This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്യൂബ്റോസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്യൂബ്റോസ്

Tuberose

അന്തര്‍ദേശീയ പുഷ്പം. ശാസ്ത്രനാമം: പോളിയാന്തസ് ട്യൂബ്റോസ് (Polianthas tuberose) അമരില്ലിഡേസി (Amarylli daceae) കുടുംബത്തില്‍പ്പെടുന്നു. ജന്മദേശം മെക്സിക്കോ.

ട്യൂബ്റോസ്

പ്രകന്ദം കിഴങ്ങുപോലെയാണ്. കിഴങ്ങ് ചിരസ്ഥായിയായിരിക്കും. കിഴങ്ങില്‍ നിന്നും കാണ്ഡം ഉദ്ഭവിക്കുന്നു. ഒരു മീ. വരെ ഉയരം വയ്ക്കും. കാണ്ഡത്തിന്റെ ചുവട്ടില്‍ നിന്നും പുറപ്പെടുന്ന കടും പച്ചനിറത്തില്‍ പുല്ലുപോലുള്ള ഇലകള്‍ക്ക് 30-45 സെ.മീ. നീളമുണ്ടായിരിക്കും. കാണ്ഡത്തിലുള്ള 8-12 ഇലകള്‍ ചെറുതും നീളം കുറഞ്ഞതുമാണ്. കാണ്ഡത്തിന്റെ അഗ്രത്തില്‍ നിന്ന് പൂങ്കുലയുണ്ടാകുന്നു. പൂങ്കലയ്ക്ക് 6 സെ.മീ. നീളം കാണും. പുഷ്പങ്ങള്‍ക്ക് തൂവെള്ളനിറമാണ്. പരിദളപുടങ്ങള്‍ ചിരസ്ഥായിയാണ്. കേസരങ്ങള്‍ പരിദളപുടനാളിയില്‍ ഒട്ടിച്ചേര്‍ന്നിരിക്കും. അണ്ഡാശയത്തിന് മൂന്ന് അറകളുണ്ട്. വര്‍ത്തികാഗ്രം സ്വതന്ത്രവും മൂന്നായി വിഭജിക്കപ്പെട്ടതുമാണ്. ഒരു പൂങ്കുലയിലെ മൊട്ടുകള്‍ മുഴുവന്‍ വിരിഞ്ഞുതീരാന്‍ രണ്ടാഴ്ചയോളമെടുക്കും. പുഷ്പങ്ങളുടേയും ഇലകളുടേയും പ്രത്യേകതകളനുസരിച്ച് ട്യൂബ്റോസുകള്‍ അഞ്ചിനമുണ്ട്. (1) പുഷ്പത്തണ്ടുകളില്‍ ഒറ്റ തൂവെള്ളപ്പൂവും പച്ചനിറമുള്ള ഇലത്തണ്ടുകളോടുകൂടിയതുമായ കല്‍ക്കത്ത സിംഗിള്‍ (മെക്സിക്കന്‍ സിംഗിള്‍) ഇനം. (2) പുഷ്പത്തണ്ടുകളില്‍ ഇരട്ട പുഷ്പങ്ങളും വെള്ള നിറമുള്ള പരിദളപുടങ്ങളോടുകൂടിയതുമായ (അഗ്രത്തിന് നേരിയ ചുവപ്പു നിറമായിരിക്കും) കല്‍ക്കത്ത ഡബിള്‍ (പേള്‍) ഇനം. (3) ഇരട്ട പുഷ്പങ്ങളാണെങ്കിലും പരിദളപുടങ്ങള്‍ എണ്ണത്തില്‍ കുറവായ സെമി ഡബിള്‍ ഇനം. (4) ലക്നോ നാഷണല്‍ ബൊട്ടാണിക് ഗാര്‍ഡനില്‍ ഇരട്ട പുഷ്പങ്ങളുള്ള ഡബിള്‍ ഇനത്തിന്റെ കിഴങ്ങുകളില്‍ ഗാമാരശ്മികളുപയോഗിച്ചുള്ള ഉത്പരിവര്‍ത്തനം (mutation) ഉണ്ടാക്കി വികസിപ്പിച്ചെടുത്ത വേരിഗേറ്റഡ് സുവര്‍ണരേഖ ഇനം (ഇരട്ട പുഷ്ങ്ങളുണ്ടാകും) (5) ഒറ്റ പുഷ്പമുള്ള സിംഗിള്‍ ഇനത്തിന്റെ കിഴങ്ങില്‍ ഉത്പരിവര്‍ത്തനം നടത്തി വികസിപ്പിച്ചെടുത്ത രജതരേഖ ഇനം (ഇലയുടെ നടുഭാഗത്ത് നെടുനീളത്തില്‍ വെള്ള വരയുണ്ടാകും, ഒറ്റ പുഷ്പവും).സുവര്‍ണരേഖ ഇനങ്ങളില്‍ ഇലയുടെ രണ്ടു വശത്തും അരികുകളില്‍ നീളത്തിലായി സ്വര്‍ണനിറമുള്ള വരകളും നടുവില്‍ ഒരു പച്ച വരയും ഉള്ളതിനാല്‍ ചെടികള്‍ വളരെ ആകര്‍ഷകങ്ങളാണ്. ഒറ്റ പുഷ്പമുള്ളവയും ഇരട്ട പുഷ്പങ്ങളുള്ളവയും മാത്രമേ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നുള്ളൂ. ഹാരങ്ങളുണ്ടാക്കാന്‍ ഒറ്റ പുഷ്പമുള്ള ഇനമാണ് ഉപയോഗിച്ചുവരുന്നത്.

കിഴങ്ങുകളുപയോഗിച്ചാണ് പ്രവര്‍ധനം നടത്തുന്നത്. മിതമായ അന്തരീക്ഷ താപനില, നല്ല സൂര്യപ്രകാശം, വളക്കൂറും നല്ല നീര്‍വാര്‍ച്ചയുമുള്ള പശിമരാശിമണ്ണ് എന്നിവ ട്യൂബ്റോസ് കൃഷിക്ക് അനിവാര്യമാണ്. സുഷുപ്താവസ്ഥയിലിരുന്നു ശൈത്യകാലത്തെ അതിജീവിക്കാനുള്ള പ്രത്യേക കഴിവ് കിഴങ്ങിനുണ്ട്. ഏ. മുതല്‍ ന. വരെയുള്ള മാസങ്ങളിലാണ് കൃഷി ചെയ്യാറുള്ളത്. തമിഴ്നാട്ടില്‍ നെല്‍ക്കൃഷിപോലെ പാടങ്ങളിലാണ് ട്യൂബ്റോസ് കൃഷി ചെയ്തുവരുന്നത്.

കേരളത്തില്‍ ചെടിച്ചട്ടികളില്‍ നട്ടുവളര്‍ത്തുന്നു. മൂന്നൂ വര്‍ഷത്തിലൊരിക്കല്‍ കിഴങ്ങുകള്‍ മാറ്റി നടേണ്ടതാണ്. കേരളത്തിലെ കാലാവസ്ഥ ഇതിന്റെ കൃഷിക്ക് അനുയോജ്യമാണ്.

ദീര്‍ഘായുസ്സുള്ള ആകര്‍ഷണീയമായ ഇതിന്റെ പുഷ്പങ്ങള്‍ പുഷ്പാലങ്കാരത്തിനും ഹാരങ്ങളും പൂച്ചെണ്ടുകളും ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍