This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രഫാള്‍ഗര്‍ മുനമ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രഫാള്‍ഗര്‍ മുനമ്പ്

Trafalgar,Cape of

സ്പെയിനിന്റെ തെക്കുപടിഞ്ഞാറന്‍ തീരത്തെ മുനമ്പ്. 1805 ഒ. 21-ന് നെല്‍സണ്‍ പ്രഭുവിന്റെ കീഴിലുള്ള ബ്രിട്ടീഷ് നാവികപ്പടയും, വീല്‍നീവിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച്-സ്പാനിഷ് കപ്പല്‍പ്പടകളും ഏറ്റുമുട്ടിയത് ഇവിടെവച്ചാണ്. ബ്രിട്ടീഷ് സേനയ്ക്കായിരുന്നു ഇതില്‍ വിജയം. നെപ്പോളിയന്‍ യൂറോപ്പിന്റെ അധിപനായും, റൈന്‍ കോണ്‍ഫെഡറേഷന്റെ രക്ഷകനായും സ്വയം മാറിയ കാലഘട്ടത്തിലുണ്ടായ ഈ യുദ്ധം ഫ്രാന്‍സിന്റേയും, സ്പെയിനിന്റേയും നാവികശക്തിയെ തകര്‍ത്തുകളഞ്ഞു. യുദ്ധത്തില്‍ പരിക്കേറ്റ നെല്‍സണ്‍ പ്രഭു ഇതിനിടയ്ക്ക് ചരമമടഞ്ഞതിനാല്‍ ഇദ്ദേഹത്തിന്റേയും ഈ യുദ്ധത്തിന്റേയും സ്മരണയ്ക്കുവേണ്ടി ലണ്ടനിലെ ട്രഫാള്‍ഗര്‍ സ് ക്വയര്‍ നിര്‍മിക്കപ്പെട്ടു.

2. ട്രഫാള്‍ഗര്‍ സ് ക്വയര്‍. ലണ്ടനിലുള്ള തുറസ്സായ ഒരു പ്രദേശം. വൈറ്റ്ഹോളിനു വടക്കായി സ്ഥിതിചെയ്യുന്നു. 1829-നും 1867-നും മധ്യേ സ്ഥാപിക്കപ്പെട്ട ഈ സ്ക്വയര്‍ സര്‍ ചാള്‍സ് ബാരിയുടെ ഡിസൈനുകളില്‍നിന്നാണ് രൂപംപൂണ്ടത്. ഒരു രാജകീയ 'ഒളിസങ്കേത'കേന്ദ്രം നിലനിന്നിരുന്ന പ്രദേശത്തിന്റെ ചില ഭാഗങ്ങളും ട്രഫാള്‍ഗര്‍ സ് ക്വയറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

'നെല്‍സണ്‍ സ്തൂപ'മാണ് ട്രഫാള്‍ഗര്‍ സ്ക്വയറിന്റെ മുഖ്യ സവിശേഷത. 44 മീ. ഉയരമുള്ള ഈ സ്തൂപത്തിനു മുകളിലായി നെല്‍സന്റെ ഒരു പ്രതിമ സ്ഥാപിച്ചിരിക്കുന്നു. അദ്ദേഹം പങ്കെടുത്ത യുദ്ധരംഗങ്ങള്‍ സ്തൂപത്തിന്റെ ചുവട്ടില്‍ കൊത്തിവച്ചിട്ടുണ്ട്. സര്‍ എഡ്വിന്‍ ലാന്‍ഡ്സീര്‍ രൂപകല്പന ചെയ്ത നാലു വലിയ വെങ്കല-സിംഹങ്ങളെ സ്തൂപത്തിന്റെ കോണുകള്‍ക്കടുത്തായി കാണാം. പൊതുസമ്മേളനങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും മറ്റും ഇടയ്ക്കിടെ ട്രഫാള്‍ഗര്‍ സ് ക്വയര്‍ വേദിയാകാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍