This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോളര്‍, ഏണസ്റ്റ് (1893-1939)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോളര്‍, ഏണസ്റ്റ് (1893-1939)

Toller,Ernst

ജര്‍മന്‍ നാടകകൃത്ത്. 1893 ഡി. 1-ന് പ്രഷ്യയില്‍ (ഇന്നത്തെ പോളണ്ട്) ജനിച്ചു. 1914-ല്‍ പട്ടാളത്തില്‍ ചേര്‍ന്ന ടോളര്‍ പില്‍ക്കാലത്ത് കടുത്ത യുദ്ധവിരുദ്ധനായി മാറി. ആരോഗ്യപരമായ കാരണങ്ങളാല്‍ സൈനികസേവനം അവസാനിപ്പിച്ച ഇദ്ദേഹം മൂണിച്ചിലെത്തി. 1918-19 കാലത്ത് നടന്ന ബവേറിയന്‍ വിപ്ളവത്തില്‍ പങ്കെടുത്തു. 1919-ല്‍ ചെറിയൊരു കാലയളവില്‍ ബവേറിയന്‍ സോവിയറ്റ് റിപ്പബ്ളിക്കിന്റെ തലവനായി അവരോധിക്കപ്പെട്ടു. ഇതിനെ തുടര്‍ന്ന് 1924 വരെ തടങ്കലിലായി. വിമോചിതനായ ശേഷം രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും 1933-ല്‍ നാസിഭരണം നിലവില്‍ വന്നപ്പോള്‍ നാടുവിടുകയും ചെയ്തു. 1936-ല്‍ യു. എസ്സിലെത്തി അവിടെ വാസമുറിപ്പിച്ചു.

ഏണസ്റ്റ് ടോളര്‍

1917-27 കാലയളവില്‍ രചിച്ച നാടകങ്ങളാണ് സാഹിത്യരംഗത്ത് ഏണസ്റ്റിനെ പ്രശസ്തനാക്കിയത്. ട്രാന്‍സ്ഫിഗറേഷന്‍ (1919), മാസ്സസ് ആന്‍ഡ് മാന്‍ (1920), ദ് മെഷീന്‍ റെക്കേഴ്സ് (1922), ഹിങ്ക്മാന്‍ (1923), വുമണ്‍ അണ്‍ചെയ് ന്‍ഡ് (1923) എന്നിവയാണ് ശ്രദ്ധേയമായ നാടകങ്ങള്‍. എക്സ്പ്രഷനിസ്റ്റ് ശൈലിയില്‍ രചിച്ച ഈ നാടകങ്ങളില്‍ രാഷ്ട്രീയ-സാമൂഹിക വിപ്ലവമാണ് മുഖ്യ പ്രതിപാദ്യം. മനുഷ്യ പ്രകൃതിയിലും സമാധാനപരമായ പരിവര്‍ത്തനങ്ങളിലും വിശ്വാസമര്‍പ്പിച്ചുകൊണ്ട് രചിച്ചവയാണ് ആദ്യകാല നാടകങ്ങള്‍. പില്ക്കാല നാടകങ്ങളില്‍ വിഷാദാത്മകത്വമാണ് മുന്നിട്ടുനില്‍ക്കുന്നത്. സാഹിത്യവും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും സംയോജിപ്പിച്ചുകൊണ്ട് രചന നടത്തിയ ഒരു സംഘം ജര്‍മന്‍ സാഹിത്യകാരന്മാരില്‍ പ്രമുഖനാണ് ഏണസ്റ്റ്.

ഏണസ്റ്റ് ടോളര്‍ ആന്റ് ഹിസ്ക്രിട്ടിക്സ് എന്ന പേരില്‍ പില്ക്കാലത്ത് ജോണ്‍ എം. സ്പാലക് ഒരു കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1939 മേയ് 29-ന് ന്യൂയോര്‍ക്ക് പട്ടണത്തില്‍ ഇദ്ദേഹം ആത്മഹത്യ ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍