This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോഡ്, അലക്സാണ്ടര്‍ റോബര്‍ട്ടസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോഡ്, അലക്സാണ്ടര്‍ റോബര്‍ട്ടസ് (ടോഡ് പ്രഭു) (1907-1997)

Todd,Alexander Robertus


നോബല്‍ സമ്മാനം നേടിയ ബ്രിട്ടിഷ് രസതന്ത്രജ്ഞന്‍. ന്യൂക്ലിയോറ്റൈഡുകളുടെ സംശ്ലേഷണത്തെക്കുറിച്ചു നടത്തിയ പഠനങ്ങള്‍ക്കാണ് 1957-ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചത്.

1907 ഒ. 2-ന് ഗ്ളാസ്ഗോവില്‍ ജനിച്ചു. ഗ്ലാസ്ഗോ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ഓക്സ്ഫഡ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്.ഡി. ബിരുദവും നേടി (1933). 1934-ല്‍ എഡിന്‍ബറോ സര്‍വകലാശാലയില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചപ്പോള്‍ തന്നെ തയാമിനെ (ജീവകം ബി1) കുറിച്ചുള്ള ഗവേഷണം ഇദ്ദേഹം ആരംഭിക്കുകയുണ്ടായി. 1936-ല്‍ ലിസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പ്രിവന്റീവ് മെഡിസിനില്‍ ഔദ്യോഗികാംഗമായതിനുശേഷം ജീവകം ബി1, തയോക്രോം എന്നിവയുടെ സംശ്ലേഷണ പ്രക്രിയകള്‍ക്ക് രൂപം നല്‍കുകയും ജീവകം ഇ-യെക്കുറിച്ചുള്ള പഠനം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്നുള്ള ഒരു വര്‍ഷക്കാലം ലണ്ടന്‍ സര്‍വകലാശാലയില്‍ പ്രൊഫസ്സറായി പ്രവര്‍ത്തിച്ചു. 1938-ല്‍ മാഞ്ചെസ്റ്റര്‍ സര്‍വകലാശാലയില്‍ രസതന്ത്ര വിഭാഗം തലവനായി നിയമിതനായി. ജീവകം 'ഇ'യെക്കുറിച്ചുള്ള ഗവേഷണം പൂര്‍ത്തിയാക്കിയ ടോഡ് തുടര്‍ന്ന് ഹാഷിഷ് എന്ന മയക്കുമരുന്നിന്റെ ഘടനയെക്കുറിച്ചുള്ള പഠനത്തിലേര്‍പ്പെട്ടു. 1942-ല്‍ റോയല്‍ സൊസൈറ്റിയുടെ ഫെലോ ആയി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1944-ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ കാര്‍ബണിക രസതന്ത്രവിഭാഗത്തില്‍ പ്രൊഫസ്സറായി. 1952-ല്‍ ബ്രിട്ടിഷ് കൗണ്‍സില്‍ ഒഫ് സയന്‍സ് പോളിസിയുടെ ചെയര്‍മാന്‍ പദവിയലങ്കരിച്ചു.

അലക്സാണ്ടര്‍ റോബര്‍ട്ടസ് ടോഡ്

ഔഷധ മൂല്യമുള്ളവയും ജൈവരസതന്ത്രത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നവയുമായ രാസപദാര്‍ഥങ്ങളുടെ പഠനത്തിലാണ് ടോഡ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. തയാമിനും ബി വിഭാഗത്തിലുള്ള മറ്റു ജീവകങ്ങളും ന്യൂക്ളിയോറ്റൈഡുകളുടെ ഘടക പദാര്‍ഥങ്ങളാണെന്ന് ഇദ്ദേഹം കണ്ടെത്തി. ഫോസ്ഫോറിക് അമ്ളം, ഷുഗറുകള്‍, നൈട്രോജനസ് ബേസുകള്‍ എന്നിവയുടെ സംയുക്തമാണ് ന്യൂകിയോറ്റൈഡുകള്‍ എന്ന് തിരിച്ചറിഞ്ഞതോടെ ന്യൂക്ലിയോറ്റൈഡുകളുടെ സംശ്ലേഷത്തിലേക്ക് ഇദ്ദേഹം ശ്രദ്ധ തിരിച്ചു. തുടര്‍ന്ന് പ്യൂറിന്‍, പിരിമിഡിന്‍ ബേസുകളടങ്ങുന്ന റൈബോസ്, ഡി ഓക്സി റൈബോസ് എന്നീ ഷുഗറുകളുടെ ന്യൂക്ലിയോറ്റൈഡുകള്‍ സംശ്ലേഷണം ചെയ്യുന്നതില്‍ ടോഡ് വിജയിച്ചു. 1949-ല്‍ അഡിനോസിന്‍ ട്രൈ ഫോസ്ഫേറ്റും (ATP) 1954-ല്‍ ഫ്ളേവിന്‍ അഡിനിന്‍ ഡൈ ന്യൂക്ളിയോടൈഡ്, യൂറിഡീന്‍ ട്രൈ ഫോസ്ഫേറ്റ് എന്നിവയും ഫോസ്ഫോറിലേഷന്‍ (Phosphorylation) വഴി ഇദ്ദേഹം സംശ്ലേഷണം ചെയ്തു. ഈ രംഗത്തു ടോഡ് നടത്തിയ ഗവേഷണങ്ങള്‍ രസതന്ത്രത്തിലും ജൈവരസതന്ത്രത്തിലും പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക് മാര്‍ഗദര്‍ശകമായി. ഡി എന്‍ എ യുടെയും മറ്റു പല ന്യൂക്ളിയിക് അമ്ളങ്ങളുടെയും ഘടന, പ്രവര്‍ത്തനം എന്നിവ വ്യക്തമായി മനസ്സിലാക്കാന്‍ ഈ പഠനങ്ങള്‍ സഹായകമായി. ആന്തോസയാനിനുകള്‍ (സസ്യങ്ങളിലെ വര്‍ണകം), ക്വിനോണുകള്‍ (പ്രാണികളിലെ വര്‍ണകം), പ്യൂബര്‍ലിക് അമ്ലം, പെന്‍സിലിന്‍ എന്നിവയെ കുറിച്ചുള്ള പഠനങ്ങളിലും ഇദ്ദേഹം ഏര്‍പ്പെട്ടിരുന്നു.

1954-ല്‍ നൈറ്റ് പദവി നല്‍കി ബ്രിട്ടിഷ് ഗവണ്‍മെന്റ് ടോഡിനെ ആദരിച്ചു. 1962-ല്‍ പ്രഭു സ്ഥാനം നല്‍കപ്പെട്ടതോടെ 'ബാരണ്‍ ടോഡ് ഒഫ് ട്രമിങ്ടണ്‍' (Baron Todd of Trumpington) എന്ന് ഇദ്ദേഹം അറിയപ്പെട്ടു. ബ്രിട്ടണില്‍ ശാസ്ത്രഗവേഷണങ്ങള്‍ക്ക് ധനസഹായം നല്‍കിയിരുന്ന ന്യൂഫീല്‍ഡ് ഫൗണ്ടേഷന്റെ ട്രസ്റ്റി (1950-73), സ്കോട്ട്ലന്‍ഡിലെ സ്ട്രാത്ത് ക്ളൈഡ് സര്‍വകലാശാലയുടെ ചാന്‍സലര്‍ (1965) തുടങ്ങി നിരവധി പദവികള്‍ ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. 1997 -ല്‍ ഇദ്ദേഹം മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍