This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോണി, വുള്‍ഫ് (1763-98)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോണി, വുള്‍ഫ് (1763-98)

Tone,Wolf

അയര്‍ലണ്ടിലെ ദേശസ്നേഹിയായ വിപ്ലവകാരി. തിയൊബാള്‍ഡ് വുള്‍ഫ് ടോണി എന്നാണ് പൂര്‍ണനാമം. പീറ്റര്‍ ടോണിയുടെ മകനായി 1763 ജൂണ്‍ 20-ന് ഇദ്ദേഹം ഡബ്ളിനില്‍ ജനിച്ചു. ഡബ്ളിനിലെ ട്രിനിറ്റി കോളജില്‍ നിന്നും ബിരുദമെടുത്തു (1785). തുടര്‍ന്ന് നിയമബിരുദമെടുത്ത് 1789-ല്‍ അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടു. രാഷ്ട്രീയത്തില്‍ ആകൃഷ്ടനായ ഇദ്ദേഹം ഗവണ്‍മെന്റിനെ വിമര്‍ശിച്ചുകൊണ്ട് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കത്തോലിക്കരുടെ രാഷ്ട്രീയാവകാശങ്ങള്‍ക്കുവേണ്ടിയും ഇദ്ദേഹം വാദിച്ചിരുന്നു. തോമസ് റസ്സലിനോടും ജെയിംസ് നാപ്പര്‍ ടാന്‍ഡിയോടും ചേര്‍ന്ന് ഇദ്ദേഹം ബെല്‍ഫാസ്റ്റില്‍ 1791 ഒ.-ല്‍ 'യുണൈറ്റഡ് ഐറിഷ് മെന്‍' എന്ന സംഘടനയ്ക്കു രൂപം നല്‍കി. ബ്രിട്ടനില്‍നിന്ന് അയര്‍ലണ്ടിനെ സ്വതന്ത്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന രൂപവത്ക്കരിച്ചത്. ജനാധിപത്യ മാതൃകയില്‍ പാര്‍ലമെന്ററി പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുവാന്‍ സംഘടന ആദ്യം ശ്രമിച്ചു. ഫ്രഞ്ചുവിപ്ലവത്തിന്റെ സ്വാധീനം സംഘടനയെ വിപ്ലവമാര്‍ഗത്തിലേക്കു നയിച്ചു. ഗ്രേറ്റ് ബ്രിട്ടനും ഫ്രാന്‍സും തമ്മില്‍ യുദ്ധമുണ്ടായതിനെ(1793)ത്തുടര്‍ന്ന് സംഘടന വിപ്ലവമാര്‍ഗങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങി. ഇക്കാരണത്താല്‍ അറസ്റ്റില്‍നിന്നും ഒഴിവാകാന്‍ ഇദ്ദേഹത്തിന് അയര്‍ലണ്ടു വിടേണ്ടിവന്നു. 1795 ജൂണില്‍ യു.എസ്സിലേക്കുപോയി. അവിടെനിന്നും ഫ്രാന്‍സിലെത്തിയ (1796 ഫെ.) ഇദ്ദേഹം അയര്‍ലണ്ടിനു സ്വാതന്ത്ര്യം ലഭ്യമാക്കുന്നതിനുവേണ്ടുന്ന സഹായം നല്‍കാന്‍ ഫ്രഞ്ചു നേതാക്കളെ നിര്‍ബന്ധിച്ചു. അതിനുശേഷം ലസാറെ ഹോഷിയുടെ നേതൃത്വത്തിലുള്ള ഫ്രഞ്ചുസേനയോടൊപ്പം ഇദ്ദേഹം അയര്‍ലണ്ടിലേക്കു തിരിച്ചു (1796 ഡി.). എങ്കിലും അയര്‍ലണ്ടിലേക്കു കടക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇദ്ദേഹം ഫ്രാന്‍സിലേക്കു മടങ്ങി. 1798 മേയ് മാസത്തില്‍ ഉണ്ടായ ഐറിഷ് കലാപത്തിനിടക്ക് ഇദ്ദേഹം വീണ്ടും ഫ്രഞ്ചുസേനയോടൊപ്പം അയര്‍ലണ്ടിലേക്കു തിരിച്ചു. 1798 ആഗ.-ല്‍ ഇദ്ദേഹത്തെ ബ്രിട്ടിഷുകാര്‍ അറസ്റ്റു ചെയ്യുകയും രാജ്യദ്രോഹകുറ്റം ചുമത്തി വിചാരണ ചെയ്ത് നവംബറില്‍ വധശിക്ഷക്കു വിധിക്കുകയും ചെയ്തു. ഇതിനു വിധേയനാകാതെ 1798 ന. 19-ന് ഡബ്ളിന്‍ ജയിലില്‍ കഴുത്തറുത്ത് ഇദ്ദേഹം ആത്മഹത്യ ചെയ്യുകയാണുണ്ടായത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍