This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോപാസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോപാസ്

Topaz

പുഷ്യരാഗം എന്ന പേരില്‍ അറിയപ്പെടുന്ന അല്‍പമൂല്യരത്നം. വ്യത്യസ്താനുപാതങ്ങളില്‍ ഫ്ളൂറിനോ ഹൈഡ്രോക്സിലോ അടങ്ങിയ അലൂമിനിയം സിലിക്കേറ്റാണ് ടോപാസ്. രാസസംഘടനം: Al2 SiO4 (F, OH)2. ഓര്‍തോറോംബിക് ക്രിസ്റ്റല്‍ വ്യൂഹത്തില്‍ പ്രിസ്മീയ പരലുകളായി ക്രിസ്റ്റലീകരിക്കപ്പെടുന്ന ടോപാസ് പൊതുവേ വര്‍ണരഹിതമാണെങ്കിലും മഞ്ഞ, നീല, പച്ച, വയലെറ്റ് തുടങ്ങിയ നിറങ്ങളില്‍ പ്രകൃതിയില്‍ ലഭ്യമാണ്. ഇളം മഞ്ഞ നിറമുള്ള ക്രിസ്റ്റലുകളാണ് രത്നഖനിജമായി ഉപയോഗിക്കുന്നത്. ഇതേ നിറമുള്ള കൊറമാണ് 'ഓറിയന്റല്‍ ടോപാസ്'. മഞ്ഞ ക്വാര്‍ട്സ് (സിട്രിന്‍) ആണ് പ്രധാന ആദേശകം. ഇത് ക്വാര്‍ട്സ് ടോപാസ് എന്ന പേരില്‍ വിപണനം ചെയ്യുന്നു. ഭൗതിക ഗുണങ്ങള്‍: വിഭംഗം: ശംഖാഭം മുതല്‍ അസമം വരെ; കാഠിന്യം: 8; ആ.ഘ.: 3.4-3.6; ശ.ശ. അപവര്‍ത്തനാങ്കം: 1.62-1.63; ദ്വി-അപവര്‍ത്തനാങ്കം: 0.010; പ്രകീര്‍ണനം: 0.014.

പൂര്‍ണമായും ക്രിസ്റ്റലീകരിക്കപ്പെട്ട പ്രിസ്മാറ്റിക് ക്രിസ്റ്റലുകള്‍ ടോപാസ് ഖനിജത്തിന്റെ സവിശേഷതയാണ്. സുവ്യക്തമായ ആധാരവിദളനമാണ് മറ്റൊരു പ്രത്യേകത. കാചസമദ്യുതിയും പാരദര്‍ശകത്വവും ഖനിജത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നു.

പെഗ്മറ്റൈറ്റ് ഡൈക്കുകളിലാണ് ടോപാസ് ക്രിസ്റ്റലുകളുടെ മുഖ്യ ഉപസ്ഥിതി. റൈയോളിക ലാവാ ക്രിസ്റ്റലീകരണത്തിന്റെ അന്ത്യഘട്ടത്തിലും ടോപാസ് ക്രിസ്റ്റലുകള്‍ രൂപം കൊള്ളാറുണ്ട്. ടൂര്‍മലീന്‍, കാസിറ്റെറൈറ്റ്, ഫ്ളൂറൈറ്റ്, ബറില്‍, അപ്പറ്റൈറ്റ് എന്നിവയാണ് മുഖ്യ സംയോജിത ധാതവങ്ങള്‍. നദിത്തട്ടുകളിലെ ഗ്രാവല്‍ നിക്ഷേപത്തോടൊപ്പം അപരദന പ്രക്രിയയാല്‍ രൂപീകൃതമാകുന്ന ടോപാസ് കണ്ടെത്തിയുട്ടുണ്ട്.

ബ്രസീലാണ് ലോകത്തെ പ്രധാന ടോപാസ് ഉത്പാദകരാജ്യം. റഷ്യയിലെ യുറാല്‍ പര്‍വതനിരകള്‍, സ്കോട്ട്ലന്‍ഡ്, അയര്‍ലന്‍ഡ്, ശ്രീലങ്ക, ജപ്പാന്‍, മെക്സിക്കോ, ടാസ്മേനിയ, അമേരിക്ക എന്നിവിടങ്ങളിലും ടോപാസ് നിക്ഷേപമുണ്ട്.

ഇന്ത്യയില്‍ സന്താള്‍ പര്‍ഗാനകളില്‍ ഉള്‍പ്പെട്ട രാജ്മഹല്‍ മലകളിലെ ബസാള്‍ട്ട് ശിലാസഞ്ചയത്തില്‍ ടോപാസ് ഉപസ്ഥിതി സ്ഥിരീകരിച്ചിട്ടുണ്ട്. ഒറീസയില്‍ മഹാനദീതടത്തിലും പുഷ്യരാഗത്തിന്റെ നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. രാജസ്ഥാനിലെ സിറോഹിയില്‍ ടൂര്‍മലീന്‍ അപ്ലൈറ്റില്‍ നാമമാത്രമായ ടോപാസ് നിക്ഷേപം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ബിഹാറില്‍ സിങ്ഭം ജില്ലയിലെ ഘാഗിഭിക്കടുത്തും, ലാപ്സബുരു, ത്സാര്‍ഗോവിന്ദ്പൂര്‍, കന്യലുക എന്നിവിടങ്ങളിലും കയനൈറ്റില്‍ സിരാനിക്ഷേപമാതൃകയില്‍ ടോപാസ് നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%8B%E0%B4%AA%E0%B4%BE%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍