This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡഗ്ലസ്-ഹൂം, അലക്സാണ്ടര്‍ (1903-95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡഗ്ലസ് -ഹൂം, അലക്സാണ്ടര്‍ (1903-95)

Douglas-Home, Alexander

അലക്സാണ്ടര്‍ ഡഗ്ലസ് -ഹൂം

ബ്രിട്ടിഷ് പ്രധാനമന്ത്രിയായി 1963 ഒ.-മുതല്‍ 64 ഒ.-വരെ സേവനമനുഷ്ഠിച്ച യാഥാസ്ഥിതികകക്ഷി നേതാവ്. 1903 ജൂല. 2-ന് സ്ക്കോട്ട്ലന്‍ഡില്‍ ജനിച്ചു. ഓക്സ്ഫോഡിലും ഈറ്റണിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് യാഥാസ്ഥിതികകക്ഷി അംഗമെന്ന നിലയില്‍ 1931-മുതല്‍ 45-വരെ കോമണ്‍സ് സഭയില്‍ അംഗമായി പ്രവര്‍ത്തിക്കുകയുണ്ടായി. ഇക്കാലത്ത് ആഭ്യന്തരവും സാമൂഹികവുമായ വിഷയങ്ങളെപ്പററി കൂടുതല്‍ അവഗാഹം നേടി. 1937-ല്‍ നെവില്‍ ചേംബര്‍ലെയ് ന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രിയായപ്പോള്‍ ഡഗ്ലസ്സിനെ പാര്‍ലമെന്ററി കാര്യങ്ങള്‍ക്കായുള്ള പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. പിന്നീട് 1940-ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ പ്രസ്തുത ചുമതലകളില്‍ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കുകയാണു ചെയ്തത്. 1945-ല്‍ ഡഗ്ലസ് ജോയിന്റ് പാര്‍ലമെന്ററി അണ്ടര്‍ സെക്രട്ടറി പദത്തില്‍ നിയമിതനാവുകയും വിദേശകാര്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ നിയോഗിക്കപ്പെടുകയും ചെയ്തു. പക്ഷേ 1945-ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ഡഗ്ലസ്സിന്റെ പൊതുജീവിതത്തില്‍ ഒരിടവേള ഉണ്ടാവുകയും 1950-വരെ അധികാരത്തില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്തു. 1950-ല്‍ വീണ്ടും കോമണ്‍സ് സഭാംഗമായെങ്കിലും 1951-ല്‍ പിതാവിന്റെ പിന്‍ഗാമിയായി 14-ാമത് 'ഏള്‍' ആവുകയും പ്രഭുപദവിയിലെത്തുകയും ചെയ്തതിനെത്തുടര്‍ന്ന് കോമണ്‍സ് സഭയിലെ അംഗത്വം ഇല്ലാതായി. പക്ഷേ, തുടര്‍ന്നും ഇദ്ദേഹം കര്‍മനിരതനായി രാഷ്ട്രീയ രംഗത്ത് ഉറച്ചു നില്‍ക്കുകയാണു ചെയ്തത്. 1951 മുതല്‍ സ്കോട്ട്ലന്‍ഡ് സ്റ്റേറ്റ് മിനിസ്റ്റര്‍ പദവിയും വഹിച്ചിരുന്നു.തുടര്‍ന്ന് 1955-ല്‍ കോമണ്‍വെല്‍ത്ത് സെക്രട്ടറി സ്ഥാനമേറ്റെടുത്ത ഡഗ്ലസ് 1957-ല്‍ പ്രഭുസഭയുടെ നേതാവായിത്തീര്‍ന്നു. 1960-ല്‍, പ്രധാനമന്ത്രി ഹാരോള്‍ഡ് മാക്മില്ലന്റെ കാലത്ത് ഇദ്ദേഹത്തെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. 1963 ഒ.-ല്‍ ഹാരോള്‍ഡ് മാക്മില്ലന്‍ പ്രധാനമന്ത്രിപദം രാജിവച്ചതോടെ ഡഗ്ലസ് ഹൂമിന് ഈ സ്ഥാനം കരഗതമായി. പാര്‍ട്ടിയില്‍ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസം ഒഴിവാക്കാന്‍ കഴിയുംവിധം അനുരഞ്ജന യത്നങ്ങള്‍ നടത്തിയ സ്ഥാനാര്‍ഥിയായിരുന്നു എന്നതാണ് ഈ സ്ഥാനലബ്ധിക്ക് കാരണമായത്. പ്രധാനമന്ത്രിയെന്ന നിലയില്‍ ഡഗ്ലസ് കാര്യശേഷി തെളിയിച്ച ഭരണാധികാരിയായിരുന്നു. പക്ഷേ നൂതനമായ ആശയങ്ങള്‍ കണ്ടെത്തുന്നതിലും നടപ്പാക്കുന്നതിലും പ്രതീക്ഷിച്ചതുപോലെ ഇദ്ദേഹം ശോഭിക്കുകയുണ്ടായില്ല. 1964 ഒ.-ല്‍ യാഥാസ്ഥിതിക കക്ഷിക്കേറ്റ പരാജയത്തെത്തുടര്‍ന്ന് ഡഗ്ലസിന് ഭരണമൊഴിയേണ്ടതായും വന്നു. തുടര്‍ന്ന് 1965 ജൂല. വരെ പ്രതിപക്ഷ നേതാവായി. ഈ സ്ഥാനത്ത് നന്നായി ശോഭിച്ചെങ്കിലും ഉള്‍പ്പാര്‍ട്ടി വിമര്‍ശനം സഹിക്കവയ്യാതെ ഡഗ്ളസ് യാഥാസ്ഥിതിക കക്ഷിയുടെ നേതൃത്വസ്ഥാനം ഉപേക്ഷിക്കുകയാണു ചെയ്തത്. 1970-ല്‍ പ്രധാനമന്ത്രി എഡ്വേര്‍ഡ് ഹീത്ത് ഡഗ്ലസിനെ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കുകയുണ്ടായി. 1995 ഒ. 9-ന് ഇദ്ദേഹം സ്കോട്ട്ലന്‍ഡിലെ ബെര്‍വിക്ഷയറില്‍ നിര്യാതനായി.

(ഡോ. ആര്‍. മധുദേവന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍