This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡലന്‍, നീല്‍സ് ഗുസ്താഫ് (1869 - 1937)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡലന്‍, നീല്‍സ് ഗുസ്താഫ് (1869 - 1937)

Dalen,Nils Gustaf

സ്വീഡിഷ് എന്‍ജീനീയറും 1912-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനജേതാവും. 1869 ന. 30-ന് സ്റ്റെന്‍സ്റ്റോര്‍പ് ഗ്രാമത്തിലെ ഒരു കര്‍ഷകകുടുംബത്തില്‍ ഡലന്‍ ജനിച്ചു. കര്‍ഷകവൃത്തിയിലേര്‍പ്പെട്ടിരുന്ന ആദ്യകാലത്തുപോലും എന്‍ജിനീയറിങ് മേഖലയോടുള്ള ആഭിമുഖ്യം ഇദ്ദേഹത്തില്‍ പ്രകടമായിരുന്നു. സ്വന്തമായി ഒരു ഡയറി നടത്തിയിരുന്നകാലത്ത് പാലിലെ കൊഴുപ്പിന്റെ അളവു നിര്‍ണയിക്കുന്നതിനുള്ള ഒരുപകരണവും അനായാസേന പാല്‍ കറക്കുന്നതിനുള്ള ഒരു യന്ത്രവും ഇദ്ദേഹം രൂപകല്പന ചെയ്തു.

സൂറിച്ചില്‍ നിന്ന് എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയായതോടെ ഡലന്‍ ഗ്യാസ് അക്യുമുലേറ്റര്‍ കമ്പനിയില്‍ ചീഫ് എന്‍ജിനീയറായി നിയമിതനായി. ഇവിടെ വച്ച് അസിറ്റിലിന്‍ വാതക നിര്‍മാണത്തിനുള്ള യന്ത്രോപകരണങ്ങളുടെ സാങ്കേതിക വിദ്യ ഒട്ടേറെ പരിഷ്കരിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. നാവികോപയോഗത്തിനായി ലൈറ്റ് ഹൌസുകളില്‍ അക്കാലത്തു നിലവിലുണ്ടായിരുന്ന ജ്വലനരീതിക്ക് പല പരിമിതികളുമുണ്ടായിരുന്നു. സ്ഥിരജ്വാല നിലനിര്‍ത്താന്‍ വേണ്ടിവരുന്ന ഉയര്‍ന്ന തോതിലുള്ള അസിറ്റിലിന്‍ വാതക ഉപഭോഗനിരക്കും ഉന്നതമര്‍ദത്തിലെ അസിറ്റിലിന്റെ ഗതാഗതത്തിനിടയ്ക്ക് ഉണ്ടാകാനിടയുള്ള സ്ഫോടന സാദ്ധ്യതയും വളരെയേറെയായിരുന്നു. കൂടാതെ ബീക്കണുകള്‍ കൂടെക്കൂടെ റീചാര്‍ജ് ചെയ്യേണ്ടിയുമിരുന്നു. എന്നാല്‍ പരിമിത പരിമാണത്തിലുള്ള അസിറ്റിലിന്‍ വാതകംകൊണ്ട് ലൈറ്റ് ഹൗസുകളില്‍ 3/10 സെക്കന്‍ഡുമാത്രം നീണ്ടുനില്‍ക്കുന്ന, പ്രകാശതീവ്രതയേറിയ അനേകം ക്ഷണദീപ്തി (flash) പുറപ്പെടുവിക്കുന്ന ഒരിനം ഫ്ളാഷ് ലൈറ്റ് ഉപകരണം ഡലന്‍ രൂപകല്പന ചെയ്തു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആഗാ മിശ്രിതം (Aga mixture or Agamassan) ഉപയോഗിച്ചു തുടങ്ങിയതോടെ സ്ഫോടനസാധ്യത ഒഴിവാക്കി അസിറ്റിലിന്‍ സുരക്ഷിതമായി കൊണ്ടുപോകാവുന്ന അവസ്ഥയിലായി. കൂടാതെ സോള്‍വെന്റില്‍ എന്നു പേരുള്ള ഒരിനം സൗരവാല്‍വ് ഘടിപ്പിച്ചതോടെ, സൂര്യപ്രകാശം മങ്ങുന്ന അസ്തമയത്തോടെ സ്വമേധയാ പ്രവര്‍ത്തനനിരതമാകുകയും സൂര്യോദയത്തോടെ അണയുകയും ചെയ്യുന്ന ദീപസ്തംഭങ്ങള്‍ നിലവില്‍വന്നു. ലൈറ്റ് ഹൗസുകളിലെ അസിറ്റിലിന്‍ ഉപഭോഗം വളരെയേറെ മിതപ്പെടുത്താന്‍ കഴിഞ്ഞ ഈ സൗരവാല്‍വിന്റെ കണ്ടുപിടിത്തത്തിനാണ് ഡലന് 1912-ല്‍ നോബല്‍ സമ്മാനം ലഭിച്ചത്.

സാങ്കേതിക നേട്ടങ്ങള്‍ക്കു പുറമേ, ഡലന്റെ രീതി അവലംബിച്ചതിലൂടെ ഈ രംഗത്തുണ്ടായ സാമ്പത്തികനേട്ടം വളരെ വലുതായിരുന്നു. ചെന്നുപറ്റാന്‍ ദുഷ്കരമായ വിദൂരസ്ഥാനങ്ങളില്‍പ്പോലും ഇത്തരം ലൈറ്റ് ഹൗസുകള്‍ സ്ഥാപിക്കാനും കടലില്‍വച്ചു സംഭവിച്ചിരുന്ന അപകടങ്ങള്‍ വളരെ കുറച്ചുകൊണ്ട് നാവികയാത്ര സുഗമമാക്കാനും കഴിഞ്ഞു.

1909-ല്‍ ഡലന്‍ ഗ്യാസ് അക്യുമുലേറ്റര്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറായി. റോയല്‍ സ്വീഡിഷ് അക്കാദമി ഉള്‍പ്പെടെ പല പ്രൊഫഷണല്‍ സൊസൈറ്റികളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചു. ലുണ്ട്(Lund) സര്‍വകലാശാല 1918-ല്‍ ഇദ്ദേഹത്തെ ഓണററി ഡോക്ടറേറ്റു ബിരുദം നല്‍കി ആദരിച്ചു. അഞ്ചു വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കുശേഷം 1929-ല്‍ ഡലന്‍ വികസിപ്പിച്ചെടുത്ത ഗാര്‍ഹികാവശ്യത്തിനായുള്ള 'ആഗ കുക്കര്‍' ഇംഗ്ലണ്ടിലും സ്വീഡനിലും വന്‍ പ്രചാരം നേടി. ടര്‍ബൈനുകളുടെ രൂപകല്പനയിലും ഇദ്ദേഹം മാറ്റങ്ങള്‍ വരുത്തി.

1913-ല്‍ ഒരു പരീക്ഷണത്തിനിടയ്ക്കുണ്ടായ സ്ഫോടനത്തില്‍ ഇദ്ദേഹത്തിന് കാഴ്ചശക്തി നഷ്ടപ്പെട്ടു. 1937 ഡി. 9-ന് സ്റ്റോക്ഹോമില്‍ ഇദ്ദേഹം ദിവംഗതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍