This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രയല്‍ ബാലന്‍സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രയല്‍ ബാലന്‍സ്

Trial Balance

ഓരോ സാമ്പത്തിക ഇടപാടിന്റേയും ഡെബിറ്റും (debit) ക്രെഡിറ്റും (credit) ഇനങ്ങള്‍ വെവ്വേറെ കോളങ്ങളില്‍ രേഖപ്പെടുത്തി തയ്യാറാക്കുന്ന സംതുലനപ്പട്ടിക. ഡബിള്‍ എന്‍ട്രി സമ്പ്രദായമനുസരിച്ച് കണക്കുകള്‍ എഴുതി സൂക്ഷിക്കുന്നതിനാണ് ട്രയല്‍ ബാലന്‍സ് എന്ന രീതി ഉപയോഗിക്കുന്നത്. ഏതു തീയതിവച്ചും ട്രയല്‍ ബാലന്‍സ് തയ്യാറാക്കാവുന്നതാണ്. സ്ഥാപനത്തിന്റെ ആവശ്യകത മുന്‍നിറുത്തി മാസാവസാനം, ത്രൈമാസാവസാനം, അര്‍ധവര്‍ഷാവസാനം, വര്‍ഷാവസാനം എന്നീ ഘട്ടങ്ങളിലാണ് സാധാരണയായി ഇതു തയ്യാറാക്കാറുള്ളത്.

ഡെബിറ്റ്, ക്രെഡിറ്റ് ഇനങ്ങളെ സംബന്ധിക്കുന്ന പ്രാരംഭക്കുറിപ്പുകള്‍ നാള്‍വഴിയിലും (ജേര്‍ണല്‍) പിന്നീടുള്ള കുറിപ്പുകള്‍ പേരേടിലും (ലഡ്ജര്‍) രേഖപ്പെടുത്തുന്നു. പേരേടിലുള്ള എല്ലാ അക്കൗണ്ടുകളും ഒന്നൊന്നായി സംതുലനം ചെയ്ത് (ബാലന്‍സിംഗ്) നീക്കിബാക്കി (ബാലന്‍സ്) തിട്ടപ്പെടുത്തുകയാണ് പിന്നീടു ചെയ്യുന്നത്. ഓരോ അക്കൗണ്ടിലുമുള്ള ഡെബിറ്റിന്റെയും ക്രെഡിറ്റിന്റെയും ആകെത്തുകയെ ബന്ധപ്പെടുത്തിയാണ് നീക്കിബാക്കി കണക്കാക്കുന്നത്. ഈ വിധം നീക്കിബാക്കി കണക്കാക്കുമ്പോള്‍ ചില അക്കൌണ്ടുകളില്‍ ഡെബിറ്റ് ബാലന്‍സും മറ്റു ചില അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ബാലന്‍സുമാണ് ഉണ്ടാവുക. ഡെബിറ്റും ക്രെഡിറ്റും തുകയുടെ തുല്യതകൊണ്ട് ചില അക്കൗണ്ടുകളില്‍ നീക്കിബാക്കി ഉണ്ടാകില്ല എന്നും വരാം. ഓരോ അക്കൗണ്ടിലുമുള്ള നീക്കിബാക്കി രേഖപ്പെടുത്തി തയ്യാറാക്കുന്ന പട്ടികയാണ് ട്രയല്‍ ബാലന്‍സ് അഥവാ ശിഷ്ട സൂചിക.

ഓരോ അക്കൗണ്ടിലേയും ഡെബിറ്റും ക്രെഡിറ്റും ബാലന്‍സുകള്‍ വെവ്വേറെ കോളങ്ങളില്‍ എഴുതിയാണ് ട്രയല്‍ ബാലന്‍സ് തയ്യാറാക്കുന്നത്. കണക്കുകള്‍ കൃത്യമായി എഴുതി സൂക്ഷിച്ചിട്ടുണ്ടോ എന്ന പരിശോധനയും ട്രയല്‍ ബാലന്‍സ് തയ്യാറാക്കുന്നതിലൂടെ നടത്താം. അതായത്, എല്ലാ അക്കൌണ്ടിലേയും നീക്കിബാക്കി തുക ട്രയല്‍ബാലന്‍സില്‍ എഴുതിക്കഴിഞ്ഞതിനുശേഷം ഡെബിറ്റ് ബാലന്‍സിനുള്ള കോളവും ക്രെഡിറ്റ് ബാലന്‍സിനുള്ള കോളവും കൂട്ടിനോക്കിയാല്‍ തുല്യമാകണം. ഇപ്രകാരം തുല്യത കൈവരിക്കുന്നില്ലെങ്കില്‍ കണക്കുകള്‍ എഴുതി സൂക്ഷിച്ചതില്‍ പിഴവുപറ്റി എന്നു വ്യക്തം. ഇത് പട്ടികയുടെ സൂക്ഷ്മപരിശോധനയിലൂടെ തിരുത്തലുകള്‍ വരുത്തുന്നതിനു സഹായകമാകുന്നു.

ട്രയല്‍ ബാലന്‍സ് തയ്യാറാക്കിക്കഴിഞ്ഞാല്‍ താഴെപ്പറയുന്നവിധമുള്ള പിഴവുകള്‍ കണക്കുകളില്‍ വന്നുചേര്‍ന്നത് മനസ്സിലാക്കാം:

1.നാള്‍വഴി (ജേര്‍ണല്‍) കുറിപ്പുകള്‍ പേരേടിലേക്ക് (ലഡ്ജര്‍) പതിക്കാതെ വിട്ടുപോവുക;

2.പേരേടില്‍ തെറ്റായ കോളങ്ങളില്‍ പതിക്കുക;

3.പേരേടില്‍ തുക തെറ്റായി രേഖപ്പെടുത്തുക;

4.ഒരേ കുറിപ്പുതന്നെ പേരേടില്‍ ഒന്നിലധികം തവണ പതിക്കുക;

5.സങ്കലന-വ്യവകലന തെറ്റുകള്‍ പറ്റുക;

6.തുക തെറ്റായി എടുത്തെഴുതുക- എന്നിങ്ങനെ.

എന്നാല്‍, ട്രയല്‍ ബാലന്‍സ് വെളിപ്പെടുത്താത്ത തെറ്റുകളും സംഭവിക്കാറുണ്ട്. ട്രയല്‍ ബാലന്‍സിന്റെ ഡെബിറ്റ് - ക്രെഡിറ്റ് കോളങ്ങളുടെ ആകെത്തുക തുല്യമാണ് എന്നതുകൊണ്ടുമാത്രം ഡബിള്‍ എന്‍ട്രി നിയമങ്ങള്‍ പൂര്‍ണമായി പാലിച്ചിട്ടുണ്ടെന്നും തെറ്റുകള്‍ സംഭവിച്ചിട്ടില്ലെന്നും അനുമാനിക്കാന്‍ ആവില്ല. ഏതെങ്കിലും സാമ്പത്തിക ഇടപാട് നാള്‍വഴിയില്‍ രേഖപ്പെടുത്താതിരിക്കുക, ഒരേ ഇടപാടുതന്നെ ഒന്നിലധികം തവണ നാള്‍വഴിയില്‍ രേഖപ്പെടുത്തുക, നാള്‍വഴിയില്‍ തുകകള്‍ തെറ്റായി രേഖപ്പെടുത്തുക, പേരേടില്‍ തുകകള്‍ തെറ്റായ അക്കൗണ്ടില്‍ രേഖപ്പെടുത്തുക തുടങ്ങിയ പിഴവുകള്‍ ട്രയല്‍ ബാലന്‍സില്‍ക്കൂടി മനസ്സിലാക്കുക പ്രയാസമാണ്.

ട്രയല്‍ ബാലന്‍സ് തയ്യാറാക്കുന്നതുകൊണ്ട് സ്ഥാപനത്തിനുണ്ടാകുന്ന നേട്ടങ്ങള്‍ താഴെപ്പറയുന്നവയാണ്:

1. ഇടപാടുകള്‍ തെറ്റുകൂടാതെ രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്താന്‍ ഒരു പരിധിവരെ സാധിക്കുന്നു;

2. ചിന്നിച്ചിതറിക്കിടക്കുന്ന വിവരങ്ങള്‍ ഒരൊറ്റ പട്ടികയില്‍ കൊണ്ടുവരുന്നതുകൊണ്ട് ഇനംതിരിക്കലും അന്തിമഫലം നിര്‍ണയിക്കലും എളുപ്പമാകുന്നു;

3. കണക്കുകള്‍ യഥായോഗ്യം വിചിന്തനം ചെയ്യുവാനും ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുവാനും ഇത് സഹായിക്കുന്നു;

4. നടപ്പില്‍ വരുത്തിയ പദ്ധതികളുടെ കാര്യക്ഷമത വിലയിരുത്തുവാന്‍ ട്രയല്‍ ബാലന്‍സിലെ വിവരങ്ങള്‍ ഉപയോഗിച്ച് സാധിക്കുന്നു;

5. ലാഭനഷ്ടക്കണക്കുകളും ബാലന്‍സ് ഷീറ്റും (ബാക്കിപത്രം) തയ്യാറാക്കുന്നതിനും ട്രയല്‍ ബാലന്‍സ് സഹായകരമാണ്.

ട്രയല്‍ ബാലന്‍സ് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെപ്പറയുന്നു.

1. മൂലധനം, ഉത്തമര്‍ണര്‍, വില്പന, ക്രയമടക്കം, കൊടുത്തു തീര്‍ക്കേണ്ട ബില്ലുകള്‍, ബാങ്ക് ഓവര്‍ഡ്രാഫ്റ്റ്, വിവിധ ബാദ്ധ്യതകള്‍, വരവുകള്‍ തുടങ്ങിയ അക്കൌണ്ടുകള്‍ ക്രെഡിറ്റ് ബാലന്‍സില്‍ രേഖപ്പെടുത്തണം;

2. തന്‍ചെലവ്, അധമര്‍ണര്‍, ക്രയവില, വില്പനമടക്കം, മുന്നിരുപ്പു ചരക്ക്, വസ്തുവകകള്‍, ഫര്‍ണിച്ചര്‍, യന്ത്രസാമഗ്രികള്‍, വാഹനം, കെട്ടിടം, കിട്ടേണ്ട ബില്ലുകള്‍, രൊക്കം പണം തുടങ്ങിയ അക്കൌണ്ടുകള്‍ രേഖപ്പെടുത്തേണ്ടത് ഡെബിറ്റ് ബാലന്‍സിലാണ്;

3.ബാങ്ക് നിക്ഷേപത്തില്‍ മതിയായ നീക്കിബാക്കി ഉണ്ടെങ്കില്‍ ഡെബിറ്റ് ബാലന്‍സിലും, ബാങ്കിലേക്ക് പണം കൊടുക്കാനുണ്ടെങ്കില്‍ ക്രെഡിറ്റ് ബാലന്‍സിലുമാണ് പ്രസ്തുത അക്കൌണ്ടുകള്‍ കാണിക്കുന്നത്;

4.സാധാരണ നിലയില്‍ നീക്കിയിരുപ്പു ചരക്ക് ട്രയല്‍ ബാലന്‍സില്‍ ഉള്‍പ്പെടുത്തുകയില്ല,

ട്രയല്‍ ബാലന്‍സിലെ ഡെബിറ്റും ക്രെഡിറ്റും കോളങ്ങളിലെ ആകെത്തുക തുല്യമാകാത്തതിന്റെ കാരണം കണ്ടുപിടിക്കാന്‍ ചില സന്ദര്‍ഭങ്ങളില്‍ പെട്ടെന്ന് കഴിഞ്ഞുവെന്നു വരില്ല. വളരെക്കൂടുതല്‍ ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ ഒരുവര്‍ഷത്തെ മുഴുവന്‍ കണക്കുകളും അപ്പപ്പോള്‍തന്നെ പരിശോധിച്ച് പിഴവുകള്‍ കണ്ടുപിടിക്കുകയെന്നതും അത്ര എളുപ്പമല്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ അനാമത്ത് അക്കൗണ്ടില്‍ (സസ്പെന്‍സ് അക്കൗണ്ട്) വ്യത്യാസത്തുക വകകൊള്ളിച്ച് ട്രയല്‍ ബാലന്‍സിന്റെ ഡെബിറ്റ്-ക്രെഡിറ്റ് കോളങ്ങളിലെ ആകെത്തുക തുല്യമാക്കുക പതിവാണ്. എന്നാല്‍ അനാമത്ത് അക്കൗണ്ട് ഒഴിവാക്കുന്നതാണ് ഉചിതം.

(ഡോ. എം. ശാര്‍ങ്ഗധരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍