This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോങ്കു രാജവംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോങ്കു രാജവംശം

Toungoo Dynasty

ബര്‍മയില്‍ (മ്യാന്‍മര്‍) 15-ാം ശ. മുതല്‍ 18-ാം ശ.-ന്റെ മധ്യം വരെ ഭരണം നടത്തിയിരുന്ന രാജവംശം. 1530 വരെ ഒരു ചെറുരാജ്യമായി നിലനിന്ന ടോങ്കു ഭരിച്ചിരുന്ന വംശമാണ് ടോങ്കു രാജവംശം എന്ന് അറിയപ്പെടുന്നത്. ടോങ്കു രാജ്യത്തിനു വടക്ക് അവായിലെ ഷാന്‍ രാജ്യവും തെക്ക് പെഗുവും ആണ് ഉണ്ടായിരുന്നത്. നൂറ്റാണ്ടുകളോളം ഭരണപരമായി വിഘടിച്ചുകിടന്നിരുന്ന ഐരാവതീ നദീതടപ്രദേശത്ത് ടോങ്കു രാജവംശത്തിന്റെ കീഴില്‍ ഏകീകൃതഭരണം നിലനിര്‍ത്തുവാന്‍ സാധിച്ചു. സു. 1531 മുതല്‍ 81 വരെ ഈ രാജവംശത്തിന്റെ പ്രതാപകാലമായിരുന്നു. താബിന്‍സ്വേതിയും (ഭ.കാ. 1531-1550) ബെയിനാംഗും (ഭ.കാ. 1551-81) ആയിരുന്നു ഇക്കാലത്തെ ശക്തന്മാരായ രാജാക്കന്മാര്‍. 1753 വരെ ഈ വംശം ഭരണം നടത്തി. ഈ രാജവംശത്തിന്റെ 1530 മുതല്‍ 90 വരെയുള്ള കാലഘട്ടത്തെ ഒന്നാം ടോങ്കു വംശമായും, 1590 മുതല്‍ 1752 വരെയുള്ള കാലത്തെ രണ്ടാം ടോങ്കു വംശമായും ചരിത്രകാരന്മാര്‍ വിഭജിച്ചിരിക്കുന്നു.

സു. 1044 മുതല്‍ 1287 വരെ പഗാന്‍ വംശത്തിന്റെ കീഴില്‍ ഐരാവതീ നദീതടപ്രദേശത്ത് ഏകീകൃതഭരണം നിലനിന്നിരുന്നു. അതിനുശേഷം, ഇവിടത്തെ ചെറുരാജ്യങ്ങള്‍ പരസ്പരം ശത്രുതയുടെയും സംഘട്ടനങ്ങളുടെയും സങ്കേതങ്ങളായി മാറുകയാല്‍ ശിഥിലീകരണം സംഭവിച്ചു. ടോങ്കുവിലെ രാജാവായിരുന്ന താബിന്‍സ്വേതി സു. 1530-ല്‍ തെക്കേ ബര്‍മയിലെ മോണ്‍ രാജ്യമായ പെഗു ആക്രമിച്ചു കീഴടക്കി തന്റെ തലസ്ഥാനം അവിടേക്കു മാറ്റി സ്ഥാപിച്ചു. മധ്യ ഐരാവതീ സമതലവും ഇദ്ദേഹം പിന്നീടു കീഴടക്കി. താബിന്‍സ്വേതി 1550-ല്‍ കൊല്ലപ്പെട്ടു. ഇതോടെ മോണ്‍ വിഭാഗക്കാര്‍ തങ്ങളുടേതായിരുന്ന പെഗു തിരിച്ചുപിടിച്ചു. താബിന്‍സ്വേതിയെത്തുടര്‍ന്ന് 1551-ല്‍ രാജാവായ ബെയിനാംഗ് വിപുലമായ സൈനിക മുന്നേറ്റം നടത്തി. ഇദ്ദേഹം പെഗു വീണ്ടും കൈവശപ്പെടുത്തി. മാത്രമല്ല, കിഴക്ക് തായ്ലന്‍ഡ്, ലാവോസ് എന്നിവിടംവരെ രാജ്യവിസ്തൃതി വരുത്തുകയും ചെയ്തു. 1540-നും 70-നും ഇടയ്ക്ക് ഇപ്പോഴത്തെ മ്യാന്‍മറിന്റെ ഏതാണ്ടു മുഴുവന്‍ ഭാഗങ്ങളും ലാവോസ്, തായ്ലന്‍ഡ്, യുനാന്‍ (തെക്കുപടിഞ്ഞാറേ ചൈന) എന്നിവിടങ്ങളിലെ പല പ്രദേശങ്ങളും ടോങ്കു വംശത്തിന്റെ അധീശത്വത്തിന്‍കീഴിലായി. ബെയിനാംഗിന്റെ ഭരണതലസ്ഥാനമായ പെഗുവിലെ ആഡംബരങ്ങള്‍ 1570-കളിലെ യൂറോപ്യന്‍ സഞ്ചാരികളെപ്പോലും വിസ്മയിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. 1581-ല്‍ ബെയിനാംഗ് മരണമടഞ്ഞു. തുടര്‍ന്ന് 1590-ഓടുകൂടി സാമ്രാജ്യം ശിഥിലമായി. ടോങ്കു രാജാക്കന്മാരുടെ തുടര്‍ന്നുള്ള ഭരണം 1752 വരെ നിലനിന്നു. ഇക്കാലത്ത് തലസ്ഥാനം ഉത്തര ഭാഗത്തുള്ള അവായിലേക്കു മാറ്റി (1635). 1752-ല്‍ മോണുകള്‍ ഭരണം പിടിച്ചെടുക്കുന്നതുവരെ ടോങ്കുരാജവംശം നിലനിന്നിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍