This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോയന്‍ബി, ആര്‍നോള്‍ഡ് ജോസഫ് (1889-1975)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോയന്‍ബി, ആര്‍നോള്‍ഡ് ജോസഫ് (1889-1975)

Toynbee,Arnold Joseph

ഇംഗ്ലീഷ് ചരിത്രകാരനും ചിന്തകനും. ചരിത്രത്തിന്റെ തത്ത്വശാസ്ത്രത്തെക്കുറിച്ച് സിദ്ധാന്തങ്ങള്‍ ആവിഷ്ക്കരിക്കുകവഴി ലോകശ്രദ്ധ പിടിച്ചുപറ്റിയ ഇദ്ദേഹം 1889 ഏ. 14-ന് ലനില്‍ ജനിച്ചു. ഓക്സ്ഫോഡിലെ ബാല്ലിയോള്‍ കോളജില്‍ നിന്ന് 1911-ല്‍ ബിരുദമെടുത്തു. പുരാതന ഗ്രീക്ക്, ലാറ്റിന്‍ ഭാഷകളില്‍ പ്രാവീണ്യം നേടി. കുറച്ചുകാലം ആഥന്‍സിലെ ബ്രിട്ടിഷ് ആര്‍ക്കിയോളജിക്കല്‍ സ്കൂളില്‍ ഇദ്ദേഹം ചരിത്ര പഠനത്തില്‍ ഏര്‍പ്പെട്ടിരുന്നു. 1912 മുതല്‍ 15 വരെ ബാല്ലിയോള്‍ കോളജില്‍ പ്രാചീന ചരിത്ര വിഭാഗത്തില്‍ അധ്യാപകനായിരുന്നിട്ടുണ്ട്. ഒന്നും രണ്ടും ലോകയുദ്ധകാലങ്ങളില്‍ ഇദ്ദേഹം ബ്രിട്ടിഷ് വിദേശകാര്യ വകുപ്പില്‍ ജോലി നോക്കിയിരുന്നു. 1919-ല്‍ പാരിസ് സമാധാന സമ്മേളനത്തിലെ പ്രതിനിധിയുമായിരുന്നു. 1919 മുതല്‍ 24 വരെ ഇദ്ദേഹം ലന്‍ സര്‍വകലാശാലയില്‍ ബൈസാന്ത്യന്‍, ആധുനിക ഗ്രീക്ക് ചരിത്രത്തിന്റെയും സാഹിത്യത്തിന്റെയും പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1925 മുതല്‍ റിട്ടയര്‍മെന്റുവരെ (1955) ലന്‍ സര്‍വകലാശാലയില്‍ അന്താരാഷ്ട്ര ചരിത്രത്തെക്കുറിച്ചുള്ള റിസര്‍ച്ച് പ്രൊഫസറും ലനിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റര്‍ നാഷണല്‍ അഫയേഴ്സില്‍ പഠനകാര്യങ്ങള്‍ക്കായുള്ള ഡയറക്ടറും ആയിരുന്നു. 1920-46 കാലത്ത് എ സര്‍വ്വേ ഒഫ് ഇന്റര്‍നാഷണല്‍ അഫയേഴ്സിന്റെ എഡിറ്ററായിരുന്നു ഇദ്ദേഹം. ചരിത്രത്തെ സംബന്ധിച്ച ക്ലാസിക്കല്‍ പഠനത്തില്‍ താത്പര്യമെടുത്ത ഇദ്ദേഹം ചരിത്രത്തെ സംബന്ധിച്ച് പന്ത്രു വാല്യങ്ങളിലായി 1934-നും 61-നും ഇടയ്ക്ക് രചിച്ച ക്ലാസിക് കൃതിയാണ് എ സ്റ്റഡി ഒഫ് ഹിസ്റ്ററി. ടോയന്‍ബിയുടെ 'മാസ്റ്റര്‍പീസായ' ഈ ഗ്രന്ഥത്തിന്റെ സംഗ്രഹിത പതിപ്പുകളും പുറത്തിറങ്ങിയിട്ടുണ്ട്.

ആര്‍നോള്‍ഡ് ജോസഫ്ടോയന്‍ബി

19-ാം നൂറ്റാണ്ടില്‍ ഹെന്‍ട്രി തോമസ് ബക്കിള്‍ ചെയ്തതുപോലെ ടോയന്‍ബിയും സംസ്കാരത്തിന്റെ വളര്‍ച്ചയേയും പരിണാമത്തേയും നിയന്ത്രിക്കുന്ന നിയമങ്ങള്‍ കുപിടിക്കുന്നതിനുള്ള പരിശ്രമങ്ങളിലാണ് ഏര്‍പ്പെട്ടത്. ഇതിനായി ചരിത്രപ്രധാന്യം നേടിയിട്ടുള്ള 26 സംസ്കാരങ്ങളെ ടോയന്‍ബി താരതമ്യ പഠനത്തിനു വിധേയമാക്കുകയുണ്ടായി.

ദേശ-രാഷ്ട്രങ്ങളല്ല, മറിച്ച് വിശാല സമൂഹങ്ങളും സംസ്കാരവുമാണ് ചരിത്രപഠനത്തിന്റെ അടിസ്ഥാന മേഖലയെന്ന് ഇദ്ദേഹം സമര്‍ഥിച്ചു. പ്രാചീന, മധ്യകാല, ആധുനിക സംസ്കാരങ്ങളെപ്പറ്റി പഠനം നടത്തിയ ഇദ്ദേഹം വെല്ലുവിളികളുടേയും അവയോടുള്ള പ്രതികരണത്തിന്റേയും അടിസ്ഥാനത്തിലാവണം സംസ്കാരത്തിന്റെ വളര്‍ച്ചയേയും തളര്‍ച്ചയേയുംപറ്റി മനസ്സിലാക്കേതെന്ന് അഭിപ്രായപ്പെട്ടു. വെല്ലുവിളികളെ വിജയപ്രദമായി നേരിട്ടാല്‍ മാത്രമേ സംസ്കാരം അഭിവൃദ്ധി പ്രാപിക്കുകയുള്ളു എന്നും ഇദ്ദേഹം വ്യക്തമാക്കി.

സമൂഹങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഒരു പൊതു മാതൃക അഥവാ വളര്‍ച്ചാരീതി ദൃശ്യമാകുന്നു എന്ന് ഇദ്ദേഹം സിദ്ധാന്തിച്ചു. സംസ്കാരങ്ങള്‍ക്ക് ആരംഭത്തില്‍ നല്ല പുരോഗതിയും കാലക്രമത്തില്‍ അപചയവും സംഭവിക്കും. പുരോഗതിയും വളര്‍ച്ചയും നടന്നുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ വെല്ലുവിളികള്‍ക്കും പ്രശ്നങ്ങള്‍ക്കും വളരെ വേഗം പരിഹാരം ഉണ്ടാകും. എന്നാല്‍ അപചയം ആരംഭിച്ചു കഴിഞ്ഞാല്‍, ലഭ്യമാകുന്ന നല്ല അവസരങ്ങള്‍പോലും പ്രയോജനപ്പെടുത്താന്‍ ഒരു സംസ്കാരത്തിനു കഴിഞ്ഞു എന്നു വരില്ല. പുരോഗതിയും അപചയവും സ്വച്ഛന്ദമായി തുടരുന്ന പ്രക്രിയകളല്ല; പുരോഗതിക്കിടയില്‍ അപചയവും അപചയത്തിനിടയില്‍ പുരോഗതിയും ഉണ്ടായി എന്നുവരാം. പാശ്ചാത്യ സംസ്കാരം ഇപ്പോള്‍ അപചയത്തിന്റെ നിഴലിലാണെങ്കിലും ചിലപ്പോള്‍ വീണ്ടും അതിന് ഒരു പുരോഗതി ഉണ്ടായേക്കാമെന്നും ടോയന്‍ബി ചൂണ്ടിക്കാണിക്കുന്നു.

ഗ്രീക്ക് ഹിസ്റ്റോറിക്കല്‍ തോട്ട് (1924) എ ജേണി റ്റു ചൈന (1931), സിവിലൈസേഷന്‍ ഓണ്‍ ട്രയല്‍ (1948), ആന്‍ ഹിസ്റ്റോറിയന്‍സ് അപ്രോച് റ്റു റിലിജിയന്‍ (1956). ഈസ്റ്റ് റ്റു വെസ്റ്റ്: എ ജേണി റൗണ്ട് ദ് വേള്‍ഡ് (1958), ഹെലനിസം: ദ് ഹിസ്റ്ററി ഒഫ് സിവിലൈസേഷന്‍ (1959) തുടങ്ങിയ പല വിലപ്പെട്ട ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. മാന്‍കൈന്‍ഡ് ആന്‍ഡ് മദര്‍ എര്‍ത്ത് എന്ന അവസാനകൃതി മരണശേഷമാണ് പ്രസിദ്ധീകരിച്ചത് (1976). 1975 ഒ. 22-ന് ഇംഗ്ലണ്ടിലെ യോര്‍ക്കില്‍ ഇദ്ദേഹം മരണമടഞ്ഞു.

(ഡോ. എസ്. ഷറഫുദീന്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍