This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാന്‍സില്‍വേനിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രാന്‍സില്‍വേനിയ

Transylvania

ഹംഗേറിയന്‍ അതിര്‍ത്തിക്ക് സമീപമുള്ള റുമേനിയന്‍ ഭൂപ്രദേശം. കര്‍പ്പാത്തിയന്‍ പര്‍വതനിരകളുടെ ഭാഗമായ ട്രാന്‍സില്‍വേനിയന്‍ ആല്‍പ്സിനാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു ഉന്നത പര്‍വതപ്രദേശമാണിത്. ട്രാന്‍സില്‍വേനിയയെ, റുമേനിയയുടെ മറ്റു ഭാഗങ്ങളില്‍നിന്ന് വേര്‍തിരിക്കുന്ന ട്രാന്‍സില്‍വേനിയന്‍ ആല്‍പ്സ് ഈ ഭൂപ്രദേശത്തെ ഒരു കോട്ടമതില്‍പോലെ വലയം ചെയ്തിരിക്കുന്നു. തെ. റ്റിര്‍നാവ (Tirnava) പീഠഭൂമിയും വ. സോമെസ് (Somes) പീഠഭൂമിയും സ്ഥിതിചെയ്യുന്നു. മ്യൂറെസ് (Mures), ബിഷ്ട്രിറ്റ (Bistrita), ക്രിസ് (Cris), ഡാന്യൂബ് (Danube) എന്നിവയാണ് പ്രധാന നദികള്‍. വിസ്തൃതി: 100,000 ച.കി.മീ. റുമേനിയന്‍ വംശജരാണ് ജനസംഖ്യയില്‍ ഭൂരിഭാഗവും. 'മഗ്യാര്‍സ്' (Magyars) വിഭാഗമാണ് ഏറ്റവും വലിയ വംശീയ ന്യൂനപക്ഷം.

ബ്രസോവ്-ട്രാന്‍സില്‍വേനിയയിലെ പ്രധാന വ്യാവസായിക നഗരം

കൃഷിയാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗം. വിവിധയിനം ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവക്ക് പുറമേ പുകയിലയും ഇവിടെ കൃഷിചെയ്യുന്നുണ്ട്. ഉരുളക്കിഴങ്ങ്, നെല്ല്, ബീന്‍സ്, ചോളം എന്നിവയാണ് താഴ്വരപ്രദേശങ്ങളിലെ മുഖ്യവിളകള്‍. കന്നുകാലി വളര്‍ത്തലും പ്രധാനം തന്നെ. ട്രാന്‍സില്‍വേനിയയിലെ ഉന്നതസമതലപ്രദേശങ്ങളും പുല്‍മേടുകളും കന്നുകാലിവളര്‍ത്തലിനും പരിപാലനത്തിനും സഹായകമാണ്.

റുമേനിയയിലെ ഒരു പ്രധാന കാര്‍ഷികോത്പാദന മേഖലയായിരുന്ന ട്രാന്‍സില്‍വേനിയ, രണ്ടാം ലോകയുദ്ധത്തോടെ ഒരു വ്യാവസായിക വിപണന കേന്ദ്രമായി വികസിപ്പിച്ചു. വന്‍തോതിലുള്ള ധാതുനിക്ഷേപങ്ങളുടെ കണ്ടെത്തലും ചൂഷണവുമാണ് ട്രാന്‍സില്‍വേനിയയെ ദ്രുതഗതിയിലുള്ള വ്യാവസായികവിപ്ലവത്തിലേയ്ക്കു നയിച്ചത്. ഇരുമ്പ്, ലെഡ്, ലിഗ്നൈറ്റ്, മാംഗനീസ്, സള്‍ഫര്‍, സ്വര്‍ണം, ഉപ്പ് തുടങ്ങിയ ഖനിജങ്ങള്‍ക്കു പുറമേ പ്രകൃതിവാതകവും ഇവിടെനിന്ന് ഖനനം ചെയ്യുന്നു. നിരവധി ഇരുമ്പ്- ഉരുക്കു വ്യവസായശാലകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഭരണ സൗകര്യാര്‍ഥം ട്രാന്‍സില്‍വേനിയയെ ഏഴ് മേഖലകളായി വിഭജിച്ചിരിക്കുന്നു. (1) മറാമ്യൂറെസ് (Maramures), (2) ക്രിസാന (Crisana), (3) ബനറ്റ് (Banat), (4) ഹുനെഡോറ (Hunedora), (5) ക്ലൂജ് (Cluj), (6) ബ്രസോവ് (Brasov),(7) മ്യൂറൈസ്-മഗ്യാര്‍ (Mures-Magyar) സ്വയംഭരണ പ്രദേശം. ക്ലൂജ് നപോകയാണ് (Cluj-Napoca) പ്രധാന നഗരം.

ചരിത്രം. ആദ്യകാലത്ത് ഡാഷിയ (Dacia) എന്ന പേരിലറിയപ്പെട്ടിരുന്ന ട്രാന്‍സില്‍വേനിയ എ.ഡി. 106-ല്‍ റോമിന്റെ പ്രവിശ്യയായി മാറി. റോമന്‍ കാലഘട്ടത്തിനുശേഷം (271) നിരവധി നാടോടി വര്‍ഗങ്ങള്‍ ഇവിടെ ഭരണം നടത്തിയിട്ടുണ്ട്. 9-ാം ശ. -ത്തിന്റെ ഒടുവില്‍ ഹംഗറിക്കാരായ മാഗ്യാര്‍ വംശജര്‍ ട്രാന്‍സില്‍വേനിയയില്‍ എത്തുകയും തുടര്‍ന്ന് 1003-ല്‍ സ്റ്റീഫന്‍ ഒന്നാമന്‍ ട്രാന്‍സില്‍വേനിയയെ ഹംഗറിയുടെ ഭാഗമാക്കി മാറ്റുകയും ചെയ്തു. 15-ാം ശ. വരെ ഈ നില തുടര്‍ന്നു. 16-ാം ശ. -ത്തിലെ തുര്‍ക്കികളുടെ ഹംഗറി ആക്രമണത്തെത്തുടര്‍ന്ന് ട്രാന്‍സില്‍വേനിയ ഹംഗറിയുടെ ഭരണത്തില്‍നിന്നും വിട്ടുമാറി. തുര്‍ക്കിയിലെ ഓട്ടോമാന്‍ സാമ്രാജ്യത്തിനു കീഴിലെ ആഭ്യന്തര ഭരണസ്വാതന്ത്ര്യമുള്ള പ്രദേശമായി ഇത് കുറേക്കാലം നിലനിന്നു. 17-ാം ശ. ട്രാന്‍സില്‍വേനിയയില്‍ അഭിവൃദ്ധിയുടെ കാലമായിരുന്നു. 17-ാം ശ. -ത്തിന്റെ രണ്ടാം പകുതിയില്‍ കാര്‍ലോവിറ്റ്സ് സന്ധിയിലൂടെ (1699) ട്രാന്‍സില്‍വേനിയ ഹാപ്സ്ബര്‍ഗുകളുടെ ഭരണത്തിലായി. അടുത്ത നൂറ്റാണ്ടായപ്പോഴേക്കും ഹംഗറിയുമായി ചേരാനുള്ള താത്പര്യം ട്രാന്‍സില്‍വേനിയയിലെ ഒരു വിഭാഗം പ്രകടിപ്പിക്കുകയുണ്ടായി. തുടര്‍ന്ന് ആസ്ട്രിയ-ഹംഗറി സംയുക്തഭരണം നിലവില്‍ വന്നതോടെ (1867) ട്രാന്‍സില്‍വേനിയ ഹംഗറിയുടെ ഭാഗമായി മാറുകയും ചെയ്തു. 19-ാം ശ. -ത്തിന്റെ അന്ത്യത്തോടെ ട്രാന്‍സില്‍വേനിയയില്‍ റുമേനിയന്‍ ദേശീയതയുടെ മുന്നേറ്റം ശക്തമായി. ഒന്നാം ലോകയുദ്ധാനന്തരം ട്രിയനന്‍ ഉടമ്പടിയിലൂടെ (1920) ട്രാന്‍സില്‍ വേനിയ റുമേനിയയുടെ ഭാഗമായിത്തീര്‍ന്നു. ഹംഗറി ഈ തീരുമാനത്തിനെതിരായിരുന്നു. ഇരു ദേശീയതകളും (ഹംഗറി, റുമേനിയ) തമ്മില്‍ സ്പര്‍ധ നിലനില്‍ക്കാനും ഇത് കാരണമായി. രണ്ടാം ലോകയുദ്ധകാലത്ത് അച്ചുതുണ്ട് ശക്തികള്‍ 1940-ല്‍ ട്രാന്‍സില്‍വേനിയയുടെ മൂന്നില്‍ രണ്ടോളം ഭാഗം ഹംഗറിക്കു നല്‍കി. എങ്കിലും യുദ്ധാനന്തരം ഇത് റുമേനിയയ്ക്കു തിരിച്ചുകിട്ടി. 1947 ഫെ.-ല്‍ ട്രാന്‍സില്‍വേനിയ റുമേനിയയുടെ ഭാഗമായി രൂപാന്തരപ്പെട്ടു. 1980-കളുടെ അവസാനം ഇവിടെ ഹംഗേറിയന്‍ - റുമേനിയന്‍ വംശീയകലാപങ്ങളും ഉണ്ടായിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍