This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോറോബൊലിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോറോബൊലിയം

Taurobolium

ദൈവങ്ങളുടെ ശ്രേഷ്ഠയായ മാതാവിനെ പ്രീതിപ്പെടുത്തുന്നതിനായി പേഗന്മാര്‍ (pagans വിഗ്രഹാരാധനയില്‍ വിശ്വസിച്ചിരുന്നവര്‍) അനുഷ്ഠിച്ചിരുന്ന ബലിയര്‍പ്പണം. മൃഗങ്ങളുടെ മാംസം ഭക്ഷിക്കുക വഴിയോ അല്ലെങ്കില്‍ അവയുടെ രക്തസ്പര്‍ശനം മൂലമോ മൃഗീയശക്തി ലഭിക്കുമെന്നു പാശ്ചാത്യരാജ്യങ്ങളിലെ ചില പ്രാകൃത ജനവിഭാഗങ്ങള്‍ വിശ്വസിക്കുകയും അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. പില്ക്കാലത്ത് ജനങ്ങളുടെ സാംസ്കാരിക നിലവാരം ഉയരുകയും ഇതിനു ദൈവിക ആരാധനയുടെ സ്വഭാവം കൈവരുകയും ചെയ്തു. ശ്രേഷ്ഠയായ മാതാവിന്റെ അത്യുന്നത പുരോഹിതനെ ശുദ്ധീകരിക്കുന്ന കര്‍മമായിട്ടാണ് ടോറോബൊലിയം ആചരിച്ചിരുന്നത്. ഇതിനായി വിശിഷ്ട വസ്ത്രങ്ങളും സ്വര്‍ണ കിരീടവും മറ്റും ധരിച്ച പുരോഹിതനെ ഒരു ഗര്‍ത്തത്തില്‍ ഇറക്കി നിര്‍ത്തും. ആഴമുള്ള ഈ കുഴി നിരവധി അതിസൂക്ഷ്മ ദ്വാരങ്ങള്‍ ഉള്ള പലകകള്‍ കൊണ്ടു മൂടും. ഈ പലകകളുടെ മുകളിലേക്ക് അലങ്കരിച്ചൊരുക്കിയ പോത്തിനെ ആനയിക്കുകയും വിശുദ്ധ കുന്തം കൊണ്ടു അതിന്റെ മാറിടം കുത്തിപ്പിളര്‍ക്കുകയും ചെയ്യും. പോത്തിന്റെ രക്തം പലകയിലെ ദ്വാരങ്ങളിലൂടെ താഴെ നില്‍ക്കുന്ന പുരോഹിതന്റെ ശരീരത്തില്‍ പതിക്കും. പോത്തിന്റെ ശരീരം പലകമേല്‍നിന്ന് നീക്കം ചെയ്തശേഷം മഹിഷ രക്തത്തില്‍ കുളിച്ച പുരോഹിതന്‍ പുറത്തുവരും. ജനങ്ങള്‍ അദ്ദേഹത്തെ വിശുദ്ധനായി ആരാധിക്കും. ഇതാണ് ടോറോബൊലിയത്തിന്റെ പ്രധാന ചടങ്ങ്.

വിവിധ ഉദ്ദേശ്യങ്ങളോടുകൂടിയാണ് ടോറോബൊലിയം നിര്‍വഹിക്കപ്പെട്ടിരുന്നത്. രണ്ടും മൂന്നും നൂറ്റാണ്ടുകളില്‍ രാജ്യത്തിന്റെയും രാജാവിന്റെയും ജനതയുടെയും ഉന്നമനത്തിനുവേണ്ടിയായിരുന്നു ഈ കര്‍മം. അറ്റിസി (Attis)ന്റെയും ശ്രേഷ്ഠയായ മാതാവിന്റെയും ഉത്സവദിനമായ മാര്‍ച്ച് 24-നു ആയിരുന്നു സാധാരണയായി ഈ ചടങ്ങ്. മൂന്നും നാലും നൂറ്റാണ്ടുകളില്‍ വ്യക്തിയെ ശുദ്ധീകരിക്കാനും നവോന്മേഷം നല്‍കുവാനുമാണ് ടോറോബൊലിയം നടത്തിയിരുന്നത്. ടോറോബൊലിയത്തിന്റെ ഗുണം ഇരുപതുവര്‍ഷം അല്ലെങ്കില്‍ ജീവിതകാലം മുഴുവനുംതന്നെ നിലനില്‍ക്കും എന്നായിരുന്നു വിശ്വാസം. റോമില്‍ ഇപ്പോള്‍ വിശുദ്ധ പീറ്ററിന്റെ ദേവാലയം സ്ഥിതിചെയ്യുന്ന സ്ഥലത്താണ് പണ്ട് ടോറോബൊലിയം നടത്തിയിരുന്നത്. അറ്റിസിനെ ആദരിക്കുവാനായി ക്രയോബൊലിയം എന്ന ചടങ്ങും നടത്താറുണ്ടായിരുന്നു. ഇതില്‍ പോത്തിനു പകരം മുട്ടനാടിനെയാണ് ബലി കഴിച്ചിരുന്നത്.

അറ്റിസിനെക്കുറിച്ചുള്ള ഒരു ഐതിഹ്യവുമായി ടോറോബൊലിയത്തിനു ബന്ധമുണ്ട്. പുരോഹിതന്‍ വെളിച്ചത്തില്‍ നിന്ന് ഗര്‍ത്തത്തിന്റെ ഇരുട്ടിലേക്ക് പോകുന്നത് അറ്റിസിന്റെ മരണത്തെ സൂചിപ്പിക്കുന്നു. അറ്റിസിന്റെ മരണത്തോടെ ഭൂമിയില്‍ സസ്യങ്ങള്‍ വാടുന്നു. രക്തത്തില്‍ കുളിച്ച് ശുദ്ധനായ പുരോഹിതന്‍ ഗര്‍ത്തത്തില്‍ നിന്ന് പുറത്തുവരുന്നത് അറ്റിസിന്റെ പുനര്‍ജന്മത്തെയാണ് സൂചിപ്പിക്കുന്നത്. അറ്റിസിന്റെ പുനര്‍ജന്മത്തോടെ സസ്യങ്ങള്‍ക്ക് നവജീവന്‍ ലഭിക്കുന്നു എന്നാണ് വിശ്വാസം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍