This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാജന്‍ സ്തൂപം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രാജന്‍ സ്തൂപം

Trajan's Column

റോമന്‍ ചക്രവര്‍ത്തിയായ ട്രാജന്റെ മഹനീയ കൃത്യങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു സ്മാരക സ്തൂപം. ട്രാജന്‍ ഫോറത്തില്‍ സ്ഥാപിതമായ ഇതിന്റെ ഒരറയില്‍ ട്രാജന്റെ ചിതാഭസ്മവും സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്നു. സമചതുരത്തിലുള്ളതാണ് ഇതിന്റെ അടിത്തറ. അതിനു മുകളില്‍ ഉയരം കൂടും തോറും വ്യാസംകുറഞ്ഞു കുറഞ്ഞു വരുന്ന തരത്തിലാണ് സ്തൂപത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. ഏറ്റവും മുകളില്‍ ഒരു പീഠത്തിലുറപ്പിച്ച ഗരുഡന്റെ (eagle)രൂപമുണ്ടായിരുന്നു. ട്രാജന്റെ മരണശേഷം ഗരുഡനു പകരം അദ്ദേഹത്തിന്റെ പ്രതിമയും, പില്ക്കാലത്ത് തല്‍സ്ഥാനത്ത് സെന്റ്പീറ്ററുടെ പ്രതിമയും പീഠത്തില്‍ മാറ്റി സ്ഥാപിച്ചു.
ട്രാജന്‍ സ്തൂപം

സ്തൂപത്തിന്റെ പുറം ഭിത്തിയില്‍ അതിനെ വലയം ചെയ്ത് മുകളിലേക്കു പോകുന്ന തരത്തില്‍ ദൃശ്യങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. പൊങ്ങി നില്‍ക്കുന്ന റിലീഫ് മാതൃകയിലുള്ള ഇതിലെ കൊത്തുപണികളിലൂടെ ട്രാജന്‍ നടത്തിയ രണ്ട് ഡാഷിയന്‍ യുദ്ധവിവരണങ്ങള്‍, അദ്ദേഹത്തിന്റെ ഭരണകാലത്തെ നേട്ടങ്ങള്‍, അന്നത്തെ സാമൂഹിക പ്രാധാന്യമുള്ള സംഭവങ്ങള്‍ മുതലായവയെക്കുറിച്ചുള്ള വിവരങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. യുദ്ധവിശേഷങ്ങള്‍ സൂചിപ്പിക്കുന്ന സംഭവ പരമ്പരകളും ഭിത്തിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഡാഷിയന്‍ യുദ്ധകാലത്ത് യുദ്ധോപകരണങ്ങള്‍, ആഹാരപദാര്‍ഥങ്ങള്‍ എന്നിവ കൊണ്ടുപോകാനായി പടയാളികള്‍ക്കു വേണ്ടി ട്രാജന്‍ നിര്‍മിച്ച ട്രാജന്‍ പാലത്തെക്കുറിച്ചുള്ള ചരിത്ര സൂചനയും ഈ സ്തൂപത്തില്‍ ചേര്‍ത്തിട്ടുണ്ട്. കല്‍ത്തൂണുകള്‍ ഉറപ്പിച്ച് അവയ്ക്കു മുകളിലൂടെ സ്പാനുകള്‍ ഘടിപ്പിച്ച് നിര്‍മിച്ച പ്രസ്തുത പാലത്തിന് ഏകദേശം ഒരു കി. മീ. നീളം ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. അക്കാലത്ത് സ്പാനുകള്‍ പ്രയോജനപ്പെടുത്തി പണിത ആദ്യത്തെ പാലവും ഇതു തന്നെയായിരുന്നു എന്നു കരുതേണ്ടിയിരിക്കുന്നു. പില്ക്കാലത്ത് ഈ പാലത്തെ ശത്രു സംഘങ്ങള്‍ തകര്‍ത്തു കളഞ്ഞെങ്കിലും അതിലെ ഒന്നു രണ്ടു കല്‍ത്തൂണുകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.

ഡാഷിയന്‍ യുദ്ധങ്ങളെ സൂചിപ്പിക്കുന്ന കൊത്തുപണികള്‍

ട്രാജന്റെ സൈന്യത്തിലെ ചികിത്സാ രീതിയെ സൂചിപ്പിക്കുന്ന കൊത്തുപണികളാണ് സ്തൂപത്തിലെ മറ്റൊരു പ്രധാന വിഷയം. യവനകാല പ്രാഭവത്തിനു മുമ്പ് റോമന്‍ സൈന്യത്തില്‍ ചികിത്സാവിഭാഗം എന്നൊന്നില്ലായിരുന്നു. സേനാധിപന്‍മാര്‍ക്ക് സ്വന്തം രീതിയില്‍ സ്വകാര്യ ഭിഷഗ്വരന്മാരുണ്ടായിരുന്നെങ്കിലും അവര്‍ സാധാരണ പോരാളികളെ ചികിത്സിച്ചിരുന്നില്ല. പരിക്കേറ്റ പടയാളികളുടെ പ്രഥമശുശ്രൂഷയും മറ്റും നടത്തിയിരുന്നത് സഹപ്രവര്‍ത്തകര്‍ തന്നെയായിരുന്നു. ഇതിനായി അവര്‍ക്ക് പ്രത്യേകം ചികിത്സാഭ്യാസം നല്‍കിയിരുന്നില്ല. മറിച്ച്, ശുശ്രൂഷാ രീതികള്‍ അറിയാവുന്ന പടയാളികളെ ഉള്‍പ്പെടുത്തി ചികിത്സാ സംഘങ്ങള്‍ രൂപീകരിച്ചിരുന്നു. മാരകമായി മുറിവേറ്റവരേയും രോഗികളേയും ഇവര്‍ ആശുപത്രികളില്‍ എത്തിച്ചിരുന്നു. മറ്റു പടയാളികള്‍ക്കൊപ്പം, അവരുടെ രീതിയില്‍ വസ്ത്രധാരണം ചെയ്ത്, പരിക്കേറ്റവരേയും മറ്റും ശുശ്രൂഷിക്കുന്ന ചികിത്സകരുടെ ചിത്രങ്ങള്‍ സ്തൂപത്തിലെ റിലീഫ് കൊത്തുപണികള്‍ വ്യക്തമാക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍