This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയര്‍ഷീന്‍സ്കി, ഫെലിക്സ് എഡ് മണ്ടോവിച്ച് (1877 - 1926)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡയര്‍ഷീന്‍സ്കി, ഫെലിക്സ് എഡ് മഡോവിച്ച് (1877 - 1926)

Dzerzhinsky,Feliks Edmundovich

റഷ്യയിലെ ബോള്‍ഷെവിക് വിപ്ലവകാരിയും സോവിയറ്റ് രാഷ്ട്രത്തിന്റെ സ്ഥാപകരിലൊരാളും. ലിത്വാനിയയിലെ വില്‍ന(Vilna) പ്രവിശ്യയില്‍ ഒരു കൂലീന പോളിഷ് കുടുംബത്തില്‍ 1877 സെപ്. 11-ന് ഇദ്ദേഹം ജനിച്ചു. 1895-ല്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച ഡയര്‍ഷീന്‍സ്കിയെ സാര്‍ ഭരണകൂടത്തിന്റെ പോലീസ് പല തവണ അറസ്റ്റു ചെയ്യുകയും നാടുകടത്തുകയും ചെയ്തിട്ടുണ്ട്. ഇതില്‍പ്പെടുന്ന ഒടുവിലത്തെ അറസ്റ്റ് 1912-ലായിരുന്നു.
ഫെലിക്സ് എഡ്മഡോവിച്ച് ഡയര്‍ഷീന്‍സ്കി
ഇതോടെ ഇദ്ദേഹം 9 വര്‍ഷത്തെ കഠിന തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിലായി. 1917-ലെ ഫെബ്രുവരി വിപ്ലവത്തോടെ ജയില്‍ മോചിതനായ ഡയര്‍ഷീന്‍സ്കി ബോള്‍ഷെവിക് വിപ്ലവത്തില്‍ സജീവമായി പങ്കെടുത്തു. റഷ്യയില്‍ ഭരണം പിടിച്ചടക്കാന്‍ മുന്‍കൈ എടുത്തവരില്‍ ഒരാളായിരുന്നു ഇദ്ദേഹം. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ആദ്യത്തെ രഹസ്യപ്പൊലിസ് സംഘടനയായിരുന്ന 'ചെകാ' (Cheka) യുടെ അധ്യക്ഷനായി 1917 ഡി.-ല്‍ ഇദ്ദേഹം അവരോധിതനായി. 'ചെകാ' പിന്നീട് 1922 മുതല്‍ ഒ. ജി. പി. യു. എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോഴും അധ്യക്ഷപദവിയില്‍ തുടര്‍ന്ന ഇദ്ദേഹം മരണം വരെ ഈ സ്ഥാനം വഹിച്ചിരുന്നു. ഡയര്‍ഷീന്‍സ്കി 1919-ല്‍ ആഭ്യന്തര മന്ത്രിയും 1921-ല്‍ ഗതാഗത മന്ത്രിയുമായി നിയമിതനായി. 1921-നു ശേഷം സോവിയറ്റു യൂണിയന്റെ സാമ്പത്തിക കാര്യങ്ങളില്‍ ഇദ്ദേഹം ശ്രദ്ധ ചെലുത്തിപ്പോന്നു. 1924-ല്‍ സുപ്രീം ഇക്കണോമിക് കൌണ്‍സിലിന്റെ അധ്യക്ഷനാവുകയുമുണ്ടായി. ലെനിന്റെ മരണശേഷം ഇദ്ദേഹം സ്റ്റാലിനെ പിന്തുണച്ചിരുന്നു. 1926 ജൂല. 20-ന് ഇദ്ദേഹം മോസ്കോയില്‍ നിര്യാതനായി.

(ഡോ. ബി. സുഗീത, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍