This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോക്വില്‍, അലക്സി (1805-59)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോക്വില്‍, അലക്സി (1805-59)

Tocqueville,Alexi

ഫ്രഞ്ച് രാജ്യതന്ത്രജ്ഞനും ചരിത്രകാരനും രാഷ്ട്ര മീമാംസകനും. അമേരിക്കന്‍ ജനാധിപത്യത്തെക്കുറിച്ചും ഫ്രഞ്ചുവിപ്ളവത്തെക്കുറിച്ചും ആധികാരിക ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 19-ാം ശ. -ത്തിലെ സാമൂഹിക ശാസ്ത്ര മേഖലയില്‍ ഈ ഗ്രന്ഥ ങ്ങള്‍ ഏറെ സ്വാധീനം ചെലുത്തിയിരുന്നു. ഫ്രാന്‍സിലെ വെര്‍നിയൂലില്‍ (Verneuil) 1805 ജൂല. 29-ന് ഒരു നോര്‍മന്‍ കുലീന കുടുംബത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. പൂര്‍ണനാമധേയം ചാള്‍സ് അലക്സി ദെ ടോക്വില്‍ (Charles Alexi deTocqueville) എന്നാണ്.
അലക്സി ടോക്വില്‍

പാരിസില്‍ നിയമപഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം ജഡ്ജിയായി നിയമിതനായി. അമേരിക്കന്‍ ശിക്ഷാസമ്പ്രദായത്തെപ്പറ്റി പഠിക്കാനായി ഇദ്ദേഹം 1831-ല്‍ യു.എസ്സിലേക്കു പോയി. ഇതോടൊപ്പം രാഷ്ട്രീയ പരിതഃസ്ഥിതിയെക്കുറിച്ചും പഠനം നടത്തി. ഒരു വര്‍ഷത്തിനുശേഷം മടങ്ങിയെത്തിയ ടോക്വില്‍ തന്റെ അമേരിക്കന്‍ പഠനങ്ങളെ ആധാരമാക്കി ഡെമോക്രസി ഇന്‍ അമേരിക്ക (De la de'mocratic en Amerique) എന്ന 4 വാല്യങ്ങളുള്ള ഗ്രന്ഥം രചിച്ചു (1835-40). യു.എസ്. രാഷ്ട്രീയ സംവിധാനത്തെക്കുറിച്ചുള്ള ഒരു വിശിഷ്ട കൃതിയാണിത്. മൊണ്ടെസ്ക്യൂവിനു (1689-1755) ശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയ ചിന്തകനെന്ന ഖ്യാതി ഈ ഗ്രന്ഥത്തിലൂടെ നേടിയെടുക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. 1839-ല്‍ ഇദ്ദേഹം ചേംബര്‍ ഒഫ് ഡെപ്യൂട്ടീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1848-ല്‍ ഫ്രാന്‍സില്‍ നടന്ന വിപ്ലവത്തില്‍ സോഷ്യലിസ്റ്റുകളുടെ പങ്കിനെ ഇദ്ദേഹം വിമര്‍ശിച്ചിരുന്നു. 1849-ല്‍ നാഷണല്‍ അസംബ്ലിയുടെ വൈസ് പ്രസിഡന്റു പദവിയിലെത്താനും ഇദ്ദേഹത്തിനു കഴിഞ്ഞു. ഫ്രാന്‍സിലെ രണ്ടാം റിപ്പബ്ലിക്കില്‍ 1849-ല്‍ കുറച്ചുകാലത്തേക്ക് ടോക്വില്‍ വിദേശകാര്യമന്ത്രിപദം വഹിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ ചാള്‍സ് ലൂയി നെപ്പോളിയന്‍ (പില്ക്കാലത്ത് നെപ്പോളിയന്‍ III) അധികാരത്തില്‍ വരുന്നതിനെ ഇദ്ദേഹം എതിര്‍ത്തിരുന്നു. നെപ്പോളിയന്‍ 1851-ല്‍ അധികാരത്തില്‍ വന്നതോടെ ഇദ്ദേഹം അറസ്റ്റു ചെയ്യപ്പെടുകയുണ്ടായി. ജയില്‍ മോചിതനായശേഷം ഇദ്ദേഹം രാഷ്ട്രീയത്തില്‍ നിന്നു വിരമിക്കുകയാണുണ്ടായത്. തുടര്‍ന്ന് ടോക്വില്‍ തന്റെ രണ്ടാമത്തെ മഹദ്ഗ്രന്ഥത്തിന്റെ രചനയിലേര്‍പ്പെട്ടു. ഫ്രഞ്ചുവിപ്ളവത്തെ സംബന്ധിച്ചുള്ളതായിരുന്നു ഇത്. ദി ഓള്‍ഡ് റെജൈം ആന്‍ഡ് ദ് റവല്യൂഷന്‍ (L'Ancien Regime et la re'volution) എന്ന ഈ ഗ്രന്ഥം 1856-ല്‍ പ്രസിദ്ധീകരിച്ചു. 19-ാം ശ.-ലെ പ്രമുഖ ലിബറലിസ വക്താവായി ഇദ്ദേഹം പരിഗണിക്കപ്പെട്ടിരുന്നു. സമത്വവും (equality) സ്വാതന്ത്ര്യവും (liberty) സമന്വയിപ്പിക്കുന്ന രാഷ്ട്രീയ സിദ്ധാന്തമായിരുന്നു ഇദ്ദേഹം പ്രചരിപ്പിച്ചത്. 1859 ഏ. 16-ന് ഇദ്ദേഹം കാനെസ്സില്‍ മരണമടഞ്ഞു. ഇദ്ദേഹത്തിന്റെ റികളക്ഷന്‍സ് (1893) എന്ന മറ്റൊരു ഗ്രന്ഥവും, ഗ്രന്ഥരൂപത്തിലാക്കിയ കത്തിടപാടുകളും യാത്രാക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍