This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിഓഡറന്റ് (ഗന്ധനാശിനി)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡിഓഡറന്റ് (ഗന്ധനാശിനി)

Deodorant

ശരീരത്തില്‍ നിന്നോ ശ്വാസത്തില്‍ നിന്നോ ഉണ്ടാകുന്ന ഗന്ധം അകറ്റാനോ മറച്ചുവയ്ക്കാനോ ഉപയോഗിക്കുന്ന വസ്തു. സ്പ്രേ, ക്രീം, എയിറോസോള്‍ എന്നിങ്ങനെ പല രൂപത്തിലും ഇവ വിപണിയില്‍ ലഭ്യമാണ്.

ത്വക്കിലെ മൃതകോശങ്ങളും വിയര്‍പ്പും ചേര്‍ന്ന മിശ്രിതത്തില്‍ ബാക്ടീരിയങ്ങള്‍ പ്രവര്‍ത്തിക്കുന്നതു മൂലമാണ് ദുര്‍ഗന്ധമുണ്ടാകുന്നത്. വേണ്ടവിധം ശരീരം കഴുകി വെടിപ്പാക്കാത്തതിനാലാണ് ദുര്‍ഗന്ധം അനുഭവപ്പെടുന്നത്. കക്ഷങ്ങളിലും ഭഗഭാഗത്തും കാണുന്ന അപോക്രൈന്‍ (apocrine) ഗ്രന്ഥികള്‍ സ്രവിക്കുന്ന കൊഴുത്ത വിയര്‍പ്പില്‍ നിന്ന് കൂടുതല്‍ ദുര്‍ഗന്ധമുണ്ടാകുന്നു. വിയര്‍പ്പിലടങ്ങിയിട്ടുളള കാര്‍ബണിക പദാര്‍ഥങ്ങള്‍ ചര്‍മത്തിലെ ബാക്ടീരിയങ്ങളുടെ പ്രവര്‍ത്തനത്താല്‍ വിഘടിക്കുന്നതു മൂലമാണിതുണ്ടാകുന്നത്. ശരീരമാസകലമുളള എക്രൈന്‍ (eccrine) ഗ്രന്ഥികള്‍ സ്രവിക്കുന്ന നേര്‍ത്ത വിയര്‍പ്പ് തുണികളില്‍ വളരെ നേരം പറ്റിപ്പിടിച്ചിരുന്നാല്‍ മാത്രമേ ദുര്‍ഗന്ധമുണ്ടാകുന്നുള്ളൂ.

വ്യാവസായികമായി ലഭിക്കുന്ന ഗന്ധനാശിനികളില്‍ അലൂമിനിയം ക്ലോറൈഡു പോലുളള വിയര്‍പ്പുരോധികളും ബാക്ടീരിയാനാശിനികളും സുഗന്ധവസ്തുക്കളും അടങ്ങിയിരിക്കും. വിയര്‍പ്പുരോധികള്‍ സ്വേദനാളത്തില്‍ ഹൈഡ്രോക്സൈഡ് ജെല്‍ ഉണ്ടാക്കുന്നതിനാല്‍ സ്വേദ സ്രവണം താത്ക്കാലികമായി കുറയുന്നു. ഹെക്സമീന്‍ അടങ്ങുന്ന ഗന്ധനാശിനികള്‍ മറ്റൊരു വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചര്‍മത്തില്‍ അമ്ള വിഘടനം മൂലം ഉണ്ടാകുന്ന പദാര്‍ഥങ്ങളുമായി ഹെക്സമീന്‍ പ്രതിപ്രവര്‍ത്തിച്ച് ഫോര്‍മാല്‍ഡിഹൈഡ് രൂപീകരിക്കുകയും തുടര്‍ന്നു ഫോര്‍മാല്‍ഡിഹൈഡ് ദുര്‍ഗന്ധമുളവാക്കുന്ന പദാര്‍ഥങ്ങളുമായി ചേര്‍ന്ന് ഗന്ധമില്ലാത്ത സംയുക്തങ്ങള്‍ ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ഹൈപോക്ലോറൈറ്റ്, ക്ലോര്‍ഹെക്സിഡീന്‍ തുടങ്ങിയ ക്ലോറിന്‍ സംയുക്തങ്ങളാണ് ബാക്ടീരിയങ്ങളെ നശിപ്പിക്കുന്നതിനായി ഗന്ധനാശിനികളില്‍ ചേര്‍ക്കുന്നത്. ഗന്ധനാശിനികളുടെ ഉപയോഗം ചില വ്യക്തികളില്‍ അലര്‍ജി ഉണ്ടാക്കാറുണ്ട്. ലേപനങ്ങളും സ്പ്രേകളും ശരീരത്തില്‍ നേരിട്ടു പ്രയോഗിക്കുന്നതിനു പകരം വസ്ത്രത്തില്‍ പുരട്ടിയാല്‍ അലര്‍ജി ഒരു പരിധി വരെ ഒഴിവാക്കാം.

പല്ലിനിടയില്‍ ആഹാരാവശിഷ്ടങ്ങള്‍ അടിഞ്ഞു കൂടി ജീര്‍ണിക്കുന്നതാണ് ശ്വാസ ദുര്‍ഗന്ധമുണ്ടാവാനുളള ഒരു പ്രധാന കാരണം. ഡിഓഡറന്റുകളും വായ് കഴുകാനുളള ലോഷനുകളും ദുര്‍ഗന്ധത്തെ താത്കാലികമായി മറച്ചു വയ്ക്കുക മാത്രമാണ് ചെയ്യുന്നത്. അടിസ്ഥാന കാരണത്തിന് ഇവ പരിഹാരമാവുന്നില്ല.

ദുര്‍ഗന്ധമുണ്ടാക്കുന്ന തന്മാത്രകളെ കരി (കാര്‍ബണ്‍) ആഗിരണം ചെയ്യുന്നതിനാല്‍ വായുവിലെ ദുര്‍ഗന്ധം നീക്കം ചെയ്യുന്നതിന് കരി ഉപയോഗിക്കാറുണ്ട്. വായുവിലേക്ക് ഗ്ലൈക്കോള്‍ സ്പ്രേ ചെയ്തും ദുര്‍ഗന്ധം നീക്കം ചെയ്യാനാവും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍