This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോള്‍സ്റ്റോയ്,ലിയോ(1828-1910)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ടോള്‍സ്റ്റോയ്, ലിയോ (1828-1910)

Tolstoy,Leo

ലോകപ്രശസ്തനായ റഷ്യന്‍ നോവലിസ്റ്റും തത്ത്വചിന്തകനും. പൂര്‍ണമായ പേര് റഷ്യന്‍ ഉച്ചാരണത്തില്‍: ലേവ് നിക്കൊളായവിച് തള്‍സ്തായ് എന്നാണ്.
ടോള്‍സ്റ്റോയ് തന്റെ പ്രിയപ്പെട്ട കുതിരയായ ജീലീറയുടെ പുറത്ത് യാസ്നയ പല്യാനയില്‍

വിശ്വസാഹിത്യ പ്രതിഭകളില്‍ പ്രമുഖ സ്ഥാനത്തിനര്‍ഹനായ ടോള്‍സ്റ്റോയ് മൗലിക സര്‍ഗശക്തിയുള്ള ഒരു സാഹിത്യകാരന്‍ മാത്രമായിരുന്നില്ല, ചിന്തകനും വിദ്യാഭ്യാസ വിദഗ്ധനും അതിലേറെ ഒരു മനുഷ്യസ്നേഹിയുമായിരുന്നു

ജീവചരിത്രം

1828 ആഗ. 28-ന് (പുതിയ കലണ്ടര്‍ പ്രകാരം സെപ്.-9) റഷ്യയിലെ തുളാ ഡിസ്ട്രിക്ടില്‍പ്പെട്ട യാസ്നയ പല്യാനയിലെ ഒരു അഭിജാത കുടുംബത്തില്‍ ജനിച്ചു. അമ്മ മരിയ വള്‍ക്കോന്‍സ്കയയും, അച്ഛന്‍ നിക്കൊളായ് ടോള്‍സ്റ്റോയിയും. പീറ്റര്‍ ചക്രവര്‍ത്തിയില്‍ നിന്ന് അച്ഛന്റെ കുടുംബത്തിന് പാരമ്പര്യമായി ലഭിച്ചിരുന്ന പദവിയാണ് 'ഗ്രാഫ്' (കൗണ്ട്). ടോള്‍സ്റ്റോയിക്ക് ഒരു സഹോദരിയും മൂന്നു സഹോദരന്മാരും ഉണ്ടായിരുന്നു. രണ്ടു വയസ്സ് തികയുംമുമ്പ് അമ്മയും ഒമ്പതാമത്തെ വയസ്സില്‍ അച്ഛനും മരിച്ചു. ആദ്യം മുത്തശ്ശിയുടെയും പിന്നെ അച്ഛന്റെ സഹോദരിമാരുടെയും സംരക്ഷണയില്‍ വളര്‍ന്നു. പ്രഭുകുടുംബങ്ങളിലെ പതിവനുസരിച്ച് ആദ്യകാല വിദ്യാഭ്യാസം കുടുംബാധ്യാപകരില്‍നിന്നു ലഭിച്ചു.

ഉന്നത വിദ്യാഭ്യാസത്തിനായി 1844-ല്‍ കസാന്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു. പക്ഷേ, ബിരുദപഠനം പൂര്‍ത്തിയാക്കിയില്ല. ആദ്യം പാശ്ചാത്യപഠന വിഭാഗത്തിലും പിന്നെ നിയമ വകുപ്പിലും പഠിച്ചുവെങ്കിലും കലാശാലവിദ്യാഭ്യാസരീതിയുമായി പൊരുത്തപ്പെടാന്‍ കഴിയാതെവന്നു. തുടര്‍ന്ന് സ്വതന്ത്രമായി പല വിജ്ഞാനശാഖകളിലും അറിവുനേടി. വിദേശഭാഷകള്‍ പലതും പഠിച്ചു. ലോകസാഹിത്യത്തിലെ മികച്ച കൃതികളുമായി പരിചയപ്പെട്ടു. റൂസ്സോ, ഹെഗല്‍ എന്നിവരുടെ തത്ത്വചിന്തകളില്‍ ആകൃഷ്ടനായി. ചെറുപ്പത്തില്‍ കുരിശിനു പകരം റൂസ്സോയുടെ രൂപമാണ് ഇദ്ദേഹം കഴുത്തില്‍ തൂക്കി നടന്നത്.

1847-ല്‍ യാസ്നയ പല്യാന 330 അടിയാന്മാരോടൊപ്പം ഭാഗിച്ചുകിട്ടി. യാസ്നയ പല്യാനയോട് ആത്മബന്ധംതന്നെ ടോള്‍സ്റ്റോയിക്ക് ഉണ്ടായിരുന്നു. 1847-ല്‍ ആരംഭിച്ച ഡയറി എഴുത്ത് അവസാനകാലം വരെ തുടര്‍ന്നുപോന്നു. അനുഭവങ്ങള്‍, ആത്മവിശ്വാസം, സ്വയം കണ്ടെത്തലുകള്‍, സത്യാന്വേഷണ നിരീക്ഷണങ്ങള്‍, ജീവിതത്തില്‍ പാലിക്കേണ്ട നിയമങ്ങള്‍ ലക്ഷ്യമില്ലാത്ത ജീവിതത്തിലുള്ള അതൃപ്തി, ആത്മശക്തി പോഷണത്തിനുള്ള മാര്‍ഗങ്ങള്‍ ഇവയാണ് ഡയറിയിലെ മുഖ്യ പരാമര്‍ശവിഷയങ്ങള്‍. 13 വാല്യങ്ങളായി ഈ ഡയറിക്കുറിപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്.

1862-ല്‍ സോഫ്യ, അന്ത്രേവ്ന ബേര്‍സ് എന്ന യുവതിയെ വിവാഹം കഴിച്ചു. സന്തുഷ്ടമായ ദാമ്പത്യജീവിതത്തില്‍ 13 കുട്ടികളുണ്ടായി. അവസാനകാലത്ത് ആശയപരമായ ചില അഭിപ്രായവ്യത്യാസങ്ങള്‍ ടോള്‍സ്റ്റോയിയും ഭാര്യയും തമ്മിലുണ്ടായി. 1861-ലെ ഭൂപരിഷ്കരണത്തോട് യോജിക്കാന്‍ ടോള്‍സ്റ്റോയിക്കു കഴിഞ്ഞില്ല. ഭൂവുടമകളും കര്‍ഷകരും തമ്മിലുണ്ടായിക്കൊണ്ടിരുന്ന തര്‍ക്ക പരിഹാര സമിതിയിലംഗമായി പ്രവര്‍ത്തിച്ചു. കര്‍ഷകര്‍ക്കനുകൂലമായ തീരുമാനങ്ങള്‍ എടുത്തതുകാരണം ഭൂവുടമകളും ഗവണ്‍മെന്റും ഇദ്ദേഹത്തിന് എതിരായി. 1849-ല്‍ യാസ്നയ പല്യാനയില്‍ കര്‍ഷകരുടെ കുട്ടികള്‍ക്കായി ഒരു വിദ്യാലയം ആരംഭിച്ചു.

ടോള്‍സ്റ്റോയ്(1910)

1850-ലാണ് സാഹിത്യരചന തുടങ്ങിയത്. 1851-ല്‍ യുദ്ധം നേരിട്ടു കണ്ടു മനസ്സിലാക്കാന്‍ പട്ടാള ഓഫീസറായ സഹോദരനോടൊപ്പം കാക്കസസ്സിലെത്തി. സ്വധൈര്യം പരീക്ഷിക്കുന്നതിനായി പട്ടാളത്തില്‍ ചേര്‍ന്നു.

ക്രിമിയന്‍ യുദ്ധത്തില്‍ പങ്കെടുക്കുകയും സിവസ്തപ്പോള്‍ ഉപരോധത്തില്‍ പ്രകടിപ്പിച്ച ധീരതയ്ക്കു അവാര്‍ഡ് നേടുകയും ചെയ്തു. സാധാരണ പട്ടാളക്കാരുടെ സേവനത്തില്‍ വരുത്തേണ്ട ചില പരിഷ്കാരങ്ങളെപ്പറ്റി ഒരു പ്രോജക്ട് റിപ്പോര്‍ട്ടും ഇക്കാലത്തു തയ്യാറാക്കി. ഇതിനിടയില്‍ തന്റെ അടിയാന്മാരെ മോചിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

1855-ല്‍ ടോള്‍സ്റ്റോയ് പീറ്റേഴ്സ്ബര്‍ഗിലെത്തി. സവ്രിമേന്നിക് എന്ന ജേര്‍ണലുമായുള്ള ബന്ധം ഇദ്ദേഹത്തെ സാമൂഹിക-രാഷ്ട്രീയ സാഹിത്യ സംഘട്ടനങ്ങളുടെ മധ്യത്തിലെത്തിച്ചു. തുര്‍ഗിനേവ്, നിക്രാസവ്, അസ്ത്രോവ്സ്കി, ദ്രുഷീനിന്‍, അന്നെന്‍കോവ് തുടങ്ങിയ എഴുത്തുകാരുമായി ആശയവിനിമയം നടത്തി. ഇക്കാലത്തു ഇദ്ദേഹം 'ശുദ്ധകല'യുടെ വക്താവായിട്ടാണ് അറിയപ്പെട്ടിരുന്നത്.

1859-ല്‍ യാസ്നയ പല്യാനയില്‍ വീണ്ടും സ്കൂള്‍ ആരംഭിച്ചു. ഒരു വിദ്യാഭ്യാസ ജേര്‍ണലും തുടങ്ങി. പഠനം രസകരവും ജീവിതവുമായി ബന്ധപ്പെട്ടതും സൃഷ്ടിപരവും ആവണം എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. ഗവണ്‍മെന്റിടപെടല്‍ കാരണം സ്കൂളും ജേര്‍ണലും തുടരാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു വിദേശപര്യടനം നടത്തി.

1870-80 കളില്‍ ടോള്‍സ്റ്റോയിയുടെ ജീവിത വീക്ഷണത്തില്‍ കാതലായ മാറ്റം സംഭവിച്ചു. സാഹിത്യരചന പല പ്രാവശ്യം ഉപേക്ഷിക്കുകയും തന്റെ ഭൂതകാലത്തെ വിമര്‍ശനബുധ്യാ പഠനവിധേയമാക്കുകയും ചെയ്തു. ഇക്കാലത്ത് കഠിനമായ മാനസിക സംഘര്‍ഷം അനുഭവപ്പെട്ടു. തുര്‍ഗിനേവിന്റെ നിര്‍ബന്ധം കാരണം സാഹിത്യത്തിലേക്കു മടങ്ങിവന്നു. നാട്ടിലെ പട്ടിണിയും ചൂഷണവും നീതിനിഷേധവും മനുഷ്യത്വരാഹിത്യവും ക്രിസ്തുമതത്തിലെ ചൂഷണവും ആത്മവഞ്ചനയും മറ്റും ഇദ്ദേഹത്തെ വല്ലാതെ ഉലച്ചു. ആഡംബരജീവിതം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഒരു സസ്യഭുക്കായി, കര്‍ഷകരെപ്പോലെ വസ്ത്രം ധരിച്ച്, അവര്‍ക്കൊപ്പം കൃഷിപ്പണികളിലേര്‍പ്പെട്ടു. സ്വന്തം ചെരുപ്പ് സ്വയം നിര്‍മിച്ചു. ഇതിനിടയില്‍ തന്റെ ഭൂമി കര്‍ഷകര്‍ക്കായി വിഭജിച്ചു നല്‍കാന്‍ ശ്രമിച്ചെങ്കിലും കുടുംബത്തിന്റെ എതിര്‍പ്പ് മൂലം വിജയിച്ചില്ല. 1884-ല്‍ എന്റെ വിശ്വാസം (what I believe) എന്ന ലേഖനം പുറത്തുവന്നെങ്കിലും അതിന്റെ പ്രതികള്‍ പൊലീസ് പിടിച്ചെടുത്തു. പുതിയ വിശ്വാസങ്ങളുടെ പേരില്‍ കുടുംബബന്ധം ശിഥിലമാവാന്‍ തുടങ്ങി. ടോള്‍സ്റ്റോയിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായ വ്ളജിമീര്‍ ചെര്‍ത്കോവ് 1884 മുതല്‍ അവസാനകാലംവരെ ഇദ്ദേഹത്തിന്റെ വിശ്വസ്തനായി ഒപ്പമുണ്ടായിരുന്നു.

ഇതിനകം തന്റെ പ്രധാനകൃതികളായ യുദ്ധവും സമാധാനവും (1869) അന്നാകരേനിനയും (1873) ടോള്‍സ്റ്റോയി പ്രസിദ്ധീകരിച്ചിരുന്നു.

1886-ല്‍ പുതിയ വീക്ഷണങ്ങളുമായി സാഹിത്യരചന തുടര്‍ന്നു. ഇവാന്‍ ഈലിച്ചിന്റെ മരണം (The Death of Ivan Ilich 1886), മനുഷ്യന് എത്ര ഭൂമി വേണം (How Much Land Does aMan Need, 1886), അപ്പോള്‍ നാം എന്തുചെയ്യണം? (What then we must do), തമശ്ശക്തി (The Power of Darkness, 1887) എന്നിവ ഇക്കാലത്ത് രചിച്ച കൃതികളാണ്. 1888-ല്‍ ക്രൂയ്റ്റ്സിറോവ സൊനാത (The kreutzer Sonata, 1890) എഴുതി. 1898-ല്‍ എന്താണ് കലയും (What is Art? 1898), 1899ല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പും (Resurrection, 1899) പൂര്‍ത്തിയാക്കി.

ഇക്കാലത്ത് വീടു വിട്ടുപോകണമെന്ന തോന്നലുണ്ടായ ഇദ്ദേഹം ഭാര്യയ്ക്കെഴുതി: "എനിക്കു നിന്റെ ശീലങ്ങളെ മാറ്റാന്‍ കഴിഞ്ഞില്ല. ജീവിതം കൂടുതല്‍ ഭാരമായിത്തീരുന്നു. പ്രായമാവുന്തോറും ഏകാന്തത ആഗ്രഹിക്കുന്നു. കുട്ടികള്‍ വളര്‍ന്നു. എന്റെ സഹായം അവര്‍ക്കിനി ആവശ്യമില്ല. എന്റെ അസാന്നിധ്യം ആരെയും അലട്ടുകില്ല. അതിനെക്കാള്‍ പ്രധാനം, ഹിന്ദുക്കളെപ്പോലെ അറുപതു കഴിഞ്ഞാല്‍ വാനപ്രസ്ഥം അനുഷ്ഠിക്കണം. ഈശ്വരനെ ഭജിച്ചു കഴിയണം. എനിക്ക് എഴുപതായി. എന്റെ ആത്മാവ് ശാന്തിക്കായി, ഏകാന്തതയ്ക്കായി കൊതിക്കുന്നു.

ടോള്‍സ്റ്റോയ് കര്‍ഷകത്തൊഴിലാളിയോടൊപ്പം

1901-ല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പേരിലും ക്രിസ്തുമതത്തിനെതിരെ നടത്തിയ വിമര്‍ശനങ്ങളുടെ പേരിലും ക്രിസ്തീയ സഭയില്‍നിന്ന് ടോള്‍സ്റ്റോയിയെ പുറത്താക്കി. 1902-ല്‍ 'മതമെന്താണ്?' എന്ന ലേഖനത്തിലൂടെ സ്വകാര്യസ്വത്തവകാശം റദ്ദാക്കാന്‍ ചക്രവര്‍ത്തിയോടപേക്ഷിച്ചു. 1904-ല്‍ 'ഹാജിമുറാദും' (Hadji Murad, 1911) 'ഷേക്സ്പിയറും നാടകവും' പുറത്തുവന്നു. സായുധവിപ്ലവത്തോടുള്ള എതിര്‍പ്പുകാരണം 1905-ല്‍ നടന്ന ഒന്നാം റഷ്യന്‍ വിപ്ലവത്തോട് ഇദ്ദേഹം യോജിച്ചില്ല. 'എനിക്കു മൗനം തുടരാന്‍ കഴിയില്ല.' (I cannot be Silent, 1908) എന്ന ലേഖനത്തിലൂടെ മരണശിക്ഷയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചു. ഉത്ക്കണ്ഠയും മാനസിക സംഘര്‍ഷവും കാരണം തുടര്‍ന്നെഴുതിയില്ല.

ഇതിനിടയില്‍ കുടുംബബന്ധം കൂടുതല്‍ ശിഥിലമായി. 1909-ല്‍ ഭാര്യ ആത്മഹത്യയ്ക്കു ശ്രമിച്ചു. തന്റെ ആശയങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത ചുറ്റുപാടുമായി തുടരാന്‍ കഴിയാതെ 1910- ഒ. 28-ന് രാത്രിയില്‍ പ്രത്യേക ലക്ഷ്യമൊന്നുമില്ലാതെ വീടുവിട്ടിറങ്ങി. വഴിയില്‍വച്ച് നീര്‍ക്കെട്ട് ബാധിച്ച് ഏതാനും ദിവസം അസ്തപ്പോവ എന്ന അത്രയൊന്നും അറിയപ്പെടാത്ത സ്റ്റേഷനില്‍ തങ്ങി. അവിടെവച്ച് ന. 7-ന് അന്തരിച്ചു. ന. 9-ന് യാസ്നയ പല്യാനയിലെ വനത്തിലൊരിടത്ത്, ഇദ്ദേഹം ആഗ്രഹിച്ചിരുന്നതുപോലെ ആര്‍ഭാടങ്ങളൊന്നുമില്ലാതെ ഭൗതികാവശിഷ്ടം സംസ്കരിച്ചു.

സാഹിത്യത്തോടുള്ള സമീപനം

ജീവിച്ചിരിക്കുമ്പോള്‍ തന്നെ ലോകപ്രശസ്തിയാര്‍ജിച്ച ടോള്‍സ്റ്റോയ് തന്റേതുള്‍പ്പെടെയുള്ള സാഹിത്യകൃതികളെല്ലാം അനാവശ്യങ്ങളാണെന്നു പറഞ്ഞ് സാഹിത്യവൃത്തിയെത്തന്നെ പലപ്പോഴും തള്ളിപ്പറയുകയുണ്ടായി. ജീവിതത്തില്‍ പല പ്രാവശ്യം സാഹിത്യരചന ഉപേക്ഷിക്കുകയും വീണ്ടും അല്പകാലത്തിനുശേഷം അതിലേക്കു മടങ്ങുകയും ചെയ്തുപോന്നു. "വായിക്കാന്‍ കൊള്ളാവുന്ന കഥകളെഴുതാന്‍ കൈ ഉയരുന്നില്ല എന്ന് 37-ാം വയസ്സിലെഴുതി. അതിനുശേഷമാണ് യുദ്ധവും സമാധാനവും രചിച്ചത്. എന്നാല്‍, 'ഇതുപോലുള്ള നീണ്ട ചവറുകള്‍' മേലിലെഴുതില്ലെന്നു തീരുമാനിക്കുകയും ചെയ്തു!

ലിയോ ടോള്‍സ്റ്റോയിയും അദ്ദേഹത്തിന്റെ കൈയൊപ്പും

അസാമാന്യമായ വ്യക്തിത്വം പുലര്‍ത്തിയ ഈ സാഹിത്യകാരന്‍, തന്റെ വിശ്വാസങ്ങളെ അന്ത്യംവരെ മുറുകെപ്പിടിച്ചു. ലോകസാഹിത്യത്തിലെ 14000 ഓളം പുസ്തകങ്ങള്‍ വായിച്ച ഇദ്ദേഹത്തെ ഏതെങ്കിലും കൃതിയോ സാഹിത്യകാരനോ പ്രത്യക്ഷത്തില്‍ സ്വാധീനിച്ചിട്ടില്ലെന്നു തന്നെ പറയാം. സാഹിത്യം ഒരിക്കലും ഒരു തൊഴിലായി ടോള്‍സ്റ്റോയി കരുതിയില്ല. ജീവിതമാര്‍ഗത്തിനോ ജനപ്രീതിക്കോ വേണ്ടി സാഹിത്യരചന നടത്താന്‍ പാടില്ലെന്ന അഭിപ്രായക്കാരനായിരുന്നു ഇദ്ദേഹം. സാഹിത്യം ഒരാത്മീയ പ്രവര്‍ത്തനമാണ്. ആത്മാവിന്റെ നിര്‍ദേശാനുസരണം സൃഷ്ടിക്കപ്പെടാത്തതോ ജീവിതത്തിന്റെ അര്‍ഥം അനാവരണം ചെയ്യാത്തതോ ആയ കൃതി ഉത്തമമല്ല. ബുദ്ധികൊണ്ടല്ല ഹൃദയംകൊണ്ടാണ് സാഹിത്യത്തെ സമീപിക്കേണ്ടത്. ഹൃദയസാന്നിധ്യമില്ലാത്ത ചിന്ത കലാകാരനു ചേര്‍ന്നതല്ല. കേവലമായ ചിന്ത ജീവിതസ്പര്‍ശിയാകണമെന്നില്ല. 1847-ല്‍ ഇങ്ങനെ എഴുതി: "വേണമെങ്കില്‍ പത്തു വാല്യം തത്ത്വചിന്ത രചിക്കാം. പക്ഷേ, അവയിലൊന്നെങ്കിലും ജീവിതത്തില്‍ പകര്‍ത്തുകയാണു ദുഷ്കരം. മറ്റുള്ളവരുടെ സിദ്ധാന്തങ്ങളിലല്ല, അവരില്‍ത്തന്നെ ഏവരും ജീവിതസത്യം കണ്ടെത്തണം, വിശിഷ്യാ, സാഹിത്യകാരന്‍, എന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു.

ടോള്‍സ്റ്റോയിയുടെ ജീവിതം ആദ്യന്തം നിരന്തരമായ സത്യാന്വേഷണമായിരുന്നു. മരണശയ്യയില്‍ ഇദ്ദേഹത്തെ അലട്ടിയതു വേദനയോ മരണചിന്തയോ അല്ല, തന്റെ സത്യാന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖമായിരുന്നു. മരണശയ്യയ്ക്കരുകിലിരുന്ന മകളോട് ടോള്‍സ്റ്റോയി ഇങ്ങനെ പറഞ്ഞു: "എങ്ങനെ ചിന്തിക്കാതിരിക്കും? ചിന്തിക്കണം, അന്വേഷിക്കണം, എപ്പോഴും അന്വേഷിച്ചു കൊണ്ടേയിരിക്കണം.

പരസ്പരവിരുദ്ധങ്ങളായ സ്വഭാവവിശേഷങ്ങള്‍കൊണ്ട് ടോള്‍സ്റ്റോയ് എന്നും ഒരു പ്രഹേളികയായിരുന്നു. ഇദ്ദേഹത്തെ ശരിയായി മനസ്സിലാക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല. 48 വര്‍ഷം ഒരുമിച്ചു ജീവിച്ചിട്ടും ടോള്‍സ്റ്റോയിയെ പൂര്‍ണമായി മസ്സിലാക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ഭാര്യ പറഞ്ഞത്. "അതേ നിങ്ങള്‍ എന്നും ഇങ്ങനെ തന്നെ, ഇന്ന് ഒന്ന്, നാളെ മറ്റൊന്ന്.... വിശ്വാസങ്ങള്‍ മാറ്റിക്കൊണ്ടേയിരിക്കുന്നു. ടോള്‍സ്റ്റോയിയുടെ മറുപടി ഇപ്രകാരമായിരുന്നു-"ഓരോ വ്യക്തിയും നിരന്തരം തന്റെ സ്വഭാവം മാറ്റി മെച്ചപ്പെട്ടതു കണ്ടെത്തണം. ജീവിതത്തിലൊന്നും സ്ഥിരമായി ഇല്ല. ഒഴുക്കുവെള്ളത്തോട് ഇണങ്ങിച്ചേരുന്നതിലെന്തിരിക്കുന്നു? വ്യക്തിത്വം, കുടുംബം, സമൂഹം എല്ലാം മാറുന്നു. മേഘംപോലെ അലിഞ്ഞു രൂപഭേദം പ്രാപിക്കുന്നു. ഏതെങ്കിലും ഒന്നിനോട് ഇണങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ അതു മറ്റൊന്നായി മാറിക്കഴിയുന്നു.

ടോള്‍സ്റ്റോയ് കൃതികളില്‍ ആവര്‍ത്തിച്ചു കേള്‍ക്കുന്ന പദമാണ് 'ജീവിതം.' ഓരോ കൃതിയും ജീവിതത്തെക്കുറിച്ചുള്ള പുതിയൊരറിവിന്റെ പ്രതിഫലനമാണ്. ഇദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ പരിണാമങ്ങള്‍ സാഹിത്യകൃതികളിലും കാണാം. കഥാപാത്രങ്ങളുടെ ആത്മവിശകലനം ടോള്‍സ്റ്റോയ് കൃതികളുടെ ഒരു പ്രത്യേകതയാണ്. മിക്കവയിലും ഗ്രന്ഥകാരന്റെ ആത്മാംശം കാണാന്‍ കഴിയും. ജീവിതത്തില്‍ സ്വയം കണ്ടെത്താനുള്ള ശ്രമം. ഓരോ വ്യക്തിയും ജീവിതത്തിന്റെ അര്‍ഥം ശരിയായി മനസ്സിലാക്കുകയും മനുഷ്യജന്മത്തിന്റെ ലക്ഷ്യം എന്താണെന്ന് അറിയുകയും വേണം. ഇതാണു ടോള്‍സ്റ്റോയിയുടെ അഭിപ്രായം.

ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ഏറ്റവും പ്രധാനം സന്തുഷ്ടി നിലനിര്‍ത്തുക എന്നതാണ്. ജീവിതലക്ഷ്യംതന്നെ സന്തോഷിക്കുകയാണെന്നും, സന്തുഷ്ടി നഷ്ടപ്പെട്ടാല്‍ എല്ലാം നഷ്ടപ്പെടുമെന്നും ആകാശം, സൂര്യന്‍, നക്ഷത്രങ്ങള്‍, പുല്ല്, വൃക്ഷങ്ങള്‍, ജന്തുക്കള്‍, മനുഷ്യര്‍ എന്നിവയില്‍ എല്ലാറ്റിലും അതു കണ്ടെത്താന്‍ ശ്രമിക്കണമെന്നും അതില്ലാതായാല്‍ എവിടെയോ തെറ്റു പറ്റിയെന്നു മനസ്സിലാക്കണമെന്നും ടോള്‍സ്റ്റോയി പറഞ്ഞു. തെറ്റ് കണ്ടെത്തി തിരുത്തണം. ശരീരത്തിനും മനസ്സിനും സന്തോഷത്തിലേക്കുള്ള ആകര്‍ഷണമാണ് ജീവിതരഹസ്യം മനസ്സിലാക്കാനുള്ള ഏകമാര്‍ഗം എന്ന് അറുപതാം വയസ്സില്‍ ഇദ്ദേഹം എഴുതി. തന്റെ ജീവിതത്തെ സന്തുഷ്ടമാക്കിയ ചിന്തകളും വിശ്വാസങ്ങളും അനുഭവങ്ങളും മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കുകയാണ് സാഹിത്യകാരന്റെ കടമയെന്ന് വിശ്വസിച്ച ടോള്‍സ്റ്റോയ് ജീവിതത്തിന്റെ അര്‍ഥം തേടലിലാണ് സന്തുഷ്ടി കണ്ടെത്തിയത്. മറ്റൊന്നില്‍നിന്നും സന്തുഷ്ടി ഇദ്ദേഹത്തിനു ലഭിച്ചില്ല.

പ്രധാന കൃതികള്‍

ആത്മകഥാനോവല്‍ത്രയം-ശൈശവം (1852) കൗമാരം (1854) യൗവനം (1857)

ശൈശവം, കൗമാരം, യൗവനം എന്നിവയിലെ അനുഭവങ്ങളാണ് നിക്കോളിന്‍ക ഇര്‍ത്തിനോവ് എന്ന കഥാനായകനിലൂടെ ടോള്‍സ്റ്റോയ് വരച്ചുകാണിക്കുന്നത്. വ്യക്തിത്വത്തിന്റെ വികാസ പരിണാമങ്ങളാണ് നോവലിന്റെ കേന്ദ്രബിന്ദു. സംഭവങ്ങളുടെ കേവലമായ പുനരാവിഷ്കരണത്തിനല്ല മാനസികാപഗ്രഥനത്തിനാണ് മുന്‍തൂക്കം.

പന്ത്രണ്ടു വര്‍ഷം കൂടെ താമസിച്ച്, കുട്ടികളെ അറിയാവുന്നതെല്ലാം പഠിപ്പിച്ചുപോന്ന, ഇപ്പോള്‍ അധികപ്പറ്റായിത്തീര്‍ന്ന, കാറല്‍ ഇവാനിച്ചിന്റെ കഥയോടുകൂടിയാണു നോവല്‍ ആരംഭിക്കുന്നത്. കഥാനായകന്റെ സമ്പന്നമായ ബാല്യം, എല്ലാറ്റിനോടും പൊരുത്തപ്പെട്ടുകൊണ്ടുള്ള ജീവിതം, ചുറ്റുമുള്ള എല്ലാവരോടും സ്നേഹം, ഏവരെയും അവരുടെ കഴിവിനനുസരിച്ചോ പ്രയോജനം നോക്കിയോ അല്ലാതെ സ്നേഹിക്കല്‍, എല്ലാവരോടും മനുഷ്യത്വപരമായ സമീപനം, വെറുപ്പ്, കോപം, വിരോധം തുടങ്ങിയവ വേഗത്തില്‍ സ്നേഹമായി മാറുന്ന അവസ്ഥ, 'മനുഷ്യന്‍ പൂര്‍ണനായി ജനിക്കുന്നു' എന്ന റൂസ്സോയുടെ അഭിപ്രായത്തിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനം, എന്നിവ ഈ കൃതിയില്‍ അനാവരണം ചെയ്യപ്പെടുന്നു.

യൗവനം എന്ന നോവലിന്റെ കൈയെഴുത്തു പ്രതിയില്‍ നിന്ന്

കഥാനായകന്റെ അമ്മയുടെ മരണത്തോടെ ഇതിവൃത്തത്തിന്റെ ഒന്നാം ഭാഗം അവസാനിക്കുന്നു. അമ്മയുടെ മൃതദേഹത്തിനരികില്‍ ഭയത്തോടെ നില്‍ക്കുന്ന ബാലന്‍ അമ്മ ഇനി ഇല്ലെന്നു മനസ്സിലാക്കുന്നു. ടോള്‍സ്റ്റോയിയുടെ കഥാപാത്രങ്ങളുടെ മരണവുമായുള്ള മല്പ്പിടുത്തം ഇവിടെ ആരംഭിക്കുന്നു. ഈ ജീവിതത്തില്‍ മഹത്തായ പല നല്ല കാര്യങ്ങളും അവര്‍ ചെയ്തു തീര്‍ത്തു. അതുകൊണ്ട് ഭയമോ വ്യസനമോ കൂടാതെ മരണത്തെ വരിക്കാനും അവര്‍ക്ക് കഴിഞ്ഞു.

ടോള്‍സ്റ്റോയിയുടെ സവിശേഷതയായ സത്യസന്ധത ആ കൃതിയില്‍ത്തന്നെ വ്യക്തമാകുന്നു. കഥാനായകന് ഒരേ ഒരു നിമിഷനേരം മാത്രമേ യഥാര്‍ഥത്തില്‍ ദുഃഖം ഉണ്ടായിരുന്നുള്ളു. യഥാര്‍ഥ ദുഃഖം ഒരു വ്യക്തിയിലേ കണ്ടുള്ളു- അമ്മയുടെ വൃദ്ധയായ പരിചാരികയില്‍. അവര്‍ കരഞ്ഞില്ല. ആകാശത്തേക്കു ദൃഷ്ടികളുയര്‍ത്തി കൈകള്‍ കൂട്ടിച്ചേര്‍ത്തു പ്രാര്‍ഥിച്ചു: അമ്മയെ ദൈവത്തോടു ചേര്‍ക്കാന്‍. അതുടന്‍ സംഭവിക്കുമെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്തു.

കൗമാരത്തില്‍ ആദ്യമായി, താന്‍ നയിച്ചു പോരുന്ന ജീവിതവുമായി ഒരു സാമ്യവുമില്ലാത്ത മറ്റൊരുതരം ജീവിതം നയിക്കുന്നവര്‍കൂടി ഉണ്ടെന്നുള്ള ബോധ്യം കഥാനായകനുണ്ടായി. കുഴപ്പം പിടിച്ച കൌമാരത്തെ മണലരണ്യത്തോടാണു ടോള്‍സ്റ്റോയി സാദൃശ്യപ്പെടുത്തുന്നത്. കൌമാരമനസ്സിന്റെ സങ്കീര്‍ണതകള്‍ വരച്ചുകാണിക്കുന്ന ഈ നോവല്‍ വിദ്യാഭ്യാസപരമായും പ്രാധാന്യമുള്ളതാണ്. 'ഞാന്‍' എന്ന ഭാവം ഇക്കാലത്ത് ആരംഭിക്കുന്നു. ചുറ്റുപാടുകളില്‍ നിന്നകന്നു തന്നിലേക്കു ഒതുങ്ങിക്കൂടാനുള്ള ശ്രമം. അതേ സമയം മനുഷ്യരെ തമ്മില്‍ ബന്ധിപ്പിക്കുക എന്ന ഗ്രന്ഥകാരന്റെ ആശയം ആദ്യമായി കൌമാരത്തില്‍ ഉടലെടുക്കുന്നു.

ജീവിതത്തെക്കുറിച്ചും അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും ഉള്ള പുതിയ വീക്ഷണങ്ങള്‍, പുതിയ ലോകം, ബോധപൂര്‍വമായി പുതിയ ബന്ധങ്ങള്‍ എന്നിവയെല്ലാം യൗവനത്തില്‍ കാണാം. സ്വയം വിമര്‍ശനം ഈ കാലത്തിന്റെ പ്രത്യേകതയാണ്. വികാരവിചാരങ്ങളും തന്റെ പ്രത്യേക സ്വഭാവവും വിശകലനം ചെയ്തു വിലയിരുത്തുന്നു. സ്വന്തം വര്‍ഗത്തില്‍പ്പെട്ടവരുടെ പെരുമാറ്റസംഹിതകള്‍ക്കു പകരം സ്വന്തം ആശയങ്ങള്‍ രൂപപ്പെടുത്തുന്നു. മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യം ആത്മസാക്ഷാത്ക്കാരമാണെന്നും അതു സാധ്യമാണെന്നും, വിശ്വസിക്കുന്നു. "സമൂഹവും വിദ്യാഭ്യാസവും എനിക്കു സമ്മാനിച്ച ഏറ്റവും വിനാശകരങ്ങളും അബദ്ധജടിലങ്ങളുമായ കുറേ വിശ്വാസങ്ങള്‍ എന്റെ ജീവിതത്തിലുണ്ട് എന്ന് ഇര്‍ത്തിനോവ് കുറ്റസമ്മതം നടത്തുന്നു. ഉദാഹരണമായി മനുഷ്യരെ പല തട്ടുകളിലായി വിഭജിക്കുകയും നല്ല ശിക്ഷണം ലഭിച്ചവരെ മാത്രം ബഹുമാനിക്കുകയും ചെയ്യുന്ന സാധാരണ ജനങ്ങളോട് വെറുപ്പാണ് കഥാനായകന്. ടോള്‍സ്റ്റോയിയുടെ ജീവിതത്തില്‍ യഥാതഥ വര്‍ണന നടത്തുന്നതിലുള്ള പ്രാവീണ്യമാണ് ഈ ആത്മകഥാ നോവലില്‍ കാണാന്‍ കഴിയുന്നത്.

ടോള്‍സ്റ്റോയ് പഠനമുറിയില്‍

തന്റെ യുദ്ധാനുഭവങ്ങളെ അവലംബമാക്കി ടോള്‍സ്റ്റോയി രചിച്ച സിവസ്താപ്പോള്‍ കഥകള്‍ (1854) യുദ്ധത്തിന്റെ യഥാതഥ വര്‍ണനകൊണ്ടും ദുരിതങ്ങള്‍ സഹിച്ച് യുദ്ധവിജയത്തിനായി സാധാരണ പട്ടാളക്കാര്‍ വഹിച്ച നിര്‍ണായകമായ പങ്കിന്റെ ചിത്രീകരണം കൊണ്ടും ശ്രദ്ധേയമായി. യുദ്ധഭ്രാന്തിനെതിരായി ചിന്തിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുകയും ചെയ്തു ഈ കഥകള്‍. പരിഷ്കാരവും പ്രകൃതിയും തമ്മിലുള്ള പൊരുത്തക്കേടാണ് സ്വിറ്റ്സര്‍ലണ്ട് പര്യടനക്കാലത്തുണ്ടായ ഒരനുഭവത്തെ അധികരിച്ച് ഇദ്ദേഹം രചിച്ച 'ല്യൂറ്റ്സേറ്ന്‍' (1857) എന്ന കഥ. ഭൂവുടമയും കര്‍ഷകനും വൃക്ഷവും മരണത്തെ എങ്ങനെ വ്യത്യസ്തമായി നേരിടുന്നു എന്നു വ്യക്തമാക്കുന്ന കഥയാണ് 'മൂന്നു മരണം' (1858). ഇവരില്‍ ശാന്തമായും അന്തസ്സോടുകൂടിയും മരണത്തെ നേരിടുന്നത് മരം മാത്രം. പ്രാകൃതരായ കൊസ്സാക്കുകളുടെ ജീവിതവും പരിഷ്കൃത സമൂഹത്തിന്റെ ജീവിതവും താരതമ്യം ചെയ്യുന്ന നീണ്ട കഥയായ 'കൊസ്സാക്കുകള്‍' (1862) കഥാനായകനായ അല്യേനിന്റെ- മോസ്കോയില്‍നിന്നു കാക്കസസ്സില്‍ എത്തിയതാണ് ഇയാള്‍ - പരിവര്‍ത്തനമാണ് അനാവരണം ചെയ്യുന്നത്. തന്റെ പഴയ ശീലങ്ങള്‍ക്കു വിടപറഞ്ഞെങ്കിലേ അപരിഷ്കൃതരായ കൊസ്സാക്കുകളുമായി തനിക്കു സംവദിക്കാന്‍ കഴിയൂ എന്ന് അനുഭവത്തിലൂടെ അറിയുന്നു അല്യേനിന്‍ കഥാന്ത്യത്തില്‍.

യുദ്ധവും സമാധാനവും (War and Peace, 1863-69)

റഷ്യന്‍ ദേശീയ ഇതിഹാസം. ടോള്‍സ്റ്റോയിയുടെ സന്തുഷ്ടമായ കുടുംബജീവിതകാലത്താണ് ഇതിന്റെ രചന നടന്നത്. 1812-ല്‍ നെപ്പോളിയനെതിരെ റഷ്യ നടത്തിയ ഐതിഹാസിക യുദ്ധമാണ് നോവലിനാധാരം. യുദ്ധത്തില്‍ ജനതയുടെ പങ്ക് എന്ന ആശയത്തിനു മുന്‍തൂക്കം നല്‍കുന്നു. 'വയ്നാ ഇ മീര്‍' എന്ന റഷ്യന്‍ തലക്കെട്ടിലെ 'മീര്‍' എന്ന പദത്തിനു സമാധാനം എന്നതിനെക്കാള്‍ 'മനുഷ്യവര്‍ഗം മുഴുവന്‍' എന്ന അര്‍ഥമാണ് ടോള്‍സ്റ്റോയ് നല്‍കിയിരിക്കുന്നത്. എല്ലാ ജനങ്ങളുടേയും സാഹോദര്യവും സമാധാനത്തിലധിഷ്ഠിതമായ സഹവര്‍ത്തിത്വവുമാണ് നോവലിന്റെ ലക്ഷ്യം. മനുഷ്യന്റെ അവകാശങ്ങള്‍ എല്ലാ രാജ്യങ്ങളും ഒരുപോലെ അംഗീകരിക്കത്തക്കവിധം മനുഷ്യജീവിതം കെട്ടിപ്പടുക്കുക, ജനങ്ങള്‍ തമ്മിലുള്ള യുദ്ധസാധ്യത ഒഴിവാക്കുക - ഇവയായിരുന്നു ടോള്‍സ്റ്റോയിയുടെ മനസ്സില്‍. ഈ കൃതി ദി റഷ്യന്‍ മെസ്സഞ്ചര്‍ എന്ന പ്രസിദ്ധീകരണത്തിലൂടെയാണ് ആദ്യം പുറത്തുവന്നത്.

"ഞാന്‍ ജനങ്ങളുടെ ചരിത്രമെഴുതാനാണ് ശ്രമിച്ചത്. ടോള്‍സ്റ്റോയ് പറഞ്ഞു. ജനങ്ങളാണു ചരിത്രം സൃഷ്ടിക്കുന്നത്. ചക്രവര്‍ത്തി ചരിത്രത്തിനടിമയാണ്. അജയ്യനായ നെപ്പോളിയനെ കീഴടക്കാന്‍ റഷ്യയ്ക്കു കഴിഞ്ഞത് പട്ടാളക്കാരുടേയും സാധാരണ ജനങ്ങളുടേയും ദേശസ്നേഹവും ഇച്ഛാശക്തിയും കൊണ്ടാണ്. നോവലില്‍ വിവിധ തരത്തിലുള്ള മനുഷ്യസമൂഹങ്ങള്‍ ഉണ്ട്. ഓരോ വ്യക്തിയേയും ഓരോ സ്വതന്ത്രലോകമായും അതോടൊപ്പം മനുഷ്യസമുദായത്തിന്റെ ഘടകമായും കാണിക്കുന്നു. മനുഷ്യന്‍ തന്നെക്കുറിച്ചറിയുന്നത് സമൂഹവുമായി ഇടപഴകുമ്പോഴാണ്, ലോകം മനുഷ്യ വര്‍ഗത്തിന്റെ പൊതുസ്വത്താണെന്നറിയുമ്പോഴാണ്.

ജീവിത വര്‍ണനയ്ക്കാണ് നോവലില്‍ മുഖ്യസ്ഥാനം. വ്യക്തിജീവിതങ്ങള്‍ ജനജീവിതവുമായി ചേര്‍ന്നു വികാസം പ്രാപിക്കുന്നു. ജീവിതത്തിന്റെ ലക്ഷ്യവും അര്‍ഥവും തേടുകയാണ് നോവലിസ്റ്റ്. "ജീവിതം പോലെ ഈ നോവലും ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യുന്നില്ല. (റൊമൈന്‍ റൊളാങ്). നദിപോലെ ചലനാത്മകമായ ജീവിതം. വിഭിന്ന വ്യക്തികളുടെ സ്വകാര്യജീവിതങ്ങള്‍, സാമൂഹ്യ ജീവിതം, പട്ടാളക്കാരുടെയും ഓഫീസര്‍മാരുടെയും ജീവിതങ്ങള്‍, ജനജീവിതവും കുലീന ജീവിതവും. ജീവിതങ്ങളുടെ വര്‍ണനകള്‍ക്കുപരി അവയുടെ വിലയിരുത്തലുകള്‍, സാത്വിക ജീവിതവും കപടജീവിതവും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍, സ്നേഹസമ്പന്നങ്ങളായ കുടുംബങ്ങളും അസന്തുഷ്ടങ്ങളായ കുടുംബങ്ങളും, നമ്മുടെ കണ്‍മുന്നില്‍ ജീവിക്കുന്ന കഥാപാത്രങ്ങള്‍, അവരുടെ മുഖം കാണാം, ശബ്ദം കേള്‍ക്കാം, മനസ്സിന്റെ ഉള്ളറകളിലേക്കു കടക്കാം, രഹസ്യങ്ങളറിയാം, അവരെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്യാം - എന്നിങ്ങനെ നിരവധിയാണ് യുദ്ധവും സമാധാനവും' എന്ന കൃതിയിലെ പ്രമേയങ്ങള്‍.

1860 കളിലെ റഷ്യന്‍ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലമാണു നോവല്‍ രചനയുടെ പ്രചോദനം. ദേശീയബോധത്തിന്റെ വളര്‍ച്ചയുടെ കാലം, രാജ്യത്തിന്റെ പിന്നോക്കാവസ്ഥ, ജനങ്ങളുടെ ഭാവി, അഭിജാതവര്‍ഗവും അടിയാന്മാരും തമ്മിലുള്ള സംഘട്ടനങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങളാണ് ഗ്രന്ഥകാരനെ ആകര്‍ഷിച്ചത്. സമകാലിക പ്രശ്നങ്ങള്‍ക്കു പരിഹാരമായി നൂറ്റാണ്ടിന്റെ ആരംഭകാലത്തിലെ ചരിത്രസംഭവങ്ങള്‍ വിശകലനം ചെയ്യാന്‍ തീരുമാനിച്ചു. അതിനായി ലഭ്യമായ ചരിത്രരേഖകള്‍ പഠിച്ചു. യുദ്ധരംഗങ്ങള്‍ സന്ദര്‍ശിച്ചു, അനുഭവസ്ഥരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

സങ്കീര്‍ണവും എന്നാല്‍ കെട്ടുറപ്പുള്ളതുമായ ഒരു രചനാ രീതിയാണ് നോവലിനുള്ളത്. കഥയ്ക്ക് അനേകം അവാന്തരവിഭാഗങ്ങളുണ്ട്. സംഭവപരമ്പര, 559 കഥാപാത്രങ്ങള്‍ (അവയില്‍ 200 പേര്‍ ചരിത്രകഥാപാത്രങ്ങള്‍), 20 യുദ്ധരംഗങ്ങള്‍, അനേകം ജീവിതരംഗങ്ങള്‍, ക്രൂരമായ ആക്രമണങ്ങള്‍, ഉപജാപങ്ങള്‍, ശുദ്ധപ്രണയം ജനനം മുതല്‍ മരണംവരെയുള്ള എല്ലാം. അനേകം കൃതികളിലായി കൈകാര്യം ചെയ്യാവുന്ന പ്രമേയങ്ങള്‍ ഒരു കൃതിയില്‍ഒന്നുപോലും ആവര്‍ത്തിക്കാതെ, കഥാപാത്രങ്ങള്‍ക്കു അപൂര്‍വ ചൈതന്യവും വ്യക്തിത്വവും നല്‍കിക്കൊണ്ട് പ്രതിപാദിക്കുന്നു.

1805-നും 1814-നും ഇടയ്ക്ക് യൂറോപ്പിലുണ്ടായ സംഭവങ്ങളുടെ സമ്പൂര്‍ണചിത്രം ഈ നോവല്‍ നല്‍കുന്നു. നെപ്പോളിയന്റെ യുദ്ധസന്നാഹങ്ങള്‍, ഫ്രഞ്ച്, റഷ്യന്‍, ആസ്ട്രിയന്‍ ചക്രവര്‍ത്തിമാര്‍, നയതന്ത്രപ്രതിനിധികള്‍, പട്ടാളനേതാക്കള്‍ എന്നിവ പരാമര്‍ശിച്ചുകൊണ്ട്, ഫ്രഞ്ചുവിപ്ലവത്തിന്റെ പശ്ചാത്തലത്തിലാണ്, 1812-ലെ യുദ്ധത്തിന്റെ വര്‍ണന തുടങ്ങുന്നത്. എല്ലാ കഥാപാത്രങ്ങളുടെയും ജീവിതം ചരിത്രസംഭവങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു.

നെപ്പോളിയന്റെ കടന്നാക്രമണത്തിനെതിരേയുള്ള റഷ്യന്‍ യുദ്ധത്തെ ടോള്‍സ്റ്റോയ് ന്യായീകരിക്കുന്നു. കുത്തൂസവിനെയാണ് റഷ്യന്‍ വിമോചന സേനയുടെ നടുനായകസ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുള്ളത്. കൂത്തൂസവിന് എതിരാളിയായാണ് നെപ്പോളിയന്റെ അവതരണം. ബല്‍സാക്കും ഹ്യൂഗോയും ചെയ്തതുപോലെ ടോള്‍സ്റ്റോയ് നെപ്പോളിയനെ ആദര്‍ശവത്ക്കരിക്കുന്നില്ല. മറിച്ച്, ബോണപ്പാര്‍ട്ടിസത്തിന്റെ മനശ്ശാസ്ത്രവിശകലനം നടത്തുകയാണ്. അതൊരു ഭയാനകമായ സാമൂഹിക തിന്മയാണ്. താന്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതുമാണ് ചരിത്രമെന്നയാള്‍ വിശ്വസിക്കുന്നു. താന്‍ ലോക ഭരണാധികാരിയാണെന്നും ലോകത്തിന്റെ വിധി താന്‍ നിര്‍ണയിക്കുമെന്നും അയാള്‍ കരുതുന്നു. വാസ്തവത്തില്‍ ബുദ്ധിയും മനസ്സും മരവിച്ച് അന്ധനായ അയാള്‍ ചരിത്രത്തിന്റെ അടിമയാണ്. മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നതു സന്തുഷ്ടരായിരിക്കാനാണ്. നെപ്പോളിയനെപ്പോലെ അസന്തുഷ്ടരുടെ ദൃഷ്ടിയില്‍ ചുറ്റുമുള്ള ലോകത്തിന് അര്‍ഥമില്ലാതാകുന്നു. ജീവിതത്തില്‍ സന്തുഷ്ടി അറിഞ്ഞിട്ടില്ലാത്ത ഇയാള്‍ മനുഷ്യരാശിക്കു തിന്മ പ്രദാനം ചെയ്യുന്നു. നോവലില്‍ ചെറിയ നെപ്പോളിയന്മാരും ഉണ്ട്. കുത്തുസവും നെപ്പോളിയനും സാമാന്യവത്ക്കരിക്കപ്പെട്ട രണ്ടു പ്രതീകങ്ങളാണ്. ഇവര്‍ തമ്മിലുള്ള സംഘട്ടനം നോവലിലെ പ്രധാന ഘടകങ്ങളിലൊന്നാണ്.

ടോള്‍സ്റ്റോയിയുടെ കൈയെഴുത്തു മാതൃക(ഗാന്ധിജിക്ക് അയച്ച കത്തില്‍നിന്ന്

യുദ്ധത്തിന്റെ ധാര്‍മികവും മനശ്ശാസ്ത്രപരവുമായ പ്രശ്നങ്ങളാണ് ഗ്രന്ഥകാരനെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. യുദ്ധത്തിന്റെ ബാഹ്യവര്‍ണനകളേക്കാള്‍ അത് മനുഷ്യമനസ്സിലുളവാക്കുന്ന ചലനങ്ങള്‍ക്കാണ് മുന്‍തൂക്കം. അനവരതം ഒഴുകിക്കൊണ്ടിരിക്കുന്ന മനുഷ്യമനസ്സും ആത്മഗതങ്ങളും മാനസിക സംഘട്ടനങ്ങളും അതോടൊപ്പം മനസ്സിന്റെ വളര്‍ച്ചയും ഇതില്‍ പ്രതിഫലിക്കുന്നു.

ഈ നോവല്‍ യുദ്ധത്തിന്റെ മനശ്ശാസ്ത്രം മാത്രമല്ല, അതിന്റെ ഒരു ശസ്ത്രക്രിയകൂടിയാണ്. ലോകസാഹിത്യത്തിലാദ്യമായി ആധുനിക യുദ്ധവര്‍ണനകളുടെ ഒരു പുതിയ അധ്യായം - യഥാര്‍ഥ ധീരതയും കപടധീരതയും - ഓഫീസര്‍മാരെക്കാള്‍ പട്ടാളക്കാരിലും സാധാരണ ജനങ്ങളിലുമാണ് യഥാര്‍ഥ ധീരന്മാരും രാജ്യസ്നേഹികളും എന്ന വസ്തുത, സ്വയം മറന്നു പൊരുതുന്ന, പ്രശസ്തി ആഗ്രഹിക്കാത്ത, സാധാരണ പട്ടാളക്കാരായ തൂഷിനും തിമിഹോനും - ഇവരുടെ ലാളിത്യവും ആത്മാര്‍ഥതയും കപടധീരന്മാരും പൊങ്ങച്ചക്കാരുമായ ഓഫീസര്‍മാര്‍ എന്നിവയെല്ലാം ചര്‍ച്ചാവിഷയമാവുന്നു.

സമാന്തരമായി നീങ്ങുന്ന മൂന്നു കുടുംബകഥകള്‍ ഈ നോവലിലുണ്ട്. ബള്‍ക്കോന്‍സ്കി കുടുംബം - മുന്‍ പട്ടാളമാര്‍ഷലായ പ്രഭു, മകള്‍ മേരി, മകന്‍ ഉല്‍ക്കര്‍ഷേച്ഛുവായ പട്ടാള ഓഫീസര്‍ അന്ത്രേയ്. രണ്ടാമത്തേത്, റസ്തോവ് കുടുംബം - റസ്തോവ്, മകള്‍ നതാഷ, മകന്‍ പട്ടാള ഓഫീസറായ നിക്കൊളായ്. ധനികപ്രഭുവര്‍ഗത്തിന്റെ പ്രതീകമായി ബിസ്തുഷേവ് കുടുംബം - വൃദ്ധനായ ബീസൂഹവ് (സ്വത്തു മുഴുവന്‍ ജാരസന്തതിയായ പീറേയ്ക്കു നല്‍കുന്നു), ഇയാളുടെ ഭാര്യ ഹെലന്‍, അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും- ഇതാണ് മൂന്നാമത്തെ കുടുംബം.

നോവലിലെ പ്രധാന നായകന്മാര്‍ അന്ത്രേയ് ബള്‍കോന്‍ സ്കിയും പ്യേര്‍ ബിസൂഹവും ആണ്. ഒരാള്‍ സ്വാര്‍ഥനും ദുരഭിമാനിയും മറ്റേയാള്‍ അലസനും മനസ്സാക്ഷിക്കനുസരിച്ച് ജീവിക്കുന്നവനുമാണ്. രണ്ടുപേരും അടിസ്ഥാനപരമായി നല്ലവര്‍, ഉയര്‍ന്ന ചിന്തയും വികാരവും പുലര്‍ത്തുന്നവര്‍. ജീവിതത്തിന്റെ മഹത്തായ അര്‍ഥവും അതില്‍ തങ്ങളുടെ പങ്കും അന്വേഷിച്ചറിയാന്‍ ശ്രമിക്കുന്ന ഇവരെ ബന്ധിപ്പിക്കുന്ന കണ്ണിയാണ് നതാഷ റസ്തോവ. പട്ടാളത്തില്‍ ഉന്നതമായ സ്ഥാനവും പ്രശസ്തിയും നേടുക എന്നതായിരുന്നു അന്ത്രേയുടെ ലക്ഷ്യം. നെപ്പോളിയന്റെ കീര്‍ത്തി ഇയാളെ ആകര്‍ഷിക്കുന്നു. അതുപോലാകാന്‍ ഇയാള്‍ ആഗ്രഹിക്കുന്നു. പക്ഷേ, യുദ്ധത്തില്‍ ഏറ്റ മുറിവും ഭാര്യയുടെ മരണവും കാരണം ക്രമേണ ജീവിതത്തിലേക്കു മടങ്ങുന്ന ഇയാള്‍ കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നു. പ്യേറിനെ കണ്ടുമുട്ടുന്നതോടെ ഇയാളില്‍ മാറ്റങ്ങളുണ്ടാകുന്നു. നതാഷയോടുള്ള പ്രേമം ഇയാള്‍ക്ക് നവോന്മേഷം പകര്‍ന്നെങ്കിലും ആ പ്രേമത്തിന്റെ പരാജയം ഇയാളെ നിരാശനാക്കുന്നു. നെപ്പോളിയന്‍ റഷ്യനതിര്‍ത്തി കടന്നതോടെ ഇയാള്‍ പട്ടാളത്തിലേക്കു മടങ്ങുന്നു. പ്രശസ്തിയില്‍ താത്പര്യമില്ലാത്ത അന്ത്രേയ് ജനങ്ങളെ മനസ്സിലാക്കുകയും അവരുമായി സൌഹൃദം പങ്കുവയ്ക്കുകയും ചെയ്തു. ബറജീന്‍ യുദ്ധത്തില്‍ വീണ്ടും മുറിവേറ്റ് ഇയാള്‍ മരണമടയുന്നു. ഇയാളുടെ മകന്‍ കാലക്രമത്തില്‍ ഒരു 'ഡിസംബറിസ്റ്റ്' വിപ്ലവകാരിയായിത്തീരുന്നു.

പ്യേര്‍ ബിസൂഹവ് വികാരജീവിയും ദയാലുവും ചിന്താശീലനുമാണ്. സമ്പത്ത് ഇയാളില്‍ ഒരു മാറ്റവും വരുത്തിയില്ല. അടിയാന്മാരായ കര്‍ഷകര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു സംതൃപ്തി നേടി. 'തികച്ചും നല്ലവനായിരിക്കുക' എന്നതാണ് ഇയാളുടെ ആഗ്രഹം. നന്മയും തിന്മയും എന്താണ്? ഇഷ്ടപ്പെടേണ്ടതെന്ത്? വെറുക്കേണ്ടതെന്ത്? എന്തിന് ജീവിക്കണം? താനാരാണ്? മരണമെന്ത്? ജീവിതമെന്ത്? ഇവയെക്കുറിച്ചായിരുന്നു ഇയാളുടെ ചിന്ത. സ്വയം നെപ്പോളിയനാകണമെന്നും, യുദ്ധത്തില്‍ നെപ്പോളിയനെ ഒറ്റയ്ക്ക് തോല്പ്പിക്കണമെന്നും ആഗ്രഹിച്ചു. പക്ഷേ, ശരിയായ മാര്‍ഗം കണ്ടെത്താനാവാതെ, തെറ്റുകളില്‍ചെന്നുപെടുന്നു. യുദ്ധത്തിനിടയില്‍ തടങ്കലിലായി. തടങ്കലിലെ പീഡകള്‍ ഇയാളെ പുതിയൊരു മനുഷ്യനാക്കി. എല്ലാ കഷ്ടപ്പാടുകളോടുംകൂടി ജീവിതത്തെ സ്നേഹിക്കുവാനും, സന്തുഷ്ടി കണ്ടെത്തുവാനും ഇയാള്‍ തീരുമാനിക്കുന്നു.

യാസ്നയ പഖ്യാനയിലെ ഒരു വനപാത

അത്യാകര്‍ഷകങ്ങളായ കഥാപാത്രങ്ങളിലൊന്നാണ് ബാലേ നര്‍ത്തകിയായ നതാഷ റസ്തോവ. നിഷ്കളങ്കത, ആത്മാര്‍ഥത, തുറന്ന പെരുമാറ്റം, മനശ്ശക്തി എന്നിവ ഇവരുടെ പ്രധാന ഗുണങ്ങളാണ്. സദ്ഗുണങ്ങള്‍ മരണത്തിന്റെ വക്കുവരെ എത്തിക്കുന്നുണ്ടെങ്കിലും തിന്മയിലും നിരാശയിലും ദുഃഖത്തിലും വിശ്വസിക്കാത്തവരെയാണ് ഇഷ്ടം. എല്ലാവരിലും നന്മമാത്രം കണ്ടു. മറ്റുള്ളവരെ മനസ്സിലാക്കാന്‍ അസാമാന്യമായ കഴിവുണ്ട്. ബറജീന്‍ യുദ്ധാനന്തരം മോസ്കോ നിവാസികള്‍ പട്ടണം വിട്ടപ്പോള്‍ നതാഷയുടെ മാതാപിതാക്കളും അതിനൊരുങ്ങുന്നു. നതാഷ അതിനെ എതിര്‍ക്കുന്നു. കുതിരകളും വണ്ടികളും മുറിവേറ്റവരുടെ ഉപയോഗത്തിനു നല്‍കാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നു. യുദ്ധത്തില്‍ മുറിവേറ്റവരെ സ്വയം ശുശ്രൂഷിച്ച് അതില്‍ ആനന്ദം കണ്ടെത്തുന്നു. അന്ത്രേയ്, പ്യേര്‍ എന്നിവരില്‍ സുഷുപ്തമായിരുന്ന സദ്ഗുണങ്ങള്‍ ഉണര്‍ത്തിയെടുക്കുന്നതില്‍ നതാഷ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

നോവലിലെ യഥാര്‍ഥ നായകസ്ഥാനം ഏതെങ്കിലും ഒരു വ്യക്തിക്കല്ല, ജനസമൂഹത്തിനാണ്. എല്ലാ സംഭവങ്ങളും ജനതാത്പര്യത്തിനനുസൃതമായാണ് വിശകലനം ചെയ്തിട്ടുള്ളത്. ഒരേ ലക്ഷ്യത്തിനുവേണ്ടി നിലകൊള്ളുന്ന ജനങ്ങളുടെ സൌഹൃദത്തിനാണ് നോവലിസ്റ്റ് ഏറെ വിലകല്പ്പിക്കുന്നത്. യുദ്ധവും സമാധാനവും ടോള്‍സ്റ്റോയിയെ ലോകപ്രശസ്തനാക്കി. ഇത്തരമൊരു കൃതി ലോകസാഹിത്യത്തില്‍ ഇതിനു മുമ്പുണ്ടായിട്ടില്ല.

അന്നാ കരേനിന (1875-77)

കുടുംബം എന്ന ആശയത്തിനാണ് ഈ നോവലില്‍ മുന്‍തൂക്കം. 1870 കളില്‍ റഷ്യയില്‍ സജീവമായിരുന്ന കുടുംബ പ്രശ്നങ്ങളാണ് പശ്ചാത്തലം. സന്തുഷ്ട-അസന്തുഷ്ട കുടുംബങ്ങളുടെ താരതമ്യകഥയാണിത്. ഗ്രന്ഥകാരന്റെ കുടുംബസങ്കല്പങ്ങളുടെയും സദാചാരചിന്തകളുടെയും പ്രതിഫലനം, മനുഷ്യജാതി വികാസം പ്രാപിക്കുന്നതു കുടുംബത്തിലൂടെയാണെന്ന ആശയം, മനുഷ്യമനസ്സിന്റെ സങ്കീര്‍ണത തുറന്നുകാട്ടുന്നതിലുള്ള ശ്രദ്ധ, സമകാലിക സാമൂഹ്യപ്രശ്നങ്ങള്‍ എന്നിവ നോവലിന്റെ ഇതിവൃത്തത്തില്‍പ്പെടുന്നു.

പ്രധാന കഥാപാത്രങ്ങളായ അന്ന, കരേനിന്‍, വ്രോന്‍സ്കി, ലേവിന്‍, ഒബ്ലോന്‍സ്കി, കീച്ചി തുടങ്ങിയവരെല്ലാം ഉന്നതകുലജാതരാണ്. ഇവരുടെ കുടുംബവീക്ഷണമാണ് നോവലില്‍ പ്രധാനം. കൃത്രിമ ജീവിതം നയിക്കുന്ന ഈ സമൂഹത്തിന് നന്മ തിന്മകളെക്കുറിച്ചും സദാചാരത്തെക്കുറിച്ചും പ്രത്യേക ധാരണയാണ്. ജീവിതം എന്തെന്നു മനസ്സിലാകുന്നതിനു മുമ്പായി അന്നയെ ഒരുയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥനായ കരേനിനു വിവാഹം കഴിച്ചുകൊടുക്കുന്നു. ഔദ്യോഗിക പദവിയുടെ ദുസ്വാധീനത്തില്‍പ്പെട്ടു നൈസര്‍ഗിക ഗുണങ്ങള്‍ നഷ്ടപ്പെട്ട കരേനിന്‍ അന്നയുടെ വാക്കുകളില്‍ കേവലമൊരു യന്ത്രം. കുടുംബജീവിതത്തിന്റെ സന്തുഷ്ടി എന്തെന്ന് അന്ന അറിഞ്ഞില്ല. ഇതിനിടയില്‍ അവര്‍ക്കൊരു മകനുണ്ടായി. എട്ടു വര്‍ഷത്തിനുശേഷം ഒരിക്കല്‍ അന്ന പീറ്റേഴ്സ്ബര്‍ഗിലുള്ള സഹോദരഭവനത്തിലേക്കു വരുന്നു. സഹോദരന്റെ വിവാഹേതര ബന്ധങ്ങളില്‍ തകര്‍ന്ന കുടുംബജീവിതം കൂട്ടിയോജിപ്പിക്കുകയായിരുന്നു വരവിന്റെ ലക്ഷ്യം. റെയില്‍വേ സ്റ്റേഷനില്‍വച്ച് വ്രോന്‍സ്കി എന്ന യുവാവുമായി അന്ന പരിചയമാവുന്നു. പരിചയം ക്രമേണ പ്രേമത്തിലെത്തുന്നു. ഇവര്‍ നിരന്തരം കണ്ടുമുട്ടുന്നു. തന്റെ ബന്ധം രഹസ്യമാക്കാന്‍ മറ്റുള്ളവരെപ്പോലെ അന്ന കൂട്ടാക്കിയില്ല. കാര്യം പരസ്യമായി, കരേനിന്റെ ചെവിയിലുമെത്തി. അന്ന വിവാഹമോചനത്തിനു ശ്രമിക്കുന്നു. കരേനിന്‍ വഴങ്ങുന്നില്ല. മകനെയും നല്‍കുന്നില്ല. ഇതിനിടയില്‍ വ്രോന്‍സ്കിക്ക് അന്നയില്‍ ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നു. എല്ലാം മറന്ന് സ്വസ്ഥമായി ജീവിക്കാനായി വ്രോന്‍സ്കിയുമായി അന്ന നാടുവിടുന്നു. പക്ഷേ, അധിക കാലം വിദേശത്തു സന്തോഷത്തോടെ കഴിയാന്‍ സാധിക്കുന്നില്ല. അന്നയുടെ സ്വപ്നങ്ങള്‍ ഓരോന്നായി പൊലിയുന്നു. യാഥാര്‍ഥ്യങ്ങള്‍ അവളെ അലട്ടുന്നു. വിശേഷിച്ചും മകനെക്കുറിച്ചുള്ള ചിന്ത. വ്രോന്‍സ്കിയും തന്നെ പഴയതുപോലെ സ്നേഹിക്കുന്നില്ലെന്നുള്ള ചിന്ത, ജീവിതം ദുഷ്കരമാക്കുന്നു. അന്ന തീവണ്ടിക്കു മുന്നില്‍ ചാടി മരിക്കുന്നു.

ദ് ലീവിങ് കോര്‍പ് എന്ന നാടകത്തില്‍ നിന്ന്

ടോള്‍സ്റ്റോയിയുടെ മനോവിശകലന പാടവത്തിനു ഉത്തമദൃഷ്ടാന്തമാണ് ഈ നോവല്‍. സ്ത്രീഹൃദയത്തിന്റെ ഏകാന്തദുഃഖം, അന്നയിലെ അമ്മയും കാമുകിയും തമ്മിലുള്ള സംഘട്ടനം, ഒരേസമയം രണ്ടുമാകാനുള്ള ശ്രമം, സ്വാര്‍ഥവും ഭ്രാന്തവുമായ വികാരത്തിനുമുന്നില്‍ എല്ലാം മറക്കുന്ന അവസ്ഥ-ടോള്‍സ്റ്റോയ് അന്നയെ ന്യായീകരിക്കുന്നില്ല. പക്ഷേ, അവളെ വിമര്‍ശിക്കാന്‍ സമുദായത്തിനുള്ള അര്‍ഹത ചോദ്യം ചെയ്യുന്നു.

ഭൂവുടമയായ ലേവിന്റെയും കീച്ചിയുടെയും കഥയാണ് നോവലിന്റെ മൂന്നിലൊരു ഭാഗവും. അസന്തുഷ്ടിയിലാരംഭിക്കുന്ന അവരുടെ ബന്ധം സന്തുഷ്ടിയിലവസാനിക്കുന്നു. ലേവിന്റെ സൃഷ്ടിയില്‍ ടോള്‍സ്റ്റോയിയുടെ പ്രതിരൂപം കാണാം. ജീവിതത്തിന്റെ അര്‍ഥം അന്വേഷിക്കുന്ന ഒരു സത്യാന്വേഷിയാണ് ലേവിന്‍. കര്‍ഷകരുമായി നല്ല ബന്ധം കാംക്ഷിക്കുന്ന ഭൂവുടമ, അതിലുള്ള പരാജയം, കീച്ചിയുമായുള്ള പ്രേമബന്ധത്തിന്റെ തടസ്സവും മറ്റു സാമൂഹ്യപ്രശ്നങ്ങളും ലേവിനെ ആത്മഹത്യയുടെ വക്കുവരെ എത്തിക്കുന്നു. പക്ഷേ ആത്മാവിന്റെ രക്ഷയ്ക്കായി ജീവിതം തുടരുന്നു. അന്നയും ലേവിനും നിലവിലുള്ള നിയമങ്ങള്‍ നിഷേധിക്കുന്നവരാണ്. തങ്ങളുടെ വീക്ഷണത്തിനനുസരണമായി ജീവിക്കുന്നവര്‍. അന്നയുടെയും സഹോദരഭാര്യയായ ഡോളിയുടെയും കണ്ടുമുട്ടല്‍ നോവലിലെ പ്രധാന രംഗങ്ങളിലൊന്നാണ്. ഡോളി അന്നയെ കുറ്റപ്പെടുത്തുന്നില്ല. ഡോളി വിടനായ ഭര്‍ത്താവുമായി ഇണങ്ങി കുടുംബബന്ധം തുടര്‍ന്നു. അന്ന പൊരുത്തപ്പെടാന്‍ കഴിയാത്ത ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു മറ്റൊരുവനോടൊപ്പം കഴിഞ്ഞു. പക്ഷേ, ഇരുവരും അസന്തുഷ്ടര്‍. റഷ്യന്‍ സ്ത്രീകളുടെ രണ്ടു വ്യത്യസ്തവിധികളാണ് നോവലില്‍. അതുപോലെ പ്രധാന കഥാപാത്രങ്ങള്‍ കുടുംബത്തേയും വിവാഹബന്ധത്തേയും കുറിച്ച് ഭിന്നാശയങ്ങള്‍ പുലര്‍ത്തുന്നവരാണ്. വ്രോന്‍സ്കി ഒരിക്കലും കുടുംജീവിതം ഇഷ്ടപ്പെട്ടിരുന്നില്ല. യഥാര്‍ഥ കുടുംബജീവിതം എന്തെന്നറിയാനുള്ള അവസരം അയാള്‍ക്കുണ്ടായില്ല. ലേവിനാകട്ടെ മറിച്ചും. കുടുംബമാണു ലേവിനുപ്രധാനം. വിവാഹം എന്ന സങ്കല്പവുമായി ബന്ധപ്പെട്ടു മാത്രമേ ഒരു സ്ത്രീയെ അയാള്‍ക്കു സ്നേഹിക്കാന്‍ കഴിയൂ.

ഇവാന്‍ ഈലിച്ചിന്റെ മരണം (1886)

ടോള്‍സ്റ്റോയിയുടെ ജീവിതത്തിന്റെ വഴിത്തിരിവില്‍ എഴുതപ്പെട്ട കൃതി. സാഹിത്യരചന ഉപേക്ഷിച്ച് ആധ്യാത്മിക കാര്യങ്ങളില്‍ മുഴുകിത്തുടങ്ങിയ കാലത്ത് (1885-ല്‍) ഉണ്ടായ ഇദ്ദേഹത്തിന്റെ കഠിനമായ രോഗവും വീട്ടില്‍ നടന്ന മരണവും ഈ കൃതി രചിക്കാന്‍ പ്രചോദനമായി. കഥാനായകന്റെ മരണഭയമാണ് കഥയിലെ കേന്ദ്രബിന്ദു. ഓരോ വ്യക്തിയും നേരിടുന്ന മരണമെന്ന യാഥാര്‍ഥ്യം. ഉന്നതകുലജാതനായ ഇവാന്‍ ജീവിതത്തില്‍ ആഗ്രഹിച്ചതെല്ലാം നേടി. തികഞ്ഞ സ്വാര്‍ഥന്‍, ജീവിതത്തില്‍ ഔപചാരികത മാത്രം കൈമുതലായുള്ള ഇയാള്‍ എല്ലാം നേടിയെങ്കിലും ജീവിതം സന്തുഷ്ടമല്ല. ഭാര്യ, കുട്ടികള്‍, അവരുടെ രോഗങ്ങള്‍ ഇവയെല്ലാം ഇയാളെ അലട്ടി. അവസാനം മാരകമായ രോഗത്താല്‍ കല്ലറയില്‍ മൃതനായിക്കിടക്കുന്ന ഇവാന്റെ ഭൂതകാലജീവിതത്തിലേക്കു വെളിച്ചം വീശുന്നതാണു കഥയിലെ ഇതിവൃത്തം. രോഗത്തിനു മുമ്പുള്ള കാലം ഇയാളുടെ ആത്മീയമായ മരണമായിരുന്നു. അതിനുശേഷമുള്ള കാലം ക്രമാനുഗതമായ ആത്മീയ ഉണര്‍വിന്റെ കാലവും. രോഗിയായ ഇയാളോട് ഭാര്യ, അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, ഡോക്ടര്‍ തുടങ്ങിയവരുടെ ഉദാസീനമായ പെരുമാറ്റം ഇയാളെ വേദനിപ്പിക്കുന്നു. മരണഭീതിക്കടിമപ്പെട്ടു കഴിയുന്ന ഇയാളോട് ചുറ്റുമുള്ളവര്‍ക്കു നിസ്സംഗത മാത്രമാണ്. മരണശയ്യയില്‍കിടന്ന് അയാള്‍ തന്റെ ഭൂതകാലജീവിതത്തിലേക്കു പര്യടനം നടത്തുന്നു. എല്ലാം നിഷ്പ്രയോജനമായിരുന്നു എന്ന തോന്നല്‍, ഭൌതിക ജീവിതത്തിന്റെ അര്‍ഥമില്ലായ്മയും ആത്മീയ ജീവിതത്തിന്റെ പ്രാധാന്യവും ബോധ്യമായതോടെ മരണഭയവും വേദനയും ക്രമേണ അയാളെ വിട്ടുമാറുന്നു. മരണം പൂര്‍ണമായ നാശമല്ലെന്നു കണ്ടെത്തുന്നു. മരണത്തെക്കുറിച്ച് എഴുതിയിട്ടുള്ള ലോകസാഹിത്യത്തിലെ മികച്ച കൃതിയാണിത്. "ഇതൊരു കലാസൃഷ്ടിയല്ല. ജീവിത സൃഷ്ടിയാണ് എന്ന് മാത്യു ആര്‍നോള്‍ഡ് പ്രസ്താവിച്ചത് തികച്ചും അര്‍ഥസാന്ദ്രം തന്നെയാണ്.

ഉയിര്‍ത്തെഴുന്നേല്‍പ്പ് (1899-1900)

ടോള്‍സ്റ്റോയിയുടെ ആത്മീയജീവിതത്തിന്റെ വിജ്ഞാനകോശം. തത്ത്വശാസ്ത്രം, സദാചാരം, മതം എന്നിവയെപ്പറ്റിയുള്ള അന്വേഷണങ്ങളുടെ സംഗമം.

ഒരു തൊഴിലാളിസ്ത്രീയുടെ മകളായ കച്യൂഷ മാസ്ളവ ധനിക സഹോദരിമാരായ രണ്ടു വിധവകളുടെ വീട്ടില്‍ വളരുന്നു. ഒരു നാള്‍ വിധവകളുടെ ബന്ധുവായ നിഹ്ലൂദവ് അവിടെ അതിഥിയായെത്തുന്നു. യുവാവായ നിഹ്ലൂദവ് യുവതിയായ കച്യൂഷയില്‍ ആകൃഷ്ടനാകുന്നു. അയാള്‍ അവളെ സ്നേഹം നടിച്ച് വശത്താക്കി പിഴപ്പിച്ച് സ്ഥലംവിടുന്നു. ഗര്‍ഭിണിയായ കച്യൂഷ പുറത്തായി. മനുഷ്യനന്മയില്‍ വിശ്വാസം നഷ്ടപ്പെട്ട അവള്‍ കാലക്രമേണ വ്യഭിചാരത്തിലേക്ക് വഴുതിവീഴുന്നു. അവസാനം ഒരു കൊലക്കേസില്‍ പ്രതിയാക്കപ്പെട്ട് കോടതിയിലെത്തുന്നു. കോടതി അവളെ ശിക്ഷിച്ച് സൈബീരിയയിലേക്കു നാടുകടത്തുന്നു. കോടതിയില്‍ ജൂറിമാരിലൊരാളായിരുന്ന നിഹ്ലൂദവ്, കച്യൂഷയെ തിരിച്ചറിയുന്നു. പശ്ചാത്താപ വിവശനായ അയാള്‍ അവളെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. വിവാഹം കഴിക്കാന്‍ വരെ തയ്യാറാവുന്നു. പക്ഷേ, കച്യൂഷ അയാളുടെ സഹായം നിഷേധിക്കുന്നു. സൈബീരിയയിലേക്കു പുറപ്പെട്ട കച്യൂഷയെ നിഹ്ലൂദവ് അനുഗമിക്കുന്നു. കച്യൂഷ മനസാ അയാളെ സ്നേഹിച്ചിരുന്നെങ്കിലും തടവുപുള്ളികളിലൊരാളായ തൊഴിലാളിയെ വരിച്ച് നിഹ്ലൂദവിനെ സ്വതന്ത്രനാക്കുന്നു.

ടോള്‍സ്റ്റോയ്(വലത്തേയറ്റം)സഹോദരന്മാരോടോപ്പം

പാവങ്ങള്‍ക്കു നീതി നിഷേധിക്കുന്ന കോടതി നടപടികളെ നോവലില്‍ ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുകയാണ് ടോള്‍സ്റ്റോയ്. വിധിക്കുന്നവര്‍ വിധിക്കപ്പെടുന്നവരെക്കാള്‍ വലിയ കുറ്റവാളികളാണെന്ന സത്യമാണ് ഈ നോവല്‍ വെളിപ്പെടുത്തുന്നത്. പുരോഹിതവര്‍ഗവും മതനിയമങ്ങളും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാരും ജയില്‍ വാര്‍ഡന്മാരും എല്ലാം വിമര്‍ശനത്തിനു വിധേയരാകുന്നു.

പ്രധാന കഥാപാത്രങ്ങളുടെ മാനസികമായ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് നോവലിന്റെ കാതല്‍. മനസ്സാക്ഷിക്കു വില കല്പിക്കാതെ സ്വസുഖത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിച്ച് സാഹചര്യങ്ങളുടെ അടിമയായിത്തീര്‍ന്ന നിഹ്ലൂദവ് തന്റെ തെറ്റു മനസ്സിലാക്കി പ്രായശ്ചിത്തം ചെയ്യാന്‍ തയ്യാറാവുന്നു. സാമൂഹിക അനീതികളുടെ ബലിയാടായിത്തീര്‍ന്ന് ജീവിതത്തിന്റെ അഴുക്കുചാലിലേക്കു പതിച്ച കച്യൂഷയും കഥാന്ത്യത്തില്‍ മാനസികമായി ഉയിര്‍ത്തെഴുന്നേറ്റ് പഴയ സ്ഥിതിയിലെത്തുന്നു. ലോകത്തിലെ പ്രധാന ഭാഷകളിലെല്ലാം ടോള്‍സ്റ്റോയിയുടെ ഈ കൃതി ഒരേ കാലഘട്ടത്തില്‍ പ്രസിദ്ധീകൃതമായതായി രേഖപ്പെടുത്തിയിരിക്കുന്നു.

നിക്കളോയ് ഒന്നാമന്റെ കാലത്ത് കാക്കസസ്സിലെ ജനങ്ങള്‍ നടത്തിയ സ്വാതന്ത്യ്രസമരത്തിന്റെ ഒരേട് ഇതിവൃത്തമായുള്ള നീണ്ട കഥയാണ് ഹാജി മുറാത് (1896-1904). ഭീതിജനകവും രക്തരൂഷിതവുമായ സംഘട്ടനങ്ങള്‍ നിറഞ്ഞ ജീവിതമാണ് ഹാജിയുടേത്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന പ്രകൃതിയെപ്പോലെ ഹാജിയും തന്റെ സ്വത്വത്തിനു ഭംഗം വരുത്താതെ മാറ്റങ്ങള്‍ക്കു വിധേയനാകുന്നു. സ്വന്തം സഹോദരന്റെ കൊലയ്ക്കു പകരം വീട്ടാന്‍ ഉദ്യുക്തനാകുന്ന ഹാജി ഒരു കൊലപാതക ഗൂഢാലോചനയില്‍ പങ്കാളിയാവുകയും റഷ്യന്‍ പട്ടാളത്തില്‍ ചേരുകയും പിന്നീട് റഷ്യന്‍ പട്ടാളത്തോട് തെറ്റിപ്പിരിയുന്ന ഇയാള്‍ അവര്‍ക്കുതന്നെ പന്ത്രണ്ടോളം വര്‍ഷം ഒരു പേടിസ്വപ്നമായി തുടരുകയും ചെയ്യുന്നു. ഒടുവില്‍, വീണ്ടും റഷ്യന്‍ പക്ഷത്തേക്കു മാറുന്നു ഹാജി. നിരന്തരം മാറിക്കൊണ്ടേയിരിക്കുന്ന മനുഷ്യസ്വഭാവത്തിന്റെ ആഴത്തിലുള്ള പഠനംകൂടിയാണ് ഈ നീണ്ട കഥ.

നാടകങ്ങള്‍

നാടകത്തിനു കഥയെക്കാള്‍ കൂടുതല്‍ സമൂഹത്തെ സ്വാധീനിക്കാനുള്ള കഴിവുണ്ടെന്ന ധാരണയാണു ടോള്‍സ്റ്റോയിയെ നാടക രചനയ്ക്കു പ്രേരിപ്പിച്ചത്. ഇദ്ദേഹത്തിന്റെ നാടകങ്ങളിലെ പ്രത്യേകതകള്‍ തര്‍ക്കവിഷയമായി തുടരുന്നു. അഭിനയത്തെക്കാള്‍ സംഭാഷണത്തിന് മുന്‍തൂക്കം കല്പിക്കുന്നവയാണ് അവ. സംഭാഷണത്തിന്റെ സംവേദനക്ഷമതയാണ് നാടകത്തിന്റെ വിജയരഹസ്യം എന്നദ്ദേഹം കരുതി. ഇതിഹാസ പരിവേഷം നാടകനിയമങ്ങള്‍ക്കെതിരാണെന്ന് ടോള്‍സ്റ്റോയിക്ക് അഭിപ്രായമില്ലായിരുന്നു. മനുഷ്യജീവിതത്തെക്കുറിച്ചു പ്രതിപാദിക്കുകയല്ല നാടകത്തില്‍ വേണ്ടത്, മനുഷ്യനെ ഒരു പ്രത്യേക സാഹചര്യത്തില്‍ അവതരിപ്പിക്കുന്നതിലൂടെ അയാളുടെ പൂര്‍ണരൂപം വെളിച്ചത്ത് കൊണ്ടുവരികയാണ് വേണ്ടത്. തമഃശക്തി (1887) ടോള്‍സ്റ്റോയിയുടെ നാടകങ്ങളില്‍ ഏറ്റവും പ്രശസ്തം. മനഃശാസ്ത്ര പ്രധാനമായ ഒരു സാമൂഹികനാടകം. പണത്തിനു വേണ്ടി ഏതു ക്രൂരതയും കാട്ടാന്‍ മടിക്കാത്ത ഗ്രാമീണരാണ് ഇതിലെ കഥാപാത്രങ്ങള്‍. റഷ്യന്‍ പ്രാചീന ഗ്രാമീണ ജീവിതരീതിയെക്കുറിച്ചും അവയുടെ പതനത്തെക്കുറിച്ചും, ശക്തമായി പ്രതിപാദിക്കുന്ന, ഒരു യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി എഴുതിയ കൃതിയാണിത്. അജ്ഞതയുടേയും പിന്നോക്കാവസ്ഥയുടേയും പണാധിപത്യത്തിന്റേയും പിടിയിലമര്‍ന്ന ഗ്രാമം. പട്ടണത്തിന്റെ സ്വാധീനം ഈ അവസ്ഥയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

അറിവിന്റെ ഫലങ്ങള്‍ (The fruits of enlightenment) കോമഡി (1891): 1861-ലെ ഭൂപരിഷ്കരണങ്ങളെത്തുടര്‍ന്ന് ഭൂവുടമയും അടിയാന്മാരും തമ്മിലുടലെടുത്ത പുതിയ പ്രശ്നങ്ങളായിരുന്നു ഈ നാടകത്തിനാധാരം. ജന്മിമാരുടെ ആഡംബര ജീവിതവും അടിയാന്മാരുടെ ദയനീയാവസ്ഥയും ഇതില്‍ ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്നു.

ജീവനുള്ള പ്രേതം: ചെക്കോവിന്റെ 'അങ്കിള്‍വാന്യ' എന്ന നാടകത്തിന്റെ സ്വാധീനം. സന്തുഷ്ടി നല്‍കാത്ത വിവാഹബന്ധങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ തെറ്റില്ല എന്ന ടോള്‍സ്റ്റോയിയുടെ പുതിയ വീക്ഷണം ഇതില്‍ പ്രതിഫലിച്ചിരിക്കുന്നു. ജീവിതത്തില്‍നിന്നു ക്രമാനുഗതമായി അകന്നുപൊയ്ക്കൊണ്ടിരിക്കുന്ന സദാചാര നിയമങ്ങള്‍ ഇതില്‍ ചൂണ്ടിക്കാണിക്കുന്നു.

ഹാജി മുറാത് (1896-1904). മനുഷ്യമനസ്സിന്റെ ഒഴുക്ക് അഥവാ അനവരതം മാറിക്കൊണ്ടിരിക്കുന്ന സ്വഭാവവിശേഷമാണ് ഈ നീണ്ട കഥയ്ക്കാധാരം. കാക്കസസ് മലനിരകളില്‍നിന്നുള്ള ഐതിഹാസിക കഥാപാത്രമായ ഹാജിമുറാത്ത് പ്രകൃതിയുടെ യഥാര്‍ഥ സൃഷ്ടിയാണ്.

ഹാജിയുടെ ദുരന്തജീവിതം ഭീതിജനകവും രക്തരൂഷിതവുമായ സംഘട്ടനം കൊണ്ട് നിറഞ്ഞതാണ്. നിക്കൊളായ് ഒന്നാമന്റെ കാലത്ത് കാക്കസസ്സിലെ ജനങ്ങള്‍ നടത്തിയ സ്വാതന്ത്യ്രസമരത്തിലെ ഒരധ്യായമാണ് കഥയ്ക്കടിസ്ഥാനം. സ്വസഹോദരന്റെ കൊലയ്ക്കു പകരം വീട്ടുന്നതിനായി ഹാജി 22-ാം വയസ്സില്‍ ദഗിസ്താനിലെ ഇമാമിന്റെ കൊലപാതക ഗൂഢാലോചനയില്‍ പങ്കാളിയാവുന്നു. തുടര്‍ന്നിയാള്‍ റഷ്യന്‍ പട്ടാളത്തില്‍ ചേരുന്നു. റഷ്യക്കാരുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയാത്ത ഇയാള്‍ അവിചാരിതമായി തടവിലാകുന്നു. തടവില്‍ നിന്നോടിപ്പോയ ഹാജി വീണ്ടും ദഗിസ്താനിലെത്തുന്നു. ധീരനായ ഇയാള്‍ 12 വര്‍ഷത്തോളം റഷ്യന്‍ പട്ടാളത്തിന്റെ പേടിസ്വപ്നമായി മാറുന്നു. എന്നാല്‍ ദഗിസ്താന്‍ ഇമാമുമായി പിണങ്ങി ഹാജി വീണ്ടും റഷ്യന്‍ പക്ഷത്തേയ്ക്കു മാറുന്നു. എന്നാല്‍ ദഗിസ്താനില്‍ തടവിലായിരുന്ന കുടുംബത്തെ രക്ഷിക്കുന്നതിനിടയില്‍ വധിക്കപ്പെടുന്നു.

എന്താണു കല? (What is Art?) (189798). കലയ്ക്കുണ്ടായിരിക്കേണ് അടിസ്ഥാനസ്വഭാവങ്ങളെപ്പറ്റിയുള്ള നീണ്ട പ്രബന്ധം. കലാമൂല്യം ഏതെങ്കിലുമൊരു സൌന്ദര്യശാസ്ത്രത്തില്‍ അധിഷ്ഠിതമല്ല. മനുഷ്യര്‍ക്ക് പ്രയോജനകരങ്ങളായ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ കലയെ വിലയിരുത്തണം. ലോകത്തെക്കുറിച്ച് വ്യക്തവും സൂക്ഷ്മവും മൗലികവുമായ വീക്ഷണമില്ലാത്ത വ്യക്തിക്ക് കലാസൃഷ്ടി നടത്താന്‍ സാധ്യമല്ല. കലയുടെ യഥാര്‍ഥ ലക്ഷ്യം ജീവിതയാഥാര്‍ഥ്യത്തിന്റെ വര്‍ണനയാണ്; വിശിഷ്യാ മനുഷ്യമനസ്സിന്റെ യാഥാര്‍ഥ്യം പ്രതിഫലിപ്പിക്കുകയാണ്. കല ഒരു സൂക്ഷ്മദര്‍ശിനിയാണ്. അതു കലാകാരന്റെ മനസ്സിലെ രഹസ്യങ്ങളിലേക്കു വെളിച്ചം വീശി മനുഷ്യസഹജമായ ആ രഹസ്യങ്ങളെ മറ്റുള്ളവര്‍ക്ക് അനുഭവവേദ്യമാക്കുന്നു. പ്രതിപാദ്യത്തിന്റെ നിലവാരത്തില്‍ നിന്നാണ് കലാസൃഷ്ടിയുടെ സമഗ്രസൌന്ദര്യത്തിന്റെ സാരം കണ്ടെത്തേണ്ടത്. കല സര്‍വപ്രാപ്യവും സുഗ്രഹവുമായിരിക്കണം, കലയെ നല്ലകല, മോശപ്പെട്ട കല, കലാഭാസം എന്നു മൂന്നായി ടോള്‍സ്റ്റോയ് വിഭജിക്കുന്നു. ഇവയില്‍ കലാഭാസമാണു സമൂഹത്തിന് ഏറ്റവും വലിയ ഭീഷണി. നല്ല കല ആരോഗ്യമുള്ള സമൂഹത്തിലേ വളരൂ. അതിനു സാര്‍വദേശീയ സ്വഭാവവും പശ്ചാത്തലവും, മനുഷ്യരെല്ലാം സഹോദരങ്ങളാണെന്നും എല്ലാവരും ഒരേ ചേതനയുടെ സാക്ഷാത്ക്കാരങ്ങളാണെന്നും അനുവാചകരെ പ്രേരിപ്പിക്കാന്‍ പര്യാപ്തമായ വ്യക്തമായ സാന്മാര്‍ഗികാഭിമുഖ്യവും ഉണ്ടായിരിക്കണം.

രാഷ്ട്രീയ സാമൂഹിക ലേഖനങ്ങള്‍

കാലിക പ്രാധാന്യമുള്ള എല്ലാ വിഷയങ്ങളും ടോള്‍സ്റ്റോയിയുടെ ശ്രദ്ധയ്ക്കു വിഷയീഭവിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങളെഴുതിയിട്ടുണ്ട്. കാലം കഴിയുംതോറും വിമര്‍ശന താത്പര്യം കൂടിക്കൂടിവന്നു. 1895-ല്‍ പട്ടാളക്കാരുടേയും കര്‍ഷകത്തൊഴിലാളികളുടേയും വര്‍ഗീയവത്ക്കരണത്തിനെതിരെ 'ഇതു നാണക്കേടാണ്' എന്ന ലേഖനമെഴുതി. ഏകാധിപത്യത്തിന്റെ അനിയന്ത്രിതമായ അധികാരത്തിനെതിരെ എഴുതിയതാണ് 'കൊല്ലരുത്' (1900). അതേസമയം വിപ്ളവ ഭീകരതയ്ക്കും എതിരായിരുന്നു. അധികാരിവര്‍ഗത്തെ കൊല്ലുകയല്ല അവരെ പിന്തുണയ്ക്കാതിരിക്കുക എന്നതായിരുന്നു ടോള്‍സ്റ്റോയിയുടെ നയം. 1901-ല്‍ കസാന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്കെതിരെയെടുത്ത നടപടിക്കെതിരെ 'വീണ്ടും കൊല, തെരുവുയുദ്ധം, ഭീതി, ദുരാരോപണം?' എന്ന ലേഖനമെഴുതി. ഒന്നാം റഷ്യന്‍ വിപ്ളവത്തിന്റെ പരാജയത്തെത്തുടര്‍ന്ന് ഗവണ്‍മെന്റ് സ്വീകരിച്ച ക്രൂരമായ പ്രതിപ്രവര്‍ത്തനത്തിനെതിരെ 'എനിക്ക് മൌനം തുടരാന്‍ കഴിയില്ല' (1908) എഴുതി. 1902-ല്‍ നിക്കൊളായ് രണ്ടാമനു ബുദ്ധി ഉപദേശിച്ചുകൊണ്ട് ഹിംസ ഹിംസയെ ജനിപ്പിക്കുന്നു എന്നും രാജഭരണം ക്രൂരതയുടെ പരമകാഷ്ഠയിലെത്തിയെന്നും എഴുതി. മതപരമായ ക്രൂരതയും അനാചാരങ്ങളും വര്‍ധിച്ചതായും ജയിലുകള്‍ നിറയുന്നതായുമെഴുതി. 'എന്റെ വിശ്വാസം' എന്ന ലേഖനത്തില്‍ ക്രിസ്തുമതത്തിന്റെ ശുദ്ധീകരണത്തെപ്പറ്റി തന്റെ അഭിപ്രായങ്ങളാണെഴുതിയത്. അതോടൊപ്പം മതത്തിലെ അനാചാരങ്ങളെക്കുറിച്ചുള്ള വിമര്‍ശനവും; വിപ്ളവത്തിന്റെ കണ്ണാടിയായിട്ടാണു ലെനിന്‍ ടോള്‍സ്റ്റോയിയെ വിശേഷിപ്പിച്ചത്. ലോകത്തെമ്പാടുമുള്ള കോളനി വ്യവസ്ഥയ്ക്കെതിരായും പല ലേഖനങ്ങളെഴുതിയിട്ടുണ്ട്. ഭൂമിയിന്മേലുള്ള വ്യക്തിയുടെ ഉടമസ്ഥാവകാശം ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അവസാനകാലത്ത് ടോള്‍സ്റ്റോയ് പല ലേഖനങ്ങളുമെഴുതി.

കത്തുകള്‍

സാഹിത്യകാരന്മാര്‍, വിമര്‍ശകര്‍, ഭരണാധികാരികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, വിപ്ളവകാരികള്‍, വിവിധ വിശ്വാസങ്ങളില്‍പ്പെട്ടവര്‍, വിദേശീയര്‍, സുഹൃത്തുക്കള്‍, അപരിചിതര്‍, തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളില്‍പ്പെട്ടവരുമായി ടോള്‍സ്റ്റോയ് നിരന്തരം കത്തുകളിലൂടെ ആശയവിനിമയം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പതിനായിരത്തോളം കത്തുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടോള്‍സ്റ്റോയിയുടെ വീക്ഷണങ്ങളും വ്യക്തിത്വവും പ്രകടമാക്കുന്നവയാണ് ഈ കത്തുകള്‍.

ടോള്‍സ്റ്റോയിയുടെ യഥാതഥ്യം (റിയലിസം)

ലോകസാഹിത്യത്തില്‍ ക്ളാസിക് റിയലിസത്തിന്റെ വളര്‍ച്ചയുടെ പരമോന്നത സ്ഥാനമാണ് ടോള്‍സ്റ്റോയ് കൃതികള്‍ക്കുള്ളത്. അദ്ദേഹത്തിന്റെ റിയലിസം ജീവിതസത്യത്തിന്റെ കലാപരമായ പുനഃസൃഷ്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സത്യത്തിന്റെ അഭാവത്തില്‍ സൗന്ദര്യത്തിന് കലയില്‍ സ്ഥാനമില്ല എന്നാണ് ഇദ്ദേഹത്തിന്റെ മതം. ജീവിതത്തിന്റെ സത്യസന്ധവും കലാപരവുമായ അവതരണം മനുഷ്യമനസ്സിന്റെ അഗാധതലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യവ്യക്തിത്വത്തിന്റെ വൈവിധ്യങ്ങളും ചലനാത്മകതയും ഇദ്ദേഹം വരച്ചുകാണിച്ചു. മനുഷ്യമനസ്സില്‍ നടക്കുന്ന വിരുദ്ധഭാവങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങളാണ് ഇഷ്ടവിഷയം. അതേസമയം സാമൂഹികവും ചരിത്രപരവും വ്യക്തിപരവുമായ സ്വാധീനങ്ങള്‍ കഥാപാത്രങ്ങളുടെ മാനസിക വളര്‍ച്ചയെ സഹായിക്കുന്നതെങ്ങനെയെന്നും കാണിക്കുന്നു. സാമൂഹിക-രാഷ്ട്രീയ ആശയങ്ങളേക്കാള്‍ സദാചാരവുമായി ബന്ധപ്പെട്ടവയ്ക്കു മുന്‍തൂക്കം നല്‍കുന്നു.

ടോള്‍സ്റ്റോയിയും ദസ്തയേവ്സ്കിയും

ടോള്‍സ്റ്റോയിയുടെ സമകാലികനായ ദസ്തയേവ്സ്കി (1821-1881) യും ലോകസാഹിത്യത്തില്‍

ദസ്തയേവ്സ്കി

അനശ്വരപ്രതിഷ്ഠനേടിയ റഷ്യന്‍ നോവലിസ്റ്റാണ്. ഹോമറിനോടാണ് ടോള്‍സ്റ്റോയിക്ക് സാദൃശ്യമുള്ളതെങ്കില്‍ ഷെയ്ക്സ്പിയറെയാണ് ദസ്തയേവ്സ്കി നമ്മുടെ സ്മരണയിലെത്തിക്കുക. ദശാബ്ദങ്ങള്‍ നീണ്ട ജീവിതകഥകളാണ് ടോള്‍സ്റ്റോയി ആഖ്യാനം ചെയ്തത്. ദസ്തയേവ്സ്കിയാവട്ടെ, ഏതാനും ദിവസങ്ങളോ മാസങ്ങളോ ദൈര്‍ഘ്യമുള്ള കഥകളാണ് പറഞ്ഞത്. ജീവിതത്തിന്റെ വര്‍ണശബളമായ സമഗ്രചിത്രം ടോള്‍സ്റ്റോയി നല്‍കി. ദസ്തയേവ്സ്കിയാവട്ടെ അതിന്റെ ഇരുണ്ട ഭാവങ്ങളുടെ ആഴത്തിലുള്ള ചിത്രവും. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ടോള്‍സ്റ്റോയി സമഗ്രചിന്തയിലൂന്നിയപ്പോള്‍ ദസ്തയേവ്സ്കി കഥാപാത്രങ്ങളുടെ മാനസികാപഗ്രഥനത്തില്‍ പൂര്‍ണമായും മുഴുകി. ഇരുവരും, ദൈനംദിന ജീവിതചിത്രീകരണത്തിനപ്പുറമുള്ള പ്രശ്നങ്ങളും- മനുഷ്യനും ഗവണ്‍മെന്റും, മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം തുടങ്ങിയവ - കൈകാര്യം ചെയ്തതു നിമിത്തം അവരുടെ കൃതികള്‍ തത്ത്വചിന്തയുടെയും ദൈവശാസ്ത്രത്തിന്റെയും തലങ്ങളിലും പ്രസിദ്ധിയാര്‍ജിച്ചിട്ടുണ്ട്.

ടോള്‍സ്റ്റോയിയും ലോകസാഹിത്യവും

ഒരു കാലഘട്ടത്തെയാകെ തന്റെ കൃതികളിലൂടെ പ്രതിഫലിപ്പിച്ച അതുല്യപ്രതിഭയാണ് ടോള്‍സ്റ്റോയ്. റഷ്യന്‍ സാഹിത്യത്തിലും ലോകസാഹിത്യത്തിലും അതുല്യമായ സ്ഥാനമാണ് ഇദ്ദേഹത്തിനുള്ളത്. യൂറോപ്പിലും ഏഷ്യയിലും അമേരിക്കയിലും മറ്റുമുള്ള സാഹിത്യകാരന്മാരെ ഇദ്ദേഹം സ്വാധീനിച്ചിട്ടുണ്ട്. ഇന്നും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ലോകസാഹിത്യത്തില്‍, യൂറോപ്യന്‍ സാഹിത്യ സംസ്കാരത്തേയും പ്രായോഗികവീക്ഷണ സിദ്ധാന്തങ്ങളേയും ടോള്‍സ്റ്റോയി വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ റൊമൈന്‍ റോളണ്ട്, ഫ്രാങ്ക് മൗറിയാക്, ആര്‍. മാര്‍ട്ടിന്‍ ദു ഗാര്‍ഡ്, അമേരിക്കയില്‍ ഏണസ്റ്റ് ഹെമിങ്വേയും തോമസ് വുള്‍ഫും, ഗ്രേറ്റ് ബ്രിട്ടനില്‍ ഗാല്‍സ്വര്‍ത്തിയും ബര്‍ണാഡ്ഷായും, ജര്‍മനിയില്‍ തോമസ്മന്നും എ.സൈഗേഴ്സും, സ്വീഡനില്‍ സ്ട്രിന്‍ഗ്ബെര്‍ഗും ലുന്‍ഡ്ക്വിസ്റ്റും ആസ്ട്രിയയില്‍ ആര്‍. എം. റില്‍കേയും, പോളണ്ടില്‍ ഇ. ഒര്‍സേബ് കോവ, ബി. പ്രൂസ്, ജെ. ഇവാസ്കിയേവിച് എന്നിവരും ചെക്കോസ്ലോവോക്കിയയില്‍ എം. പുജ്മനോവയും ചൈനയില്‍ ലാ ഓഷെയും ജപ്പാനില്‍ തൊകുതൊമിറോകയും ഇന്ത്യയില്‍ മഹാത്മാഗാന്ധിയും ടോള്‍സ്റ്റോയ് എന്ന വിശ്വപ്രതിഭയില്‍ ആകൃഷ്ടരായ വിദേശീയ മഹാത്മാക്കളാണ്.

19-ാം നൂറ്റാണ്ടിലാണ് റഷ്യന്‍ സാഹിത്യത്തെപ്പറ്റിയുള്ള പ്രഭാഷണങ്ങള്‍ അമേരിക്കയിലും ഇംഗ്ളണ്ടിലും സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നത്. ഇംഗ്ളണ്ടിലെ റഷ്യന്‍ പഠനത്തിന് രാഷ്ട്രീയ സംഘര്‍ഷം കാരണം വിലക്കുകളുണ്ടായി രുന്നെങ്കിലും അമേരിക്കയില്‍ അത്തരം സാഹചര്യങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ റഷ്യന്‍ പഠനം നിര്‍ബാധം പുരോഗമിച്ചു. ടോള്‍സ്റ്റോയിയുടെ നോവലുകളുടെയും കഥകളുടെയും പല പതിപ്പുകള്‍ പുറത്തിറങ്ങി. 1885- നു ശേഷമാണ് ടോള്‍സ്റ്റോയിയുടെ കൃതികള്‍ ഇംഗ്ളീഷിലും ഫ്രഞ്ചിലും വിവര്‍ത്തനം ചെയ്യപ്പെട്ടത്. ഡി. വോഗിന്റെ കൃതിയാണ് പാശ്ചാത്യ രാജ്യങ്ങളില്‍ ടോള്‍സ്റ്റോയിയെ ശ്രദ്ധേയനാക്കിയത്. യുദ്ധവും സമാധാനവും, അന്നാകരേനീന, കൊസ്സാക്കുകള്‍, സെബാസ്റ്റപ്പോള്‍ എന്നിവ ഫ്രഞ്ച് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത് വോഗിന്റെ നിരൂപണഗ്രന്ഥത്തിനുശേഷമാണ്. റഷ്യന്‍ കൃതികള്‍ ആദ്യം ജര്‍മനിലും തുടര്‍ന്ന് ഫ്രഞ്ച്, ഇംഗ്ളീഷ് എന്നിങ്ങനെയാണ് വിവര്‍ത്തനങ്ങളുണ്ടായത്. ടോള്‍സ്റ്റോയിയുടെ മിക്കവാറും എല്ലാ കൃതികളും മറ്റു പ്രധാന വിദേശഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ടോള്‍സ്റ്റോയിയുടെ കൃതികളധികവും ഇംഗ്ളീഷിലേക്ക് വിവര്‍ ത്തനം ചെയ്തത് ഐല്‍മര്‍ മോഡും ഭാര്യയുമാണ്. ടോള്‍സ്റ്റോയിയുടെ ആധികാരിക ജീവിതചരിത്രവും ഇംഗ്ളീഷില്‍ ഇദ്ദേഹം എഴുതുകയുണ്ടായി.

ടോള്‍സ്റ്റോയ് ജീവിച്ചിരിക്കെത്തന്നെ ഇദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെപ്പറ്റിയുള്ള പഠനങ്ങള്‍ നടന്നിട്ടുണ്ട്. ജി.വി. പ്ളിഹാനവ്, വി.ജി. കൊറലേന്‍കൊ, എം. ഗോര്‍കി, ലെനിന്‍ എന്നിവര്‍ ഈ രംഗത്ത് ശ്രദ്ധേയരാണ്.

1928-നും 58-നും മധ്യേ ടോള്‍സ്റ്റോയിയുടെ സമ്പൂര്‍ണകൃതികള്‍ 90 വാല്യങ്ങളിലായി റഷ്യയില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അനത്തോളി ഫ്രാന്‍സ് ഇങ്ങനെ രേഖപ്പെടുത്തി- "ഒരിതിഹാസകാരന്‍ എന്ന നിലയില്‍ ടോള്‍സ്റ്റോയ് ഞങ്ങളുടെയെല്ലാം പൊതു ഗുരുനാഥനാണ്. ടോള്‍സ്റ്റോയിയുടെ കലാപ്രതിഭ താരതമ്യാതീതമാണ്. തോമസ് സ്റ്റീഫന്‍ റ്റ്സ്വൈഗ് തുടങ്ങി അനേകം എഴുത്തുകാര്‍ ടോള്‍സ്റ്റോയിയുടെ സ്വാധീനം അംഗീകരിച്ചിട്ടുള്ളവരാണ്. ഇന്ത്യയിലെ വിവിധ ഭാഷാ സാഹിത്യങ്ങളെയും പല കാലങ്ങളിലായി ഇദ്ദേഹം സ്വാധീനിച്ചുവരുന്നു. യഥാതഥവാദിയെന്ന നിലയില്‍ മാക്സിം ഗോര്‍ക്കിയുടെ മുന്‍ഗാമിയായിരുന്നു ടോള്‍സ്റ്റോയ്. ഗോര്‍ക്കി പറഞ്ഞു.... "ടോള്‍സ്റ്റോയിയെ മനസ്സിലാക്കാതെ നിങ്ങളൊരു സംസ്കാര സമ്പന്നനാണെന്നു കരുതാന്‍ പാടില്ല. ടോള്‍സ്റ്റോയ് മരിച്ചപ്പോള്‍ ഫ്രഞ്ചുദിനപത്രമായ ടൈംസില്‍ എഴുതി - "ഇദ്ദേഹത്തിന്റെ വ്യക്തിജീവിതം ആധുനിക മനുഷ്യജീവിതവുമായി വളരെയധികം ബന്ധപ്പെട്ടി രിക്കുന്നു. ഇംഗ്ളീഷ് പത്രമായ ടൈംസ് - "നമ്മുടെ സമകാലിക രില്‍ ടോള്‍സ്റ്റോയിയെപ്പോലെ പ്രതിഭാസമ്പന്നനായി ആരുംതന്നെ ഇല്ല. ഒരു ഇറ്റാലിയന്‍ പത്രം ഇങ്ങനെ രേഖപ്പെ ടുത്തി-"ഒരു വ്യക്തിയുടെയല്ല, ലോകത്തിന്റെയാകമാനം ശവസംസ്കാരമാണ് നാം നടത്തുന്നത്. - "സ്വദേശത്തുമാത്രമല്ല ലോകത്തിലാകമാനം ഏറെ പ്രാധാന്യമുള്ള ഒരു വ്യക്തിയാണ് കഥാവശേഷനായത്. -ഹിന്ദുദിനപത്രം

ടോള്‍സ്റ്റോയിയും ഭാരതീയ തത്ത്വചിന്തയും

ഭാരതീയ തത്ത്വചിന്ത ടോള്‍സ്റ്റോയിയെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്നു. തന്നെ നിരന്തരം അലട്ടിയ ആത്മീയ പ്രശ്നങ്ങള്‍ക്കുള്ള ഉത്തരം ഭാരതീയ തത്ത്വചിന്തയ്ക്കു നല്‍കാന്‍ കഴിയുമെന്ന് അദ്ദേഹം മനസ്സിലാക്കി. 1870-80 കളില്‍ സാമൂഹികവും സാന്മാര്‍ഗികവും വ്യക്തിപരവുമായ അനേകം പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിക്കൊണ്ടിരുന്ന കാലത്താണ് ടോള്‍സ്റ്റോയ് ഭാരതീയ തത്ത്വചിന്തയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. ബുദ്ധമത തത്ത്വങ്ങളുടെ കാതലായ സ്നേഹം, അഹിംസ, ആത്മസാക്ഷാത്ക്കാരം എന്നിവ ഇദ്ദേഹത്തെ പ്രത്യേകം ആകര്‍ഷിച്ചു. ഇതിനെ ആസ്പദമാക്കി ബുദ്ധ എന്നൊരു ലഘുഗ്രന്ഥവും രചിച്ചിട്ടുണ്ട്. ശ്രീശങ്കരന്‍, ശ്രീരാമകൃഷ്ണ പരമഹംസന്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയവരുടെ ദര്‍ശനങ്ങളുമായി ഇദ്ദേഹം പരിചയം നേടിയിട്ടുണ്ട്. ശ്രീശങ്കരന്റെ അദ്വൈത സിദ്ധാന്തം ടോള്‍സ്റ്റോയിയെ വളരെ സ്വാധീനിച്ചു. അത്മാവിനെ ശുദ്ധീകരിച്ച് അതിനെ ബ്രഹ്മവുമായി കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമമാണ് രാമകൃഷ്ണ പരമഹംസനില്‍ ഇദ്ദേഹം ദര്‍ശിച്ചത്. ടോള്‍സ്റ്റോയിയുടെ പ്രധാനപ്പെട്ട എല്ലാ കൃതികളിലും ഭാരതീയ തത്ത്വചിന്തയുടെ പ്രതിഫലനം കാണാം. ജീവിതത്തെക്കുറിച്ച് എന്ന ലഘുകൃതിയില്‍ ആത്മീയതയില്‍ ഭാരതം കൈവരിച്ചിട്ടുള്ള മഹത്തായ നേട്ടങ്ങളെപ്പറ്റി ടോള്‍സ്റ്റോയി പ്രതിപാദിക്കുന്നുണ്ട്. മനുഷ്യമനസ്സിനു രണ്ടു ഭാവങ്ങളുണ്ടെന്നും - മൃഗീയതയും വിവേകബുദ്ധിയും - അവ തമ്മില്‍ നിരന്തരം സംഘട്ടനത്തിലാണെന്നും മൃഗീയഭാവത്തില്‍ നിന്നു മുക്തി നേടി ആത്മസാക്ഷാത്ക്കാരം സാധ്യമാണെന്നും തെളിയിക്കാന്‍ ഭാരതീയര്‍ക്കേ കഴിഞ്ഞിട്ടുള്ളു എന്നും ഇവിടെ എടുത്തു പറയുന്നുണ്ട്. മാത്രവുമല്ല, പലവിധ പുരോഗതികള്‍ നേടിയെന്നവകാശപ്പെടുന്ന യൂറോപ്യന്‍ സമൂഹത്തിന് ആത്മീയത എന്താണെന്നുപോലും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു ടോള്‍സ്റ്റോയ് പറഞ്ഞു.

ടോള്‍സ്റ്റോയിയും മഹാത്മാഗാന്ധിയും

ഭാരതീയ തത്ത്വചിന്തയുടെ സ്വാധീനവലയത്തില്‍പ്പെട്ട ടോള്‍സ്റ്റോയിയുടെ ആശയങ്ങള്‍ മഹാത്മാഗാന്ധിയെ സ്വാധീനിച്ചു എന്നറിയുമ്പോഴാണ് ടോള്‍സ്റ്റോയിയുടെ പ്രാധാന്യം കൂടുതല്‍ നമുക്ക് ബോധ്യമാവുക. ഗാന്ധിജി ടോള്‍സ്റ്റോയിയുടെ ഒരുറച്ച ആരാധകനായിരുന്നു. തന്റെ ജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള വ്യക്തിയാണു ടോള്‍സ്റ്റോയ് എന്ന് ഗാന്ധിജി സൂചിപ്പിക്കുന്നു. ദൈവരാജ്യം നമ്മുടെ ഉള്ളിലാണ്, എന്ന ടോള്‍സ്റ്റോയിയുടെ ലഘുകൃതി തന്നിലുളവാക്കിയ സ്വാധീനം ഗാന്ധിജി ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ടോള്‍സ്റ്റോയിയുടെ കൃതികള്‍ ഗാന്ധിജിക്ക് ആധ്യാത്മികതയിലേക്കുള്ള വഴികാട്ടിയായി. "ഗ്രാഫ് ടോള്‍സ്റ്റോയ് എന്ന ഗാന്ധിജിയുടെ ലേഖനം ടോള്‍സ്റ്റോയിയെപ്പറ്റി ഏഷ്യയിലുണ്ടായ ആദ്യത്തെ ലേഖനമായി കരുതപ്പെടുന്നു. കൂടാതെ, ഇന്‍ഡ്യന്‍ ഒപ്പിനിയനില്‍ ടോള്‍സ്റ്റോയിയുടെ നാലുകഥകളുടെ ("ദൈവം എല്ലാം കാണുന്നുണ്ട്, പക്ഷേ ഉടനെ പ്രതികരിക്കാറില്ല. "മണ്ടന്‍ ഇവാന്റെയും രണ്ടു സഹോദരങ്ങളുടെയും കഥ, "ജീവിതത്തിന്റെ അര്‍ഥം എന്ത്? "മനുഷ്യന് അധികം ഭൂമി ആവശ്യമുണ്ടോ?) പുനരാഖ്യാനവും ഒരു കൃതിക്ക് തന്റെ മുഖവുരയും ഇന്‍ഡ്യന്‍ ഒപ്പിനിയനില്‍ ഗാന്ധിജി പ്രസിദ്ധീകരിച്ചു. ഗാന്ധിജിയും ടോള്‍സ്റ്റോയിയും തമ്മില്‍ കത്തിടപാടുകളും നടന്നിട്ടുണ്ട്. 1909-ല്‍ ഗാന്ധിജി ടോള്‍സ്റ്റോയിക്കെഴുതിയ കത്തില്‍ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ ദുരിതങ്ങള്‍ സൂചിപ്പിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കുമെതിരെ സ്വാതന്ത്യ്രസമരത്തിലേര്‍പ്പെട്ട ഇന്ത്യക്കാര്‍ക്കും ഭാവുകങ്ങളാശംസിച്ചുകൊണ്ടാണ് ടോള്‍സ്റ്റോയ് ആ കത്തിനു മറുപടി അയച്ചത്. 1928-ല്‍ ടോള്‍സ്റ്റോയിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഗാന്ധിജി നടത്തിയ പ്രസംഗത്തില്‍ ടോള്‍സ്റ്റോയിയുടെ സത്യാന്വേഷണവും ഓരോ വ്യക്തിയും സ്വന്തം ഭക്ഷണം സ്വയം അധ്വാനിച്ചുണ്ടാക്കണമെന്ന സിദ്ധാന്തവും ഭാരതീയ യുവാക്കള്‍ക്കു മാതൃകയാകണമെന്ന് സൂചിപ്പിച്ചു. അഹിംസാസിദ്ധാന്തത്തില്‍ ടോള്‍സ്റ്റോയിക്കുണ്ടായിരുന്ന വിശ്വാസം ഗാന്ധിജിയെ പ്രത്യേകം സ്വാധീനിച്ചു. ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജി സ്ഥാപിച്ച 'ടോള്‍സ്റ്റോയ് ഫാം' ടോള്‍സ്റ്റോയിയുടെ നിത്യസ്മാരകമായി സ്ഥിതിചെയ്യുന്നു.

ടോള്‍സ്റ്റോയിയും ടാഗൂറും

ടോള്‍സ്റ്റോയിയും ടാഗൂറും തമ്മില്‍ അത്ഭുതകരമായ ചില സാമ്യങ്ങള്‍ ദൃശ്യമാണ്. പ്രഭുവംശജരായ ഇരുവരും ലോകശ്രദ്ധ പിടിച്ചുപറ്റിയത്

ടോള്‍സ്റ്റോയിയും ഭാര്യയും-സെപ്.25,1910 (ടോള്‍സ്റ്റോയിയുടെ അവസാനത്തെ ഫോട്ടോ

സാഹിത്യത്തിലെ അതികായന്മാര്‍ എന്ന നിലയിലാണ്. ഇരുവരും വിദ്യാഭ്യാസതലത്തില്‍ തനതായ പല പരീക്ഷണങ്ങള്‍ നടത്തുകയും മതങ്ങളെപ്പറ്റി പരമ്പരാഗതവും യാഥാസ്ഥിതികവുമായ വീക്ഷണങ്ങള്‍ നിരാകരിക്കുകയും ചെയ്തു. ഇവര്‍ സ്വയം ഒരു മതത്തിലും പെടുന്നവരായി ജീവിച്ചില്ല. എന്നാല്‍ ഈശ്വരസങ്കല്പത്തെപ്പറ്റി തങ്ങളുടേതായ അഭിപ്രായങ്ങളുണ്ടായിരുന്നു. ഇരുവര്‍ക്കും മനുഷ്യനും മനുഷ്യവംശത്തിന്റെ ഐക്യവും ശ്രേയസ്സുമായിരുന്നു പ്രധാനം. ടോള്‍സ്റ്റോയിയെ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ പുറത്താക്കുകയും മരണശേഷം മൃതശരീരം പള്ളിസെമിത്തേരിയില്‍ സംസ്കരിക്കുന്നതിനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു. യാഥാസ്ഥിതിക ഹിന്ദുക്കള്‍ക്കും സങ്കുചിതമായ ദേശീയ രാഷ്ട്രീയത്തില്‍ സര്‍വമേന്മയും ദര്‍ശിച്ച രാഷ്ട്രീയ നേതാക്കള്‍ക്കും അത്ര അഭിമതനായിരുന്നില്ല ടാഗൂറും.

ടോള്‍സ്റ്റോയ് സാഹിത്യം മലയാളത്തില്‍

റഷ്യന്‍ സാഹിത്യത്തില്‍ നിന്നു മലയാളത്തിലേക്കു വന്നിട്ടുള്ള ആദ്യപരിഭാഷ ടോള്‍സ്റ്റോയിയുടെ ഏതാനും കഥകളാണ്. 1918-ല്‍ പ്രസിദ്ധീകരിച്ച ടോള്‍സ്റ്റോയിയുടെ നീതി കഥകള്‍ (എ. ഗോപാലമേനോന്‍), ഉപദേശകഥകള്‍ (പരുത്തിക്കാട്ടു ഗോപാലപിള്ള) എന്നിവ അക്കൂട്ടത്തില്‍ മുന്‍പന്തിയിലെത്തുന്നു. ടോള്‍സ്റ്റോയ് കൃതികള്‍ ഏറ്റവും കൂടുതല്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുള്ളത് പുതുപ്പള്ളി രാഘവനാണ് ടോള്‍സ്റ്റോയിയുടെ പ്രധാനപ്പെട്ട മിക്ക കൃതികളും അദ്ദേഹം മലയാളത്തിലേക്കു തര്‍ജുമ ചെയ്തിട്ടുണ്ട്. ഇവയില്‍ ചിലതു സംക്ഷിപ്ത തര്‍ജുമകളാണ്. ഉദാ: യുദ്ധവും സമാധാനവും. റഷ്യനില്‍ നിന്നു നേരിട്ടല്ല ഇംഗ്ലീഷു പരിഭാഷകളില്‍ നിന്നാണ് മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയത്. തന്മൂലം മുലകൃതികളില്‍ നിന്ന് അവ ചിലപ്പോഴൊക്കെ വ്യതിചലിച്ചിട്ടുണ്ടെങ്കിലും ടോള്‍സ്റ്റോയ് കൃതികളെക്കുറിച്ച് മലയാളവായനക്കാരില്‍ ഒരവബോധം സൃഷ്ടിക്കാന്‍ ഈ വിവര്‍ത്തന കൃതികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. പരിഭാഷയോടൊപ്പം തന്നെ ടോള്‍സ്റ്റോയ് കൃതികളെക്കുറിച്ചുള്ള പഠനങ്ങളും എ. ബാലകൃഷ്ണപിള്ള, കുറ്റിപ്പുഴ കൃഷ്ണപിള്ള തുടങ്ങിയ മലയാള നിരൂപകന്മാര്‍ നടത്തിയിട്ടുണ്ട്. ടോള്‍സ്റ്റോയിയുടെ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ള ചില കൃതികളും മലയാളത്തിലുണ്ടായിട്ടുണ്ട്. കെ. സുരേന്ദ്രന്റെ ടോള്‍സ്റ്റോയിയുടെ കഥ, എം.കെ. കുമാരന്റെ ടോള്‍സ്റ്റോയിയും ഭാര്യയും, കെ. ഭാസ്കരപിള്ളയുടെ ടോള്‍സ്റ്റോയ് എന്നിവ ഇക്കൂട്ടത്തില്‍ ശ്രദ്ധേയങ്ങളാണ്. ടോള്‍സ്റ്റോയ് കൃതികള്‍ മലയാളസാഹിത്യകാരന്മാരില്‍ പലരെയും സ്വാധീനിച്ചിട്ടുണ്ടെങ്കിലും അതിനെപ്പറ്റിയുള്ള ശാസ്ത്രീയ പഠനങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

പ്രസിദ്ധ പരിഭാഷകളുടെ ഒരു സൂചിക ചുവടെ ചേര്‍ക്കുന്നു: എന്റെ ശൈശവം-പുതുപ്പള്ളി രാഘവന്‍, എന്റെ കൗമാരം-പുതുപ്പള്ളി രാഘവന്‍, എന്റെ യൗവനം-പുതുപ്പള്ളി രാഘവന്‍, സിവസ്തപ്പോളില്‍ നിന്ന്-പുതുപ്പള്ളി രാഘവന്‍, പാസ്പോര്‍ട്ടില്ലാത്ത പാന്ഥന്‍- പുതുപ്പള്ളി രാഘവന്‍, രണ്ടു തലമുറകള്‍- പുതുപ്പള്ളി രാഘവന്‍, രണ്ടു നേര്‍ച്ചക്കാര്‍-പുതുപ്പള്ളി രാഘവന്‍, യുദ്ധവും സമാധാനവും-ഇടപ്പള്ളി കരുണാകര മേനോന്‍, യുദ്ധവും സമാധാനവും-ആനി തയ്യില്‍, അന്നാ കരേനിന- റ്റി.എന്‍. ഗോപിനാഥന്‍ നായര്‍, അന്നാ കരേനിന-ആനി ജോസഫ്, അന്നാ കരേനിന- ഡി.സി. ബുക്ക്സ്, ഉയിര്‍ത്തെഴുന്നേല്‍പ്പ് -സി. ഗോവിന്ദക്കുറുപ്പ്, ഫാദര്‍ സെര്‍ജിയസ്- സി.ആര്‍. ഓമനക്കുട്ടന്‍, ക്രൂയിസ്റ്റര്‍ സൊനാത- സി. ഗോവിന്ദക്കുറുപ്പ്, പോലിക്കി- കെ.എം. രാജു, രണ്ടു പടയാളികള്‍- കെ.എം. രാജു, ആല്‍ബര്‍ട്ട്-കെ.എം. രാജു, കാക്കസസ്സിലെ തടവുകാരന്‍-മാടശ്ശേരി മാധവവാരിയര്‍, ടോള്‍സ്റ്റോയ് കഥകള്‍-മാടശ്ശേരി മാധവവാരിയര്‍, മുടന്തന്‍ രാജകുമാരന്‍-കെ.എ. കൊടുങ്ങല്ലൂര്‍, ഒരു ഭ്രാന്തന്റെ ഡയറി- എന്‍.എ. കരീം, ടോള്‍സ്റ്റോയിയുടെ നീതികഥകള്‍-അമ്പാടി ഇക്കാവമ്മ, ടോള്‍സ്റ്റോയ് കഥകള്‍ (3 ഭാഗങ്ങള്‍)- കെ.സി. മാത്യു, കഥാസൗരഭം-പി.കെ..ജി.പി, കര്‍ഷകനും നരകത്തില്‍- മതിലകം ചന്ദ്രശേഖരപിള്ള, രണ്ടാത്മാക്കളും കുറേ സ്വപ്നങ്ങളും-മതിലകം ചന്ദ്രശേഖരപിള്ള, വിഡ്ഢിയും പിശാചുക്കളും-സി.കെ.എസ്., സുഖത്തിന്റെ പിറവി-ഡി.എന്‍. നമ്പൂതിരി, അനീതി സര്‍വത്ര അനീതി-എന്‍.പി. സുകുമാരന്‍, ആനന്ദമന്ദിരം-ചെറിയാന്‍ ആന്‍ഡ്രൂസ്, അപ്പോള്‍ നാം എന്തു ചെയ്യണം- പി.കെ. ശിവശങ്കരപ്പിള്ള, ചെകുത്താന്‍-റ്റാറ്റാപുരം സുകുമാരന്‍, കൊസാക്കുകള്‍-ഒ.പി. ജോസഫ്, ഒമ്പതു കഥകള്‍- ജിമ്മി ചാന്തുരുത്തി, കഥാസൗരഭം- പി.കെ. ഗോവിന്ദപ്പിള്ള, കൊസാക്കുകള്‍- പി.കെ. ബാലകൃഷ്ണന്‍, ഒരു ഭ്രാന്തന്റെ ഡയറി- പി.കെ. ബാലകൃഷ്ണന്‍, ഒരു ഭ്രാന്തന്റെ ഡയറി- എം. ഷണ്മുഖദാസ്, ഇരുളില്‍ നിന്നു വെളിച്ചത്തിലേക്ക്-കെ.എസ്. എഴുത്തച്ഛന്‍, തമശ്ശക്തി-എന്‍.കെ. ദാമോദരന്‍, എന്താണു കല?- കെടാകുളം കരുണാകരന്‍, ഇവാന്‍ ഈലിച്ചിന്റെ മരണം-ജി.ബി. മോഹന്‍, ഇവാന്‍ ഈലിച്ചിന്റെ മരണം-സാറ, അടിമയും യജമാനനും-പോള്‍ ചിറയ്ക്കല്‍, ടോള്‍സ്റ്റോയ് കഥകള്‍- കെ.എന്‍. ദാമോദരന്‍ നായര്‍, ഫാദര്‍ സെര്‍ജിയസ്-സി.ആര്‍. ഓമനക്കുട്ടന്‍.

മാക്സിം ഗോര്‍ക്കി ടോള്‍സ്റ്റോയിയെപ്പറ്റി എഴുതിയ ടോള്‍സ്റ്റോയ് സ്മരണകള്‍ എന്ന കൃതി എ. മാധവന്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ടോള്‍സ്റ്റോയിയുടെ സങ്കീര്‍ണസ്വഭാവങ്ങളുടെ അപഗ്രഥനമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. മലയാള സാഹിത്യത്തെ സമ്പന്നമാക്കുവാന്‍ ഈ വിവര്‍ത്തന രചനകള്‍ വളരെയധികം സഹായകമായിട്ടുണ്ട്.

ടോള്‍സ്റ്റോയ് സ്മാരകങ്ങള്‍

(1) യാസ്നയ പല്യാനയില്‍ ഇദ്ദേഹം താമസിച്ചിരുന്ന ഭവനം (ജനിച്ച ഭവനം ഇപ്പോള്‍ നിലവിലില്ല), ഇദ്ദേഹം ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പഠനമുറിയും 22000 ഓളം പുസ്തകങ്ങളുള്ള ഇദ്ദേഹത്തിന്റെ ലൈബ്രറിയും ചേര്‍ന്ന ഒരു മ്യൂസിയം ഉണ്ട്.

(2)മോസ്കോയില്‍ ഇദ്ദേഹം താമസിച്ചിരുന്ന വസതിയും വേറെ രണ്ടു കെട്ടിടങ്ങളിലായി രണ്ടു മ്യൂസിയങ്ങളും ഇദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി നിലനിര്‍ത്തുന്നു,

(3)അസ്തപ്പോവ റെയില്‍വേ സ്റ്റേഷന്‍ ഇന്ന് 'ലേവ് തള്‍സ്റ്റായ്' എന്ന പേരിലറിയപ്പെടുന്നു.

(ഡോ. കെ. ഗോവിന്ദന്‍ നായര്‍, സ. പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍