This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്യൂഡര്‍, ആന്റണി (1909-87)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്യൂഡര്‍, ആന്റണി (1909-87)

Tudor Antony

ഇംഗ്ലീഷ് നൃത്തസംവിധായകനും നര്‍ത്തകനും നൃത്യാധ്യാപകനും. മനശ്ശാസ്ത്രപരമായ ഉള്‍ക്കാഴ്ചയോടെ ഇദ്ദേഹം നൃത്തസംവിധാനം നിര്‍വഹിച്ച ബാലെകള്‍, ബാലെവേദിയില്‍ വന്‍ വ്യതിയാനങ്ങളുളവാക്കുവാന്‍ പര്യാപ്തമായിരുന്നു. 1909 ഏ. 4-ന് ലണ്ടനില്‍ ജനിച്ചു. ബാല്യം മുതല്‍ നൃത്തത്തോട് ആഭിമുഖ്യമുണ്ടായിരുന്നെങ്കിലും യൗവ്വനത്തിലാണ് അഭ്യസിച്ചുതുടങ്ങാന്‍ സാധിച്ചത്. മേരി റാംബര്‍ട്ട് ആയിരുന്നു ഗുരു. 1930-ല്‍ ഇംപീരിയല്‍ സൊസൈറ്റിയുടെ നൃത്താധ്യാപക യോഗ്യതാപ്പരീക്ഷയില്‍ വിജയിച്ചു. അതേ വര്‍ഷംതന്നെ, മേരി റാംബര്‍ട്ടിന്റെ ബാലെ സംഘത്തില്‍ ചേരുകയും ചെയ്തു. അധ്യാപകന്‍ എന്ന നിലയിലാണ് ആദ്യം ശ്രദ്ധേയനായത്. എന്നാല്‍ വൈകാതെ ഇദ്ദേഹം കോറിയോഗ്രാഫിയിലേക്കു (നൃത്ത സംവിധാനത്തിലേക്ക്) തിരിഞ്ഞു. ക്രോസ് - ഗാര്‍റ്റേര്‍ഡ് ആണ് ട്യൂഡര്‍ സംവിധാനം ചെയ്ത പ്രഥമ ബാലെ. ഷെയ്ക്സ്പിയറുടെ ട്വെല്‍ഫ്ത്ത് നൈറ്റിന്റെ ഒരു ഭാഗത്തെ അധികരിച്ചുള്ള ബാലെയാണിത്. ഈ പ്രഥമ സമാരംഭത്തില്‍ത്തന്നെ ഇദ്ദേഹത്തിന്റെ മൗലികത്വം സ്പഷ്ടമായി. ബാഹ്യവൈകാരികതയെക്കാള്‍ ആന്തരികമായൊരു വൈകാരികഗഹനതയോടായിരുന്നു ഇദ്ദേഹത്തിന് ആഭിമുഖ്യം എന്ന് പല രംഗങ്ങളും തെളിയിച്ചു. ഗ്രാമീണ ചലനങ്ങളുടെ ഫലപ്രദമായ വിനിയോഗമായിരുന്നു മറ്റൊരു പ്രത്യേകത. ചെലവുകുറഞ്ഞ മാര്‍ഗങ്ങളിലൂടെ വൈവിധ്യം സൃഷ്ടിക്കാനുള്ള ഇദ്ദേഹത്തിന്റെ ശ്രമവും ശ്രദ്ധിക്കപ്പെട്ടു.

അരിസ്റ്റോഫനിസിന്റെ കോമഡിയെ ആധാരമാക്കിയുള്ള ദ് സ്ട്രൈക്ക് ഒഫ് വൈവ്സ്' (1932) ആയിരുന്നു രണ്ടാമത്തെ സംരംഭം. മുപ്പതുകളില്‍ ഇദ്ദേഹം സംവിധാനം ചെയ്ത മറ്റു ബാലെകള്‍ ഇവയാണ്. 'ആദം ആന്‍ഡ് ഈവ്' (1932), 'ദ് പ്ളാനറ്റ്സ്' (1934), 'ദ് ഡിസെന്റ് ഒഫ് ഹെബെ' (1935), 'ലൈലാക് ഗാര്‍ഡന്‍' (1936), 'ദ് മാര്യേജ്' (1938), 'ദ് ജഡ്ജ്മെന്റ് ഒഫ് പാരിസ്' (1938).

1940-ല്‍ ബാലെ തിയെറ്റര്‍ (ഇന്നത്തെ അമേരിക്കന്‍ ബാലെ തിയെറ്റര്‍) സ്ഥാപിതമായപ്പോള്‍ ട്യൂഡര്‍ ന്യൂയോര്‍ക്കിലേക്കു ക്ഷണിക്കപ്പെട്ടു. അവിടെ ഇദ്ദേഹം സംവിധാനം ചെയ്ത ബാലെകള്‍ ഇവയാണ്: 'പില്ലര്‍ ഒഫ് ഫയര്‍' (1942), 'റോമിയോ ആന്‍ഡ് ജൂലിയറ്റ്' (1943) 'ഡിംലസ്ട്രെ' (1943), 'അണ്ടര്‍ സ്ട്രോ' (1945). അതിനുശേഷം ലണ്ടനില്‍ മടങ്ങിയെത്തിയ ട്യൂഡര്‍, 1974-ല്‍ വീണ്ടും അമേരിക്കന്‍ ബാലെ തിയെറ്ററിലേക്ക് ക്ഷണിക്കപ്പെട്ടു. അവിടെ അസ്സോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്യവേ മുന്‍ ബാലെകളുടെ പുനഃ സൃഷ്ടിയിലാണ് ഏറെ ശ്രദ്ധ പതിപ്പിച്ചത്. എങ്കിലും, 1975-ല്‍ 'ഷാഡോ പ്ളേ'യും, 'ദ് ലീവ്സ് ആര്‍ ഫെയ്ഡിങും' സംവിധാനം ചെയ്തു. 'ദ് ടില്ലര്‍ ഇന്‍ ദ് ഫീല്‍ഡ്സ്' (1978) ആണ് അവസാനത്തെ സൃഷ്ടി. ഇക്കാലത്ത് ബാലെ വിദ്യാര്‍ഥികള്‍ക്കായി ചിട്ടപ്പെടുത്തിയ 'ഇംപ്രൊവൈസേഷന്‍സ്' ശ്രദ്ധേയമായ മറ്റൊരു രചനയാണ്.

നടന്‍ എന്ന നിലയിലും അധ്യാപകന്‍ എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെങ്കിലും നൃത്തസംവിധായകന്‍ എന്ന നിലയിലാണ് നൃത്തലോകം ട്യൂഡറെ അനുസ്മരിച്ചുപോരുന്നത്. ചലനങ്ങളുടെ സൌന്ദര്യാത്മകതയില്‍ മാത്രമായിരുന്നില്ല ഇദ്ദേഹത്തിന്റെ ശ്രദ്ധ, അരങ്ങിലെ ഓരോ ചലനത്തെയും മാനസികാവസ്ഥകളുടെ ഋജൂവും ആര്‍ദ്രവുമായ വെളിപ്പെടുത്തലുകളാക്കുകയായിരുന്നു ഇദ്ദേഹം. അതുകൊണ്ടാണ് വിമര്‍ശകര്‍, ഇദ്ദേഹം. "ഉള്ളിലേക്കു നോക്കിക്കൊണ്ടാണ് നൃത്തം ചിട്ടപ്പെടുത്തുക എന്നു പറഞ്ഞിട്ടുള്ളത്. ഇദ്ദേഹത്തിന്റെ സംവിധാനത്തില്‍ കൈത്തലം മെല്ലെ വീശുമ്പോഴും അരക്കെട്ട് ചെറുതായൊന്നിളകുമ്പോഴും ഒക്കെ നിരവധി മാനസിക ഭാവങ്ങളാണ് സാക്ഷാത്ക്കരിക്കപ്പെടുക. 'സൈക്കോളജിക്കല്‍ ബാലെ' എന്നുതന്നെ ഈ ശൈലി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇത് ബാലെയുടെ പരമ്പരാഗതമായ ആഖ്യാനാത്മകതയെ തകര്‍ത്തുകളയുകയും ഗഹനതയുടേയും സങ്കീര്‍ണതയുടേതുമായ പുതിയ സൌന്ദര്യ തലങ്ങള്‍ അതിനു നല്‍കുകയും ചെയ്തു എന്നു പറയാം. ‌‌ 'മെട്രോപ്പോളിറ്റന്‍ ഓപ്പറ സ്കൂള്‍ ഒഫ് ബാലെ'യുടെ ഡയറക്ടര്‍, 'ജൂയില്ല്യാര്‍ഡ് സ്കൂള്‍ ഒഫ് മ്യൂസിക്' ഫാക്കല്‍ട്ടി അംഗം, എന്നീ നിലകളിലും ട്യൂഡര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ അഭിനന്ദനാര്‍ഥം 1985 ഫെ.-ല്‍ പാരിസില്‍ ഒരു ബാലെ മഹോത്സവം നടത്തിയിരുന്നു. 1986-ല്‍ ഇദ്ദേഹത്തിന് കാപെസിയോ ഡാന്‍സ് അവാര്‍ഡ് ലഭിച്ചു.

20-ാം ശ.-ത്തിലെ ഏറ്റവും മികച്ച നൃത്തസംവിധായകരില്‍ ഒരാളായ ട്യൂഡര്‍ തന്റെ 'പില്ലര്‍ ഒഫ് ഫയര്‍' എന്ന ബാലെയുടെ പുനരവതരണത്തിനായി റിഹേഴ്സല്‍ നടത്തിക്കൊണ്ടിരിക്കെ, 1987 ഏ. 20-ന് ന്യൂയോര്‍ക്കില്‍ കഥാവശേഷനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍