This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോണിക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോണിക്

Tonic


ദുര്‍ബലമോ പ്രക്ഷീണമോ ആയ ശരീരത്തെ പുഷ്ടിപ്പെടുത്തി ഊര്‍ജസ്വലമാക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കുന്ന ഔഷധക്കൂട്ട്. നാഡികളെ ഉത്തേജിപ്പിക്കുന്നതിനാല്‍ ഇവ ശരീരത്തിനു പൊതുവേ ഉണര്‍വും ശക്തിയും പ്രദാനം ചെയ്യുന്നതായി അനുഭവപ്പെടുന്നു. സാധാരണ ഉത്തേജകങ്ങളെ അപേക്ഷിച്ച് ഇവയുടെ പ്രഭാവം ദീര്‍ഘകാലം നിലനില്‍ക്കും. ഇത്തരത്തിലുള്ള ടോണിക്കുകളുടെ ഉപയോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ന് വളരെ പരിമിതമായിട്ടുണ്ട്. എന്നാല്‍ ഹൃദയം, രക്തധമനികള്‍, നാഡികള്‍, പചനേന്ദ്രിയം എന്നിവയെ ബലപ്പെടുത്താനുള്ള ചില ടോണിക്കുകള്‍ ഇന്നും ഉപയോഗത്തിലുണ്ട്. ഓരോ അവയവത്തിന്റെയും പ്രത്യേക പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുവാനോ ത്വരിതപ്പെടുത്തുവാനോ സഹായിക്കുന്ന ഘടകങ്ങളടങ്ങുന്ന സംയോഗങ്ങളാണിവ. കോളിന്‍ അടങ്ങുന്ന ടോണിക്കുകള്‍ കരളില്‍ കൊഴുപ്പടിയുന്നത് തടയുന്നതിനും പിത്തരസസ്രാവം ത്വരിപ്പിക്കുന്നതിനും സഹായകമാണ്. പ്രധാന ചികിത്സയോടൊപ്പം സമാന്തരമായി ടോണിക്കുകള്‍ കൂടി ഉപയോഗിക്കാന്‍ ഭിഷഗ്വരന്മാര്‍ നിര്‍ദേശിക്കാറുണ്ട്. രക്തക്കുറവ്, ജീവകങ്ങളുടെയും ധാതുക്കളുടെയും അപര്യാപ്തത എന്നിവ പരിഹരിക്കാന്‍ ഇരുമ്പ്, ജീവകങ്ങള്‍, കരള്‍സത്ത് എന്നിവയടങ്ങുന്ന ഹീമാറ്റിക് ടോണിക്കുകളാണ് മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. ഇന്നാകട്ടെ അവശ്യഘടകത്തിന്റെ സവിശേഷ സംയുക്തങ്ങളടങ്ങുന്ന ടോണിക്കുകള്‍ ലഭ്യമാണ്.

ആരോഗ്യമുള്ള വ്യക്തികള്‍ ടോണിക്കുകള്‍ കഴിക്കേണ്ട ആവശ്യമില്ല. മാത്രമല്ല, ചിലപ്പോള്‍ ഇവയുടെ ഉപയോഗം ദഹനത്തെയും മറ്റും പ്രതികൂലമായി ബാധിക്കുകയും ചെയ്യാറുണ്ട്. ടോണിക്കിനു തുല്യമായ ആയുര്‍വേദ ഔഷധങ്ങളാണ് രസായനങ്ങള്‍. വാര്‍ധക്യ കാലത്തുണ്ടാവുന്ന രസ-രക്താദി ധാതുക്കളുടെ ക്ഷയവും ബാഹ്യവും ആഭ്യന്തരവുമായ അവയവങ്ങള്‍ക്കുണ്ടാകുന്ന പ്രവര്‍ത്തന മാന്ദ്യവും ലഘൂകരിക്കുവാന്‍ യുക്തമായ രസായന സേവ ഫലപ്രദമാണെന്ന് ആയുര്‍വേദം അനുശാസിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%8B%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍