This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോറി കക്ഷി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോറി കക്ഷി

Tory Party

ഗ്രേറ്റ് ബ്രിട്ടനിലെ യാഥാസ്ഥിതിക കക്ഷി(കണ്‍സര്‍വേറ്റീവ് ആന്‍ഡ് യൂണിയനിസ്റ്റ് പാര്‍ട്ടി)യുടെ പഴയ പേര്. ചാള്‍സ് II (1630-85) രാജാവിന്റെ ഭരണകാലത്ത് 1679-80-ല്‍ ഈ രാഷ്ട്രീയ ഗ്രൂപ്പ് രൂപം കൊണ്ടു. യോര്‍ക്കിലെ ഡ്യൂക്ക് ആയ ജെയിംസിനെ (1633-1701) കത്തോലിക്കനാണെന്ന കാരണത്താല്‍ ഇംഗ്ലണ്ടിലെ കിരീടാവകാശിയാക്കുന്നതിനെതിരായുള്ള ചര്‍ച്ച പാര്‍ലമെന്റില്‍ വന്നു (എസ്ക്ളൂഷന്‍ ബില്‍). ഷാഫ്റ്റ്സ്ബറിയിലെ പ്രഭുവിന്റെ നേതൃത്വത്തിലായിരുന്നു ഈ എതിര്‍പ്പ്. ഇതില്‍ ജെയിംസിനെ അനുകൂലിച്ച രാഷ്ട്രീയ ഗ്രൂപ്പിലെ അംഗങ്ങളെയാണ് ടോറികള്‍ എന്നു വിളിച്ചത്. ഇവരെ എതിര്‍ത്തിരുന്നവര്‍ വിഗ്ഗുകളും (പില്‍ക്കാലത്ത് ലിബറല്‍ പാര്‍ട്ടി). ടോറി എന്ന പേരിന്റെ ഉദ്ഭവം അയര്‍ലണ്ടില്‍ നിന്നുമാണ്. 16-ഉം 17-ഉം ശ. ങ്ങളില്‍ അയര്‍ലണ്ടിലെ നിയമനിഷേധികളായി കരുതപ്പെട്ട ഒരു വിഭാഗത്തെയാണ് ടോറികള്‍ എന്നു വിളിച്ചിരുന്നത്. സ്റ്റുവര്‍ട്ട് രാജാക്കന്‍മാര്‍ തങ്ങളുടെ പിന്തുണയ്ക്കായി നിയമനിഷേധികളായി മുദ്രകുത്തപ്പെട്ട ഐറിഷ്കാരെയും ഉപയോഗിക്കാന്‍ തയ്യാറായേക്കുമെന്നു വിശ്വസിച്ചിരുന്നതിനാലാകാം ഇംഗ്ലണ്ടില്‍ സ്റ്റുവര്‍ട്ടുകളെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ ഗ്രൂപ്പിനെ ടോറികള്‍ എന്നു വിളിച്ചതെന്ന് ചരിത്രകാരന്മാര്‍ക്ക് ഒരഭിപ്രായമുണ്ട്.

ടോറികള്‍ എന്നു വിളിക്കപ്പെട്ട രാഷ്ട്രീയ ഗ്രൂപ്പ് പള്ളിയേയും രാജാവിനേയും പിന്താങ്ങിയിരുന്നവരാണ്. 1688-ലെ വിപ്ലവശേഷം (ഗ്ളോറിയസ് റെവലൂഷന്‍) പാര്‍ലമെന്റിന് കൂടുതല്‍ അധികാരം വന്നതോടെ ടോറികളുടെ ശക്തി കുറഞ്ഞു. ഇവര്‍ക്ക് നിയന്ത്രിത രാജാധിപത്യത്തെ അംഗീകരിക്കേണ്ടിവന്നു. പിന്നീട്, രാജാവിനും പള്ളിക്കും പ്രാധാന്യം നല്‍കുന്ന നയം മാറ്റി രാജസ്ഥാനത്തോടും ഭരണഘടനയോടും കൂറു പുലര്‍ത്തുന്ന ആദര്‍ശവുമായി ജോര്‍ജ് IIIന്റെ (ഭ.കാ. 1760-1820) സ്ഥാനാരോഹണത്തോടെ ടോറികള്‍ സജീവമായി. വില്യം പിറ്റ് ദ് യങ്ങര്‍ (പ്രധാനമന്ത്രി) നേതൃത്വത്തിലെത്തിയതോടെ 1784-നു ശേഷം ടോറി കക്ഷി ഏറെ ശക്തി പ്രാപിച്ചു. 1830 ആയപ്പോഴേക്കും ടോറികള്‍ അധികാരത്തില്‍നിന്ന് പുറത്തായി. പിന്നീട് ജനപ്രീതിയാര്‍ജിക്കാനായി 1833-ഓടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി (യാഥാസ്ഥിതിക കക്ഷി) എന്ന പേര് സ്വീകരിച്ചു. സര്‍ റോബര്‍ട്ട് പീലിന്റെ നേതൃത്വത്തില്‍ യാഥാസ്ഥിതിക ഗവണ്‍മെന്റ് ഉണ്ടായി. 1912 മുതല്‍ കണ്‍സര്‍വേറ്റിവ് ആന്‍ഡ് യൂണിയനിസ്റ്റ് പാര്‍ട്ടി എന്നറിയപ്പെടുന്നു. യാഥാസ്ഥിതിക കക്ഷിക്കാരെ ടോറികള്‍ എന്നു വിളിക്കുന്ന രീതി ഇപ്പോഴും കുറെയൊക്കെ നിലവിലുണ്ട്.

ഇംഗ്ലണ്ടിലെ ടോറികള്‍ രാജപദവിയോട് കൂറുപുലര്‍ത്തിയിരുന്നതിന്റെ വെളിച്ചത്തിലാണ് അമേരിക്കന്‍ വിപ്ലവകാലത്ത് ബ്രിട്ടിഷ് ഗവണ്‍മെന്റിനോടു കൂറുപുലര്‍ത്തിയിരുന്ന ലോയലിസ്റ്റുകളെ ടോറികള്‍ എന്നു വിളിച്ചിരുന്നത്. നോ: ഗ്രേറ്റ് ബ്രിട്ടന്‍, യാഥാസ്ഥിതിക കക്ഷി.

(ഡോ. എസ്. ഷറഫുദീന്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍