This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോണീസ്, ഫെര്‍ഡിനാന്റ് (1855-1936)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോണീസ്, ഫെര്‍ഡിനാന്റ് (1855-1936)

Tonneies,Ferdinand

ജര്‍മന്‍ സാമൂഹ്യശാസ്ത്രജ്ഞനും സാമൂഹികതത്ത്വചിന്തകനും. 1855-ല്‍ ഐഡര്‍സ്റ്റെഡിലെ (Elderstedt) ഷ്ളെസ്വിഗ്, ഹോള്‍സ്റ്റീനില്‍ (Schle-wig-Holstein) ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചു. ബാല്യകാലത്തുതന്നെ കര്‍ഷകരുടെ പാരമ്പര്യ സംസ്കാരവും വ്യക്തിതാത്പര്യത്തില്‍ അധിഷ്ഠിതമായ വ്യവസായികളുടെ യുക്ത്യധിഷ്ഠിത സംസ്കാരവും മനസ്സിലാക്കുന്നതിനുള്ള അവസരം ടോണീസിനു ലഭിച്ചിരുന്നു. 17 വയസ്സ് പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ ജിംനേഷ്യത്തിലെ പഠനം പൂര്‍ത്തിയാക്കി ബിരുദം നേടിയ ടോണീസ് പിന്നീട് ഭാഷാശാസ്ത്രവും തത്ത്വശാസ്ത്രവും ഉന്നത വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുത്തു. ജെനാ, ലിപ്സിഗ്, ബോണ്‍, ബെര്‍ലിന്‍, റ്റ്യൂബിന്‍ജന്‍ എന്നീ സര്‍വകലാശാലകളിലായാണ് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്; 1877-ല്‍ റ്റ്യൂബിന്‍ജന്‍ സര്‍വകലാശാലയില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദം ലഭിച്ചു. പിന്നീടുള്ള ജീവിതകാലം മുഴുവനും സാമൂഹിക ശാസ്ത്രവും സാമൂഹിക തത്ത്വശാസ്ത്രവും പഠിക്കുന്നതിനുവേണ്ടിയാണ് ഇദ്ദേഹം ചെലവഴിച്ചത്.

ഫെര്‍ഡിനാന്റ് ടോണീസ്

1881-ല്‍ കീല്‍ സര്‍വകലാശാലയില്‍ അധ്യാപകനായി നിയമിതനായ ടോണീസ് 1933-ല്‍ നാസി ഗവണ്‍മെന്റ് ഉദ്യോഗത്തില്‍നിന്നും പിരിച്ചു വിടുന്നതുവരെ അവിടെ തുടര്‍ന്നു. ഒരു സ്വതന്ത്ര ചിന്തകനായ ടോണീസിന്റെ രാഷ്ട്രീയ ചായ്വിനെക്കുറിച്ച് വ്യക്തമായ രൂപം ഉണ്ടായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ മരുമകനായ റുഡോള്‍ഫ് ഹിബര്‍ലി (Rudolf Heberle) ടോണീസിനെ ഒരു സോഷ്യലിസ്റ്റായി ചിത്രീകരിച്ചിട്ടുണ്ട്.

തത്ത്വചിന്തകനായ ഫ്രെഡറിക് പൗല്‍സന്‍(Friedrich Paulsen), സാമ്പത്തികശാസ്ത്രജ്ഞനായ അഡോള്‍ഫ് വാഗ്നര്‍ (Adolph Wagner), സാമൂഹ്യശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ വില്‍ഹെം വുണ്‍ട് (Wilhelm Wundt) എന്നിവര്‍ ടോണീസിന്റെ ചിന്തകളെയും എഴുത്തിനെയും ശക്തമായ രീതിയില്‍ സ്വാധീനിച്ചിരുന്നു. രാഷ്ട്രത്തിന്റെ പരമാധികാരത്തെക്കുറിച്ചും സാമൂഹ്യവ്യവസ്ഥാസിദ്ധാന്തത്തെക്കുറിച്ചുമുള്ള ഹോബ്സിന്റെ വീക്ഷണങ്ങളും കാറല്‍ മാര്‍ക്സിന്റെ സിദ്ധാന്തങ്ങളും ഇദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്. സാമൂഹിക പരിവര്‍ത്തനത്തിനുള്ള പ്രധാന ഉപാധി സാമ്പത്തിക സ്ഥാപനങ്ങളാണെന്നുള്ള മാര്‍ക്സിന്റെ വീക്ഷണത്തോട് ടോണീസും യോജിച്ചിരുന്നു. എന്നാല്‍ മാര്‍ക്സിനെപ്പോലെ സാമ്പത്തിക നിയതിവാദത്തില്‍ ടോണീസ് വിശ്വസിച്ചിരുന്നില്ല. സമ്പത്തുമായി ബന്ധമില്ലാത്ത മതം പോലുള്ള മറ്റു പല സംവിധാനങ്ങളും സാമൂഹിക പരിവര്‍ത്തനത്തില്‍ കാര്യമായ പങ്കു വഹിക്കുന്നതായി ടോണീസ് വ്യക്തമാക്കി.

സമൂഹത്തെ സംബന്ധിക്കുന്ന പരസ്പര വിരുദ്ധങ്ങളായ രണ്ടു സിദ്ധാന്തങ്ങളുടെ - ചരിത്രപരമായ പ്രകൃതിശാസ്ത്രസിദ്ധാന്തവും യുക്ത്യധിഷ്ഠിത പ്രകൃതിനിയമസിദ്ധാന്തവും - സംശ്ലേഷണത്തിനാണ് ടോണീസ് പ്രധാനമായും പരിശ്രമിച്ചത്. 1887-ല്‍ പ്രസിദ്ധീകരിച്ച ടോണീസിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതിയായ കമ്യൂണിറ്റി ആന്‍ഡ് സൊസൈറ്റി (Community and Society)യില്‍ ഇതിനുള്ള പരിശ്രമമാണ് ഇദ്ദേഹം പ്രധാനമായും നടത്തിയത്. 1936 ഏ. 11-ന് ടോണീസ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍