This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രാജന്‍(സു.എ.ഡി.53-117)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രാജന്‍(സു.എ.ഡി.53-117)

Trajan

റോമന്‍ ചക്രവര്‍ത്തി. പൂര്‍ണ നാമധേയം മാര്‍കസ് ഉള്‍പിയസ് ട്രാജനസ്. സ്പെയിനിലെ ഇറ്റാലിക്ക(ഇപ്പോള്‍ സെവിലിക്കു സമീപമുള്ള സാന്റിപോണ്‍സ്)യില്‍ എ.ഡി. 53 സെപ്. 18-ന് ജനിച്ചു. പിതാവ് പ്രമുഖ റോമന്‍ സൈനികോദ്യോഗസ്ഥനായിരുന്നു. ട്രാജന്‍ എ.ഡി. 91-ല്‍ കോണ്‍സല്‍ എന്ന ഉദ്യോഗസ്ഥനായി നിയമിക്കപ്പെട്ടു.
ട്രാജന്‍

റോമന്‍ ചക്രവര്‍ത്തിയായിരുന്ന നെര്‍വ ഇദ്ദേഹത്തെ പിന്‍ഗാമിയായി അംഗീകരിച്ചു (97). നെര്‍വയുടെ മരണാനന്തരം 98-ല്‍ ട്രാജന്‍ റോമന്‍ ചക്രവര്‍ത്തിയായി. ഇദ്ദേഹം രണ്ടുതവണ (101-102 ലും 105-107-ലും) ആക്രമണം നടത്തി ഡാഷിയയെ റോമിന്റെ പ്രവിശ്യയാക്കി മാറ്റി. റോമിലെ ട്രാജന്‍ ഫോറത്തിലുള്ള ട്രാജന്റെ സ്തൂപം ഇദ്ദേഹത്തിന്റെ ഡാഷിയയിലെ ആക്രമണം ചിത്രീകരിക്കുന്നുണ്ട്. ഇത് 106-നും 113-നും ഇടയ്ക്കു സ്ഥാപിച്ചതാണെന്നു കരുതപ്പെടുന്നു. റോമിന്റെ പരമ്പരാഗത ശത്രുക്കളായിരുന്ന പാര്‍ഥിയക്കാരെ അമര്‍ച്ച ചെയ്യാനുള്ള യുദ്ധം ഇദ്ദേഹം 113-ല്‍ തുടങ്ങിവച്ചു. ട്രാജന്റെ കാലത്താണ് റോമന്‍ സാമ്രാജ്യം ഏറ്റവുമധികം വിസ്തൃതമായത്. അര്‍മീനിയ, അസീറിയ, മെസപ്പൊട്ടേമിയ തുടങ്ങിയ പ്രദേശങ്ങള്‍ ഇദ്ദേഹം ആക്രമിച്ചു കീഴടക്കിയിരുന്നു. കഴിവുറ്റ ഭരണാധിപനെന്ന ഖ്യാതി ഇദ്ദേഹം നേടി. പ്രജകളുടെ ക്ഷേമം ലക്ഷ്യമിട്ട ഭരണമായിരുന്നു ഇദ്ദേഹത്തിന്റേത്. ഇദ്ദേഹം റോമന്‍ സെനറ്റുമായി നല്ല ബന്ധം പുലര്‍ത്തി. ജലവിതരണം, റോഡ്, ലൈബ്രറി എന്നീ കാര്യങ്ങളില്‍ ഇദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നു. തന്റെ പ്രവിശ്യാ ഗവര്‍ണറായ ഇളയ പ്ലിനി (Pliny the Younger)യുമായി ഇദ്ദേഹം നടത്തിയ കത്തിടപാടുകള്‍ അക്കാലത്തെ ഭരണരീതി വ്യക്തമാക്കുന്നുണ്ട്. പാര്‍ഥിയക്കാരുമായി യുദ്ധം ചെയ്തകാലത്ത് അനാരോഗ്യംമൂലം റോമിലേക്കു മടങ്ങവേ സൈലീഷ്യയിലെ സെലിനസില്‍ (ഇപ്പോഴത്തെ സെലിന്‍ഡി) 117 ആഗ. 8-ന് ഇദ്ദേഹം മരണമടഞ്ഞു. റോമിലെ ട്രാജന്‍ സ്തൂപത്തോടൊപ്പം ട്രാജന്റെ ശവകുടീരവും സ്ഥിതിചെയ്യുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍