This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിക്കെന്‍സ്, ചാള്‍സ് (1812-70)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡിക്കെന്‍സ്, ചാള്‍സ് (1812-70)

Dickens

ഇംഗ്ലീഷ് നോവലിസ്റ്റ്. 1812 ഫെ.7-ന് ഹാംഷയെറിലെ ലാന്‍ഡ്പോര്‍ട്ടില്‍ ജനിച്ചു. ലണ്ടനിലെ വെല്ലിങ്ടന്‍ ഹൗസ് അക്കാദമിയിലും മിസ്റ്റര്‍ ഡോസന്‍സ് സ്കൂളിലുമായിരുന്നു ആദ്യകാല വിദ്യാഭ്യാസം. തുടര്‍ന്ന് സ്വയം വിദ്യാഭ്യാസമായിരുന്നു. കടബാധ്യതയുടെ പേരില്‍ പിതാവ് ജയിലിലായതിനെത്തുടര്‍ന്ന് കുറേക്കാലം ഹങ്ഗര്‍ഫോഡ് മാര്‍ക്കറ്റിലെ ഒരു ബ്ലാക്കിങ് ഫാക്ടറിയില്‍ ജോലി ചെയ്തു. 1836-ല്‍ കാതറിന്‍ ഹോഗാര്‍ത്തിനെ വിവാഹം കഴിച്ചു. ഏഴ് ആണ്‍മക്കളും മൂന്നു പെണ്‍മക്കളും ഈ ദമ്പതികള്‍ക്കുണ്ടായി. 1858-ല്‍ വിവാഹമോചനം നടന്നു. ഷോര്‍ട്ട് ഹാന്‍ഡ് സ്വയം അഭ്യസിച്ച ഡിക്കെന്‍സ് 1828-30 കാലത്ത് ഡോക്ടേഴ്സ് കോമണ്‍സില്‍ ഷോര്‍ട്ട്ഹാന്‍ഡ് റിപ്പോര്‍ട്ടറായി ജോലി നോക്കി. തുടര്‍ന്ന് ട്രൂ സണ്‍, മിറര്‍ ഒഫ് പാര്‍ലമെന്റ് , മോണിങ് ക്രോനിക്കിള്‍ എന്നീ ആനുകാലികങ്ങളില്‍ സേവനമനുഷ്ഠിച്ചു. 1833-ല്‍ ബോസ് എന്ന പേരില്‍ മന്ത്ലി മാഗസിനില്‍ ലേഖനങ്ങള്‍ എഴുതാനാരംഭിച്ച ഡിക്കെന്‍സ് 1836-ലാണ് മുഴുവന്‍സമയസാഹിത്യരചനയിലേക്കു തിരിഞ്ഞത്. ഇറ്റലി, അമേരിക്ക, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, എന്നീ രാജ്യങ്ങളില്‍ പര്യടനം നടത്തിയത് വിപുലമായ അനുഭവസമ്പത്തിനുടമയാകാന്‍ ഡിക്കെന്‍സിന് അവസരം നല്‍കി. 1858-നും 70 നുമിടയ്ക്ക് നിരവധി തവണ സ്വന്തം കൃതികള്‍ പാരായണം ചെയ്തുകൊണ്ട് ബ്രിട്ടനിലുടനീളം ചുറ്റി സഞ്ചരിച്ചു.

ചാള്‍സ് ഡിക്കെന്‍സ്

പിക്വിക് പേപ്പേഴ്സ് (1837), ഒളിവര്‍ ട്വിസ്റ്റ് (1838), നിക്കോലാസ് നിക്കിള്‍ബി (1839), എ ക്രിസ്മസ് കരോള്‍ (1843), ഡേവിഡ് കോപ്പര്‍ഫീല്‍ഡ് (1850), ബ്ലീക് ഹൗസ് (1853), ഹാര്‍ഡ് റ്റൈംസ് (1854), എ റ്റെയ് ല്‍ഒഫ് റ്റു സിറ്റീസ് (1859), ഗ്രേറ്റ് എക്സ്പെക്റ്റേഷന്‍സ് (1861) എന്നിവയാണ് ചാള്‍സ് ഡിക്കെന്‍സിന്റെ പ്രധാന കൃതികള്‍. ജനപ്രീതിയുടെ കാര്യത്തിലും, കലാമൂല്യത്തിന്റെ കാര്യത്തിലും വിശ്വസാഹിത്യകൃതികളുടെ മുന്‍നിരയിലാണ് ഡിക്കെന്‍സ് കൃതികളുടെ സ്ഥാനം. നോവലിസ്റ്റെന്ന നിലയില്‍ ഡിക്കെന്‍സിന്റെ മഹത്ത്വം ഇദ്ദേഹത്തിന്റെ ജനപ്രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അറിയപ്പെടുന്ന പ്രഭാഷകനും നടനും കൂടിയായിരുന്ന ഡിക്കെന്‍സ് തന്റെ കൃതികളുമായി ജനമധ്യത്തിലേക്കിറങ്ങിയെന്നത് ശ്രദ്ധേയമാണ്. ഇദ്ദേഹം ഒരിക്കലും ഒരു ശുദ്ധകലാവാദിയായിരുന്നില്ല, തന്റെ കൃതികളുടെ വായനക്കാരില്‍ നിന്നും ശ്രോതാക്കളില്‍ നിന്നും നേരിട്ടു ശക്തി സംഭരിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ രീതി. ശരിയായ രീതിയിലുളള വിദ്യാഭ്യാസമോ സുരക്ഷിതമായ പാര്‍പ്പിടമോ മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങളോ ഒന്നും അനുഭവിക്കാതെ വളര്‍ന്ന ഡിക്കെന്‍സ് ഇരുപതുകളുടെ ആരംഭത്തില്‍ത്തന്നെ ഇംഗ്ലണ്ടിലെ സാഹിത്യപ്രേമികളുടെ മനസ്സില്‍ സ്ഥാനം നേടിക്കഴിഞ്ഞിരുന്നു. സാമൂഹികമായ പ്രതിബദ്ധതയും തജ്ജന്യമായ ആക്ഷേപഹാസ്യവുമാണ് ഡിക്കെന്‍സ് കൃതികളുടെ മുഖമുദ്ര. പരിഷ്കരണവാദിയായ ഡിക്കെന്‍സ് പ്രഭുവര്‍ഗത്തിന്റെ സവിശേഷാവകാശങ്ങള്‍ എടുത്തു മാറ്റുകയും മധ്യവര്‍ക്കാരുടെ അവകാശങ്ങള്‍ അധോവര്‍ഗക്കാര്‍ക്കും കൂടി അനുഭവയോഗ്യമാക്കിത്തീര്‍ക്കുകയും ചെയ്യണമെന്ന പക്ഷക്കാരനായിരുന്നു. തന്റെ തന്നെ കയ്പേറിയ ജീവിതാനുഭവങ്ങളുടെ കണ്ണാടിയായി ഇദ്ദേഹം സ്വന്തം കൃതികളെ കണ്ടിരുന്നു. ഏകാന്തതയുടെ തടവറയില്‍ ബാല്യം ഹോമിക്കാന്‍ വിധിക്കപ്പെട്ട കുട്ടികളുടെ ദീനചിത്രം ഡിക്കെന്‍സിന്റെ പല കൃതികളിലും കടന്നു വന്നിട്ടുണ്ട്. ഇദ്ദേഹം സ്വയം ഇത്തരം അനുഭവത്തിലൂടെ കടന്നുവന്നയാളാണെന്നതുതന്നെയാണ് ഇതിനു കാരണം. ജയില്‍ ജീവിതവും ഡിക്കെന്‍സ് കൃതികളില്‍ പലവട്ടം ആവര്‍ത്തിക്കപ്പെടുന്നുണ്ട്. പിക്വിക് പേപ്പേഴ്സ്, ലിറ്റില്‍ ഡോറിറ്റ്, ബാര്‍ണബി റഡ്ജ് എന്നിവ ഇതിനു ഉദാഹരണമാണ്. ഡിക്കെന്‍സിന്റെ പിതാവിന് ഋണബാധ്യതയുടെ പേരില്‍ ജയില്‍വാസമനുഭവിക്കേണ്ടി വന്നു എന്നതാണ് ഇവിടെ സ്മര്‍ത്തവ്യമായ വസ്തുത. ഭൂമിയിലെ നരകമായി വിദേശ സന്ദര്‍ശകര്‍ക്കനുഭവപ്പെട്ട വിക്ടോറിയന്‍ ലണ്ടനായിരുന്നു മനുഷ്യനെന്ന നിലയിലും കലാകാരനെന്ന നിലയിലും ഡിക്കെന്‍സിന്റെ വിഹാരരംഗം. ഇദ്ദേഹത്തിന്റെ കൃതികളിലെ കരുണവും ഹാസ്യവും ധാര്‍മികരോഷവും എല്ലാം വേരൂന്നി നില്‍ക്കുന്നതും ഈ മഹാനഗരത്തില്‍ത്തന്നെയാണ്.

ഡിക്കെന്‍സിന്റെ സാഹിത്യജീവിതത്തെ രണ്ടു ഘട്ടങ്ങളായി തിരിക്കാം. 1845 വരെയുളള ആദ്യഘട്ടത്തില്‍ അതിഭാവുകതയ്ക്കും ഫലിതത്തിനുമാണ് മുന്‍തൂക്കം. കഥാവസ്തുവിന് അവശ്യം വേണ്ട സംഭവ്യത എന്ന ഗുണം താരതമ്യേന കുറവായേ കാണാനുള്ളൂ. 1848-ല്‍ പുറത്തുവന്ന ഡോംബി അന്‍ഡ് സണ്‍സ് സുവ്യക്തമായ മാറ്റത്തെ സൂചിപ്പിക്കുന്നു. പഴയ സവിശേഷതകള്‍ ഇടയ്ക്കിടെ നിഴല്‍ വീശാറുണ്ടെങ്കിലും മനഃശാസ്ത്രപരമായ അഗാധദര്‍ശനവും സമൂഹത്തെക്കുറിച്ചുളള ഗൌരവാവഹമായ ചിന്തയും സംഭവങ്ങളുടെ പരിണതഫലത്തെക്കുറിച്ചും ജീവിതത്തിലെ ധാര്‍മികസമസ്യകളുടെ സങ്കീര്‍ണതയെക്കുറിച്ചുമുളള അവബോധവും ഈ ഘട്ടത്തില്‍ ഡിക്കെന്‍സിന്റെ മനസ്സിനെ നിയന്ത്രിക്കുന്നതു കാണാം. ആദ്യകാലകൃതിയായ നിക്കോളാസ് നിക്കിള്‍ബിയില്‍ മനുഷ്യസ്നേഹികളായ രണ്ടു സഹോദരന്മാര്‍ തങ്ങളുടെ സഹജീവികളുടെ സന്തോഷത്തിനായി പണം വാരിക്കോരി ചെലവഴിക്കുന്നു. ഡിക്കെന്‍സിന്റെ അവസാനത്തെ സമ്പൂര്‍ണ നോവലായ അവര്‍ മ്യൂച്വല്‍ ഫ്രെന്‍ഡില്‍ തന്റെ സമ്പാദ്യം മുഴുവന്‍ മനുഷ്യനന്മയ്ക്കു വേണ്ടി ഉഴിഞ്ഞു വയ്ക്കുന്ന ബോഫിന്‍ എന്ന കാരുണ്യമൂര്‍ത്തി, താന്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നതായ വെളിപാടിന്റെ കയ്പുനീര്‍ കുടിച്ചു തീര്‍ക്കാനാവാതെ നട്ടം തിരിയുകയാണു ചെയ്യുന്നത്. ഡിക്കെന്‍സിന്റെ സര്‍ഗചേതനയ്ക്കുണ്ടായ പരിണാമത്തിന്റെ സൂചകമായി ഈ വ്യത്യാസത്തെ കണക്കാക്കാം.

ദ് വില്ലേജ് കോക്വെറ്റ്സ്(1836), ദ് സ്ട്രെയിഞ്ച് ജെന്റില്‍മാന്‍ (1837), ദ് ലാംപ് ലൈറ്റര്‍ (1879) തുടങ്ങിയ ചില നാടകങ്ങള്‍ കൂടി ഡിക്കെന്‍സിന്റെ സംഭാവനയായുണ്ട്. പിക്ചേഴ്സ് ഫ്രം ഇറ്റലി (1846), എ ചൈല്‍ഡ്സ് ഹിസ്റ്ററി ഒഫ് ഇംഗ്ളണ്ട് (3 വാല്യം, 1852-54), ദി അണ്‍കമേഴ്സ്യല്‍ ട്രാവലര്‍ (1861) എന്നിവ ഇദ്ദേഹത്തിന്റെ മറ്റു ഗദ്യകൃതികളുടെ കൂട്ടത്തില്‍ മികച്ചു നില്‍ക്കുന്നു.

1870 ജൂണ്‍ 9-ന് ഡിക്കെന്‍സ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍