This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോട്ടെമിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോട്ടെമിസം

Totemism

വ്യക്തികള്‍, സാമൂഹിക വിഭാഗങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്നതിനായി പ്രതീകാത്മക രൂപത്തില്‍ ഏതെങ്കിലും അടയാളം ഉപയോഗിക്കുന്ന സമ്പ്രദായം. തങ്ങള്‍ക്ക് സാമ്യമുണ്ടെന്ന വിശ്വാസത്തിന്മേല്‍ ചില പുരാതന ജനവര്‍ഗങ്ങള്‍ ഏതെങ്കിലും മൃഗത്തെയോ മരത്തെയോ വസ്തുവിനെയോ തങ്ങളെ പ്രതിനിധീകരിക്കാന്‍ തിരഞ്ഞെടുക്കുകയും അതിന്റെ അടയാളം അതിനായി ഉപയോഗിക്കുകയും പതിവായിരുന്നു. ഇത്തരം അടയാളങ്ങളെ ടോട്ടം എന്നു പറയുന്നു. പൊതുസ്വഭാവം, അധികാരം, രക്തബന്ധം എന്നിവയെ സൂചിപ്പിക്കാനും ടോട്ടം ഉപയോഗപ്പെടുത്തിയിരുന്നു. ഉത്തര അമേരിക്കയിലെ ഒരു അല്‍ഗൊണ്‍കിയന്‍ (Al-gonkian) ഗോത്രമായ ഒജിബ്വാ (Ojibwa)യില്‍ നിന്നാണ് ഈ വാക്ക് ഉത്ഭവിച്ചത്. ഓരോ സാംസ്കാരിക വിഭാഗത്തിനും ഒരു പ്രത്യേക ജീവിയുമായോ വസ്തുവുമായോ ബന്ധം കല്പിക്കുന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് ടോട്ടെമിസം നിലനില്‍ക്കുന്നത്. ഒരു ഗോത്രത്തിലെ എല്ലാ അംഗങ്ങളും ടോട്ടത്തെ അവരുടെ പൂര്‍വികനായി സങ്കല്പിച്ച് ആരാധിക്കുന്നു. ഗോത്രത്തിന്റെ ഉദ്ഭവവുമായി ടോട്ടത്തിനുള്ള ബന്ധം വിശദീകരിക്കുന്ന ഐതിഹ്യവും അവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടാവും. ടോട്ടമായി കണക്കാക്കുന്ന മൃഗത്തെ ഗോത്രാംഗങ്ങള്‍ വേട്ടയാടുകയോ കൊല്ലുകയോ ചെയ്യാറില്ല. ചില പ്രത്യേക അനുഷ്ഠാനങ്ങളില്‍ മാത്രം ടോട്ടത്തെ ബലികഴിച്ച്, അതിന്റെ മാംസം ഭക്തിയോടെ ഭക്ഷിക്കും.

ടോട്ടമിക് ഗോത്രത്തിലെ അംഗത്വം ജന്മനാ ലഭിക്കുന്നതാണ്. ഇത് അച്ഛന്‍ വഴിയോ, അമ്മ വഴിയോ, രണ്ടുപേര്‍ വഴിയുമോ ലഭിക്കാം. ടോട്ടമിക് ഗോത്രങ്ങള്‍ നിരവധി ആചാരങ്ങള്‍ അനുഷ്ഠിക്കുന്നവരും അന്ധവിശ്വാസികളുമാണ്. ഒരു ഗോത്രത്തിലെ എല്ലാ അംഗങ്ങളും രക്തബന്ധമുള്ളവരാണെന്നാണ് ഇവരുടെ വിശ്വാസം. എല്ലാവരുടെയും പൂര്‍വികന്‍ ഒന്നുതന്നെയാണെന്ന വിശ്വാസത്തില്‍ നിന്നുമാണ് ഈ വിശ്വാസവും ധാരണയും ഉടലെടുത്തിട്ടുള്ളത്. അതിനാല്‍ സ്വന്തം ഗോത്രങ്ങളില്‍ നിന്ന് ഇവര്‍ വിവാഹം കഴിക്കാറില്ല.

അമേരിക്കന്‍ ഇന്ത്യരുടെ (റെഡ് ഇന്‍ഡ്യന്‍സ്) ഇടയില്‍ ടോട്ടെമിസത്തിനു വളരെയധികം സ്വാധീനമുണ്ട്. ട്ലിന്‍ഗിറ്റ് (Tlingit), ഹൈദ (Haida), സിംഷിയാന്‍ (Tsimshian), ക്വകിയുട്ട് ല്‍ (Kwakiutl) എന്നിവ ടോട്ടമിക് ഗോത്രങ്ങളില്‍പ്പെടുന്നു. ഇവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നിരവധി ടോട്ടം തൂണുകള്‍ (Totem poles) കാണപ്പെടുന്നു. വീട്ടിനു മുന്‍പിലോ അരികിലോ ആണ് തൂണുകള്‍ ഉയര്‍ത്തുന്നത്. ഇവയില്‍ നിറയേ കൊത്തുപണികള്‍ ചെയ്തിരിക്കും. മൃഗങ്ങളുടെയും മനുഷ്യരുടെയും രൂപങ്ങളാണു കൂടുതലായും കൊത്തിവയ്ക്കാറുള്ളത്. കുടുംബചരിത്രം സൂചിപ്പിക്കുന്നവയായിരിക്കും ഈ രൂപങ്ങള്‍.

ടോട്ടെമിസം എങ്ങനെ ആവിര്‍ഭവിച്ചു എന്നതിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് നിലവിലുള്ളത്. ലോകത്തിന്റെ വിഭിന്ന ഭാഗങ്ങളില്‍ വ്യത്യസ്ത രീതികളിലാണ് ടോട്ടെമിസം നിലനില്‍ക്കുന്നത്. അമേരിക്കന്‍-ഇന്ത്യന്‍ ഗോത്രമായ ഇറൊക്വെയിസി (Iroquois)ന് ടോട്ടം ഗ്രൂപ്പ് അംഗത്വത്തെ മാത്രമാണ് സൂചിപ്പിക്കുന്നത്. ആസ്റ്റ്രേലിയന്‍ ഗോത്രങ്ങളില്‍ ടോട്ടമുകള്‍ ബന്ധുത്വത്തെയും വിവാഹചടങ്ങുകളെയും ഭക്ഷണക്രമത്തെയും മറ്റും സൂചിപ്പിക്കുന്നുണ്ട്.

സര്‍. ജെയിംസ് ജോര്‍ജ് ഫ്രേസര്‍ (Sir James George Frazer)ന്റെ ടോട്ടെമിസം ആന്‍ഡ് എക്സോഗമി (Totemism and Exogamy), സിഗ്മണ്ട് ഫ്രോയിഡിന്റെ ടോട്ടം ആന്‍ഡ് ടാബു (Totem and Taboo) എമൈല്‍ ദുര്‍ക്കെയിം (Emile Durkheim)ന്റെ എലിമെന്ററി ഫോംസ് ഒഫ് റിലിജിയസ് ലൈഫ് (Elementary Forms of Religious Life) എന്നീ സാമൂഹികശാസ്ത്രഗ്രന്ഥങ്ങളില്‍ ടോട്ടെമിസത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ടോട്ടെമിസത്തിന്റെ ആവിര്‍ഭാവത്തെപ്പറ്റി ഫ്രേസര്‍ മൂന്ന് സിദ്ധാന്തങ്ങളവതരിപ്പിച്ചിട്ടുണ്ട്. ടോട്ടമുകള്‍ ആത്മാക്കളുടെ വിശ്രമസങ്കേതമാണെന്നും അവ മനുഷ്യരില്‍ പുനര്‍ജന്മം തേടുന്നു എന്നുമാണ് ഒരു സിദ്ധാന്തം. ഭക്ഷണലഭ്യത ഉറപ്പാക്കാനായി നടത്തുന്ന മാന്ത്രിക വിദ്യകളാണ് ടോട്ടമുകള്‍ക്ക് ആധാരം എന്നാണ് രണ്ടാമത്തെ സിദ്ധാന്തം. മനുഷ്യജീവന്റെ ഉത്പത്തി വിശദീകരിക്കാന്‍ ടോട്ടമുകള്‍ പ്രയോജനപ്പെടും എന്നതാണ് മൂന്നാമത്തെ സിദ്ധാന്തം. ഒരു സമൂഹത്തിന്റെ സാകല്യ ജീവിതത്തിന്റെ പ്രതീകശക്തിയായാണ് ദുര്‍ക്കെയിം ടോട്ടമുകളെ കാണുന്നത്. ഫ്രോയ്ഡ് ഈഡിപ്പസ് ഐതിഹ്യവും ടോട്ടമുകളുമായി ബന്ധം കണ്ടെത്തി. ടോട്ടത്തിനെ ആരാധിക്കുന്നതിനു പ്രതിഫലമായി പിതാവ് തന്റെ സന്തതികള്‍ക്ക് കുടുംബനാമവും സംരക്ഷണവും നല്‍കുന്ന പാരമ്പര്യം നിലനില്‍ക്കുന്നു.

ടോട്ടെമിസത്തെക്കുറിച്ചുള്ള ആധുനിക സിദ്ധാന്തങ്ങളും വൈരുധ്യം നിറഞ്ഞവയാണ്. എഫ്.എ.ആര്‍.റാഡ് ക്ലിഫ്-ബ്രൗണ്‍ (F.A.R.Radcliffe-Brown)ന്റെ അഭിപ്രായത്തില്‍, ടോട്ടെമിസം എന്ന പദം പല സാമൂഹിക വ്യവസ്ഥിതികളെയും സൂചിപ്പിക്കുവാന്‍ പ്രയോഗിക്കുന്നുണ്ട്. ടോട്ടെമിസത്തിന് മൂന്ന് വശങ്ങളുണ്ടെന്ന് ഡബ്ള്യൂ.എച്ച്.ആര്‍. റിവേഴ്സ് (W.H.R.Rivers) അഭിപ്രായപ്പെടുന്നു. ഒരു വര്‍ഗത്തെ ടോട്ടമിക് വിഭാഗങ്ങളായി തരം തിരിക്കുന്നത് ടോട്ടെമിസത്തിന്റെ സാമൂഹിക വശമാണ്. ഗോത്രാംഗങ്ങളുടെ രക്തബന്ധത്തിലുള്ള വിശ്വാസം ടോട്ടെമിസത്തിന്റെ മനഃശാസ്ത്രപരമായ അടിത്തറ വ്യക്തമാക്കുന്നു. മാന്ത്രിക വിദ്യകളും വിലക്കുകളുമെല്ലാം ടോട്ടെമിസത്തിന്റെ ആചാരപരമായ ചടങ്ങുകളാണെന്നു മാത്രം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍