This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോറിജിയാനോ, പിയത്രോ (1470-1528)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോറിജിയാനോ, പിയത്രോ (1470-1528)

Torrigiano, Pietro

ഇറ്റാലിയന്‍ ശില്പി. ഫ്ളോറന്‍സില്‍ ജനിച്ച ടോറിജിയാനോ അവിടെത്തന്നെയാണ് ശില്പകല അഭ്യസിച്ചത്. പഠനകാലത്ത് നടന്ന ഒരു കലഹത്തില്‍ സഹപാഠിയായിരുന്ന മൈക്കലാഞ്ചലോയുടെ മൂക്കില്‍ പരുക്കേല്‍പിച്ചതിനെ തുടര്‍ന്ന് പട്ടണം വിട്ടുപോകാന്‍ നിര്‍ബദ്ധനായി. പില്‍ക്കാലത്ത് ഇംഗ്ലണ്ടിലേക്കു കടന്ന ടോറിജിയാനോ ഹെന്‍ട്രി ഏഴാമനും അദ്ദേഹത്തിന്റെ കുടുംബത്തിനുംവേണ്ടി സ്മാരകമണ്ഡപങ്ങള്‍ നിര്‍മിച്ചു. വെസ്റ്റ്മിനിസ്റ്റര്‍ അബിയില്‍ സ്ഥിതിചെയ്യുന്ന പ്രസ്തുത സ്മാരകങ്ങളാണ് ഇദ്ദേഹത്തിന്റെ മുഖ്യ സംഭാവനകള്‍. 1526-ല്‍ സെവില്ലെയിലെത്തിയ ടോറിജിയാനോ പോര്‍ച്ചുഗലിലെ ഇസബെല്ലായുടെ പ്രതിമ കളിമണ്ണില്‍ നിര്‍മിക്കുകയുണ്ടായി. സെന്റ് ജെറോമിന്റെ നഗ്നശില്പവും 'വിര്‍ജിന്‍ ആന്‍ഡ് ചൈല്‍ഡ്' എന്ന ശില്പവും സെവില്ലെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. വിര്‍ജിന്റെ ഒരു പൂര്‍ണകായ പ്രതിമ തയ്യാറാക്കുവാന്‍ ആരംഭിച്ചുവെങ്കിലും അതിനു നല്‍കിയ തുച്ഛമായ പ്രതിഫലത്തില്‍ കോപിഷ്ഠനായി ടോറിജിയാനോ പ്രസ്തുത പ്രതിമ തല്ലിയുടച്ചു. തുടര്‍ന്നു നടന്ന കോടതി വിചാരണയുടെ ഫലമായി തടങ്കലിലാക്കപ്പെട്ടു. തടങ്കലില്‍ക്കിടന്നുതന്നെ അന്ത്യശ്വാസം വലിച്ചു (1528).

നവോത്ഥാനകാലത്ത് ഇംഗ്ലണ്ടില്‍ ആദ്യമായി വ്യക്തിമുദ്ര പതിപ്പിച്ച ഇറ്റാലിയന്‍ ശില്പി എന്ന നിലയില്‍ ടോറിജിയാനോ കലാലോകത്ത് ശാശ്വത യശസ്സിനര്‍ഹനായിത്തീര്‍ന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍