This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോഡര്‍മല്‍ (1523-89)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോഡര്‍മല്‍ (1523-89)

അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയും സൈനികോദ്യോഗസ്ഥനും. പുതിയ റവന്യൂ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ പേരിലാണ് ഇദ്ദേഹത്തിന്റെ പ്രശസ്തി. ഭഗവതീദാസിന്റെ മകനായി 1523-ല്‍ ജനിച്ചു. ജന്മദേശം അയോധ്യ ആണെന്നും പഞ്ചാബിലെ ലാഹോര്‍ ആണെന്നും രണ്ട് അഭിപ്രായമുണ്ട്. ടോഡര്‍ മല്‍ കുട്ടിയായിരിക്കുമ്പോള്‍തന്നെ പിതാവ് മരണമടഞ്ഞു. തുടര്‍ന്ന് മാതാവിന്റെ സംരക്ഷണയിലാണ് വളര്‍ന്നത്. പൊതുവേ സമര്‍ഥനായ ടോഡര്‍മല്‍ ഷെര്‍ഷായുടെ ഭരണകാലം മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. സൂര്‍വംശത്തിന്റെ ഭരണശേഷം ഹുമയൂണ്‍ അധികാരത്തില്‍ വന്നപ്പോഴും അതിനുശേഷം ചക്രവര്‍ത്തിയായി അക്ബര്‍ ഭരണമേറ്റപ്പോഴും സര്‍ക്കാര്‍ സേവനം തുടരുവാന്‍ ഇദ്ദേഹത്തിനു ഭാഗ്യമുണ്ടായി. 1570-71- ല്‍ റവന്യൂ കണക്കെടുപ്പു ജോലിയില്‍ ഇദ്ദേഹത്തെ അക്ബര്‍ നിയമിച്ചു. 1573-ല്‍ ഗുജറാത്ത് പിടിച്ചടക്കിയ ശേഷം അവിടെ നികുതി പിരിവ് തുടങ്ങിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കാനും ടോഡര്‍മലിനെയാണ് അക്ബര്‍ നിയോഗിച്ചത്. ഇദ്ദേഹത്തിന്റെ റവന്യൂ പരിഷ്കാരങ്ങള്‍ പിന്നീട് മുഗള്‍ സാമ്രാജ്യത്തിന്റെ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കുകയുണ്ടായി. അക്ബര്‍ ഇദ്ദേഹത്തെ ധനകാര്യമന്ത്രിയായി (ദിവാന്‍, വസീര്‍ എന്നീ സ്ഥാനങ്ങള്‍) നിയമിച്ചു. ചുരുങ്ങിയ കാലംകൊണ്ട് രാജ്യത്തിനകത്തെ നികുതി സമ്പ്രദായം സ്തുത്യര്‍ഹമായ വിധത്തില്‍ പരിഷ്കരിക്കുവാന്‍ ടോഡര്‍മലിനു കഴിഞ്ഞു. ധനമന്ത്രിയേക്കാള്‍ ഉയര്‍ന്നതും എന്നാല്‍ പ്രധാനമന്ത്രിസ്ഥാനത്തിനു താഴെയുള്ളതുമായ ഉന്നത മന്ത്രിപദവിയിലും ഇദ്ദേഹം നിയമിതനായി. ബംഗാളിലെ കമ്മട്ടത്തിന്റെ ചുമതല ടോഡര്‍മലിനെ ഏല്പിച്ചിരുന്നു.

ധനകാര്യപ്രവര്‍ത്തനങ്ങള്‍ക്കുപരി സൈനിക നേതാവെന്ന നിലയിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബംഗാളിലെ യുദ്ധം നയിക്കാന്‍ മറ്റു സൈനിക നേതാക്കളോടൊപ്പം ടോഡര്‍മലിനെയും അക്ബര്‍ നിയോഗിച്ചു. ബംഗാളിലെ നടപടികളിലൂടെ ധീരനായ സൈനിക നേതാവാണ് താനെന്ന് തെളിയിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. യുദ്ധത്തില്‍ വിജയിയായി മടങ്ങിയെത്തിയ ടോഡര്‍ മലിനെ അക്ബര്‍ ഭരണകാര്യങ്ങള്‍ നോക്കാന്‍ വീണ്ടും നിയോഗിച്ചു. 1582 മുതല്‍ മരണം വരെയും ഇദ്ദേഹം പ്രധാനമന്ത്രിയായി തുടര്‍ന്നതിനു രേഖകളുണ്ട്. 'രാജാ' എന്ന് ഇദ്ദേഹത്തിന്റെ പേരിനോടു ചേര്‍ത്തു വിളിച്ചിരുന്നു. കഴിവുറ്റ ഭരണാധിപനായിരുന്നു ടോഡര്‍മല്‍. പേര്‍ഷ്യന്‍ ഭാഷാപണ്ഡിതനും. ഭാഗവത പുരാണത്തിന്റെ പേര്‍ഷ്യന്‍ തര്‍ജുമ ഇദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. അക്ബര്‍ യുദ്ധകാര്യങ്ങള്‍ക്കായി 1589-ല്‍ പെട്ടെന്ന് കാശ്മീരിലേക്കു പോയപ്പോള്‍ ലാഹോറിലെ (രാജധാനി) ഭരണച്ചുമതല ടോഡര്‍മലിനെയാണ് ഏല്പിച്ചത്. 1589 ന.-ല്‍ ഇദ്ദേഹം ലാഹോറില്‍ നിര്യാതനായി.

(നേശന്‍ റ്റി. മാത്യു, സ. പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍