This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോക് ലവ് ദ്വീപുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോക് ലവ് ദ്വീപുകള്‍

Tokelau Islands


മധ്യ-പസിഫിക് സമുദ്രത്തിലെ ഒരു പവിഴ ദ്വീപസമൂഹം. ന്യൂസിലന്‍ഡിന്റെ ഭാഗമാണിവ. പ. സമോവയ്ക്ക് സു. 500 കി.മീ. വ. സ്ഥിതിചെയ്യുന്ന ഈ ദ്വീപസമൂഹത്തില്‍ അറ്റാഫു (Atafu), നുകുനോനോ (Nukunono), ഫകാവോഫോ (Fakaofo) എന്നീ പവിഴദ്വീപു(Atoll)കള്‍ ഉള്‍പ്പെടുന്നു. വിസ്തീര്‍ണം: 10 ച.കി.മീ; ജനസംഖ്യ: 1577(1991); അക്ഷ.: 8° 10° തെ.; രേഖാ.; 171deg; 173deg; പ. ടോക്ലവ് ദ്വീപനിവാസികളുടെ ഭാഷയ്ക്ക് സമോവനോട് ബന്ധമുണ്ട്. ഇംഗ്ലീഷിനും ഇവിടെ നല്ല പ്രചാരമുണ്ട്. മത്സ്യബന്ധനം, കൃഷി, കന്നുകാലി വളര്‍ത്തല്‍ എന്നിവയിലധിഷ്ഠിതമാണ് ടോക്ലവ് ദ്വീപുകളുടെ സമ്പദ്ഘടന. കൊപ്രയാണ് പ്രധാന കയറ്റുമതി ഉത്പന്നം. കരകൗശലവസ്തുക്കളും വിപുലമായ തോതില്‍ കയറ്റി അയയ്ക്കുന്നു. ദ്വീപുവാസികള്‍ പോളിനേഷ്യന്‍ സംസ്കാരം പിന്തുടരുന്നു. സമോവന്‍ സംസ്കാരത്തിന്റെ സ്വാധീനവും ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡ് കറന്‍സിയും ടോക്ലവ് നാണയവുമാണ് ഇവിടെ നിയമപരമായി പ്രചാരത്തിലിരിക്കുന്നത്.

1765-ല്‍ ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ ടോക്ലവ് ദ്വീപസമൂഹം 1877-ല്‍ ഒരു ബ്രിട്ടീഷ് സംരക്ഷിത പ്രദേശമായി പ്രഖ്യാപിതമായി. 1916-ല്‍ 'യൂണിയന്‍ ദ്വീപുകള്‍' എന്ന പേരില്‍ ഇവയെ ബ്രിട്ടന്റെ ഭാഗമാക്കുകയും 'ഗില്‍ബര്‍ട്ട് ആന്‍ഡ് എലീസ് ഐലന്‍ഡ്സ് കോളനി'യില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 1926-ല്‍ ഇവ ന്യൂസിലന്‍ഡ് ഭരണത്തിന്‍കീഴിലായി. 1946 മുതലാണ് ദ്വീപുകള്‍ ടോക്ലവ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. 1948-ലെ നിയമനിര്‍മാണത്തിന്റെ ഫലമായി 1949 ജനു. 1 മുതല്‍ രാഷ്ട്രീയമായി ഈ ദ്വീപുകള്‍ ന്യൂസിലന്‍ഡിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടു. 1976 ഡി.-ല്‍ ടോക്ലവ് എന്ന പേരിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. 1974 ന. മുതല്‍ ദ്വീപസമൂഹത്തിന്റെ ഭരണച്ചുമതല വിദേശകാര്യസെക്രട്ടറിയില്‍ നിക്ഷിപ്തമാക്കി. പടിഞ്ഞാറന്‍ സമോവയില്‍പ്പെട്ട ആപിയയിലെ ജില്ലാ ഭരണാധികാരിക്കും ചില അധികാരങ്ങള്‍ കൈമാറ്റം ചെയ്തിരുന്നു. 1992-ലെ ഭരണഘടനാഭേദഗതിക്കനുസൃതമായി 1994-ല്‍ ഭരണാസ്ഥാനം പവിഴദ്വീപുകളിലേക്ക് മാറ്റി. വര്‍ഷത്തില്‍ രണ്ടുതവണമാത്രം സമ്മേളിക്കുന്ന ഇവിടത്തെ പാര്‍ലമെന്റില്‍ 27 അംഗങ്ങളുണ്ട്. 1996 മുതല്‍ നിയമനിര്‍മാണാധികാരം പാര്‍ലമെന്റില്‍ നിക്ഷിപ്തമായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍