This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രയാസിക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രയാസിക്

Triassic

മീസോസോയിക് മഹാകല്പത്തിലെ പ്രഥമ കല്പം. 225 ദശലക്ഷം വര്‍ഷങ്ങള്‍ക്ക്മുമ്പ് ആരംഭിച്ച ട്രയാസിക് കല്പം 30 ദശലക്ഷം വര്‍ഷം നീണ്ടുനിന്നു. ജര്‍മന്‍ ശാസ്ത്രജ്ഞനായ എഫ്. വോണ്‍ ആല്‍ബര്‍ട്ടിയാണ് 1834-ല്‍ ട്രയാസിക്കിനെ സ്ഥിരീകരിച്ചത്. ജര്‍മനിയില്‍ കണ്ടെത്തിയ മൂന്നു ഭാഗങ്ങള്‍ ഉള്ള പ്രത്യേക ശിലാസമൂഹത്തിന്റെ നിര്‍വചനാര്‍ഥമാണ് ആല്‍ബര്‍ട്ടി ട്രയാസിക് എന്ന പദം ആദ്യമായി ഉപയോഗിച്ചത്. അധോ ഉപരിഭാഗങ്ങള്‍ യഥാക്രമം ബുന്‍സ്റ്റാന്‍സ്റ്റീന്‍ (Bunstanstein), കുഫെര്‍ (Keuper) ശ്രേണികള്‍ എന്നിങ്ങനെയും, മധ്യഭാഗം മുഷെല്‍കാള്‍ക്ക് (MKuschelkalk) ശ്രേണി എന്നും വേര്‍തിരിക്കപ്പെട്ടു. അധോ ട്രയാസികിന് ഒന്നും, മധ്യ ഉപരിഭാഗങ്ങള്‍ക്ക് യഥാക്രമം രണ്ടും, മൂന്നും ഘട്ടങ്ങള്‍ അഥവാ ഉപവിഭാഗങ്ങളുണ്ട്. മിക്ക ഘട്ടങ്ങളുടേയും നിദര്‍ശന പരിച്ഛേദങ്ങള്‍ ആല്‍പ്സിലാണ് ഉപസ്ഥിതമായിട്ടുള്ളത്. വന്‍കരകളില്‍നിന്നുള്ള അവസാദനത്തിന്റെ ഫലമായി രൂപപ്പെട്ട ചുവപ്പുനിറമുള്ള മണല്‍ക്കല്‍ നിര്‍മിത അധോപാളിക്കുമേല്‍ കാണപ്പെടുന്ന മധ്യപാളി സമുദ്രജന്യനിക്ഷേപങ്ങള്‍ കൊണ്ടാണ് രൂപപ്പെട്ടിട്ടുള്ളത്. എന്നാല്‍ മധ്യപാളിക്കുമേല്‍ കാണപ്പെടുന്ന ഉപരിപാളി സമുദ്രജന്യമല്ല.

അവസാദനത്തിന്റെ ഒരു പുതിയ അധ്യായത്തോടെയാണ് ലോകത്തിന്റെ പല ഭാഗത്തും ട്രയാസിക് കല്പം ആരംഭിച്ചത്. പാലിയോസോയിക്കിലെ ബൃഹത്വന്‍കര, പാന്‍ജിയക്ക് ട്രയാസിക്കിന്റെ പ്രാരംഭത്തോടെ ശിഥിലീകരണം ആരംഭിച്ചു. പ്രോട്ടോ- അറ്റ്ലാന്റിക്, പ്രോട്ടോ ഇന്ത്യന്‍ സമുദ്രങ്ങളുടെ ബഹിര്‍ഗമനങ്ങളാണ് പാന്‍ജിയയുടെ ശിഥിലീകരണത്തിന് വഴിതെളിച്ചത്. അന്ത്യ ട്രയാസിക്കില്‍ ഗോണ്ട്വാനയില്‍ നിന്നുള്ള വടക്കേ അമേരിക്കയുടെ വിച്ഛേദത്തോടെയാണ് പാന്‍ജിയയുടെ ശിഥിലീകരണം ആരംഭിച്ചതെന്നാണു പുരാ-കാന്തതാ തെളിവുകള്‍ സൂചിപ്പിക്കുന്നത്.

പൂര്‍വ ട്രയാസിക്കിലെ പരിമിതമായ സമുദ്ര റിക്കോര്‍ഡുകള്‍ പാലിയോസോയിക്കിന്റെ അവസാനത്തോടെ ആരംഭിച്ച കടലിന്റെ പിന്‍വാങ്ങല്‍ ട്രയാസിക്കിലും തുടര്‍ന്നിരുന്നതായി സൂചന നല്‍കുന്നു. കടല്‍ജലത്തിലെ ലവണാംശത്തിന്റെ ക്രമാതീതമായ വര്‍ധനവായിരുന്നു മറ്റൊരു പ്രതിബന്ധം. ലവണാംശ വര്‍ധനവില്‍ നിരവധി ജീവിവര്‍ഗങ്ങള്‍ക്ക് വംശനാശം സംഭവിച്ചു. മധ്യ ട്രയാസിക്കില്‍ ആദ്യത്തെ കടല്‍കയറ്റം ഉണ്ടായി. ഇതിനെ തുടര്‍ന്ന് കാലാവസ്ഥ സമതുലിതാവസ്ഥയില്‍ എത്തുകയും കാര്‍ബണിക ശിലകളുടെ രൂപീകരണം സംജാതമാകുകയും ചെയ്തു. ട്രയാസിക്കിന്റെ അന്ത്യത്തില്‍ ലോകം വീണ്ടുമൊരു കടല്‍ പിന്‍മാറ്റത്തിന് സാക്ഷ്യം വഹിച്ചു. സള്‍ഫര്‍ മയമുള്ള, കറുത്ത ഷേയില്‍ ചെമ്മണ്‍ അടരുകള്‍, ബാഷ്പീകൃത നിക്ഷേപങ്ങള്‍ എന്നിവ ഈ കടല്‍ പിന്‍മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നു. തത്ഫലമായി നിരവധി ജന്തു വര്‍ഗങ്ങള്‍ക്ക് വലുപ്പവ്യത്യാസവും വംശനാശവും സംഭവിച്ചു.

പാലിയോസോയിക്കിലെ ചുരുക്കം ചില ജീവിവര്‍ഗങ്ങള്‍ക്കു മാത്രമേ ട്രയാസിക്കിലെ ലവണത്വ പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിഞ്ഞുള്ളു. സിറാറ്റിറ്റെസ്, പ്രൊഡക്റ്റിഡ്സ്, കൊളെറ്റിഡ്സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മധ്യട്രയാസിക്കിലെ കടല്‍കയറ്റം സൃഷ്ടിച്ച ആവാസവ്യവസ്ഥാവ്യതിയാനം ജീവിവര്‍ഗങ്ങളുടെ പുനഃസംഘാടനത്തിന് വഴി തെളിച്ചു. സമുദ്രജീവിവര്‍ഗങ്ങളില്‍ അമണോയിഡുകള്‍, ബെലെമിനെറ്റ്സ്, ഗാസ്ട്രോപോഡുകള്‍, പെല്‍സിപോഡുകള്‍ തുടങ്ങിയവ പ്രാമുഖ്യം നേടി. നിരവധി സമുദ്ര സസ്യങ്ങള്‍ക്കു പുറമേ അസ്ഥി മത്സ്യങ്ങള്‍, ഹെക്സാകോറലുകള്‍ തുടങ്ങിയവയും പരിണമിച്ചു.

ട്രയാസിക്കില്‍ അമണോയിഡുകള്‍ ദ്രുതഗതിയിലുള്ള വിവിധത്വത്തിന് വിധേയമായി ജുറാസിക്, ക്രിട്ടേഷ്യസ് കല്പങ്ങളിലേക്ക് വ്യാപിച്ചുകൊണ്ട് മീസോസോയിക്കിലെ പ്രധാന സൂചക ഫോസിലുകളായി പരിണമിച്ചു. അന്ത്യ ട്രയാസിക്കില്‍ ഭൂമധ്യരേഖയോടടുത്ത് ഇടുങ്ങിയ മേഖലയില്‍ മാത്രം കാണപ്പെട്ടിരുന്ന ഹെക്സാകോറലുകള്‍ ജുറാസിക്, ക്രിട്ടേഷ്യസ് കല്‍പങ്ങളിലേക്കും വ്യാപിച്ചു. പാലിയോസോയിക്കിലേതില്‍ നിന്നും വ്യത്യസ്തമായ ബ്രയോസോവന്‍ കുടുംബങ്ങള്‍ ട്രയാസിക്കില്‍ രൂപപ്പെട്ടു. ടെറിബ്രാറ്റുലിഡുകള്‍ ആയിരുന്നു മറ്റൊരു ജീവിവര്‍ഗം. ക്രസ്റ്റേഷ്യനുകളായിരുന്നു മീസോസോയിക്കിലെ മുഖ്യ ആര്‍ത്രോപോഡുകള്‍. എക്കിനോഡേമുകളില്‍ ക്രൈനോയിഡുകള്‍ക്കായിരുന്നു പ്രാമുഖ്യം. ബഹുകോശ ജീവിവര്‍ഗങ്ങളായ ഡയാറ്റം, കൊകോലിഥ് എന്നിവയും മീസോസോയിക്കില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടു.

കരയുടെ വികാസവും, കാലാവസ്ഥാവ്യതിയാനവും വന്‍കരകളില്‍ ജീവജാലങ്ങളുടെ വ്യാപനത്തിന് വഴിയൊരുക്കി. ഉരഗങ്ങള്‍ വന്‍കരകള്‍ കൈയടക്കി. തത്ഫലമായി മീസോസോയിക്കിനെ ഉരഗങ്ങളുടെ മഹാകല്പം എന്ന് വിശേഷപ്പിക്കാറുണ്ട്. പെര്‍മിയനിലെ കോട്ടിലെസറസില്‍ നിന്നും പരിണമിച്ച ദിറാപ്സിഡുകളായിരുന്നു പൂര്‍വ ട്രയാസിക്കിലെ പ്രധാന ഉരഗങ്ങള്‍. ട്രയാസിക്കിന്റെ അവസാനത്തോടെ ഇവയ്ക്ക് വംശനാശം സംഭവിച്ചു. അന്ത്യ ട്രയാസിക്കിലെ ദികോഡോഡുകളില്‍ നിന്ന് പരിണമിച്ച ദിനോസറുകള്‍ ജുറാസിക്, ക്രിട്ടേഷ്യസ് കല്‍പങ്ങളില്‍ നാനാതരങ്ങളിലുള്ള പരിണാമ പ്രക്രിയയ്ക്ക് വിധേയമായി. സസ്തനികള്‍ ട്രയാസിക്കില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും മീസോസോയിക്കിലുടനീളം അപ്രധാന ജീവിവര്‍ഗങ്ങളായി അവശേഷിച്ചു.

നഗ്നബീജസസ്യങ്ങള്‍ക്കായിരുന്നു ട്രയാസിക് ഉള്‍പ്പെടെ മീസോസോയിക്കില്‍ മുഖ്യ സ്ഥാനം. സൈക്കാഡ്, കോണിഫെരുകളുടെ പൂര്‍വ വര്‍ഗങ്ങള്‍ എന്നിവ ട്രയാസിക് പര്‍വതപ്രദേശങ്ങളില്‍ സമൃദ്ധമായി വളര്‍ന്നു. അരിസോണയിലെ വനാന്തരങ്ങളില്‍ നിന്ന് പരിണാമത്തിന്റെ പൂര്‍വാവസ്ഥയെ സൂചിപ്പിക്കുന്ന സസ്യഫോസിലുകള്‍ ലഭിച്ചിട്ടുണ്ട്. ഫേണുകളും കോരപ്പുല്ലുകളും ഈര്‍പ്പമുള്ള താഴ്വാരങ്ങളില്‍ തഴച്ചു വളര്‍ന്നിരുന്നതായി തെളിവുകളുണ്ട്.

ഇന്ത്യയില്‍ ടെഥിയന്‍ ഹിമാലയ ഭാഗങ്ങളിലാണ് ട്രയാസിക് ശിലാ സമൂഹങ്ങള്‍ അനാച്ഛാദനം ചെയ്യപ്പെട്ടിട്ടുള്ളത്. ടെഥിയന്‍ ഹിമാലയമേഖലകളില്‍ ഉള്‍പ്പെട്ട കാശ്മീര്‍-ചമ്പ, കിഷ്വാള്‍, സാന്‍സ്കര്‍- സ്പിറ്റി മേഖലകളിലാണ് പ്രധാനമായും ട്രയാസിക് ശിലാസമൂഹങ്ങള്‍ ഉപസ്ഥിതമായിട്ടുള്ളത്. കാശ്മീര്‍-ചമ്പ മേഖലയിലെ കനം കൂടിയ ചുണ്ണാമ്പുകല്ലില്‍നിന്ന് ട്രയാസിക് ഫോസിലുകള്‍ ലഭ്യമാണ്. അധോട്രയാസിക്കിലെ അമണോയിഡുകള്‍ പ്രധാനമാണ്. മധ്യട്രയാസിക് ശിലാസഞ്ചയങ്ങളും ഇവിടെ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. ഫോസില്‍ രഹിത ചുണ്ണാമ്പുകല്ല്, ഡോളോമൈറ്റ്, ഷേയില്‍ എന്നിവ ഇവിടത്തെ ഉപരിട്രയാസിക്കിനെ പ്രതിനിധാനം ചെയ്യുന്നു. കാര്‍ബണേറ്റ് ശിലാശ്രേണിയാണ് കിഷ്വാര്‍, ചമ്പ-ട്രയാസിക്ക് മേഖലകളുടെ സവിശേഷത. സ്പിറ്റി താഴ്വരയിലെ ട്രയാസിക് ശിലാക്രമം 'ലിലാംഗ്ഗ്രൂപ്പ്' എന്നറിയപ്പെടുന്നു. കറുത്ത ചുണ്ണാമ്പുകല്ലും, ഷേയില്‍മയ ചുണ്ണാമ്പുകല്ലും ഇവിടത്തെ പ്രത്യേകതയാണ്. അധോ, മധ്യ, ഉപരി ട്രയാസിക് ശിലാശ്രേണികള്‍ ഇവിടെ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്.

ലെസര്‍ ഹിമാലയന്‍ മേഖലയില്‍ ഉള്‍പ്പെട്ട ക്രോള്‍ വലയത്തിലും ട്രയാസിക് ശിലാസമൂഹത്തിന്റെ ഉപസ്ഥിതി നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. ട്രയാസിക്കിലും ഭാഗികമായി ജുറാസിക്കിലും നിക്ഷേപിക്കപ്പെട്ട സമുദ്രജന്യ ഡോളോമൈറ്റ്, ചുണ്ണാമ്പുകല്ല്, ഷേയില്‍ എന്നിവ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. സിക്കിം-തിബത്തന്‍ അതിര്‍ത്തിയിലെ ട്രയാസ് മുഖ്യമായും ഷേയില്‍ മയമാകുന്നു. ഇവിടെ അധോപാളിയായ ക്വാര്‍ട്ട്സൈറ്റിനു മുകളില്‍ ചുണ്ണാമ്പുകല്ല് നിക്ഷേപമാണുള്ളത്. ആല്‍പ്സിന്റേതിനു സമാനമായ അമണോയിഡ് ഫോസിലുകളുടെ ആധിക്യമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍