This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോട്ടം

Totem

ഒരു ഗോത്രാചാരപ്രതീകം. ഏതെങ്കിലുമൊരു സമൂഹവുമായോ ഗോത്രവുമായോ ബന്ധപ്പെട്ട മൃഗമോ ചെടിയോ മറ്റേതെങ്കിലും പ്രകൃതി പ്രതിഭാസമോ 'ടോട്ട'മായി അംഗീകരിക്കപ്പെടാറുണ്ട്. ഈ ടോട്ടത്തോട് പ്രസ്തുത സമൂഹത്തിന് ഒരാരാധനാ മനോഭാവമായിരിക്കും ഉണ്ടായിരിക്കുക. പ്രാചീന സമൂഹങ്ങളിലെ വിവിധാചാരങ്ങളെയും വിശ്വാസങ്ങളെയും ടോട്ടെമിസം എന്ന പേരില്‍ വ്യാഖ്യാനിക്കാറുണ്ട്. പലതരം സമൂഹങ്ങളും ഗോത്രങ്ങളും നിവസിക്കുന്ന പ്രദേശങ്ങളിലാണ് ഓരോന്നിനെയും വേര്‍തിരിച്ചു കാണാനായി ഏതെങ്കിലും ജന്തുവിനെയൊ മറ്റോ അതിന്റെ ടോട്ടമായി അംഗീകരിക്കുന്നത്. പലപ്പോഴും ടോട്ടത്തിന്റെ പേരിലായിരിക്കും ഗോത്രം അറിയപ്പെടുന്നത്. പരമ്പരാഗതമായി ടോട്ടവുമായി ബന്ധപ്പെട്ടവരാണെന്ന വിശ്വാസം ഇവരിലുളവാകുന്നു. ഉദാഹരണത്തിന് ഏതെങ്കിലുമൊരു മൃഗമാണ് ഒരു ഗോത്രത്തിന്റെ ടോട്ടമെങ്കില്‍ അതിന്റെ മാംസം അവര്‍ ഒരിക്കലും ഭക്ഷിക്കുകയില്ല. ടോട്ടത്തിന്റെ ക്ഷേമത്തിനും വര്‍ധനയ്ക്കും വേണ്ടി അവര്‍ പ്രയത്നിക്കുകയും ചെയ്യും. ലിംഗാടിസ്ഥാനത്തിലും വ്യക്തിഗതമായും ടോട്ടമുള്ള ഗോത്രങ്ങളും നിലവിലുണ്ട്. ആസ്റ്റ്രേലിയയിലെ ആദിവാസികള്‍ക്കിടയിലാണ് ഇതു കൂടുതലായി കാണുന്നത്. പോളിനേഷ്യന്‍ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ മൃഗങ്ങളുടെയും മറ്റും രൂപത്തില്‍ അവതരിച്ചുവെന്നു കരുതുന്ന ആത്മാക്കളെയാണ് ടോട്ടമായി കരുതുന്നത്.

വടക്കേ അമേരിക്കയിലെ ഒജിബ്വാ ഇന്ത്യന്‍ വംശജരുടെ ഭാഷയില്‍ നിന്നാണ് ടോട്ടം എന്ന പദം രൂപം കൊണ്ടത്. ഇവര്‍ മത്സ്യങ്ങളെയും മൃഗങ്ങളെയും പക്ഷികളെയും ടോട്ടമായി അംഗീകരിക്കുന്നുണ്ടെങ്കിലും അവയുടെ മാംസം ഭക്ഷിക്കുന്നതില്‍ വിമുഖത കാട്ടാറില്ല.

പ്രകൃതിയുമായുള്ള ഗാഢബന്ധത്തിന്റെ പ്രതീകാത്മക പ്രകാശനമാണ് ടോട്ടമെന്ന സങ്കല്പമെന്ന് പ്രസിദ്ധ സാമൂഹിക ശാസ്ത്രജ്ഞനായ എമിലി ഡര്‍ക്കീം അഭിപ്രായപ്പെടുന്നു. മതവിശ്വാസത്തിന്റെ ആരംഭത്തെയാണ് ഇതു സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യാഖ്യാനിക്കുന്നു. സമൂഹത്തിലെ വിഭാഗീയത സൂചിപ്പിക്കുവാന്‍ പ്രകൃതിയിലെ വൈവിധ്യത്തെ ഉപയോഗിക്കുന്നതിന് ഉദാഹരണമാണ് ടോട്ടെമിസമെന്ന് ആധുനിക നരവംശ ശാസ്ത്രജ്ഞനായ ക്ളോഡ് ലെവിസ്ട്രോസ് അഭിപ്രായപ്പെടുകയുണ്ടായി.

സുപ്രധാന സംഭവങ്ങള്‍ സ്മരിക്കുവാനും വസ്തുക്കളുടെ ഉടമാവകാശം സൂചിപ്പിക്കുവാനും അന്തരിച്ചവരുടെ സ്മാരകങ്ങളായും മറ്റുമാണ് ഇന്ത്യന്‍ വംശജര്‍ ടോട്ടം പോള്‍സ് പണിതുയര്‍ത്തുന്നത്. കുടുംബചരിത്രം സൂചിപ്പിക്കുന്ന കരവിരുതുകള്‍ ചില ടോട്ടം തൂണുകളില്‍ കാണാം. മൃഗത്തിന്റെയും മനുഷ്യന്റെയും രൂപത്തിലുള്ള ആത്മാക്കളെയും പൂര്‍വികര്‍ക്കൊപ്പം ആലേഖനം ചെയ്യാറുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍