This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോക് സോപ്ലാസ്മോസിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോക് സോപ്ലാസ്മോസിസ്

Toxoplasmosis

പ്രോട്ടോസോവ മൂലമുണ്ടാകുന്ന ഒരു രോഗം. ടോക് സോപ്ലാസ്മ ഗോണ്ടി (Toxoplasma gondi) എന്ന പ്രോട്ടോസോവമൂലമാണിതുണ്ടാകുന്നത്. ഈ രോഗം മനുഷ്യരേയും പക്ഷിമൃഗാദികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉഷ്ണരക്ത ജീവികളേയും ബാധിക്കുന്നു. രോഗഹേതുവായ പ്രോട്ടോസോവ പ്രധാനമായും പൂച്ചവര്‍ഗത്തില്‍പ്പെട്ട മൃഗങ്ങളിലാണ് കാണുന്നത്. ഇവ പൂച്ചയുടെ ചെറുകുടലില്‍ ജീവചക്രം പൂര്‍ത്തിയാക്കി വിസര്‍ജ്യത്തിലൂടെ ഊസിസ്റ്റ് (Oocyst) ആയി പുറത്തുവരുന്നു. ഇത്തരം വിസര്‍ജന വസ്തുക്കളാല്‍ മലിനീകരിക്കപ്പെട്ട ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുന്നതുവഴി മറ്റു മൃഗങ്ങള്‍ക്ക് ഈ രോഗം പകരുന്നു. രോഗം ബാധിച്ച മൃഗങ്ങളില്‍ പ്രധാനമായും ഗര്‍ഭം അലസലോ അകാലപ്രസവമോ സംഭവിക്കാറുണ്ട്. ചിലപ്പോള്‍ പ്രസവശേഷം കുട്ടി ചത്തുപോകുന്നതായും കണ്ടുവരുന്നു. പ്രായപൂര്‍ത്തിയായവയില്‍ ഈ രോഗം നാഡീവ്യൂഹത്തെ ബാധിക്കാറുണ്ട്. പനി, വിശപ്പില്ലായ്മ, ചുമ, ശ്വാസതടസ്സം, വയറിളക്കം, മഞ്ഞനോവ്, വിറയല്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍, അകാരണമായ ഗര്‍ഭമലസല്‍ കൂടുതലായി കണ്ടുവരുന്നെങ്കില്‍ അത് ടോക് സോപ്ലാസ്മ മൂലമുള്ളതാണോ എന്ന് പരിശോധിക്കേണ്ടതാണ്. ജീവിച്ചിരിക്കുന്ന മൃഗങ്ങളുടെ രോഗനിര്‍ണയത്തിന് കോംപ്ളിമെന്റ് ഫിക്സേഷന്‍ ടെസ്റ്റ് പ്രയോജനകരമാണ്. മൃഗം ചത്തുപോയാല്‍ അത് ടോക് സോപ്ലാസ്മ മൂലമാണോ എന്നറിയാന്‍ ചത്ത മൃഗത്തിന്റെ മാംസം കുഴമ്പുരൂപത്തിലാക്കി എലികളില്‍ കുത്തിവച്ചാല്‍ എട്ട് ആഴ്ച ആകുമ്പോള്‍ എലികള്‍ക്കു രോഗം ബാധിക്കും. സള്‍ഫാഡയാസിന്‍ (sulphadiazine), പൈരിമെത്താമിന്‍ (pyrimethamine) എന്നീ ഔഷധങ്ങളാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. ഇവ ഓരോന്നും പ്രത്യേകമായി ഉപയോഗിക്കുന്നതിനെക്കാള്‍ ഫലപ്രദം രണ്ടും ഒരുമിച്ച് ഉപയോഗിക്കുന്നതാണ്. നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും ക്ലിന്‍ഡാമൈസിന്‍ (clindamycin) എന്ന ഔഷധമാണു ഫലപ്രദം. രണ്ടാഴ്ച വരെ ചികിത്സ വേണ്ടിവരും.

രോഗനിവാരണ മാര്‍ഗങ്ങളില്‍ പൂച്ചയുടെ വിസര്‍ജ്യത്താല്‍ ആഹാരപദാര്‍ഥങ്ങള്‍ മലിനമാകാതിരിക്കാന്‍ ശ്രദ്ധിക്കുക, രോഗം മൂലം മരിച്ചവയുടെ ശവശരീരം ശാസ്ത്രീയമായി നശിപ്പിക്കുക, ഗര്‍ഭാവസ്ഥയില്‍ പൂച്ചകളും അവയുടെ വിസര്‍ജ്യവുമായി സമ്പര്‍ക്കമില്ലാതാക്കുക എന്നിവയുള്‍പ്പെടുന്നു. ഈ രോഗത്തിനെതിരെ ഫലപ്രദമായ പ്രതിരോധ കുത്തിവയ്പ് ലഭ്യമല്ല.

(ഡോ. കെ. രാധാകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍