This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാള്‍ട്ടണ്‍ പദ്ധതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡാള്‍ട്ടണ്‍ പദ്ധതി

Dalton Plan

ഹെലന്‍ പാര്‍ക്ഹഴ് സ്റ്റ് എന്ന വിദ്യാഭ്യാസ പ്രവര്‍ത്തക യു എസ്. ലെ മസാച്ചുസറ്റ്സിലുളള ഡാള്‍ട്ടണില്‍ 1920-ല്‍ ആവിഷ്കരിച്ചു നടപ്പാക്കിയ ഒരു അധ്യയന രീതി. 1920-കളില്‍ യൂറോപ്പ്, അമേരിക്ക, സോവിയറ്റ് യൂണിയന്‍, ഇംഗ്ലീഷ് സംസാരിക്കുന്ന മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഈ അധ്യയനരീതിക്ക് വ്യാപകമായ പ്രചാരം സിദ്ധിച്ചിരുന്നു.

ഡാള്‍ട്ടണ്‍ പദ്ധതി പ്രകാരം പാഠ്യപദ്ധതി രണ്ടായി വിഭജിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കപ്പെടുന്നത്. ആദ്യത്തെ വിഭാഗത്തില്‍ ചരിത്രം, ശാസ്ത്രം, ഇംഗ്ലീഷ്, ഭൂമിശാസ്ത്രം, വിദേശഭാഷകള്‍ തുടങ്ങിയ മുഖ്യവിഷയങ്ങളും രണ്ടാമത്തെ വിഭാഗത്തില്‍ സംഗീതം, ചിത്രകല, കരകൌശലം, ഗാര്‍ഹിക ശാസ്ത്രം, ശാരീരികപരിശീലനം, കായികാഭ്യാസം തുടങ്ങിയ വിഷയങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ക്രമീകൃതമായി ആവിഷ്കരിച്ചു നല്‍കപ്പെട്ട പാഠ്യപദ്ധതി അനുസരിച്ചു വിദ്യാര്‍ഥികള്‍ സ്വയം പഠിക്കുന്ന രീതിയാണ് ഈ പദ്ധതിയില്‍ അവലംബിച്ചിരുന്നത്. പരമ്പരാഗത പാഠ്യപദ്ധതി തുടര്‍ന്നിരുന്ന സ്കൂളുകളെക്കാള്‍ മെച്ചപ്പെട്ട നിലവാരം പുലര്‍ത്താന്‍ ഡാള്‍ട്ടണ്‍ പദ്ധതി നടപ്പാക്കിയിരുന്ന സ്കൂളുകള്‍ക്ക് കഴിഞ്ഞിരുന്നു. പഠനകാര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നല്‍കിയിരുന്ന സ്വാതന്ത്ര്യമാണ് ഇതിനുളള മുഖ്യകാരണം ആയി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.

അധ്യയനവര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ ഒരു വര്‍ഷത്തെ മുഴുവന്‍ അക്കാദമിക് ജോലികളും വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നു എന്നതാണ് ഡാള്‍ട്ടണ്‍ പദ്ധതിയുടെ മറ്റൊരു പ്രധാന സവിശേഷത. ഓരോ മാസത്തെയും ജോലി ചെയ്തു തീരുമ്പോള്‍ അധ്യാപകനെ ഏല്പിക്കണം എന്നാണ് നിബന്ധന. തങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ പഠനരീതി തിരഞ്ഞെടുക്കുന്നതിനു വിദ്യാര്‍ഥികള്‍ക്ക് ഈ രീതിയിലൂടെ കഴിയുന്നതാണ്. വിദ്യാര്‍ഥികള്‍ സ്വയം എഴുതി തയ്യാറാക്കി സമര്‍പ്പിക്കുന്ന പഠനരേഖകള്‍ക്ക് ഡാള്‍ട്ടണ്‍ രീതിയില്‍ വളരെ പ്രാധാന്യം കല്പിക്കുന്നു. സ്കൂളില്‍ ലഭ്യമായിട്ടുളള പുസ്തകങ്ങള്‍, പരീക്ഷണശാലയിലെ മറ്റു പഠനോപകരണങ്ങള്‍ എന്നിവ എത്രമാത്രം പ്രയോജനപ്പെടുത്തി എന്നതിന്റെ തെളിവായി ഇവയെ കണക്കാക്കാവുന്നതാണ്.

ഡാള്‍ട്ടണ്‍ രീതിയില്‍ ഒരു അധ്യാപകന്റെ നേതൃത്വത്തില്‍ ഓരോ വിഷയത്തിനും ഓരോ പ്രത്യേക പരീക്ഷണശാല ഉണ്ടായിരിക്കും. പൂര്‍വനിശ്ചിതമായ ടൈംടേബിള്‍ ഇല്ലാത്തതിനാല്‍ പരീക്ഷണശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാന്‍ കഴിയും. പല ക്ലാസ്സിലുളളവര്‍ ഒരേ സമയത്തു പരീക്ഷണ ശാലയില്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അധ്യാപകര്‍ ഓരോ കുട്ടിയുടെയും പുരോഗതി, ഗ്രാഫില്‍ രേഖപ്പെടുത്തുകയും അവ നിരന്തരം വിലയിരുത്തുകയും ചെയ്യുന്നു. ഇപ്രകാരം വിദ്യാര്‍ഥികളുടെ കഴിവുകള്‍ മനസ്സിലാക്കുന്നതിനും ന്യൂനതകള്‍ കണ്ടുപിടിച്ചു പരിഹരിക്കുന്നതിനും അധ്യാപകര്‍ക്ക് അവസരം ലഭിക്കുന്നു.

ഡാള്‍ട്ടണ്‍ രീതിയില്‍, രാവിലെ 8.45 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയുളള സമയം അക്കാദമിക് വിഷയങ്ങളുടെ പഠനത്തിനായിട്ടാണ് നീക്കിവച്ചിട്ടുളളത്. തുടര്‍ന്നുളള അരമണിക്കൂര്‍ സമയം വിദ്യാര്‍ഥികളുടെ ഫാക്കല്‍റ്റി കോണ്‍ഫറന്‍സിനും അസംബ്ലിക്കുമായി ഉപയോഗപ്പെടുത്തുന്നു. പന്ത്രണ്ടര മുതല്‍ ഒരു മണി വരെ പുരോഗതി വിലയിരുത്തുന്നതിനുളള ഗ്രൂപ്പ് കോണ്‍ഫറന്‍സുകള്‍ നടത്തുന്നു. ഉച്ചയ്ക്ക് ശേഷമുളള സമയം വിദ്യാര്‍ഥികള്‍ ഗ്രൂപ്പുകളായി തൊഴില്‍ പ്രവര്‍ത്തനങ്ങളിലും വിനോദങ്ങളിലും ഏര്‍പ്പെടാന്‍ വിനിയോഗിക്കുന്നു.

ഓരോ സ്കൂളിന്റെയും പരിമിതികള്‍ക്കനുസരണമായി പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും എന്നത് ഡാള്‍ട്ടണ്‍ പദ്ധതിയുടെ മറ്റൊരു മേന്മയായി കണക്കാക്കുന്നു. പദ്ധതിയുടെ അടിസ്ഥാന സ്വഭാവത്തിനു കോട്ടം തട്ടാതെയുളള മാറ്റങ്ങളെ പാര്‍ക്ഹഴ്സ്റ്റ് പ്രോത്സാഹിപ്പിച്ചിരുന്നു. ഒന്‍പതു വയസ്സിനു താഴെ പ്രായമുളള കുട്ടികളുടെ സ്കൂളുകള്‍ ഡാള്‍ട്ടണ്‍ പദ്ധതിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. പഠിക്കാന്‍ മോശമായ കുട്ടികള്‍ പാഠ്യവിഷയങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം വരുത്തിയിരുന്നു എന്നതാണ് ഡാള്‍ട്ടണ്‍ പദ്ധതിയുടെ ഒരു ന്യൂനതയായി കണക്കാക്കപ്പെട്ടിരുന്നത്.

നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പോരായ്മകള്‍ പരിഹരിക്കാനുളള ഒരു ശ്രമമെന്ന നിലയ്ക്കാണ് പാര്‍ക് ഹഴ്സ്റ്റ് ഡാള്‍ട്ടണ്‍ പദ്ധതി ആവിഷ്കരിച്ചത്. ഒരു ഗ്രാമീണ സ്ക്കൂളിലെ 40 വിദ്യാര്‍ഥികളിലാണ് പാര്‍ക്ഹഴ്സ്റ്റ് 'ഡാള്‍ട്ടണ്‍ പദ്ധതി' അഥവാ 'ഡാള്‍ട്ടണ്‍ ലബോറട്ടറി പദ്ധതി' പരീക്ഷിച്ചു നോക്കി വിജയം കൈവരിച്ചത്. 1920-ല്‍ മസാച്ചുസെറ്റ്സിലെ ഡാള്‍ട്ടണ്‍ ഹൈസ്ക്കൂളില്‍ ഈ പദ്ധതി വിപുലമായ രീതിയില്‍ നടപ്പാക്കുകയുണ്ടായി. ജീവിതത്തിനു വേണ്ടി തയ്യാറെടുക്കുന്നതിനും, സ്വതന്ത്ര ചിന്ത പുലര്‍ത്തുന്നതിനും ആവശ്യമായ അനുകൂലസാഹചര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രദാനം ചെയ്യുക എന്ന അടിസ്ഥാന തത്ത്വമാണ് പാര്‍ക്ഹഴ്സ്റ്റ് അവലംബിച്ചത്. ഇതിലൂടെ വിദ്യാര്‍ഥികളില്‍ ഉത്തരവാദിത്വബോധം, ഉത്സാഹം, ആത്മാര്‍ഥത, വിശാലമനസ്കത തുടങ്ങിയ ഉത്തമഗുണങ്ങളും വളര്‍ത്തിയെടുക്കാന്‍ കഴിയും എന്നു പാര്‍ക്ഹഴ്സ്റ്റ് മനസ്സിലാക്കി. പഠനത്തെ അനുഭവങ്ങളുമായി ബന്ധപ്പെടുത്തി വേണം സാമൂഹിക ജീവിതത്തില്‍ പ്രകടിപ്പിക്കുന്ന ആത്മസംയമനം, സ്വഭാവം എന്നിവ വിലയിരുത്തുവാനുളളത് എന്നു പാര്‍ക്ഹഴ്സ്റ്റ് നിര്‍ദേശിച്ചിരുന്നു. ഇ.ജെ. സ്വിഫ്റ്റിന്റെ മൈന്‍ഡ് ഇന്‍ദ മേക്കിങ്ങ്: എ സ്റ്റഡി ഇന്‍ മെന്റല്‍ ഡെവലപ്പ്മെന്റ് എന്ന ഗ്രന്ഥവും

ഡോ. മറിയ മോണ്‍ടിസ്സോറിയുടെ പദ്ധതി കാലിഫോര്‍ണിയയില്‍ നടപ്പാക്കിയതിലൂടെ ആര്‍ജിക്കാന്‍ കഴിഞ്ഞ അനുഭവങ്ങളും തന്റെ പദ്ധതി ആവിഷ്കരിക്കുന്നതിന് പാര്‍ക്ഹഴ്സ്റ്റില്‍ സ്വാധീനം ചെലുത്തിയിരുന്നു. ഡോ. എഫ്. ബര്‍ക്ക് (Dr.F. Burk) വിസ്കോണ്‍ സര്‍വകലാശാലയിലെ ഡോ. എം. വി. ഒഷിയ (Dr.M.V. Oshea) എന്നിവരുടെ സഹകരണവും പാര്‍ക്ഹഴ്സ്റ്റിനു ലഭിച്ചിരുന്നു.

വിന്നെറ്റ്കാ പദ്ധതി പോലെയുളള നൂതന രീതികള്‍ ആവിഷ്കരിക്കപ്പെട്ടപ്പോള്‍ ഡാള്‍ട്ടണ്‍ പദ്ധതിയുടെ പ്രചാരം കുറഞ്ഞു. ഇന്ന് ഈ പദ്ധതി ഒരു രാജ്യത്തും പ്രചാരത്തിലില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍