This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡഗ്ളസ്, മെല്‍വിന്‍ (1901 - 81)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡഗ്ലസ്, മെല്‍വിന്‍ (1901 - 81)

Douglas, Melvyn

അമേരിക്കന്‍ ചലച്ചിത്ര നടന്‍. 1901 ഏ. 5-ന് റഷ്യാക്കാരനായ ഒരു പിയാനിസ്റ്റിന്റെ മകനായി ജനിച്ചു. വിദ്യാഭ്യാസകാലത്തു തന്നെ അഭിനയ രംഗത്തേക്കു കടന്ന ഡഗ്ളസ് ഒന്നാം ലോകയുദ്ധകാലത്തെ സൈനിക സേവനത്തിനുശേഷം 1919-ല്‍ നടന്‍ എന്ന നിലയില്‍ നാടകരംഗത്ത് അരങ്ങേറ്റം നടത്തി. തുടര്‍ന്ന് പല കമ്പനികളുടെയും നാടകങ്ങളില്‍ അഭിനയിച്ച് ശ്രദ്ധേയനായി. 1928-ലാണ് ബ്രോഡ്വേ നാടകമായ എഫ്രീസോളില്‍ അഭിനയിച്ച് പ്രേക്ഷകരുടെ പ്രത്യേകപ്രശംസ നേടിയത്. ടു നൈറ്റ് ഓര്‍ നെവര്‍ എന്ന നാടകത്തിന്റെ വന്‍വിജയത്തെത്തുടര്‍ന്ന് ഡഗ്ളസ് ഹോളിവുഡിലേക്ക് ക്ഷണിക്കപ്പെടുകയും ഇതേ നാടകത്തിന്റെ ചലച്ചിത്രാവിഷ്കരണത്തില്‍ അഭിനയിക്കുകയും ചെയ്തു.

ഹോളിവുഡില്‍ പല ചിത്രങ്ങളിലും അഭിനയിച്ച ഡഗ്ളസ് 1932-ല്‍ ഗ്രെറ്റാഗാര്‍ബോയുടെ ആസ് യു ഡിസയര്‍ മി എന്ന ചിത്രത്തിലൂടെ ഏറെ പ്രസിദ്ധനായി. എങ്കിലും ഹോളിവുഡിലെ ജീവിതത്തില്‍ നിരാശനായി ബ്രോഡ്വേയില്‍ തിരിച്ചെത്തിയ ഡഗ്ളസ് നാടകരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. എതാനും വര്‍ഷങ്ങള്‍ക്കു ശേഷം കൊളംബിയ കമ്പനിയുമായി കരാറിലേര്‍പ്പെട്ട് വീണ്ടും ഹോളിവുഡിലെത്തുകയും പ്രാധാന്യമേറിയ പലവേഷങ്ങളിലും അഭിനയിച്ച് പ്രമുഖനടനായി യശസ്സു നേടുകയും ചെയ്തു.

ആകര്‍ഷകമായ വ്യക്തിത്വം നേടിയിരുന്ന ഡഗ്ളസ് റൊമാന്റിക് റോളുകളിലാണ് ഏറെ ശോഭിച്ചിരുന്നത്. തിയഡോറ ഗോസ് വൈല്‍ഡ് (1936), നിനോച്ക (1939) എന്നീ ചിത്രങ്ങളിലൂടെ ഡഗ്ളസിന്റെ താരപദവിക്ക് തിളക്കമേറി. 1942-ല്‍ സിവിലിയന്‍ ഡിഫന്‍സ് ഓഫീസിന്റെ ആര്‍ട്ട്സ് കൗണ്‍സില്‍ ഡയറക്ടറായി വാഷിംങ്ടണിലെത്തി. അന്‍പതുകളുടെ ആദ്യം ഹോളിവുഡില്‍ തിരിച്ചെത്തിയെങ്കിലും അവിടെ തുടരാനാകാതെ ബ്രോഡ്വേ നാടകരംഗത്തേക്ക് മടങ്ങുകയാണുണ്ടായത്. ദ് ബെസ്റ്റ് മാന്‍ എന്ന നാടകത്തിലെ അഭിനയത്തിന് 'ടോണി' അവാര്‍ഡ് നേടിയിട്ടുണ്ട്.

അറുപതുകളില്‍ വീണ്ടും ചലച്ചിത്രരംഗത്തേക്കു തിരിഞ്ഞ ഡഗ്ളസ് സ്വഭാവ നടനായി മാറി. 1963ല്‍ ഹഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും നല്ല സഹനടനുള്ള അക്കാദമി അവാര്‍ഡ് സമ്പാദിച്ചു. ഇക്കാലത്ത് ടെലിവിഷന്‍ നാടകങ്ങളിലും അഭിനയിച്ച ഡഗ്ളസ് ഡു നോട്ട് ഗോ ജെന്റില്‍ ഇന്റു ദാറ്റ് ഗുഡ്നൈറ്റ് എന്ന ടി. വി. നാടകത്തിലെ അഭിനയത്തിന് എമ്മി അവാര്‍ഡ് കരസ്ഥമാക്കി.

ഹി സ്റ്റേയ്സ് ഫോര്‍ ബ്രേക്ഫാസ്റ്റ് (1940), ദിസ് തിങ് കാള്‍ഡ് ലൌ, ദാറ്റ് അണ്‍സേര്‍ട്ടന്‍ ഫീലിങ്, ടു ഫേസ്ഡ് വുമണ്‍ (1941), വി വെയര്‍ ഡാന്‍സിങ് (1942), ദ് സീ ഒഫ് ഗ്രാസ് (1947), ദ ഗ്രേറ്റ് സിന്നര്‍ (1949), മൈ ഫൊര്‍ബിഡന്‍ പാസ്റ്റ് (1951), ബില്ലിബഡ് (1962), അഡ്വാന്‍സ് ടു ദ് റിയര്‍ (1964), റപ്ചര്‍ (1965), ഹോട്ടല്‍ (1967), ദ് കാന്റിഡേറ്റ് (1972), ട്വിലൈറ്റ്സ് ലാസ്റ്റ് ഗ്ളിമിങ് (1977), ദ് സെനറ്റര്‍ (1979) എന്നിവ ഡഗ്ളസിന്റെ ശ്രദ്ധേയമായ ചിത്രങ്ങളില്‍പ്പെടുന്നു.

1981-ല്‍ ഗോസ്റ്റ് സ്റ്റോറി എന്ന ചിത്രത്തില്‍ അഭിനയിച്ച ഡഗ്ളസ് അതേവര്‍ഷം തന്നെ ഹോളിവുഡില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍