This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡറല്‍, ലോറന്‍സ് ജോര്‍ജ് (1912-)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡറല്‍, ലോറന്‍സ് ജോര്‍ജ് (1912-)

Dioscoriaceae

ബ്രിട്ടിഷ് (ഇംഗ്ലീഷ്) നോവലിസ്റ്റ്. 1912 ഫെ. 27-ന് ഇന്ത്യയിലെ ജലന്ധറില്‍ ജനിച്ചു. ഡാര്‍ജിലിംഗിലെ കോളജ് ഒഫ് സെന്റ് ജോസഫിലും, കാന്റര്‍ബറിയിലെ സെന്റ് എഡ്മണ്‍ഡ്സ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. ആദ്യകാലത്ത് ജാസ് പിയാനിസ്റ്റ്, ഓട്ടോമൊബൈല്‍ റെയ്സര്‍, റിയല്‍ എസ്റ്റേറ്റ് ഏജന്റ് തുടങ്ങി വിവിധ നിലകളില്‍ ജോലി ചെയ്തു. 1937-39 കാലഘട്ടത്തില്‍ പാരിസിലെ ദ് ബൂസ്റ്റര്‍ എന്ന ആനുകാലികത്തില്‍ സേവനമനുഷ്ഠിച്ചു. 1941 മുതല്‍ 44 വരെ കെയ്റോയിലെ ബ്രിട്ടിഷ് ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫോറിന്‍ പ്രെസ് സര്‍വീസ് ഓഫീസര്‍, 1944-45 കാലത്ത് അലക്സാണ്‍ഡ്രിയയിലെ ബ്രിട്ടിഷ് ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രസ് അറ്റാഷേ, 1946 മുതല്‍ 2 വര്‍ഷം ഗ്രീസിലെ ഡോഡെക്കാനീസ് ദ്വീപിലെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍, 1947-48 കാലത്ത് അര്‍ജന്റിനയിലെ കൊര്‍ദോബയില്‍ ബ്രിട്ടിഷ് കൗണ്‍സില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്റര്‍, 1954 മുതല്‍ 2 വര്‍ഷം സൈപ്രസില്‍ ബ്രിട്ടിഷ് ഗവണ്‍മെന്റിന്റെ പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഒരു ഔദ്യോഗിക ജീവിതത്തിന്റെ ഉടമയാണിദ്ദേഹം. 1945-ല്‍ റോയല്‍ സൊസെറ്റിയില്‍ ഫെലോ ആയ ഇദ്ദേഹം 1957-ല്‍ ഫ്രാന്‍സില്‍ സ്ഥിരതാമസമാക്കി.

ലോറന്‍സ് ജോര്‍ജ് ഡറല്‍

പൈഡ് പൈപ്പര്‍ ഒഫ് ലവേഴ്സ് (1935), ദ് ബ്ലാക് ബുക്ക് (1938), വൈറ്റ് ഈഗില്‍സ് ഓവര്‍ സെര്‍ബിയ (1957), മോണ്‍ഷര്‍ (1975) തുടങ്ങി നിരവധി നോവലുകളുടെ കര്‍ത്താവാണ് ലോറന്‍സ് ഡറല്‍. സുദീര്‍ഘവും വൈവിധ്യമാര്‍ന്നതുമായ തന്റെ ഓദ്യോഗിക ജീവിതകാലത്തെ അനുഭവങ്ങള്‍ കലാസുഭഗമായി ആവിഷ്കരിക്കുന്നതില്‍ ഇദ്ദേഹം ഒരളവുവരെ വിജയിച്ചിട്ടുണ്ടെന്നുകാണാം. ഫലിതം ഈ കൃതികളുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നു. പാരിസില്‍ രഹസ്യമായി പ്രസിദ്ധീകരിച്ച ദ് ബ്ളാക്ക് ബുക്കാണ് ആത്മകഥാംശം ഏറ്റവും കുടുതലുള്ള കൃതി. ജസ്റ്റിന്‍ (1957), ബാല്‍ത്തസാര്‍ (1958), മൗലിവ് (1958), ക്ളിയ (1960) എന്നീ നാലു നോവലുകള്‍ ദി അലക്സാണ്‍ഡ്രിയ ക്വാര്‍ട്ടറ്റ് എന്ന പേരില്‍ നോവല്‍ ചതുഷ്ടയമായി 1962-ല്‍ പ്രസിദ്ധീകരിച്ചു. അളവറ്റ സമ്പത്തും പ്രശസ്തിയും ഇത് ഇദ്ദേഹത്തിന് നേടികൊടുത്തു.

സ്റ്റിഫ് അപ്പര്‍ ലിപ് (1958), ദ് ബെസ്റ്റ് ഒഫ് ആന്‍ട്രോബസ് (1974) തുടങ്ങിയ ചില കഥാസമാഹാരങ്ങള്‍ കൂടി ഡറലിന്റേതായുണ്ട്. നോവലുകളോളം വിജയമായിരുന്നില്ല ഇദ്ദേഹത്തിന്റെ കഥകള്‍. കവിയെന്ന നിലയില്‍ ഡറലിന്റെ മുഖമുദ്ര പദങ്ങളുടെ താളത്തെപ്പറ്റിയുള്ള സഹജമായ അവബോധമാണെന്നു പറയാം. ജീവിതത്തിന്റെ സിംഹഭാഗവും താന്‍ കഴിച്ചുകൂട്ടിയ പൗരസ്ത്യ മെഡിറ്ററേനിയന്‍ പ്രദേശത്തിന്റെ പ്രകൃതി ഭംഗിയും ജനജീവിതത്തിന്റെ വൈചിത്ര്യവും ഹൃദയാവര്‍ജകമായ ഭാഷയില്‍ ആവാഹിക്കുന്നതിന് ഈ കവിതകളില്‍ ഡറല്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. എ പ്രൈവറ്റ് കണ്‍ട്രി (1943), സിറ്റീസ്, പ്ലെയ് ന്‍സ് ആന്‍ഡ് പിപ്പീള്‍ (1946), സീറോ ആന്‍ഡ് അസൈലം ഇന്‍ ദ് സ്റ്റോ: ടു എക്സ്കര്‍ഷന്‍സ് ആന്‍ഡ് അദര്‍ പോയംസ് (1955), പ്ലാന്റ്-മാജിക് മാന്‍ (1973), ലൈഫ്ലിനസ (1974) തുടങ്ങിയ പല കവിതാ സമാഹരങ്ങളുടേയും ശീര്‍ഷകങ്ങള്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.

സഞ്ചാര സാഹിത്യരംഗത്തും ഡറല്‍ സ്വന്തം മുദ്ര പതിപ്പിച്ചിട്ടുണ്ട്. രണ്ടാംലോകയുദ്ധത്തിനു മുമ്പുള്ള കോര്‍ഫുവിനെക്കുറിച്ചുള്ള പ്രോസ്പറോസ് സെല്‍ (1945), യുദ്ധാനന്തരമുള്ള റോഡ്സ് ദ്വീപിനെക്കുറിച്ചെഴുതിയ റിഫ്ളെക്ഷന്‍സ് ഓണ്‍ എ മറൈന്‍ വീനസ് (1953), ആഭ്യന്തരയുദ്ധം കൊണ്ടു കലുഷിതമായ സൈപ്രസിനെ വിഷയീകരിച്ചുള്ള ബിറ്റര്‍ ലെമണ്‍സ് (1957) എന്നിവ ഇക്കൂട്ടത്തില്‍ മികച്ചുനില്‍ക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍