പ്പെടുത്താറില്ല. എന്നാല്‍ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ ചെറിയതോതിലുള്ള പലിശ നല്‍കാറുണ്ട്. സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

ബാങ്ക് നിക്ഷേപങ്ങളില്‍ രണ്ടാം വിഭാഗത്തില്‍പ്പെടുന്ന സമയനിക്ഷേപങ്ങള്‍ അഥവാ സമയബദ്ധനിക്ഷേപങ്ങള്‍ താരതമ്യേന ഉയര്‍ന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു നിശ്ചിത സമയ പരിധിയിലേക്കാണ് ഇവ സ്വീകരിക്കപ്പെടുന്നത്. നിശ്ചയിക്കപ്പെട്ട സമയപരിധിക്കുമുമ്പ് ഇവ മടക്കി നല്‍കുവാന്‍ ബാങ്ക് ബാധ്യസ്ഥരല്ല. എന്നിരുന്നാലും സമയപരിധിക്കുമുമ്പ് അത്യാവശ്യമാകുന്നപക്ഷം പലിശ നിരക്കില്‍ കുറവുവരുത്തി പിന്‍വലിക്കാന്‍ ബാങ്കുകള്‍ അനുവദിക്കാറുണ്ട്. ഇതോടൊപ്പം അത്യാവശ്യാവസരങ്ങളില്‍ ഇത്തരം നിക്ഷേപങ്ങളുടെ ഈടിന്മേല്‍ താത്ക്കാലിക വായ്പയും അനുവദിക്കുക പതിവാണ്.

ഒരു സമ്പദ് വ്യവസ്ഥയിലെ നാണ്യപ്രദാനത്തിന്റെ ഏറ്റവും വിപുലമായ ഘടകമാണ് ഡിമാന്റ് നിക്ഷേപങ്ങള്‍. അതുകൊണ്ടാണ് ഡിമാന്റ് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതും നിക്ഷേപകര്‍ ആവശ്യപ്പെടുമ്പോള്‍ പണം നല്‍കുന്നതും വാണിജ്യബാങ്കുകളുടെ ഏറ്റവും പ്രധാന കര്‍ത്തവ്യമായി പരിഗണിക്കപ്പെട്ടുവരുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍