This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാറ്റോ ഇറാഡിയര്‍, എഡ്വാര്‍ഡോ (1856 - 1921)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡാറ്റോ ഇറാഡിയര്‍, എഡ്വാര്‍ഡോ (1856 - 1921)

Dato Iradier, Eduardo

സ്പെയിനിലെ രാഷ്ട്രീയനേതാവ്. ഇദ്ദേഹം മൂന്നു തവണ പ്രധാനമന്ത്രിപദം അലങ്കരിച്ചിട്ടുണ്ട്. സ്പെയിനിലെ ലാ കൊറൂണ എന്ന സ്ഥലത്ത് 1856 ആഗ. 12-ന് ജനിച്ചു. 1892-ല്‍ ആഭ്യന്തര വകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയായും 1899-ല്‍ ഈ വകുപ്പിനുവേണ്ടിയുളള മന്ത്രിയായും പ്രവര്‍ത്തിച്ചു. ഈ ഘട്ടത്തില്‍ തൊഴില്‍ രംഗത്ത് നിരവധി പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുവാന്‍ ഇദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. വര്‍ക്കേഴ്സ് കോമ്പന്‍സേഷന്‍ ആക്റ്റ് ഇക്കൂട്ടത്തില്‍ എടുത്തു പറയാവുന്നതാണ്. ഇദ്ദേഹം 1902-ല്‍ നീതിന്യായ മന്ത്രിയാവുകയും 1907-ല്‍ മാഡ്രിഡിലെ മേയറാവുകയും ചെയ്തു. 1913 മുതല്‍ 21 വരെ സ്പാനിഷ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ നേതൃത്വവും വഹിച്ചു. പാര്‍ട്ടി നേതൃത്വത്തിലുണ്ടായിരുന്ന അന്റോണിയോ മൗറ 1913-ല്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി മന്ത്രിസഭ രൂപവത്കരിക്കുവാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഡാറ്റോ പ്രധാനമന്ത്രിയായി അധികാരമേറ്റു. ഇതിനോടനുബന്ധിച്ചുളള അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിയില്‍ രണ്ടു ഗ്രൂപ്പുകള്‍ ഉടലെടുക്കുന്നതിലേക്കു നയിക്കുകയും ഡാറ്റോ അതില്‍ ഒരു ഗ്രൂപ്പിനു നേതൃത്വം നല്‍കുകയും ചെയ്തു. ഈ പ്രശ്നങ്ങള്‍ ഭരണരംഗം കാര്യക്ഷമമാക്കുന്നതിനു തടസ്സമായി ഭവിച്ചിരുന്നു. ഒന്നാം ലോകയുദ്ധകാലത്ത് ഡാറ്റോ സ്പെയിനിനെ നിഷ്പക്ഷമാക്കി നിലനിറുത്തുകയാണുണ്ടായത്. ഇദ്ദേഹം 1915 വരെ പ്രധാനമന്ത്രിയായി തുടര്‍ന്നു. പിന്നീട് 1917 ജൂണ്‍ മുതല്‍ ഒ. വരെ ഇദ്ദേഹം വീണ്ടും പ്രധാനമന്ത്രിപദത്തിലെത്തി. ഇക്കാലത്തുണ്ടായ സമരങ്ങളും മറ്റ് രാഷ്ട്രീയ അസ്വസ്ഥതകളും തുടച്ചുനീക്കുന്നതിനുളള നടപടികളുടെ ഭാഗമായി ഇദ്ദേഹം പാര്‍ലമെന്റ് പിരിച്ചു വിടുകയും ഭരണഘടനാനുസൃതമായി പൌരന്‍മാര്‍ക്കു ലഭ്യമായിരുന്ന അവകാശങ്ങളില്‍ ചിലത് നിര്‍ത്തലാക്കുകയും ചെയ്തു. 1920-ല്‍ മൂന്നാമത്തെ തവണ പ്രധാനമന്ത്രിയാകുവാന്‍ ഇദ്ദേഹത്തിന് അവസരം ലഭിച്ചു. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ ഐക്യം പുനഃസ്ഥാപിക്കുന്നതിന് ഇദ്ദേഹം തീവ്രശ്രമം നടത്തി.1921 മാ. 8-ന് മാഡ്രിഡില്‍ വച്ചുണ്ടായ ഭീകരവാദികളുടെ ബോംബാക്രമണത്തില്‍ ഡാറ്റോ കൊല്ലപ്പെട്ടു.

(ഡോ. പി. എഫ്. ഗോപകുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍