This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോള്‍മിന്‍, സ്റ്റീഫന്‍ .ഇ (1922- )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോള്‍മിന്‍, സ്റ്റീഫന്‍ .ഇ (1922- )

Toulmin,Stephen

ബ്രിട്ടിഷ് തത്ത്വചിന്തകന്‍. 1922 മാ. 25-ന് ലണ്ടനില്‍ ജനിച്ചു. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഒക്സ്ഫെഡ്, ലീഡ്സ്, ബ്രാന്‍ഡൈസ്, മിച്ചിഗണ്‍ സ്റ്റേറ്റ്, കാലിഫോര്‍ണിയ എന്നീ സര്‍വകലാശാലകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. ലണ്ടനിലെ നുഫീല്‍ഡ് ഫൌണ്ടേഷന്‍, വാഷിങ്ടണിലെ സ്മിത്ത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ എന്നിവയുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. നീതിശാസ്ത്രം, പ്രത്യയചരിത്രം, തര്‍ക്കശാസ്ത്രം, വിജ്ഞാന മീമാംസ തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളില്‍ പുതിയൊരു ചിന്താരീതിക്ക് ഇദ്ദേഹം വഴിതെളിച്ചു.

20-ാം ശ. -ത്തിലെ തത്ത്വചിന്തയുടെ മുഖമുദ്രയായ ഔപചാരികവും തത്ത്വാധിഷ്ഠിതവുമായ അപഗ്രഥന രീതികളെ ഇദ്ദേഹം നിശിതമായി വിമര്‍ശിച്ചു. സാഹചര്യങ്ങള്‍ക്കനുസൃതമായി മനുഷ്യന്റെ ഗ്രഹണശക്തിയില്‍ തുടര്‍ച്ചയായി മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ തത്ത്വശാസ്ത്രത്തിന്റെ ചിന്താവിഷയം ചരിത്രപരവും, ഈടുറ്റതും, പ്രായോഗികജ്ഞാനത്തില്‍ അധിഷ്ഠിതവുമായിരിക്കണം എന്ന് ഇദ്ദേഹം ഊന്നിപ്പറഞ്ഞു. ഇദ്ദേഹത്തിന്റെ വീക്ഷണങ്ങളിലുടനീളം കോളിങ് വുഡ്, വിറ്റ്ഗെന്‍സ്റ്റെന്‍ എന്നിവരുടെ സ്വാധീനം ദൃശ്യമാണ്. ആന്‍ എക്സാമിനേഷന്‍ ഒഫ് ദ് പ്ളേസ് ഒഫ് റീസണ്‍ ഇന്‍ എത്തിക്സ് (1950), ദ് ഫിലോസഫി ഒഫ് സയന്‍സ്: ആന്‍ ഇന്‍ട്രൊഡക്ഷന്‍ (1953), ദ് യൂസസ് ഒഫ് ആര്‍ഗ്യുമെന്റ് (1958), ഹ്യൂമന്‍ അണ്ടര്‍സ്റ്റാന്‍ഡിങ് (1972) എന്നിവയാണ് ടോള്‍മിന്റെ പ്രധാന കൃതികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍