This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോങ്കിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോങ്കിയ

Taungya

വനവിളകളോടൊപ്പം കാര്‍ഷിക വിളകളും വളര്‍ത്തുന്ന പ്രത്യേക കൃഷിരീതി. വൃക്ഷത്തോട്ടങ്ങളില്‍ ഇടവിളയായി വിള സസ്യങ്ങള്‍ നട്ടുവളര്‍ത്തുന്നതിന് ബര്‍മീസ് ഭാഷയില്‍ ഉപയോഗിക്കുന്ന പദമാണ് ടോങ്കിയ. ബി.സി. ഏഴായിരം മുതല്‍ തന്നെ പ്രചാരത്തിലിരുന്ന മാറ്റക്കൃഷിയെ ഫലപ്രദമായി രൂപപ്പെടുത്തിയെടുത്ത ഒരു കൃഷിരീതിയാണിത്.

1999-ലെ സ്ഥിതിവിവരക്കണക്കനുസരിച്ച് കേരളത്തിലെ വന വിസ്തൃതി 1.12 ദശലക്ഷം ഹെക്ടറാണ്. ഇത് സംസ്ഥാനത്തിന്റെ ആകെ വിസ്തൃതിയുടെ 29 ശ.മാ. വരും. ഇതില്‍ 16.36 ശ.മാ.ഉം പ്ളാന്റേഷനുവേണ്ടിയുള്ളതാണ്. ജനസംഖ്യാവര്‍ധനയ്ക്ക് അനുസൃതമായ അധിക ഭക്ഷ്യോത്പാദനം ലക്ഷ്യമാക്കി വനഭൂമി കുത്തകപ്പാട്ടത്തിനും സൗജന്യമായും ടോങ്കിയ കൃഷിക്കു കൈമാറാന്‍ തുടങ്ങി. സാധാരണയായി വനഭൂമി ഒന്നോ രണ്ടോ വര്‍ഷമാണ് കൃഷിക്കാരന് കൃഷിചെയ്യാന്‍ കൊടുക്കാറുള്ളത്. പാട്ടത്തിനു കിട്ടിയ വനഭൂമിയില്‍ കൃഷിക്കാരന്‍ സ്വന്തം ചെലവില്‍ തോട്ടം വച്ചുപിടിപ്പിക്കണമെന്നാണു വ്യവസ്ഥ. വനവൃക്ഷങ്ങള്‍ വളര്‍ന്നു വലുതായി വിള സസ്യങ്ങള്‍ക്കാവശ്യമായ സൂര്യപ്രകാശം ലഭിക്കാതെ വരുമ്പോള്‍ വിളസസ്യക്കൃഷി ഉപേക്ഷിക്കുകയാണ് സാധാരണ പതിവ്. കൃഷി നിര്‍ത്തി സ്ഥലം ഒഴിഞ്ഞുകൊടുക്കുന്നതുവരെ തോട്ടം സംരക്ഷിക്കേണ്ട ചുമതല കൃഷിക്കാരനാണുള്ളത്. ബ്രസീല്‍, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ തോട്ടക്കൃഷിയോടൊപ്പം വിളവൃക്ഷങ്ങളും ഇവയോടുചേര്‍ന്ന് അടുക്കളത്തോട്ടങ്ങളും കണ്ടുവരുന്നു.

മഴക്കാലം അവസാനിക്കുന്നതോടെ വളക്കൂറും ആഴമേറിയ മണ്ണുമുള്ള മലഞ്ചരിവുകളിലെ സ്ഥലം കൃഷിക്കുവേണ്ടി തിരഞ്ഞെടുക്കുന്നു. കൃഷിയിറക്കുന്നതിനുമുമ്പുതന്നെ വനസസ്യങ്ങള്‍ വെട്ടി സ്ഥലം വൃത്തിയാക്കേണ്ടതുണ്ട്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മരങ്ങളും കുറ്റിച്ചെടികളും വെട്ടിമാറ്റി വിളഭൂമി തയ്യാറാക്കുന്നു. വെട്ടിയിട്ട മരങ്ങളും മറ്റും തീയിട്ടു നശിപ്പിക്കുകയാണ് പതിവ്. തീയിടുമ്പോള്‍ കളസസ്യങ്ങളും, തൈകളും, വിത്തുകളും ചെറു വൃക്ഷങ്ങളും ഓഷധികളും മറ്റും നശിപ്പിക്കപ്പെടുന്നു. ഇതുമൂലമുണ്ടാകുന്ന ചാരം മണ്ണിലെ പൊട്ടാസ്യത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ കാരണമാകുന്നു.

കേരളത്തിലെ ടോങ്കിയ വിളകള്‍ ഇഞ്ചി, നെല്ല്, കപ്പ (മരച്ചീനി) മുതലായവയാണ്. വെള്ളരി വര്‍ഗങ്ങള്‍, ചേമ്പ്, ചേന, ചോളം, പയറുവര്‍ഗങ്ങള്‍, ആവണക്ക്, വാഴ തുടങ്ങിയവയും ടോങ്കിയ വിളകളായി കൃഷി ചെയ്യാറുണ്ട്. മഴക്കാലാരംഭത്തിലാണ് കൃഷിയിറക്കുന്നത്. മണ്ണ് ഉഴുതുമറിക്കുകയോ കിളയ്ക്കുകയോ ചെയ്യുന്നത് മലഞ്ചരിവുകളില്‍ മണ്ണൊലിപ്പിനു കാരണമാകും. വിളയുടെ ഒന്നാം വര്‍ഷത്തില്‍ മരച്ചീനി കൃഷി ചെയ്താല്‍ മണ്ണൊലിപ്പു കൂടുതലായിരിക്കും. മരച്ചീനി വളരെ വേഗം വളര്‍ന്ന് ഒരു മേല്‍ക്കട്ടി (conopy)യുണ്ടാക്കുന്നതിനാല്‍ ഇവയുടെ ചുവട്ടില്‍ വളരുന്ന വൃക്ഷത്തൈകള്‍ക്ക് സൂര്യപ്രകാശം ലഭിക്കാതെ വരുന്നതുമൂലം അവയുടെ വളര്‍ച്ച മുരടിക്കുന്നു. ഇങ്ങിനെയുണ്ടാകുന്ന തണലും അന്തരീക്ഷത്തിലെ ആര്‍ദ്രതയും വിവിധയിനം കുമിളുകളുടെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും അവ മൂലമുണ്ടാകുന്ന രോഗബാധയ്ക്കും കാരണമാകാറുണ്ട്. മരച്ചീനി കൃഷി ചെയ്ത കാരണത്താലാണ്, കേരളത്തിലെ ചില യൂക്കാലിപ്റ്റ്സ് തോട്ടങ്ങള്‍ 'സീഡ്ലിങ് ബ്ളൈറ്റ്' കുമിള്‍ രോഗം മൂലം നശിക്കാനിടയായത് എന്നു കരുതപ്പെടുന്നു. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍, ആദ്യ വിള നെല്ലോ ഇഞ്ചിയോ ആയിരിക്കുന്നത് ഉത്തമമായിരിക്കും. തുടര്‍ന്ന് ഏതെങ്കിലും പയര്‍ ഇനം ഇടവിളയായി കൃഷി ചെയ്ത് മണ്ണിലെ പാക്യജനകത്തെ നിലനിര്‍ത്താനാവും. രണ്ടാം വര്‍ഷം മാത്രമേ മരച്ചീനി കൃഷി ചെയ്യാവൂ. ഇപ്പോള്‍ നെല്‍ക്കൃഷി ആദായകരമല്ലെങ്കിലും ഇഞ്ചിയുടെയും മരച്ചീനിയുടെയും കൃഷി വളരെ ആദായകരമാണെന്നു തെളിഞ്ഞിട്ടുണ്ട്. മൂന്നാം വിളവുതരുന്ന ഇനമായിരിക്കണം കൃഷി ചെയ്യേണ്ടത്. അവശ്യം വേണ്ടുന്ന വളങ്ങള്‍ ചേര്‍ക്കാതെയും മണ്ണു സംരക്ഷണം നടത്താതെയും കൃഷിയിറക്കുന്നതിനാല്‍ മൂന്നാം വിളയോടെ ഫലഭൂയിഷ്ഠത കുറഞ്ഞുപോകുന്നു. അതിനുശേഷം, കൃഷിഭൂമി മാറി കൃഷിയിറക്കുന്നതായിരിക്കും ലാഭകരം.

ടോങ്കിയ കൃഷി നടത്തുമ്പോള്‍ വളരെ അപൂര്‍വമായി മാത്രമേ രോഗങ്ങളും കീടബാധയും ഉണ്ടാകാറുള്ളു. ഫലവൃക്ഷങ്ങള്‍, ഭക്ഷ്യവിളകള്‍ തുടങ്ങിയവ കൃഷി ചെയ്യുന്നതിനാല്‍ സാധാരണ ജനങ്ങളുടെ ഭക്ഷണത്തിനും ഇന്ധനാവശ്യങ്ങള്‍ക്കും ധനാഗമനത്തിനും സഹായകമാകുന്നു. കൃഷിക്കാര്‍ കൂട്ടായി നടത്തുന്ന(Jhuming) ഇത്തരം കൃഷിയിലുള്ള സാമൂഹിക സാമ്പത്തിക ബന്ധങ്ങള്‍ കാരണം ഈ രീതി എളുപ്പം മാറ്റാന്‍ സാധിക്കുന്നതല്ല. മെച്ചപ്പെട്ട വിളവു തരുന്ന ഇനങ്ങള്‍ തിരഞ്ഞെടുത്ത്, വളപ്രയോഗവും ജലസേചനവും മണ്ണു സംരക്ഷണവും പ്രായോഗികമായ രീതിയില്‍ നടത്തിയാല്‍ ടോങ്കിയ കൃഷി ആദായകരം തന്നെയായിരിക്കും.

ടോങ്കിയ കൃഷിയുടെ സവിശേഷത, മണ്ണിന്റെ ഉത്പാദനശേഷി പരമാവധി ചൂഷണം ചെയ്യാന്‍ സൗകര്യമുണ്ടാക്കുന്നു എന്നതാണ്. തോട്ട നിര്‍മാണച്ചെലവ് കുറയുന്നു എന്നതും ഭക്ഷ്യക്കമ്മി, തൊഴിലില്ലായ്മ എന്നിവയ്ക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നു എന്നതും ഇതിന്റെ ഇതര മേന്മകളായിപ്പറയാം.

ടോങ്കിയ കൃഷിക്ക് ചില ദോഷഫലങ്ങളും ചൂണ്ടിക്കാണിക്കുവാനുണ്ട്. ഇതുമൂലം വന്‍തോതിലുള്ള വനനശീകരണം നടക്കുന്നതിനാല്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള പാരിസ്ഥിതിക വ്യതിയാനങ്ങള്‍ക്കു കാരണമായിത്തീരാറുണ്ട്. മലഞ്ചരിവുകളിലെ മണ്ണൊലിപ്പുമൂലം മേല്‍മണ്ണ് ഒഴുകിപ്പോയി മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയുന്നു. ഒഴുകിപ്പോകുന്ന മണ്ണ് താഴ്വരകളിലെ തോടുകളിലും പുഴകളിലും അണക്കെട്ടുകളിലും എക്കല്‍ അടിയാന്‍ ഇടയാക്കുന്നു. കൃഷിസ്ഥലം വൃത്തിയാക്കിയെടുക്കുമ്പോള്‍ വാണിജ്യപ്രാധാന്യമുള്ള തടികള്‍ പലതും വെട്ടി നശിപ്പിക്കപ്പെടുന്നു. ഇത്തരം ദോഷങ്ങള്‍ക്കിടയുണ്ടെങ്കിലും, വനവിളയുടെ സംരക്ഷണം വേണ്ട വിധത്തില്‍ നടത്തിയാല്‍ ടോങ്കിയ കൃഷികൊണ്ട് ഗുണഫലങ്ങള്‍തന്നെ ഉളവാക്കുവാന്‍ സാധിക്കും.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%8B%E0%B4%99%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍