This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോഡ് മത്സ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോഡ് മത്സ്യം

Toad fish

ബട്രാക്കോയിഡിഡെ (Batrachoididae) കുടുംബത്തില്‍പ്പെടുന്ന കടല്‍ മത്സ്യം. മത്സ്യേതരരീതിയില്‍ രൂപപരിണാമം സംഭവിച്ചിട്ടുള്ള ഒരിനമാണിത്. ഉഷ്ണ-മിതോഷ്ണ മേഖലകളിലെ കടലിന്റെ അടിത്തട്ടിലും തീരജല പാറക്കെട്ടുകള്‍ക്കിടയിലും ഇവ കാണപ്പെടുന്നു. മുന്നറ്റം വീതി കൂടി പിന്നറ്റം ഇടുങ്ങിയ ഇവയുടെ പരന്ന ശരീരത്തിന് ഏറെ സവിശേഷതകളുണ്ട്. ദേഹം തടിച്ചുകുറിയതും 40 സെ.മീറ്ററിലധികം നീളമില്ലാത്തതുമായിരിക്കും.
ടോഡ് മത്സ്യം

വലുപ്പം കൂടിയ വായയ്ക്കകത്തു മൂര്‍ച്ച കൂടിയ നിരവധി പല്ലുകളുണ്ട്. മത്സ്യത്തിന് പൊതുവേ ഒളിച്ചിരിക്കുന്ന ശീലമായതിനാല്‍ ഇരകളെ കാണുമ്പോള്‍ ഒറ്റയടിക്കു പിടിക്കുവാന്‍ ഈ പല്ലുകള്‍ സഹായകരമാണ്. ശരീരത്തിന്റെ ഉപരിഭാഗത്ത് രണ്ടുപൃഷ്ഠ ചിറകുകളും പിന്നറ്റത്തു ഒരു വാല്‍ചിറകുമുണ്ട്. ചിറകുകളില്‍ നിറയെ മുള്ളുകള്‍ കാണപ്പെടുന്നു. താസ്സൊഫ്രൈനിനെ (thassophryninae) ഉപകുടുംബത്തിലെ സ്പീഷീസില്‍ പൃഷ്ഠ ചിറകുകളുടെ ആധാരത്തില്‍ വിഷഗ്രന്ഥികളുണ്ട്. ഇവ ശത്രുക്കളില്‍ നിന്നുള്ള പ്രതിരക്ഷാസംവിധാനമാണ്. മിക്ക മത്സ്യങ്ങളുടെയും ശരീരം കൊഴുത്ത വിസര്‍ജിതദ്രാവകത്താല്‍ ആവൃതമാണ്. ചിലവയില്‍ മാത്രം ഇതിന്നടിയില്‍ ശല്‍ക്കങ്ങളുണ്ടായിരിക്കും. ജലാശയത്തിന്റെ പശ്ചാത്തലവുമായി ചേരുന്ന മങ്ങിയ നിറമാണ് ഏതാണ്ടു എല്ലാ സ്പീഷീസിനുമുള്ളത്. പോറിച്ച്ത്തീനെ (porichthyinae) ഉപകുടുംബത്തില്‍പ്പെടുന്നവയ്ക്ക് ശരീരത്തില്‍ നിരവധി പ്രകാശ ഉത്പാദനാവയവങ്ങള്‍ കാണാം. ഇവയില്‍നിന്നു പ്രകാശം പരത്തി മെല്ലെ നീങ്ങുന്ന ടോഡ് മത്സ്യങ്ങള്‍ ചെറു മുങ്ങിക്കപ്പലുകളുടെ പ്രതീതിയുളവാക്കും. മണിക്കൂറുകളോളം വെള്ളത്തിനു പുറത്തു ജീവിക്കുവാന്‍ സാധിക്കുന്നു എന്നതു ഇവയുടെ പ്രത്യേകതയാണ്. തീരദേശത്തെ പാറക്കെട്ടുകള്‍ക്കിടയില്‍ വെള്ളം വറ്റിപ്പോകുന്ന അവസ്ഥയെ നേരിടാനാണ് ഈ അനുകൂലനം. ചെറുമത്സ്യങ്ങള്‍, പലതരം ക്രസ്റ്റേഷ്യനുകള്‍, മൊളസ്ക്കുകള്‍ എന്നിവയാണ് മുഖ്യ ആഹാരം. ടോഡ് മത്സ്യങ്ങളുടെ മുപ്പതിലേറെ സ്പീഷീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബട്രാക്കോയിഡിനെ, പോറിച്ച്ത്തീനെ, താസ്സൊഫ്രൈനിനെ എന്നീ മൂന്നു ഉപകുടുംബങ്ങളിലായി ഇവയെ വര്‍ഗീകരിച്ചിരിക്കുന്നു.


(ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍