This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാനിലോവ, അലക് സാണ്ട്ര (1903 - 97)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡാനിലോവ, അലക്സാണ്ട്ര (1903 - 97)

Danilova, Alexandra

റഷ്യന്‍ - അമേരിക്കന്‍ ബാലെ നര്‍ത്തകിയും അധ്യാപികയും. 1903 ന. 20-ന് റഷ്യയിലെ പീറ്റര്‍ ഹോഫില്‍ ജനിച്ചു. 1912-ല്‍ സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ ഇംപീരിയല്‍ തിയെറ്റര്‍ സ്കൂളിലെ ബാലെ വിഭാഗത്തില്‍ പഠനമാരംഭിച്ചു. ബിരുദാനന്തരം റഷ്യയിലെ അഗ്രിപ്പിന വഗനോവ, അന്നാ ജോഹാന്‍സന്‍ എന്നിവരുടേയും പാരിസിലെ വെറാട്രിഫിലോവയുടേയും ശിക്ഷണത്തില്‍ മികച്ച പരിശീലനമാര്‍ജിച്ചു. റഷ്യയിലെ സ്റ്റേറ്റ് അക്കാദമിക് തിയെറ്റര്‍ ഫോര്‍ ഓപ്പറ ആന്‍ഡ് ബാലെയുടെ കോര്‍പ്സ് ഡി ബാലെയിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് ദ് സ്ലീപ്പിംഗ് ബ്യൂട്ടി എന്ന ബാലെയിലൂടെ ശ്രദ്ധേയ നര്‍ത്തകിയായി. 1922 മുതല്‍ 24 വരെ പെട്രോ ഗ്രാഡിലെ അവാന്ത് ഗാര്‍ഡ് നൃത്തപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. അങ്ങനെ ജോര്‍ജ് ബലാന്‍ചിനിന്റെ പരീക്ഷണാത്മക സൃഷ്ടികളില്‍ പങ്കാളിയായി. 1924-ല്‍ 'പ്രിന്‍സിപ്പല്‍ ഡാന്‍സേഴ്സ് ഒഫ് ദ് റഷ്യന്‍ ബാലെ' എന്ന സംഘത്തോടൊപ്പം ജര്‍മനി സന്ദര്‍ശിച്ചു. സംഘാംഗങ്ങളെപ്പോലെ തന്നെ ഡാനിലോവയും അവിടെ നിന്നും പാരിസിലെത്തി സ്ഥിരതാമസമാരംഭിച്ചു. തുടര്‍ന്ന് ഡാനിലോവ സെര്‍ഗീഡയാഖിലോവിന്റെ ബാലെസംഘത്തില്‍ ചേര്‍ന്നു. 1929 വരെ അവരോടൊപ്പം സഹകരിച്ചു പ്രവര്‍ത്തിച്ചു. അക്കാലയളവില്‍ ഇവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ബാലെകള്‍ ലെ പാസ് ഡി ഏഷ്യര്‍, ദ് ട്രൈംഫ് ഒഫ് നെപ്ട്യൂണ്‍, ദ് ഗോഡ്സ് ഗോ എ ബെഗ്ഗിങ് ലെബാല്‍ എന്നിവയാണ്. തുടര്‍ന്ന് 1929 മുതല്‍ 31 വരെ മോണ്ടി കാര്‍ലൊ ഓപ്പറ ബാലെയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു.

1932-ല്‍ വിവാഹിതയായെങ്കിലും 36-ല്‍ വിധവയായി. 1933 മുതല്‍ 38 വരെ കേണല്‍ വാസിലിയുടെ ബാലെ, റസ്സസ് ഡി മോണ്ടി-കാര്‍ലോയില്‍ അഭിനേത്രിയായിരുന്നു. ഈ കാലയളവില്‍ മാസിന്‍, ഡേവിഡ് ലിചിന്‍ എന്നിവരുടെ സൃഷ്ടികളിലൂടെ ഇവര്‍ അഭിനയമികവ് പ്രദര്‍ശിപ്പിച്ചു. ദ് ഫയര്‍ബേഡ് സ്വാന്‍ലേക്ക്, ലെബ്യൂ ഡാന്യൂബ് എന്നിവയാണ് അക്കൂട്ടത്തില്‍ ശ്രദ്ധേയമായ ബാലെകള്‍. അതിനു ശേഷം ഡെന്‍ഹാം കമ്പനിയില്‍ ചേര്‍ന്നു. ജിസെല്ലെ, ദ് നട്ട് ക്രാക്കര്‍, കോപ്പെലിയ ഗെയ്റ്റെ പരിസിയെന്നെ എന്നിവയാണ് അവര്‍ക്കു വേണ്ടി ചെയ്ത ബാലെകളില്‍ പ്രധാനം. 1941-ല്‍ വീണ്ടും വിവാഹിതയായി. 1951-ല്‍ ഔപചാരികമായി ബാലെ അഭിനയത്തില്‍ നിന്ന് വിടവാങ്ങിയെങ്കിലും തുടര്‍ന്ന് പലപ്പോഴും അതിഥി താരമായി അഭിനയിച്ചിട്ടുണ്ട്. സ്വന്തമായി ഒരു ബാലെ സംഘം രൂപീകരിച്ച് 1954 മുതല്‍ 56 വരെ ഇവര്‍ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. അവസാനം അഭിനയിച്ച ബാലെ റെയ് മോണ്ട (1957) ആണ്.

1958 മുതല്‍ ഒരു സംഘാടക എന്നനിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. 1964-ല്‍ സ്ക്കൂള്‍ ഒഫ് അമേരിക്കന്‍ ബാലെയില്‍ അധ്യാപികയായി. അവിടത്തെ ശില്പശാലകള്‍ക്കും വാര്‍ഷിക പരിപാടികള്‍ക്കും പിന്നീട് ഏതാനും ബാലെകള്‍ അവതരിപ്പിക്കുകയുണ്ടായി. 1989-ല്‍ അവിടെ നിന്നും വിരമിച്ചു.

1958-ല്‍ കാപെഷ്യോ അവാര്‍ഡും 1984-ല്‍ ഡാന്‍സ് മാഗസിന്‍ അവാര്‍ഡും ലഭിച്ച ഡാനിലോവയെ 1989-ല്‍ കെന്നഡി സെന്റര്‍ പുരസ്കാരം നല്‍കി ആദരിക്കുകയുമുണ്ടായി. 30-കളിലും 40-കളിലും പാശ്ചാത്യലോകത്തെ ഏറ്റവും പ്രശസ്തയായ ബാലെ നര്‍ത്തകിയായിരുന്നു ഇവര്‍. പ്രസാദാത്മകതയും ചടുലതയും ഡാനിലോവയുടെ നടനവിശേഷങ്ങളാണ്. നിരവധി ദുഃഖ കഥാപാത്രങ്ങളെ അവതരിപ്പിട്ടുണ്ടെങ്കിലും ഇവരുടെ ഹാസ്യ വേഷങ്ങളായിരുന്നു ഏറെ ജനപ്രിയങ്ങളായത്. 1997 ജൂല. 13-ന് ന്യൂയോര്‍ക്കില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍