This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോളമി (2-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോളമി (2-ാം ശ.)

Ptolemy

പുരാതന ഗ്രീക്ക് ജ്യോതിശ്ശാസ്ത്രകാരന്‍. ഭൂമിശാസ്ത്രം, ഭൌതികശാസ്ത്രം, ഗണിതശാസ്ത്രം എന്നീ മേഖലകളിലും ഇദ്ദേഹം ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ക്ളോഡിയസ് ടോളമിയസ് (Claudius Ptolemaeus) എന്നാണ് പൂര്‍ണ നാമധേയം. അല്‍മജെസ്റ്റ് പോലുള്ള മികച്ച കൃതികളുടെ രചയിതാവ് എന്ന നിലയില്‍ പ്രസിദ്ധനാണ്. എങ്കിലും എ.ഡി. 2-ാം ശ. ല്‍ ജീവിച്ചിരുന്ന ഇദ്ദേഹത്തിന്റെ ജനനം, വ്യക്തിജീവിതം എന്നിവയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ല. എ.ഡി. 100-നും 170-നും ഇടയ്ക്ക് ഇദ്ദേഹം ജീവിച്ചിരുന്നതായി കരുതുന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള ഭൂകേന്ദ്ര സിദ്ധാന്തം (geocentric theory) ആവിഷ്ക്കരിച്ചത് ടോളമിയാണ്. ഭൂകേന്ദ്ര സിദ്ധാന്തം പില്ക്കാലത്ത് തെറ്റാണെന്നു ബോധ്യപ്പെട്ടു. എങ്കിലും 16-ാം ശ. -ത്തില്‍ കോപ്പര്‍നിക്കസ് സൂര്യകേന്ദ്ര സിദ്ധാന്തം (heliocentric theory) ആവിഷ്ക്കരിക്കുന്നതുവരെ 1400 കൊല്ലങ്ങളോളം ജ്യോതിശ്ശാസ്ത്രത്തില്‍ മുന്നിട്ടു നിന്നത് ടോളമിയുടെ ആശയങ്ങളാണ്.

ക്ലോഡിയസ് ടോളമി

ജ്യോതിശ്ശാസ്ത്രം, ഭൂമിശാസ്ത്രം, ഭൌതികശാസ്ത്രം, ഗണിതശാസ്ത്രം എന്നീ മേഖലകളിലായിരുന്നു ടോളമിയുടെ നേട്ടങ്ങളധികവും. ഹിപ്പാര്‍ക്കസ് ഉള്‍പ്പെടെയുള്ള മുന്‍ഗാമികളുടെ നിരീക്ഷണഫലങ്ങള്‍ ചിട്ടയായും ക്രമമായും അടുക്കി, സ്വന്തം ഗവേഷണഫലങ്ങള്‍ കൂടി ചേര്‍ത്ത് അവയെ മെച്ചപ്പെടുത്തി യുക്തിഭദ്രവും ധിഷണാപരവുമായി ഗ്രന്ഥരചന നടത്തി എന്നതാണ് ടോളമിയുടെ ഏറ്റവും വലിയ നേട്ടം. അന്നേവരെയുള്ള അറിവ് സമാഹരിക്കുക നിമിത്തം ഇദ്ദേഹത്തിന്റെ കൃതികള്‍ക്ക് ഒരു വിജ്ഞാനകോശസ്വഭാവം കൈവന്നു. ഒന്നര സഹസ്രാബ്ദത്തോളം ഇവയുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടതുമില്ല.

ടോളമിയുടെ ഏറ്റവും മികച്ച കൃതിയായി കരുതപ്പെടുന്നത് അല്‍മജെസ്റ്റ് (അറബി ഭാഷയില്‍ 'ഏറ്റവും മഹത്തായത്' എന്നര്‍ഥം) ആണ്. ജ്യോതിശ്ശാസ്ത്ര പ്രതിഭാസങ്ങളെക്കുറിച്ച് ഗണിതീയ പ്രതിപാദനം നടത്തിയിട്ടുള്ള, 13 പുസ്തകങ്ങള്‍ ചേര്‍ന്ന ഒരു കൃതിയാണിത്. അക്കാലംവരെയുള്ള ജ്യോതിശ്ശാസ്ത്ര വിജ്ഞാനത്തിന്റെ സംഗ്രഹരൂപമായി ഇതു കണക്കാക്കപ്പെടുന്നു. ഈ കൃതിയിലാണ് ഭൂകേന്ദ്രസിദ്ധാന്തം അവതരിപ്പിച്ചിട്ടുള്ളത്. ഭൂമി പ്രപഞ്ചകേന്ദ്രത്തില്‍ നിശ്ചലമായി നില്‍ക്കുന്നു എന്നും സൂര്യന്‍, ചന്ദ്രന്‍, ഗ്രഹങ്ങള്‍ എന്നിവ ഭൂമിക്കു ചുറ്റും ഭ്രമണം ചെയ്യുന്നു (Ptolemaic system) എന്നുമാണ് ടോളമി സിദ്ധാന്തിച്ചത്. ഗ്രഹങ്ങളുടെ ചലനം 'എപ്പിസൈക്കിള്‍ തിയറി'യിലൂടെ ഇദ്ദേഹം വിശദീകരിച്ചു. ഇതിനായി ഡെഫറന്റ്, ഇക്വന്റ്സ് എന്നീ ആശയങ്ങളും അവതരിപ്പിച്ചു. ജ്യോതിശ്ശാസ്ത്രപരമായി തെറ്റാണെങ്കിലും അല്‍മജെസ്റ്റിലെ ഗണിതീയ ഭാഗങ്ങള്‍ സാധുത ഉള്ളവയാണ്. എ.ഡി. 127-150 കാലഘട്ടത്തില്‍ ടോളമി അലക്സാണ്ട്രിയയിലും ഈജിപ്തിലുമായി പല ജ്യോതിശ്ശാസ്ത്ര നിരീക്ഷണങ്ങളും നടത്തി എന്ന് ഈ കൃതി സ്പഷ്ടമാക്കുന്നുണ്ട്.

ടോളമി രചിച്ച ഓപ്റ്റിക്സ് എന്ന ഭൌതികശാസ്ത്രകൃതിയില്‍ ദര്‍പ്പണങ്ങളെ(mirror)ക്കുറിച്ചും അവയുടെ ഗുണങ്ങളെക്കുറിച്ചും പ്രതിഫലന നിയമത്തെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്. അനലെമ്മ, പ്ലാനിസ്ഫേറിയം എന്നീ കൃതികള്‍ ഓര്‍തോഗ്രാഫികവും സ്റ്റീരിയോഗ്രാഫികവുമായ പ്രക്ഷേപ(projection)ത്തിന്റെ ഗണിതീയ പ്രബന്ധമാണ്. ഈ പ്രക്ഷേപ രീതിയുടെ ഗണിതാശയങ്ങള്‍ പില്ക്കാലത്ത് അസ്ട്രോലയ്ബിന്റെ നിര്‍മിതിക്ക് ഉപയുക്തമായി. വളരെ പ്രചാരം നേടിയ ഗ്രന്ഥമായ ടെട്രാബിബ്ളോസ് ജ്യോതിഷം അടിസ്ഥാന വിഷയമാക്കി രചിച്ചിട്ടുള്ളതാണ്. ഹാന്‍ഡി ടേബിള്‍സ്, ഹാര്‍മോണിക്ക, ഓണ്‍ ദ് ഫാക്കല്‍റ്റി ഒഫ് ജഡ്ജ്മെന്റ് ആന്‍ഡ് കമാന്‍ഡ്, ഓണ്‍ പാരലല്‍ ലൈന്‍സ്, ഫേസസ് ഒഫ് ദ് ഫിക്സഡ് സ്റ്റാഴ്സ് എന്നിവ ടോളമിയുടെ ഇതര കൃതികളായി കണ്ടെടുത്തിട്ടുള്ളവയാണ്. നഷ്ടപ്പെട്ട കൃതികളില്‍ ഓണ്‍ ദ് ബാലന്‍സിങ് ഒഫ് ദ് സ്കെയില്‍, ഓണ്‍ ദി എലിമെന്റ്സ് എന്നിവ ഉള്‍പ്പെടുന്നു.

ഗണിതശാസ്ത്രത്തില്‍ പുതിയ ജ്യാമിതീയ തെളിവുകളും സിദ്ധാന്തങ്ങളും ടോളമി അവതരിപ്പിച്ചു. 850 നക്ഷത്രങ്ങള്‍ ചേര്‍ത്ത് ഹിപ്പാര്‍ക്കസ് ആദ്യമായി ഒരു നക്ഷത്ര കാറ്റലോഗ് തയ്യാറാക്കി. ടോളമി 1022 നക്ഷത്രങ്ങളെ ഉള്‍പ്പെടുത്തി ഈ കാറ്റലോഗ് പരിഷ്കരിച്ചു. കാലാവസ്ഥാസൂചന നല്‍കുന്ന ഒരു കലണ്ടര്‍കൂടി ടോളമി തയ്യാറാക്കിയിട്ടുണ്ട്.

ഭൂമിശാസ്ത്രത്തെപ്പറ്റി ടോളമി രചിച്ച ജ്യോഗ്രഫി (Geogarphika Hyphegesis) എന്ന ഗ്രന്ഥം 14 ശ. ങ്ങളോളം ഗണിതീയ ഭൂമിശാസ്ത്രത്തിന്റെ ആധികാരിക പ്രമാണമായി കരുതപ്പെട്ടു. എട്ടു പുസ്തകങ്ങള്‍ ചേര്‍ന്നതാണ് ഇത്. ഗണിതീയ വിശദീകരണങ്ങള്‍ ചേര്‍ത്തിരിക്കുന്ന രീതികൊണ്ട് ഈ കൃതി അക്കാലത്തെ ഇതര കൃതികളില്‍നിന്നും വേറിട്ടതായി.

അക്ഷാംശ രേഖാംശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രക്ഷേപരീതി (Projection method) അവലംബിച്ച് അന്നുവരെ അറിയപ്പെട്ട സ്ഥലങ്ങള്‍ രേഖപ്പെടുത്തി ഭൂപടം (Map) തയ്യാറാക്കാന്‍ ടോളമിക്കു കഴിഞ്ഞു. എന്നാല്‍ ഇദ്ദേഹം ക്രമീകരിച്ച അക്ഷാംശ രേഖാംശ പട്ടികകളില്‍ ചില തെറ്റുകള്‍ കടന്നുകൂടിയിരുന്നു. എങ്കിലും, ശാസ്ത്രീയ ഭൂപട നിര്‍മാണ ശാഖയുടെ തുടക്കക്കാരനായി ടോളമി അറിയപ്പെടുന്നു. ക്രിസ്റ്റഫര്‍ കൊളംബസിനെപ്പോലെയുള്ള പല നാവികരും തങ്ങളുടെ സഞ്ചാരമാര്‍ഗം കണ്ടെത്തുന്നതിന് ടോളമിയുടെ കൃതിയെ ആശ്രയിച്ചിട്ടുണ്ട്.

ഇന്ത്യ, സിലോണ്‍ (ശ്രീലങ്ക), അറേബ്യ, ഏഷ്യയിലെ മറ്റു ചില പ്രദേശങ്ങള്‍, മെഡിറ്ററേനിയന്‍ പ്രദേശങ്ങള്‍, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ ഭൂഭാഗങ്ങളെക്കുറിച്ച് ടോളമി തന്റെ ഭൂമിശാസ്ത്രകൃതിയില്‍ പ്രതിപാദിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ വ്യാപാരകേന്ദ്രങ്ങളെക്കുറിച്ചും പരാമര്‍ശമുണ്ട്. പുരാതന കേരളത്തിന്റെ ചരിത്രപരമായ ചില വസ്തുതകളെ സംബന്ധിച്ച ഹ്രസ്വമായ രൂപരേഖയും ഈ കൃതിയിലുണ്ട്. വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യ-സാംസ്കാരിക ബന്ധങ്ങള്‍ക്ക് സാഹചര്യമൊരുക്കിയ കേരളത്തിലെ ചില പ്രാചീന തുറമുഖങ്ങളെക്കുറിച്ചുള്ള പരാമര്‍ശവുമുണ്ട്. 'മുസ്സിരിസി'നെക്കുറിച്ചുള്ള ടോളമിയുടെ വിവരണം ശ്രദ്ധേയമാണ്. ഇന്നത്തെ കൊടുങ്ങല്ലൂരാണ് 'മുസിരിസ്'. ടോളമി പരാമര്‍ശിച്ചിട്ടുള്ള മറ്റു തുറമുഖങ്ങള്‍ കേരളത്തില്‍ എവിടെയായിരുന്നുവെന്നതിനെപ്പറ്റി വ്യക്തമായ രൂപമില്ല. കേരളത്തിന്റെ ഭൂപ്രദേശത്ത് അക്കാലത്ത് ഭരണം നടത്തിവന്ന കേരബൊത്രസ് (കേരോബോത്രാസ്) എന്നൊരു രാജാവിനെപ്പറ്റി ടോളമി പറയുന്നുണ്ട്. ('കേരളപുത്രന്‍' എന്ന പേരും ചില ഗ്രന്ഥങ്ങളില്‍ കാണുന്നു.) കേരബൊത്രസിന്റെ തലസ്ഥാനത്തെ 'കരൌര' എന്നാണ് ടോളമി വിളിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പേര് 'ലിമുരികെ' (ലിമിരികൊ) എന്നായിരുന്നത്രേ. കേരളത്തിന്റെ ഭൂപ്രദേശത്തു ണ്ടായിരുന്ന 'അയോയ്' (ആയ്) രാജ്യത്തെപ്പറ്റിയും ടോളമി വിശദീകരിക്കുന്നു. കേരള ചരിത്ര പണ്ഡിതന്മാര്‍ പുരാതനകേരളത്തെ വിവരിക്കുമ്പോള്‍ ടോളമി നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍കൂടി കണക്കിലെടുക്കാറുണ്ട്.

(നേശന്‍ റ്റി. മാത്യു, സ. പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍