This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാജി കോമഡി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രാജി കോമഡി

Tragicomedy

ഒരു നാടകവിഭാഗം. ദുഃഖവും ആഹ്ലാദവും ഇടകലര്‍ത്തി അവതരിപ്പിക്കുന്ന നാടകങ്ങള്‍ എന്ന ആശയമാണ് പൊതുവേ 'ട്രാജികോമഡി' എന്ന പദം ആസ്വാദകന്റെ മനസ്സിലെത്തിക്കുന്നത്. എന്നാല്‍, പാശ്ചാത്യനാടകവേദിയില്‍ വ്യത്യസ്ത കാലങ്ങളില്‍ വ്യത്യസ്ത രീതിയില്‍ ഇത് നിര്‍വചിക്കപ്പെട്ടുവന്നു. റോമന്‍ നാടകകൃത്തായ പ്ലോട്ടസാണ് (ക്രി. മു. 254(?) - 184) ഈ പദപ്രയോഗത്തിന് രൂപം നല്‍കിയത്. ഇദ്ദേഹത്തിന്റെ ആംഫിട്രിയോണ്‍ എന്ന നാടകത്തിന്റെ ആമുഖത്തില്‍ 'ദുരന്തനാടകങ്ങളില്‍ സര്‍വസാധാരണമായി പ്രത്യക്ഷപ്പെടാറുള്ള രാജാക്കന്മാരും ശുഭാന്തനാടകങ്ങളിലെ സ്ഥിരം കഥാപാത്രങ്ങളായ അടിമകളും ഇടകലര്‍ന്നു പ്രത്യക്ഷപ്പെടുന്ന പുത്തന്‍ സാഹിത്യവിഭാഗം' എന്നു മെര്‍ക്കുറി ദേവന്‍ 'ട്രാജികോമഡി'യെ നിര്‍വചിക്കുന്നതായി കാണാം. അരിസ്റ്റോട്ടലാകട്ടെ മറ്റൊരു സമീപനമാണ് സ്വീകരിക്കുന്നത്. ഇതനുസരിച്ച് യുറിപ്പിഡിസിന്റെ സുഖപര്യവസായിയായ ദുരന്തനാടകങ്ങള്‍ മറ്റു ദുരന്തനാടകങ്ങളില്‍നിന്ന് വ്യത്യസ്തമാണെന്ന് അരിസ്റ്റോട്ടല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍, അവയെ നവോത്ഥാനകാലം വരെ 'ട്രാജികോമഡി' എന്ന പദംകൊണ്ട് വിവക്ഷിച്ചിരുന്നില്ല.

ഹെന്റിക് ഇബ്സന്റെ 'ഗോസ്റ്റ്സ്'നാടകത്തിലെ ഒരു രംഗം

നവോത്ഥാനകാല ഇറ്റലിയിലെ ഒരുകൂട്ടം നാടകകൃത്തുക്കള്‍ നിരൂപകന്മാരായി മാറി. അവര്‍ സ്വന്തം രചനാരീതിയെ നീതീകരിക്കാനായി യുറിപ്പിഡിസിന്റെ മേല്‍പ്രസ്താവിച്ച തരം നാടകങ്ങളെ 'ട്രാജികോമഡി' എന്നു വിളിച്ചുതുടങ്ങി. നവോത്ഥാനകാലത്താണ് ഇത്തരം നാടകങ്ങളെ ഒരു പ്രത്യേക വിഭാഗം എന്ന നിലയില്‍ അംഗീകരിച്ച് അവതരിപ്പിച്ചു തുടങ്ങിയത്. ഈ സമയത്ത് ഹാസ്യരസ പ്രധാനമായ നാടകങ്ങളില്‍ ദുരന്തനാടകങ്ങളുടെ ഘടകങ്ങളും ചേര്‍ത്ത് അവതരിപ്പിക്കുന്ന രീതി അവലംബിക്കപ്പെട്ടു. ഇറ്റാലിയന്‍ സാഹിത്യകാരനായ ബത്തീസ്താ ഗ്വാരീനിയുടെ (1538-1612,Battista Guarini) നിര്‍വചനപ്രകാരം, ഗൗരവമാര്‍ന്ന സംഭാഷണ ശകലങ്ങള്‍, പൊതുപരിപാടികളുടെ ചിത്രീകരണം, കാണികളില്‍ കഥാപാത്രങ്ങളോട് അനുകമ്പ ഉണര്‍ത്തുന്നതരം അനുഭവങ്ങളുടെ അവതരണം തുടങ്ങിയ ദുരന്തനാടക ഘടകങ്ങള്‍ ട്രാജികോമഡിയില്‍ അടങ്ങിയിരിക്കണം. അതോടൊപ്പം കോമഡികള്‍ക്കനുഗുണമായ അധഃസ്ഥിത കഥാപാത്രങ്ങള്‍, ചിരിയുണര്‍ത്തുന്ന രംഗങ്ങള്‍ തുടങ്ങിയവയും ഉണ്ടായിരിക്കണമെന്ന് ഗ്വാരീനി കൂട്ടിച്ചേര്‍ക്കുന്നു. വളരെ സൂക്ഷ്മതയോടെ വേണം രണ്ടിനം നാടകങ്ങളും ഇവിടെ കൂട്ടിവിളക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം ട്രാജികോമഡികളില്‍ അപകടങ്ങള്‍, ഭാഗ്യവിപര്യയങ്ങള്‍ എന്നിവയെ അതിജീവിച്ച് കഥാപാത്രങ്ങള്‍ സന്തോഷകരമായ അവസ്ഥയില്‍ എത്തുന്നതായി കാണാം.

ഷെയ്ക്സ്പിയറുടെ 'ദ് മര്‍ച്ചന്റ് ഒഫ് വെനീസ്'നാടകത്തിലെ ഒരു രംഗം

ഇംഗ്ലീഷ് നാടകകൃത്തായ ജോണ്‍ ഫ്ളെച്ചറുടെ (1579-1629) ദ് ഫെയിഥ്ഫുള്‍ ഷെപ്പേഡസ് (1610?) എന്ന നാടകം ട്രാജികോമഡിയുടെ മകുടോദാഹരണമായി പരിഗണിക്കപ്പെട്ടുവരുന്നു. (ഗ്വാരീനീയുടെ ഇല്‍ പാസ്തര്‍ ഫിദൊയുടെ (1590) പുനരാവിഷ്കരണമാണ് ഫ്ളെച്ചറുടെ ഈ നാടകം.) ജീവതത്തെയും മനുഷ്യപ്രകൃതിയെയും ഒരു കണ്ണാടിയിലെന്നോണം പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ളവയാണ് പൊതുവേ ഷെയ്ക്സ്പിയര്‍ നാടകങ്ങളെന്നും അതിനാല്‍ ട്രാജികോമഡികള്‍ ഫലപ്രദമായി അരങ്ങത്തെത്തിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നും ജോര്‍ജ് ബുക്ക്നെര്‍, വിക്റ്റര്‍ യൂഗോ തുടങ്ങിയ കാല്പനിക സാഹിത്യകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഷെയ്ക്സ്പിയറുടെ ദ് മര്‍ച്ചന്റ് ഒഫ് വെനീസ് ലക്ഷണമൊത്ത ട്രാജികോമഡിയായി വിശേഷിപ്പിക്കപ്പെടുന്നു.

19-ാം ശ. -ത്തിലെ യാഥാതഥ്യ പ്രസ്ഥാനത്തിന്റെ വരവോടെ ട്രാജികോമഡികളില്‍ തമാശകള്‍ നിറഞ്ഞ 'ഇന്റര്‍ലൂഡുകള്‍' (Interludes) ഇണക്കിച്ചേര്‍ക്കപ്പെട്ടു. ഇത്തരം ഘടകങ്ങള്‍ ദുരന്തനാടകങ്ങളെ കൂടുതല്‍ തീവ്രമാക്കാന്‍ ഉപകരിച്ചു. ഹെന്റിക് ഇബ്സന്റെ (1828-1906) ഗോസ്റ്റ്സ് (1881), ദ് വൈല്‍ഡ് ഡക് (1884) എന്നീ നാടകങ്ങളില്‍ ഈ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.

അസംബന്ധ നാടകങ്ങളെ ആധുനിക ട്രാജികോമഡികളെന്ന് വിലയിരുത്താറുണ്ട്. ദുഃഖപൂര്‍ണമായ ശൂന്യതാബോധം, നിലനില്പിന്റെ അര്‍ഥശൂന്യത എന്നിവ അഭിമുഖീകരിക്കേണ്ടിവരുന്ന ഒരേ ഒരു പ്രതികരണം എന്ന നിലയിലാണ് ചിരിയെ അസംബന്ധനാടകകൃത്തുക്കള്‍ കാണുന്നത്. ഈ വീക്ഷണകോണില്‍ നിന്നു നോക്കുമ്പോള്‍ ട്രാജി കോമഡി, അസംബന്ധനാടകം എന്നിവയെ സമാനമായി കാണുന്നതില്‍ തെറ്റില്ലെന്നു പറയാം. സാമുവല്‍ ബെക്കറ്റിന്റെ (1906-89) എന്‍ഡ് ഗെയ്മ് (1958), ഹാറോള്‍ഡ് പിന്റെറുടെ (1930- ) ദ് ഡം വെയിറ്റര്‍ (1960) എന്നിവയും മറ്റും ആധുനിക 'ട്രാജികോമഡി'കളായി പരിഗണിക്കപ്പെട്ടുവരുന്നു

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍