This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രൗട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രൗട്ട്

Trout

സാല്‍മണ്‍ മത്സ്യങ്ങളോടു സാദൃശ്യമുള്ളതും അവയെക്കാള്‍ വലുപ്പം കുറഞ്ഞതുമായ ശുദ്ധജലമത്സ്യം. സാല്‍മോണിഡെ (Salmonidae) മത്സ്യകുടുംബത്തില്‍പ്പെടുന്നു. ട്രൗട്ടുകളെ മൂന്നു ജീനസുകളിലായി വര്‍ഗീകരിച്ചിരിക്കുന്നു: സാല്‍മോ (Salmo), സാല്‍വെലിനസ് (Salvelinus), ക്രിസ്റ്റിവോമര്‍ (Cristivomer).

മുമ്പ് ഉത്തരാര്‍ധ ഗോളത്തിലെ ജലാശയങ്ങളില്‍ സാധാരണയായി കണ്ടുവന്നിരുന്ന ഇത്തരം മത്സ്യങ്ങള്‍ ഇന്ന് ആഗോളവ്യാപനമുള്ളവയാണ്. ശുദ്ധജലത്തില്‍ വളരുന്നവയാണെങ്കിലും ജീവിതചക്രത്തിന്റെ പൂര്‍ത്തീകരണത്തിനായി ഇവ പലപ്പോഴും സമുദ്രജലത്തിലേക്ക് കടന്നു ചെല്ലാറുണ്ട്. അര കി. ഗ്രാം മുതല്‍ 45 കി. ഗ്രാം വരെ തൂക്കമുള്ള ട്രൗട്ടുകളെ ലഭിച്ചിട്ടുണ്ട്. ഇവയുടെ ശരീരത്തില്‍ ചെറിയ ചെതുമ്പലുകളുണ്ടായിരിക്കും. മുതുകിലെ പൃഷ്ഠചിറകിന്റെ പിന്നിലായി മാംസളമായ മറ്റൊരു പൃഷ്ഠചിറകുകൂടി കാണപ്പെടുന്നു. ഉദരത്തിനടിവശത്തായി ശ്രോണി ചിറകുകളുണ്ടായിരിക്കും. ഓരോ ശ്രോണി ചിറകുകളുടെയും ആധാരഭാഗത്തായി ശല്‍ക്കനിര്‍മിത ഉപാംഗങ്ങളുമുണ്ടായിരിക്കും.

ട്രൗട്ട്

സാല്‍വെലിനസ് മറ്റു ജീനസ്സുകളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നത് മേല്‍ത്താടിയിലെ ദന്തവിന്യാസത്തിലാണ്. സാല്‍വെലിനസിന്റെ ബോട്ട് ആകൃതിയിലുള്ള മേല്‍ത്താടിയെല്ലിന്റെ മധ്യഭാഗം മേല്പോട്ട് അമര്‍ന്നിരിക്കും. ഈ അസ്ഥിയില്‍ നിന്ന് പല്ലുകള്‍ ഉദ്ഭവിക്കുന്നില്ല. പല്ലുകള്‍ തലയുടെ ഭാഗത്തുമാത്രമായി കേന്ദ്രീകരിച്ചിരിക്കുന്നു. തവിട്ടു ട്രൗട്ട്, കഴുത്തുമുറിയന്‍ ട്രൗട്ട്, മഴവില്‍ ട്രൗട്ട്, സ്വര്‍ണ ട്രൗട്ട് എന്നിവയില്‍ മേല്‍ത്താടിയെല്ലിലോ ഇതിനു പിന്നിലായിട്ടോ പ്രത്യേക രീതികളൊന്നും തന്നെയില്ലാതെ ക്രമീകരിക്കപ്പെട്ട ഏതാനും പല്ലുകളുണ്ട്. തടാകവാസികളായ ക്രിസ്റ്റിവോമര്‍ ട്രൗട്ടുകളുടെ പല്ലുകള്‍ മേല്‍ത്താടിയെല്ലിന്റെ പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഭാഗങ്ങളിലും നാവിന്റെ ആധാരഭാഗത്തുമായിട്ടാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്.

എല്ലായിനം ട്രൗട്ടുകളുടെയും ആഹാരരീതിയും പ്രജനന രീതിയും ഏതാണ്ട് സമാനസ്വഭാവം പുലര്‍ത്തുന്നു. പ്രാണികള്‍, ചെറുമത്സ്യങ്ങളും അവയുടെ മുട്ടകളും, വിരകള്‍, ക്രസ്റ്റേഷ്യനുകള്‍ തുടങ്ങിയവ ഇവ ഇരയാക്കുന്നു. ആഹാരഭേദമനുസരിച്ചു ട്രൗട്ടുകളുടെ വളര്‍ച്ചയിലും വ്യത്യാസം പ്രകടമാണ്.

ട്രൗട്ടുകള്‍ മുട്ടയിടുന്നത് ശുദ്ധജലത്തിലാണ്. ജലാശയങ്ങളുടെ ചരല്‍നിറഞ്ഞ അടിത്തട്ടില്‍ കുഴികളുണ്ടാക്കി അതിലാണ് മുട്ടയിടുന്നത്. ബീജസങ്കലനം നടക്കുന്നത് മുട്ടകള്‍ നിക്ഷേപിക്കപ്പെട്ടതിനു ശേഷമായിരിക്കും. ബീജസങ്കലനത്തിനു ശേഷം പെണ്‍മത്സ്യങ്ങള്‍ മുട്ടകളെ മണലും ചരലും കൊണ്ടുമൂടി സംരക്ഷിക്കുന്നു. 4-7 ആഴ്ചകള്‍ക്കുള്ളില്‍ മുട്ട വിരിയും. ഇനഭേദവും താപവ്യതിയാനവും അനുസരിച്ച് മുട്ട വിരിയാനുള്ള കാലദൈര്‍ഘ്യത്തിലും വ്യത്യാസം വരാറുണ്ട്. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ ഏതാനും ദിവസങ്ങള്‍ കുഴിയില്‍ത്തന്നെ കഴിയുന്നു. കുഞ്ഞുങ്ങള്‍ക്ക് പോഷണം ലഭിക്കുന്നത് മുട്ടയിലടങ്ങിയിട്ടുള്ള സംഭരിതാഹാരമായ പീതക (yolk) ത്തില്‍ നിന്നാണ്. കുഴിയില്‍ നിന്നു പുറത്തു വരുന്ന കുഞ്ഞുങ്ങള്‍ (finger lings വിരല്‍ മത്സ്യം) ചെറിയ ജലപ്ലവകങ്ങളെ ഭക്ഷിക്കാനാരംഭിക്കുന്നു. ഭക്ഷണലഭ്യതയും പരിസ്ഥിതിവ്യത്യാസങ്ങളും അനുസരിച്ച് ഈ വിരല്‍ മത്സ്യങ്ങളുടെ വളര്‍ച്ചാനിരക്കിനും വ്യത്യാസംവരുന്നു. യു.എസ്സില്‍ ഒരു വേട്ടമത്സ്യമെന്ന് (sporting fish) പ്രശസ്തിയാര്‍ജിച്ച ട്രൗട്ടുമത്സ്യങ്ങളെ വന്‍തോതില്‍ വളര്‍ത്തിയെടുക്കാനായി മുട്ടവിരിയിക്കല്‍ സ്ഥല (hatchery)ങ്ങളില്‍ നിന്ന് മത്സ്യക്കുഞ്ഞുങ്ങളെ നദികളിലും തടാകങ്ങളിലും നിക്ഷേപിക്കുകയാണ് പതിവ്. ട്രൗട്ടുകളെ രൂചികരമായ മാംസത്തിനായി വ്യാവസായികാടിസ്ഥാനത്തിലും വളര്‍ത്തിവരുന്നുണ്ട്.

മൂന്നര കി. ഗ്രാം വരെ തൂക്കം വരുന്ന തവിട്ടു ട്രൗട്ട് (Salmo trutta) യൂറോപ്പിലേയും അമേരിക്കയിലേയും ജലാശയങ്ങളില്‍ വ്യാപകമായി കാണപ്പെടുന്നു. മറ്റു ട്രൗട്ട് ഇനങ്ങള്‍ക്കു ജീവിക്കാന്‍ കഴിയുന്നതിനെക്കാള്‍ ഉയര്‍ന്ന താപനിലയില്‍ തവിട്ടുട്രൗട്ടുകള്‍ക്കു ജീവിക്കാന്‍ കഴിയുന്നതിനാല്‍ ഇവയ്ക്ക് ആഗോളവ്യാപനമുണ്ടെന്ന് കരുതപ്പെടുന്നു.

വടക്കേ അമേരിക്കന്‍ പസിഫിക് തീരങ്ങളിലുടനീളം കണ്ടുവരുന്ന മഴവില്‍ ട്രൗട്ട് (Salmo gairdnerii) വര്‍ണ വൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമാണ്. മത്സ്യത്തിന്റെ മുതുകിന് നീലയും പാര്‍ശ്വങ്ങള്‍ക്ക് തിളക്കമുള്ള വെളുപ്പും നിറമായിരിക്കും. ശരീരത്തില്‍ അനുദൈര്‍ഘ്യമായി ഇളം ചുവപ്പുനിറത്തിലുള്ള നാട കാണപ്പെടുന്നു. മഴവില്‍ ട്രൗട്ടുകള്‍ രണ്ടു വര്‍ഷം പ്രായമാകുമ്പോള്‍ കടല്‍ ജലത്തിലേക്ക് പലായനം ചെയ്യുന്നു. കടല്‍ജലത്തില്‍വച്ച് ഇവയുടെ നിറം നഷ്ടമായി വെളുപ്പുനിറമുള്ള മത്സ്യമായിത്തീരുന്നു. തവിട്ടു ട്രൗട്ടുകളെപ്പോലെതന്നെ ഇവയ്ക്കും ജലത്തിന്റെ ഉയര്‍ന്ന താപനിലയെ അതിജീവിക്കാനാകും.

ഏറ്റവും ശോഭയുള്ള ട്രൗട്ട് ഇനം സ്വര്‍ണ ട്രൗട്ട് (Salmo aquabonita) ആണ്. ഇവയുടെ ശരീരത്തിന് സ്വര്‍ണനിറമായിരിക്കും. ശരീരത്തിന്റെ ഇളം ചുവപ്പുനിറത്തിലുള്ള വീതികൂടിയ അനുദൈര്‍ഘ്യനാടയും മത്സ്യത്തിന്റെ വയറിനടിഭാഗത്തായി കടും ചുവപ്പുനിറത്തിലുള്ള നാടയും കാണപ്പെടുന്നു. മുതുകിലും, മുതുകുചിറകുകളിലും, വാല്‍ച്ചിറകുകളിലും ചെറിയ കറുത്ത പൊട്ടുകളുണ്ടായിരിക്കും.

തടാക ട്രൗട്ട് മത്സ്യങ്ങള്‍ (Cristivomer namaycush) ജലസേചന സംഭരണികളിലും തടാകങ്ങളിലും കാണപ്പെടുന്നു. ജലാശയത്തിന്റെ ഉപരിതലത്തില്‍നിന്ന് 12 മീറ്ററിലധികം ആഴത്തിലായിട്ടാണ് ഇവ ജീവിക്കുന്നത്. നാലു കി. ഗ്രാം വരെ തൂക്കമുള്ള മത്സ്യങ്ങളാണിവ. ഒമ്പതു കി. ഗ്രാം വരെ തൂക്കമുള്ളവയും അപൂര്‍വമല്ല. ചാരനിറത്തിലുള്ള തടാക ട്രൗട്ടുകളുടെ ശരീരത്തില്‍ അനേകം ഇളം ചുവപ്പു പുള്ളികള്‍ കാണപ്പെടുന്നു. ഇവ മുട്ടയിടുന്നതിനായി അരുവികളിലേക്ക് പലായനം ചെയ്യാറുണ്ട്.

കിഴക്കന്‍ പ്രദേശങ്ങളിലെ മത്സ്യങ്ങളില്‍വച്ച് ഏറ്റവും കൂടുതല്‍ പ്രചാരം നേടിയിട്ടുള്ളത് അരുവി ട്രൗട്ട് (Salvelinus fontinalis) എന്നയിനം മത്സ്യമാണ്. വനനശീകരണവും മലിനീകരണവും ഇവയുടെ വന്‍തോതിലുള്ള നഷ്ടത്തിനു കാരണമായി. ഇവ തണുപ്പുള്ള ശുദ്ധജലത്തില്‍ മാത്രം വളരുന്നവയാണ്. മുതുകിന് പച്ചയും അടിവശത്തിന് തവിട്ടും നിറമായിരിക്കും. പാര്‍ശ്വഭാഗങ്ങളില്‍ നീല വലയത്തോടുകൂടിയ ചുവപ്പുപൊട്ടുകളും മുതുകുചിറകില്‍ കറുത്ത പൊട്ടുകളും കാണപ്പെടുന്നു. വയറിനടിഭാഗത്തിന് ഇളം ചുവപ്പുനിറമായിരിക്കും.

ട്രൗട്ടു മത്സ്യങ്ങളെ വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തിവരുന്നു. പോഷകമൂല്യവും രുചിയും കൂടുതലുള്ള മത്സ്യമെന്ന നിലയില്‍ ട്രൗട്ടുകള്‍ സാമ്പത്തിക പ്രാധാന്യവും നേടിയിട്ടുണ്ട്.

(ഡോ. എ. എന്‍. പി. ഉമ്മര്‍കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍