This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിഗ്ഗസ്, ലിയോനാര്‍ഡ് (സു. 1520 - സു. 1559)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡിഗ്ഗസ്, ലിയോനാര്‍ഡ് (സു. 1520 - സു. 1559)

Digges, Leonard

ബ്രിട്ടിഷ് ഗണിതശാസ്ത്രജ്ഞന്‍. കെന്റിലെ ബര്‍ഹാമില്‍ 1520-ലാണ് ഡിഗ്ഗസ് ജനിച്ചതെന്നു കരുതുന്നു. വിദ്യാഭ്യാസം, ഔദ്യോഗിക ജീവിതം ഇവയെപ്പറ്റി വ്യക്തമായ രേഖകള്‍ ലഭ്യമല്ല.

ഗണിതശാസ്ത്രമേഖലയില്‍, പ്രാഥമിക ഗണിതത്തിലായിരുന്നു ഡിഗ്ഗസ് കൂടുതല്‍ ശ്രദ്ധാലുവും ഉത്സുകനുമായിരുന്നത്. പ്രായോഗിക തലത്തിലുള്ള ഗണിതീയാശയങ്ങളില്‍ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചു. സൈനികസംവിധാനത്തിനുതകുന്ന തരത്തിലുള്ള ഗണിതീയാശയങ്ങളും രീതികളും ഇദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. സര്‍വേയ്ക്കാവശ്യമായ പല ഉപകരണങ്ങളേയും അവയുടെ പ്രവര്‍ത്തനരീതികളേയും കുറിച്ച് ആദ്യമായി വിശദീകരിച്ചത് ഡിഗ്ഗസാണ്. കപ്പല്‍യാത്ര, പീരങ്കി കൈകാര്യം ചെയ്യുന്നതിന്റെ സാങ്കേതികശാസ്ത്രം എന്നീ മേഖലകളിലാവശ്യമായിട്ടുള്ള ഗണിതശാസ്ത്രവിജ്ഞാനത്തെപ്പറ്റിയും വിശദമായ പഠനം നടത്തിയിട്ടുണ്ട്.

സര്‍വേയ്ക്കാവശ്യമായ ഒരു പ്രാഥമിക ഗ്രന്ഥമാണ് ഇദ്ദേഹത്തിന്റെ ടെക്റ്റോനിക്കോണ്‍ (1556). കൂടാതെ പാന്റോമെട്രിയയും സര്‍വേ പഠനത്തിനുതകുന്ന ഗ്രന്ഥമാണ്. കപ്പല്‍യാത്രയ്ക്കാവശ്യമായ നിരവധി കാര്യങ്ങള്‍ പ്രോഗ്നോസ്റ്റിക്കേഷനില്‍ (1555) അടങ്ങിയിരിക്കുന്നു. ഡിഗ്ഗസിന്റെ മകനായ തോമസ് ഡിഗ്ഗസിന്റെ സ്ട്രാറ്റിയോറ്റികോസ് (1579) എന്ന കൃതിയില്‍ ലിയോനാര്‍ഡ് ഡിഗ്ഗസിന്റെ പീരങ്കി പ്രയോഗത്തെപ്പറ്റിയുള്ള ആശയങ്ങളാണ് പ്രതിപാദിച്ചിട്ടുള്ളത്.

1554-ല്‍ യാട്ട് ലഹളയില്‍ പങ്കെടുത്തതിന്റെ പേരില്‍ ഇദ്ദേഹത്തെ വധശിക്ഷയ്ക്കു വിധിച്ചു. എന്നാല്‍ ക്ലിന്റണ്‍ പ്രഭുവിന്റെ സമയോചിതമായ ഇടപെടല്‍ നിമിത്തം ശിക്ഷ ഇളവു ചെയ്യുകയുണ്ടായി. പ്രോഗ്നോസ്റ്റിക്കേഷന്‍ ഡിഗ്ഗസ്, ക്ലിന്റണ്‍ പ്രഭുവിന്റെ പേരിലാണ് സമര്‍പ്പിച്ചിട്ടുള്ളത്.

ഇംഗ്ലണ്ടില്‍വച്ച് 1559-ലാണ് ഡിഗ്ഗസ് മരിച്ചതെന്നു കരുതപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍