This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോക്യോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോക്യോ

Tokyo

ജപ്പാന്റെ തലസ്ഥാനവും ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരവും. കിഴക്കന്‍ ഹോണ്‍ഷ്യു ദ്വീപിലെ കാന്റോ സമതലത്തില്‍, ടോക്യോ ഉള്‍ക്കടലിന്റെ ശീര്‍ഷകസ്ഥാനത്ത്, പസിഫിക് സമുദ്രത്തില്‍ നിന്നും 80 കി.മീ. മാറി സ്ഥിതിചെയ്യുന്നു. ഹോണ്‍ഷ്യു - കാന്റോ പ്രദേശത്തെ ഏറ്റവും വലിയ നഗരമായ ടോക്യോയ്ക്ക് വ്യക്തമായ രണ്ടു ഭാഗങ്ങളുണ്ട്; സര്‍ക്കാര്‍ മന്ദിരങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും സമ്പന്നഭവനങ്ങളും വ്യവസായശാലകളും ഉള്‍പ്പെടുന്ന പ. ഭാഗവും, വാണിജ്യമേഖലയായകി. ഭാഗവും. നഗരജനസംഖ്യ: 8163573 (1990); മെട്രോപൊലിറ്റന്‍ ജനസംഖ്യ: 30300000 (1990); ടോക്യോ മെട്രോപൊലിസിന്റെ വിസ്തീര്‍ണം : 2161 ച.കി.മീ; നഗരവിസ്തീര്‍ണം: 598 ച.കി.മീ.

പരമ്പരാഗത ജാപ്പാനീസ് പഗോഡ

ഔദ്യോഗികമായി ടോക്യോ മെട്രൊപൊലിസ് എന്നറിയപ്പെടുന്ന ഈ നഗരം പ്രാന്തപ്രദേശങ്ങളിലും പട്ടണങ്ങളിലും ദ്വീപുകളിലുമായി സമുദ്രനിരപ്പില്‍ നിന്ന് സു. 1500 മീ. ശ.ശ. ഉയരത്തിലാണ് വ്യാപിച്ചിരിക്കുന്നത്. ജാപ്പനീസ് ഭാഷയില്‍ 'ടോക്യോ' എന്ന പദത്തിന് 'കിഴക്കന്‍ തലസ്ഥാനം' എന്നാണര്‍ഥം. കിടങ്ങുകളാല്‍ ചുറ്റപ്പെട്ട ചക്രവര്‍ത്തിഭവനത്തെ ടോക്യോയുടെ നഗരകേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്നതാണ്. 'ഡയറ്റ്' (1936) മന്ദിരവും ടോക്യോ ടവറുമെല്ലാം ഇതിനടുത്താണ് സ്ഥിതിചെയ്യുന്നത്. ചക്രവര്‍ത്തിയുടെ കൊട്ടാരത്തിന് കി. സ്ഥിതിചെയ്യുന്ന മറുനോവ്ച്ചിയാണ് പ്രധാന വാണിജ്യകേന്ദ്രം. രാജകൊട്ടാരത്തിന് തെ. ഭാഗത്തുള്ള കാസുമിഗസേകിയിലാണ് മന്ത്രികാര്യാലയങ്ങള്‍, കോടതികള്‍ തുടങ്ങിയ പ്രധാന ഓഫീസുകളെല്ലാം പ്രവര്‍ത്തിക്കുന്നത്. ടോക്യോയിലെ പ്രധാന തെരുവായ ഗിന്‍സാ (Ginza) ജപ്പാനിലെ തന്നെ മുഖ്യ തെരുവുകളിലൊന്നാണ്.

ഗിന്‍സാ-ടോക്യോയിലെ പ്രധാന തെരുവ്

ടോക്യോ സമതലത്തിനു സമീപത്തുള്ള നഗരഭാഗങ്ങള്‍ ജപ്പാനിലെ വലുപ്പംകൂടിയ നിമ്നതലപ്രദേശമായ കാന്റോ സമതലത്തിലാണ് സ്ഥിചെയ്യുന്നത്. മെട്രൊപൊലിറ്റന്‍ നഗരത്തിന്റെ പ. ഭാഗങ്ങള്‍ 80 കി.മീ.-ഓളം ഉള്‍നാട്ടിലേക്കു വ്യാപിച്ചിരിക്കുന്നു. ടോക്യോ ഉള്‍ക്കടലില്‍ പതിക്കുന്ന ആര, സുമിദ, താമ എന്നിവയാണ് ടോക്യോ നഗരത്തിലൂടെ ഒഴുകുന്ന പ്രധാന നദികള്‍. സുമിദാ നദീമുഖത്തിനു പ. ഭാഗത്താണ് നഗരകേന്ദ്രമായ ചക്രവര്‍ത്തിയുടെ കൊട്ടാരവും, പ്രധാന ഗവണ്‍മെന്റ് മന്ദിരങ്ങളും മറ്റു വാണിജ്യ വ്യാപാരസ്ഥാപനങ്ങളും നിര്‍മിച്ചിട്ടുള്ളത്. ടോക്യോയുടെ 'ലാറ്റിന്‍ ക്വാര്‍ട്ടര്‍' (Latin Quarter) എന്നറിയപ്പെടുന്ന കാണ്‍ഡാ (Kanda)യില്‍ സ്കൂളുകളും സര്‍വകലാശാലകളും ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

ഋതുക്കളുടെ വ്യതിയാനം വ്യക്തമായി അനുഭവപ്പെടുന്ന മിതമായ കാലാവസ്ഥ ടോക്യോയുടെ സവിശേഷതയാണ്. തണുപ്പുള്ള വരണ്ട ശൈത്യവും, ചൂടേറിയ വേനല്‍ക്കാലവും ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതയായിപ്പറയാം. ജൂണ്‍.-ജൂല. മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. 'ടൈഫൂണ്‍' എന്നു വിളിക്കുന്ന ശക്തമായ കൊടുങ്കാറ്റുകള്‍ ഇവിടെ കനത്ത മഴ പെയ്യിക്കുക പതിവാണ്. ശ.ശ. താപനില- ജനു. 40°C, ജൂല. 24°C, ശ.ശ. വര്‍ഷപാതം : 147 സെ.മീ.

ജപ്പാനിലെ മുഖ്യ വാണിജ്യ-സാമ്പത്തിക കേന്ദ്രമാണ് ടോക്യോ. രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃകമ്പോളവും വിദേശ വാണിജ്യകേന്ദ്രവും പ്രമുഖ ഉത്പാദക നഗരവും ടോക്യോ തന്നെ. നഗരത്തിലുടനീളം വ്യാപിച്ചിരിക്കുന്ന വ്യവസായ ശൃംഖലകളാണ് നഗര സമ്പദ്ഘടനയുടെ അടിത്തറയായി വര്‍ത്തിക്കുന്നത്. യോകോഹാമ മുതല്‍ ടോക്യോ വരെ, ഉള്‍ക്കടല്‍ തീരത്തായി വ്യാപിച്ചുകിടക്കുന്ന വ്യാവസായിക-നഗരമേഖലയുടെ ഒരു ഭാഗമാണ് ടോക്യോ എന്നതും പ്രാധാന്യമര്‍ഹിക്കുന്നു. കീ-ഹിന്‍ (kei-hin) എന്നു വിളിക്കുന്ന ഈ മേഖലയിലാണ് ഇരുമ്പുരുക്ക് ഉള്‍പ്പെടെ രാജ്യത്തിലെ ഭൂരിഭാഗം ഘനവ്യവസായങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത്. സംസ്കരിച്ച ഭക്ഷ്യസാധനങ്ങള്‍, ഫര്‍ണിച്ചര്‍, രാസവസ്തുക്കള്‍, തുകല്‍ സാമഗ്രികള്‍, ലോഹോത്പന്നങ്ങള്‍, യന്ത്രസാമഗ്രികള്‍, വൈദ്യുതോപകരണങ്ങള്‍ തുടങ്ങിയവയാണ് ടോക്യോയിലെ പ്രധാന ചെറുകിട വ്യാവസായികോത്പന്നങ്ങള്‍.

ഷോഗണ്‍ ഭരണത്തിന്റെ അവസാന ഘട്ടത്തില്‍ (1800 ശ.) ഗവണ്‍മെന്റധീനതയില്‍ ഒരു ഫാക്ടറി സ്ഥാപിച്ചതോടെയാണ് ടോക്യോയില്‍ വ്യാവസായിക വിപ്ലവത്തിനു നാന്ദി കുറിച്ചത്. ടോക്യോ തുറമുഖം വഴിയുള്ള വിദേശയന്ത്രസാമഗ്രികളുടെ ഇറക്കുമതി ടോക്യോയുടെ വ്യാവസായിക പുരോഗതി ദ്രുതഗതിയിലാക്കി. തത്ഫലമായി നിരവധി പ്ലാന്റുകള്‍ സ്ഥാപിക്കപ്പെട്ടു. പുതിയ യന്ത്രസാമഗ്രികള്‍ അതേ മാതൃകയില്‍ പണിയുക, കേടുപാടുകള്‍ തീര്‍ക്കുക എന്നിവയായിരുന്നു ഈ പ്ളാന്റുകളുടെ പ്രധാന ലക്ഷ്യം. ചൈനയും (1894-'95) റഷ്യയുമായി (1904-'05) നടന്ന യുദ്ധങ്ങള്‍ ടോക്യോ ഉള്‍ക്കടല്‍ തീരത്ത് യുദ്ധ സാമഗ്രികളുടെ നിര്‍മാണ വ്യവസായത്തിന് ഉദയം കുറിച്ചു. രണ്ടാം ലോകയുദ്ധാനന്തരമുണ്ടായ വ്യവസായ പുരോഗതിയുടെ ഫലമായി 1965-ല്‍ ജപ്പാന്റെ 13 ശ.മാ.ത്തോളം വ്യാവസായികോത്പാദനം ടോക്യോയില്‍ കേന്ദ്രീകരിക്കുവാന്‍ സഹായിച്ചു.

ഗതാഗതവും വാര്‍ത്താവിനിമയവും. ടോക്യോയിലെ ഗതാഗതമാര്‍ഗങ്ങള്‍ താരതമ്യേന മെച്ചപ്പെട്ടവയാണെങ്കിലും പൊതുവേ അപര്യാപ്തമാണ്. കാറുകളാണ് നഗരത്തിലെ പ്രധാന വാഹനങ്ങള്‍. ജപ്പാന്‍ ദേശീയ റെയില്‍വേക്കു പുറമേ നിരവധി സ്വകാര്യ കമ്പനികളും റെയില്‍ ഗതാഗതമേഖലയില്‍ പ്രവര്‍ത്തിക്കുന്നു. സബ്വേകളും ബസ്ലൈനുകളുമാണ് നഗരഗതാഗതത്തിന്റെ സവിശേഷത. ലോകത്തിലെ ആദ്യത്തെ 'മോണോറെയില്‍' (monorail) ടോക്യോയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 12 കി.മീ. നീളമുള്ള ഈ റെയില്‍പ്പാത ടോക്യോയെ ഹനീഡ (Haneda) അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നു. സബ്വേ ലൈനുകളുടെ വികസനവും തൂണുകളില്‍ സ്ഥാപിച്ചിരിക്കുന്ന എക്സ്പ്രസ് പാതകളുടെ നിര്‍മാണവുമായിരുന്നു 1961 - 70 കാലഘട്ടത്തില്‍ ടോക്യോ നഗരത്തിലെ പ്രധാന വികസന പദ്ധതികള്‍. അന്തരീക്ഷമലിനീകരണ നിയന്ത്രണം, വ്യവസായശാലകളുടെ പുനഃസ്ഥാപനം, പാര്‍പ്പിട നിര്‍മാണം, ഉദ്യാനനിര്‍മാണം തുടങ്ങിയവയായിരുന്നു ഈ കാലഘട്ടത്തിലെ മറ്റു പ്രധാന പദ്ധതികള്‍. 1964-ലെ ടോക്യോ ഒളിമ്പിക്സിനുമുമ്പുതന്നെ ഇവയില്‍ പല പദ്ധതികളും പൂര്‍ത്തീകരിക്കപ്പെട്ടു. ടോക്യോയെയും ഒസാക്കയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ റെയില്‍പ്പാത 1964-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഇംപീരിയല്‍ പാലസ്

ടോക്യോ അന്താരാഷ്ട്ര വിമാനത്താവള(ഹനീഡ വിമാനത്താവളം)ത്തില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് ഇരുപത് കമ്പനികള്‍ സര്‍വീസ് നടത്തുന്നു. മധ്യ ടോക്യോയുടെ വ.-കി. ന്യൂ ടോക്യോ അന്താരാഷ്ട്ര വിമാനത്താവളം (നറീറ്റ വിമാനത്താവളം) സ്ഥിതിചെയ്യുന്നു. 1978-ല്‍ ആണ് ഇത് പ്രവര്‍ത്തനം ആരംഭിച്ചത്. മൊത്തം 230 കി.മീ. നീളമുള്ള രണ്ടു മെട്രോ സര്‍വീസുകള്‍ ടോക്യോയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് (1994).

ജപ്പാനിലെ പ്രമുഖ തുറമുഖങ്ങളില്‍ ഒന്നാണ് ടോക്യോ. കൊബെ (Kobe), യോകോഹാമ (Yokohama) എന്നിവയാണ് വ്യാവസായിക പ്രാധാന്യമുള്ള ടോക്യോയിലെ മറ്റു തുറമുഖങ്ങള്‍. ആഴക്കൂടുതലാണ് ഇവയുടെ പ്രത്യേകത. ടോക്യോയുടെ കടല്‍മാര്‍ഗ വ്യാപാരത്തിന്റെ ഭൂരിഭാഗവും യോകോഹാമയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അസാഹി (Asahi) ആണ് ടോക്യോയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രധാന ദിനപത്രം.

ചക്രവര്‍ത്തിയുടെ കൊട്ടാരമായ 'ഇംപീരിയല്‍ പാലസ്', കൊട്ടാരത്തിനു തെ. കി. സ്ഥിതിചെയ്യുന്ന 'ഇംപീരിയല്‍ പാലസ് പ്ളാസാ', നാഷണല്‍ ഡയറ്റ് മന്ദിരം, പാരീസിലെ ഈഫല്‍ ഗോപുരമാതൃകയില്‍ നിര്‍മിച്ച 'ടോക്യോ ടവര്‍' (1958) എന്നിവയാണ് ടോക്യോ നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍. നവീനവും പുരാതനവുമായ നിരവധി അമ്പലങ്ങളും ക്രിസ്തീയ ദേവാലയങ്ങളും ടോക്യോ നഗരത്തില്‍ കാണാം. മെയ്ജി ചക്രവര്‍ത്തിയുടെ സ്മാരകമായ 'മെയ്ജി ദേവാലയം' (Meji shrine) ജപ്പാനിലെ മുഖ്യ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നാണ്. തൊട്ടടുത്തുള്ള ഉദ്യാനത്തിനു പുറത്ത് ഒരു 'മെമ്മോറിയല്‍ പിക്ചര്‍ഗാലറി'യും പ്രവര്‍ത്തിക്കുന്നുണ്ട്. 1964-ലെ ടോക്യോ ഒളിമ്പിക്സിന്റെ പല മത്സരങ്ങളുടെയും വേദിയായിരുന്നു ഇവിടം. ഇപ്പോള്‍ ഇത് 'മേയ്ജി ഒളിമ്പിക്പാര്‍ക്ക്' എന്ന പേരില്‍ അറിയപ്പെടുന്നു. കിരീടാവകാശികളായ രാജകുമാരന്റേയും രാജകുമാരിയുടേയും വസതികളായ 'തോഗുപാലസും', 'അകസാക ഡിറ്റാച്ച്ഡ് പാലസും' ഇതിനടുത്താണ് സ്ഥിതിചെയ്യുന്നത്.

ടോക്യോ ടവര്‍

ധാരാളം ഉദ്യാനങ്ങള്‍ ടോക്യോയിലുണ്ട്. റികുജീന്‍ (Rikugien), കോറാകൂവന്‍ (Korakuen), ഷിന്‍ ജുകു (Shinjuku), നാഷണല്‍ തുടങ്ങിയവ മുന്‍നിരയില്‍ നില്‍ക്കുന്നു. ഏറ്റവും വലിയ ഉദ്യാനമായ യുനൊ ഉദ്യാനത്തില്‍ മ്യൂസിയം, ചരിത്രസ്മാരകങ്ങള്‍, മൃഗശാല, മറ്റു സ്ഥാപനങ്ങള്‍ എന്നിവയുമുണ്ട്. ഒരു മോണോറെയിലും ഇവിടെ പ്രവര്‍ത്തിക്കുന്നു.

ലോകത്തിലേറ്റവും മെച്ചപ്പെട്ട കായികാഭ്യാസ സൌകര്യങ്ങളുള്ള ചുരുക്കം ചില നഗരങ്ങളിലൊന്നാണ് ടോക്യോ. ഇവിടത്തെ ഏറ്റവും വൈവിധ്യമാര്‍ന്ന കായിക-വിശ്രമകേന്ദ്രമാണ് കോറാകൂവന്‍ (Korakuen). ടോക്യോയിലെ ജനപ്രിയ കായിക പരിപാടിയായ ജൂഡോയുടെ അഭ്യാസകേന്ദ്രമെന്ന നിലയില്‍ പ്രസിദ്ധി നേടിയ ജൂഡോ കോഡോകാന്‍ (Judo kodokan) ഇവിടെ പ്രവര്‍ത്തിക്കുന്നു. ജാപ്പനീസ് ഗുസ്തി ഇനമായ 'സൂമോ'യുടെ ആസ്ഥാനവും ഇതിനടുത്തുള്ള 'കാരാമാര്‍കോകൂജിക്കാന്‍ അറീനാ' (karamar kokugikan arena)യില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വിദ്യാഭ്യാസം. ജപ്പാനിലെ ഒരു പ്രധാന വിദ്യാഭ്യാസ കേന്ദ്രമാണ് ടോക്യോ. കോളജുകളും, സര്‍വകലാശാലകളും ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ടോക്യോയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1200 പ്രൈമറി സ്കൂളുകളും, 700 ജൂനിയര്‍ സെക്കന്ററി സ്കൂളുകളും 400-ലധികം സീനിയര്‍ ഹൈസ്കൂളുകളും 100 മേജര്‍ ഡിഗ്രി കോളജുകളും 90 ജൂനിയര്‍ കോളജുകളും പ്രവര്‍ത്തിക്കുന്ന ടോക്യോ നഗരത്തില്‍ വിദ്യാഭ്യാസരംഗം വളരെ സജീവമാണ്. വിദ്യാഭ്യാസ വികസനപരിപാടികളില്‍ സ്വകാര്യമേഖലയ്ക്ക് നിര്‍ണായക പങ്കാളിത്തമാണുള്ളത്. ലോകത്തിലെ ഏറ്റവുമധികം സാക്ഷരത നേടിയ നഗരങ്ങളിലൊന്നാണ് ടോക്യോ.
കീമോണ ധരിച്ച ജാപ്പാനീസ് സ്ത്രീകള്‍

ടോക്യോ നഗരത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന 13 പ്രധാന സര്‍വകലാശാലകളിലൊന്നായ 'ടോക്യോ സര്‍വകലാശാല' (1877) വിശ്വപ്രസിദ്ധമാണ്. 'ഹാര്‍വാര്‍ഡ് ഒഫ് ജപ്പാന്‍' എന്ന പേരിലും ഇത് അറിയപ്പെടുന്നു. ടോക്യോയിലെ വ്യത്യസ്തമായ ഒരു സ്വകാര്യവിദ്യാഭ്യാസ കേന്ദ്രമാണ് റേസിങ് അസോസിയേഷന്റെ കീഴിലുള്ള 'സ്കൂള്‍ ഫോര്‍ ജോക്കിസ്'(School for jockeys).നിരവധി പൊതു-സ്വകാര്യ ഗ്രന്ഥശാലകളും ടോക്യോയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാഷിങ്ടണ്‍ ഡി.സി.യിലുള്ള 'ലൈബ്രറി ഒഫ് കോണ്‍ഗ്രസി'നോട് ഒപ്പം നില്‍ക്കാന്‍ കഴിയുന്ന 'ദ് നാഷണല്‍ ഡയറ്റ് ലൈബ്രറി'യും ഹിബിയ മെട്രോപൊലിറ്റന്‍ ലൈബ്രറിയുമാണ് ഇവയില്‍ പ്രധാനപ്പെട്ടവ. ജപ്പാന്റെ പുരാതന കലാരൂപശേഖരങ്ങളാല്‍ സമ്പന്നമായ ടോക്യോ നാഷണല്‍ മ്യൂസിയം, ടോക്യോ മെട്രോപൊലിറ്റന്‍ ഫൈന്‍ ആര്‍ട് ഗാലറി, ദ് നാഷണല്‍ മ്യൂസിയം ഒഫ് വെസ്റ്റേണ്‍ ആര്‍ട്സ്, നാഷണല്‍ സയന്‍സ് മ്യൂസിയം, ജപ്പാന്‍ ഫോക്ക്രാഫ്റ്റ്സ് മ്യൂസിയം എന്നിവയും ടോക്യോയിലെ പ്രധാന ആകര്‍ഷണങ്ങളില്‍പ്പെടുന്നു.

ആഹാരവും വസ്ത്രധാരണവും. ജാപ്പനീസ് ജനതയുടെ പ്രധാന ആഹാരം ചോറും മീനുമാണെങ്കിലും പുതിയ തലമുറയില്‍ മിക്കവരും പാശ്ചാത്യ ആഹാരരീതികളുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ധാരാളംപേര്‍

കബുകി

ഇപ്പോഴും പരമ്പരാഗത രീതിയിലുള്ള ആഹാരരീതി പിന്‍തുടരുന്നുണ്ട്. ഭൂരിഭാഗം ജനങ്ങളും പാശ്ചാത്യവസ്ത്രധാരണശൈലി സ്വീകരിച്ചിരിക്കുന്നു. ജനങ്ങള്‍ ചുരുക്കം ചില പ്രത്യേകാവസരങ്ങളില്‍ മാത്രമേ പരമ്പരാഗത ജാപ്പനീസ് വസ്ത്രങ്ങള്‍ ഉപയോഗിക്കാറുള്ളു. പുതുവത്സരത്തിലും മറ്റു ആഘോഷവേളകളിലും ടോക്യോയിലെ സ്ത്രീകള്‍ 'കിമോണ' (Kimona) എന്ന വസ്ത്രം ധരിക്കുന്നു. താബി (Tabi) എന്ന പേരിലറിയപ്പെടുന്ന ഒരു പ്രത്യേക തരം സോക്സും, സോറി (zori) എന്ന പാദരക്ഷകളും ഇതിനോടൊപ്പം ഇവര്‍ ഉപയോഗിച്ചുവരുന്നു. നഗരത്തിലെ മിക്ക വീടുകളിലും പാശ്ചാത്യരീതിയിലുള്ള ഗൃഹോപകരണങ്ങള്‍ കാണാം. എന്നാല്‍ വീടുകളില്‍ തറയ്ക്കുവേണ്ടി പരമ്പരാഗത രീതിയില്‍ വയ്ക്കോല്‍ കൊണ്ടു നിര്‍മിച്ച 'റ്റാറ്റാമി' (Tatami) എന്ന വസ്തുവാണ് ഉപയോഗിക്കുന്നത്. വീടുകളില്‍ സ്നാന സൌകര്യങ്ങള്‍ പൊതുവേ കുറവാണ്. പരമ്പരാഗത രീതിയില്‍ നിര്‍മിച്ച പൊക്കം കുറഞ്ഞ തീന്‍മേശയും അതിനുചുറ്റും ചെറുകുഷ്യനുകളില്‍ ഇരിക്കുന്ന കുടുംബാംഗങ്ങളും ഇന്നും ഇവിടത്തെ സാധാരണ കാഴ്ചയാണ്. പൊതുവേ ഉദ്യാനപ്രിയരാണ് ടോക്യോ നിവാസികള്‍. ഇവരുടെ ബോണ്‍സായി, ബോണ്‍കീ (Bonkei) മാതൃകകള്‍ ഏറെ പ്രസിദ്ധമാണ്.

കലാരംഗം. പാശ്ചാത്യനാട്യരൂപങ്ങളായ ഓപ്പറയും ബാലെകളും ടോക്യോയില്‍ ധാരാളമായി അരങ്ങേറാറുണ്ട്. ജനപ്രിയ പരമ്പരാഗത ജാപ്പനീസ് നാട്യരൂപങ്ങളായ 'കബുകി'ക്കും 'നോ'യ്ക്കും പുറമേ നിരവധി പാശ്ചാത്യ കലാരൂപങ്ങളും ഇവിടെ പ്രചാരം നേടിയിട്ടുണ്ട്. ടോക്യോയിലെ പ്രധാന തിയെറ്ററായ കാബുകിസ (kabukiza), ഗിന്‍സാ തെരുവില്‍ സ്ഥിതിചെയ്യുന്നു. 17-ാം ശ. മുതല്‍ക്കുള്ള ജനപ്രിയ നാടകങ്ങള്‍ ഇവിടെ അരങ്ങേറുക പതിവാണ്. ചക്രവര്‍ത്തിമാരുടെ ഭരണകാലഘട്ടത്തെ രണ്ട് പൗരാണിക നാട്യരൂപങ്ങളായ നോ, കബൂകി എന്നിവയുടെ അവതരണത്തിനുവേണ്ടിയാണ് ഇവിടത്തെ പല തിയെറ്ററുകളും നിര്‍മിക്കപ്പെട്ടത്. നാഷണല്‍ തിയെറ്ററില്‍ കബൂക്കിയും മറ്റു പൗരാണിക കലകളും പ്രദര്‍ശിപ്പിക്കുന്നു. ഷിങേകി (shingeki) എന്ന ആധുനിക നാടകരൂപവും ടോക്യോയില്‍ പ്രചാരത്തിലുണ്ട്. 1880-കളില്‍ രൂപംകൊണ്ട 'ഷിംപ' (shimpa)യ്ക്ക് കബുകിക്കും ഷിങേകിക്കുമിടയിലാണ് സ്ഥാനം. ജാപ്പനീസ് ചലച്ചിത്രവ്യവസായത്തിന്റെ ആസ്ഥാനമായ ടോക്യോ ലോകത്തിലെതന്നെ പ്രമുഖ സിനിമാ നിര്‍മാണകേന്ദ്രങ്ങളിലൊന്നുകൂടിയാണ്.

മതം. ബുദ്ധമതവും ഷിന്റോയുമാണ് ടോക്യോയില്‍ പ്രചാരമുള്ള മതങ്ങള്‍. നൂറുകണക്കിന് ഷിന്റോ, ബുദ്ധമത ആരാധനാലയങ്ങള്‍ ടോക്യോയിലുടനീളം കാണാം. ജനങ്ങളില്‍ ഭൂരിഭാഗവും പൊതു ആഘോഷദിവസങ്ങളിലോ, വൈവാഹിക-സംസ്കാരചടങ്ങുകളുടെ ഭാഗമായോ മാത്രമേ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാറുള്ളു. നഗരജനസംഖ്യയില്‍ ചെറിയൊരു ശതമാനം ക്രിസ്തുമതവിശ്വാസികളാണ്.

ഭരണസംവിധാനം. ഭരണസൌകര്യാര്‍ഥം ടോക്യോ മെട്രോപൊലിസിനെ 23 വാര്‍ഡുകളും നിരവധി ചെറു നഗരങ്ങളും കൗണ്ടികളുമായി വിഭജിച്ചിരിക്കുന്നു. ഗവര്‍ണറാണ് മുഖ്യ ഭരണാധികാരി. നാലു വര്‍ഷമാണ് ഗവര്‍ണറുടെ കാലാവധി. സിറ്റി നിയമനിര്‍മാണസഭയുടെ അനുവാദത്തോടെ ഗവര്‍ണര്‍ നിയമിക്കുന്ന ഉദ്യോഗസ്ഥരും, സഭ നേരിട്ട് തെരഞ്ഞെടുക്കുന്നവരും ഭരണകാര്യങ്ങളില്‍ ഇദ്ദേഹത്തെ സഹായിക്കുന്നു. നിയമനിര്‍മാണസഭാംഗങ്ങള്‍ക്കു പുറമേ മെട്രൊപൊലിറ്റന്‍ അസംബ്ളിയും ഭരണനിര്‍വഹണത്തില്‍ ഗവര്‍ണറെ സഹായിക്കുന്നുണ്ട്. നാലു വര്‍ഷമാണ് നിയമനിര്‍മാണസഭാംഗങ്ങളുടെ കാലാവധി. നിയമനിര്‍മാണസഭയുടെ പ്രസിഡന്റിനും ഗവര്‍ണര്‍ക്കും തുല്യ പദവിയാണുള്ളത്. വാര്‍ഡുകള്‍ക്കും മറ്റു പ്രദേശിക ഭരണസമിതികള്‍ക്കും ഏറെ സ്വതന്ത്രമായ അധികാരങ്ങള്‍ ഉണ്ട്.

ചരിത്രം. ടോക്യോയില്‍ ശിലായുഗം മുതല്‍ മനുഷ്യവാസമുണ്ടായിരുന്നുവെന്നുള്ള തെളിവുകള്‍ പുരാവസ്തു പഠനങ്ങള്‍ നല്‍കുന്നുണ്ട്. പ്രാചീന ടോക്യോയുടെ ചരിത്രപരമായ അറിവു ലഭ്യമാക്കുന്ന ഒട്ടനവധി തെളിവുകള്‍ പുരാവസ്തു ഗവേഷകര്‍ മുസാഷിനോ (Musashino) സമതലത്തില്‍നിന്നും ശേഖരിച്ചിട്ടുണ്ട്. 645 എ.ഡി. യില്‍ ജപ്പാനില്‍ ഉണ്ടായിരുന്ന 50 പ്രവിശ്യകളില്‍ ഒന്നായ മുസാഷിയില്‍പ്പെട്ടതാണ് ഇന്നത്തെ ടോക്യോ പട്ടണം. ഇന്ന് ഇവിടെയുള്ള ഫുച്ചു (Fuchu) നഗരമായിരുന്നു അന്നത്തെ ഭരണത്തിന്റെ സിരാകേന്ദ്രം. ഇപ്പോഴത്തെ ടോക്യോ നഗരം 12-ാം ശ.-ത്തില്‍ 'എദോ' എന്ന ഗ്രാമമായി സ്ഥാപിക്കപ്പെട്ടതാണെന്ന് കരുതപ്പെടുന്നു. കേന്ദ്രീകൃത ഗവണ്‍മെന്റ് തകരുകയും 12-ാം ശ.-ത്തിന്റെ അവസാനത്തോടെ സമുറായ് വിഭാഗം ശക്തി പ്രാപിക്കുകയും ചെയ്തപ്പോള്‍ 'എദോ' കാന്റോ മേഖലയുടെ പ്രധാന കേന്ദ്രമായിത്തീര്‍ന്നു. സമുറായ് വിഭാഗക്കാര്‍ ജപ്പാനില്‍ അധികാരത്തില്‍ വന്നതോടെ 'എദോ' അവരുടെ ഭരണകേന്ദ്രമായി സ്വീകരിക്കപ്പെട്ടു.

എദോ ടാരോ ഷിഗനാഗാ (Edo Taro Shigenaga) എന്ന പ്രാദേശിക യോദ്ധാവ് ഇവിടെ 12-ാം ശ.-ത്തില്‍ ഒരു കോട്ട നിര്‍മിച്ചിരുന്നു. 15-ാം ശ. വരെ നൂറോളം കുടുംബങ്ങള്‍ നിവസിച്ചിരുന്ന ഒരു സാധാരണ മത്സ്യബന്ധന ഗ്രാമം മാത്രമായിരുന്നു എദോ. 15-ാം ശ.-ത്തിലെ ആഭ്യന്തര കലഹകാലത്ത് ജപ്പാനിലെ ഷോഗനേറ്റിനു കീഴിലുണ്ടായിരുന്ന കാന്റോ പ്രദേശത്തെ ഓട്ടാ ദോകാന്‍ (Ota Dokan) എന്ന യോദ്ധാവ് 1456-57-ല്‍ എദോയില്‍ ഒരു കൊട്ടാരം നിര്‍മിച്ചു. പിന്നീട് ഈ കൊട്ടാരം പലരുടെയും അധീനതയിലായിത്തീര്‍ന്നു എന്നാണ് ചരിത്രം. ഒരു നൂറ്റാണ്ടുകാലത്തോളം നീണ്ടുനിന്ന യുദ്ധങ്ങള്‍ക്കുശേഷം തൊയൊത്തോമി ഹിദേയോഷി രാജ്യത്തെ ഭാഗികമായി ഏകീകരിക്കുകയും ടോക്കുഗാവ ഇയെയാസു (ടോക്കുഗാവ ഷോഗനേറ്റിന്റെ സ്ഥാപകന്‍) 1590-ല്‍ എദോ ആസ്ഥാനമാക്കി കാന്റോയിലെ ഭരണാധികാരിയാകുകയും ചെയ്തു. കാന്റോ സമതലത്തിന്റെ ഒരു തന്ത്രപ്രധാന കേന്ദ്രമായിരുന്നു എദോ. ഇയെയാസുവിന് ചക്രവര്‍ത്തിയില്‍നിന്നും 1603-ല്‍ ഷോഗണ്‍ (പരമ്പരാഗത സൈനിക ഭരണാധിപന്‍) പദവി ഔദ്യോഗികമായി ലഭിച്ചതിനെത്തുടര്‍ന്ന് എദോയെ ഇദ്ദേഹം ഷോഗണ്‍ സൈനിക ഗവണ്‍മെന്റി (ബാക്കുഫു - bakufu)ന്റെ തലസ്ഥാനമാക്കി. ഇക്കാലത്ത് എദോ ശക്തി പ്രാപിച്ചു.

ടോക്കുഗാവാ ഭരണകാലത്ത് ഷോഗണിന്റെ എദോയിലെ കൊട്ടാരം നഗര ജീവിതത്തിന്റെ സിരാകേന്ദ്രമായിരുന്നു. ഇയെയാസു എദോ നഗരം വിപുലമാക്കി. ചതുപ്പു പ്രദേശമായിരുന്ന ഇവിടെ ചതുപ്പു നിലങ്ങള്‍ നികത്തിയും വെള്ളമൊഴുകിപ്പോകാന്‍ തോടുകളുണ്ടാക്കിയും നഗര വികസനത്തിനാവശ്യമായ പദ്ധതികള്‍ നടപ്പിലാക്കി. ഷോഗണിന്റെ കൊട്ടാരത്തെ ചുറ്റി ഡെയ്മോ (ഫ്യൂഡല്‍ പ്രഭുക്കള്‍), സമുറായ് (യോദ്ധാക്കള്‍), വ്യാപാരികള്‍ തുടങ്ങിയവരുടെ അധിവാസ കേന്ദ്രങ്ങളുണ്ടായി. കൊട്ടാരത്തിന്റെ പടിഞ്ഞാറ് കുലീന വര്‍ഗക്കാരുടെയും കിഴക്ക് കച്ചവടക്കാരുടെയും തൊഴിലാളികളുടെയും വാസസ്ഥലങ്ങളായിരുന്നു. വിദൂര സ്ഥലങ്ങളിലുള്ള ഫ്യൂഡല്‍ പ്രഭുക്കളുടെ കുടുംബങ്ങളെ എദോയില്‍ത്തന്നെ സ്ഥിരമായി താമസിപ്പിച്ചിരുന്നു. ഡെയ്മോകള്‍ ഒന്നിടവിട്ടുള്ള വര്‍ഷങ്ങളില്‍ എദോയില്‍ത്തന്നെയുണ്ടായിരിക്കണമെന്നും ഇയെയാസു നിഷ്കര്‍ഷിച്ചിരുന്നു. സമുറായ്കളെയും എദോയില്‍തന്നെ പാര്‍പ്പിച്ചു 80,000-ത്തോളം സമുറായ്കള്‍ മറ്റു പ്രദേശങ്ങളില്‍നിന്നും നഗരത്തിലേക്കു മാറ്റപ്പെടുകയുണ്ടായി. ഇക്കാരണങ്ങളാല്‍ ഇവിടെ ജനവാസം ഏറെ വര്‍ധിച്ചു. എദോ കൊട്ടാരത്തിനു ചുറ്റുമായി നഗരം വികസിച്ചു. കൊട്ടാരസമുച്ചയത്തിനു ചുറ്റുമായി സമാന്തര തെരുവുകളും കിടങ്ങുകളുമായി നഗരം ആവിഷ്ക്കരിച്ചിരുന്നു. മധ്യത്തുനിന്നും ബഹിര്‍ഗമിക്കുന്ന ആരക്കാലുപോലുള്ള തെരുവുകളുമുണ്ടായിരുന്നു. തോടുകളുടെയും റോഡുകളുടെയും ശൃംഖല തന്നെയുണ്ടായി. ക്ഷേത്രങ്ങളും നിര്‍മിച്ചിരുന്നു. ഇതോടൊപ്പം നഗരം ഒരു സാംസ്കാരികകേന്ദ്രവും വാണിജ്യകേന്ദ്രവുമായി വികസിക്കുകയും ചെയ്തു.

വീടുകളുടെ ബാഹുല്യവും നിര്‍മാണ സാമഗ്രികളുടെ പ്രത്യേകതയും എദോയില്‍ നിരവധി തീപിടുത്തങ്ങള്‍ക്കിടവരുത്തി. 1657-ലെ വന്‍ തീപിടുത്തത്തില്‍പ്പെട്ട് നഗരത്തിന്റെ ചില ഭാഗങ്ങള്‍ക്ക് വന്‍പിച്ച നാശമുണ്ടായി. പുനര്‍നിര്‍മിക്കപ്പെട്ട നഗരം കൂടുതല്‍ വിശാലവും വികസിതവുമായി. തീപിടുത്തങ്ങളും ഭൂകമ്പങ്ങളും വഴിയുള്ള നാശം ഇവിടെ സാധാരണമായിരുന്നു.

എദോയിലെ ജനസംഖ്യ വളരെയധികം വര്‍ധിച്ചു. 18-ാം ശ. ആയപ്പോഴേക്കും ജനവാസം അധികമുള്ള ലോക നഗരങ്ങളില്‍ ഒന്നായി മാറിയിരുന്നു ഇവിടം. ഇക്കാലത്ത് എദോ നഗരം ജപ്പാനിലെ വാണിജ്യ, കലാ, രാഷ്ട്രീ യാധികാരങ്ങളുടെ ഒരു പ്രധാന കേന്ദ്രമായി രൂപംപൂണ്ടുകഴിഞ്ഞിരുന്നു.

19-ാം ശ. ആയപ്പോഴേക്കും വിവിധ കാരണങ്ങളാല്‍ ഷോഗനേറ്റ് ഭരണത്തിന്റെ, ശക്തി ക്ഷയിച്ചുവന്നു. ഇതോടെ നഗരത്തിന്റെ പ്രതാപവും കുറഞ്ഞു. ഇക്കാലത്ത് ഭരണമേധാവിത്വം പുനഃസ്ഥാപിക്കുവാന്‍ ചക്രവര്‍ത്തി ശ്രമിച്ചുവന്നു. ഈ പരിവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 1868-ല്‍ ടോക്കുഗാവാ ഷോഗണ്‍ ജപ്പാനിലെ മെയ്ജി ചക്രവര്‍ത്തിയുടെ സേനയ്ക്ക് കീഴടങ്ങി (മെയ്ജി റെസ്റ്റൊറേഷന്‍). എദോ കൊട്ടാരം ചക്രവര്‍ത്തിയുടെ അധീനതയിലായി (1869). സാമ്രാജ്യ തലസ്ഥാനം എദോയിലേയ്ക്ക് ചക്രവര്‍ത്തി മാറ്റി സ്ഥാപിച്ചു. നഗരത്തിന് എദോ എന്നതിനുപകരം ടോക്യോ (പൂര്‍വ തലസ്ഥാനം) എന്നു പേരു നല്‍കി. ടോക്യോയുടെ ചരിത്രത്തില്‍ ഇതോടെ ഒരു വഴിത്തിരിവുണ്ടായി. മെയ്ജി പുനഃസ്ഥാപനത്തിനുശേഷം സമുറായ്കളുടേയും ഡെയ്മോകളുടേയും പ്രാധാന്യം കുറഞ്ഞു. ടോക്യോയിലെ ജനസംഖ്യയില്‍ കുറവുണ്ടായി. മെയ്ജി പുനഃസ്ഥാപനത്തോടെ ടോക്യോയിലൂടെ ജപ്പാനില്‍ പാശ്ചാത്യവത്ക്കരണത്തിന്റെ തുടക്കമായി. ആധുനികതയിലൂന്നിയുള്ള വികസനമാണ് പിന്നീടു ടോക്യോയില്‍ ദൃശ്യമാകുന്നത്.

1871 ആയപ്പോഴേക്കും ടോക്യോയ്ക്ക് പുതിയ നഗര സംവിധാനമുണ്ടായി. നഗരഭരണം പരിഷ്ക്കരിക്കപ്പെട്ടു. ചക്രവര്‍ത്തിയുടെ കൊട്ടാരപരിസരങ്ങളില്‍ ഗവണ്‍മെന്റ് മന്ദിരങ്ങളുണ്ടായി. സൈനിക കേന്ദ്രങ്ങള്‍ നഗരമധ്യത്തുനിന്നും മാറ്റി സ്ഥാപിച്ചു. ഫാക്ടറികള്‍ സ്ഥാപിതമായി. റെയില്‍ ഗതാഗതത്തിനു തുടക്കമിട്ടു. ഭരണസൗകര്യത്തിനായി 1878-ല്‍ ടോക്യോ നഗരത്തെ 15 വാര്‍ഡുകളായി തിരിച്ചു. ഭരണകേന്ദ്രമെന്നതിലുപരി വ്യവസായ, വാണിജ്യ, സാംസ്കാരിക കേന്ദ്രമായി ടോക്യോ മാറിക്കൊണ്ടിരിക്കുകയായിരുന്നു. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ ലോകത്തിലെ പ്രധാന നഗരങ്ങളിലൊന്നായി ടോക്യോ അതിവേഗം പുരോഗമിക്കുകയായിരുന്നു.

1923 സെപ്. 1-ലെ ഭൂമികുലുക്കവും തുടര്‍ന്നുണ്ടായ തീപിടുത്തവും ടോക്യോ നഗരത്തന്റെ പകുതിയോളം ഭാഗം നാമാവശേഷമാക്കി. ഒരു ലക്ഷത്തോളം പേര്‍ ഈ പ്രകൃതി ദുരന്തങ്ങളില്‍ മരണമടഞ്ഞതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. 1930-കളില്‍ നഗരത്തിന്റെ പുനര്‍നിര്‍മാണം നടന്നു. നിലവിലുണ്ടായിരുന്ന 15 വാര്‍ഡുകളുടെ കൂടെ 1932-ല്‍ 20 വാര്‍ഡുകള്‍ കൂടി ചേര്‍ത്ത് ടോക്യോ കൂടുതല്‍ വിശാലമാക്കി.

ടോക്യോ ഫൂ. ടോക്യോ ഷി എന്നീ രണ്ടു പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് 1943-ല്‍ ടോക്യോയുടെ വിസ്തൃതി വര്‍ധിപ്പിച്ചു. ടോക്യോയിലെ വാര്‍ഡുകള്‍ പുനര്‍വിന്യസിച്ചു. ടോക്യോയെ ഒരു മെട്രോപൊളിസ് (ടോക്യോ തോ) ആക്കി മാറ്റി. രണ്ടാം ലോകയുദ്ധത്തിലെ ബോംബാക്രമണം മൂലം (1945) നഗരത്തിന് നാശനഷ്ടങ്ങളുണ്ടായി. ചരിത്രത്തിന്റെ നാഴികക്കല്ലുകളായിരുന്ന പ്രധാനപ്പെട്ട സ്മാരകങ്ങളില്‍ പലതും ഇല്ലാതാകുകയും പലതിനും കേടുപാടു സംഭവിക്കുകയും ചെയ്തു. നഗരത്തിലെ മിക്ക വ്യവസായകേന്ദ്രങ്ങളും തകര്‍ക്കപ്പെട്ടു. ജപ്പാന്‍കാര്‍ ഇപ്പോഴും വളരെ ആദരിക്കുന്ന മെയ്ജി ചക്രവര്‍ത്തിയുടെ സ്മാരകത്തിനും ഗുരുതരമായി കേടുപറ്റി. അത് വീണ്ടും പുതുക്കിപ്പണിതു. ലോകയുദ്ധത്തിലെ പരാജയം മുതല്‍ 1952 വരെ ജപ്പാന്‍, സഖ്യകക്ഷികളുടെ കൈവശ ഭരണത്തിലായിരുന്നു. ഇക്കാലത്ത് ഇവരുടെ ഭരണത്തിന്റെ ആസ്ഥാനം (ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് ഒഫ് ദ് സുപ്രീം കമാന്‍ഡര്‍ ഒഫ് ദി അലൈഡ് പവേഴ്സ്: GHQ-SCAP) ടോക്യോ ആയിരുന്നു. 1950-കളില്‍ ഈ നഗരത്തിന്റെ പുനര്‍നിര്‍മാണം ആരംഭിച്ചു. വ്യാവസായികരംഗത്ത് അതിവേഗം വളര്‍ച്ചയുണ്ടായി. ഇതോടെ നഗരത്തിലെ ജനസംഖ്യയും സാരമായി വര്‍ധിച്ചുവന്നു. 1964-ല്‍ ഒളിമ്പിക്സ് മത്സരങ്ങള്‍ക്ക് വേദിയായത് ടോക്യോ ആയിരുന്നു. തുടര്‍ന്ന് വളരെയധികം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ടോക്യോയില്‍ നടന്നു. ടോക്യോ ഒരു ലോകോത്തര മഹാനഗരമായി വികസിക്കുവാന്‍ ഈ മാറ്റങ്ങള്‍ വഴിയൊരുക്കി. ജനസംഖ്യ ക്രമാധികം വര്‍ധിച്ചത് പാര്‍പ്പിടപ്രശ്നം ക്ലേശകരമാക്കി. ഭൂമിയുടെ വില കുത്തനെ ഉയരുന്നതിന് ഇതു കാരണമായി.

ഒരു വന്‍കിട വ്യവസായ നഗരമായതോടെ 1970 വരെ പരിസ്ഥിതി മലിനീകരണം ഈ നഗരത്തിന്റെ ഒരു ശാപമായരുന്നു. അതിനുശേഷം കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങളെ മാറ്റി സ്ഥാപിച്ചു. നിര്‍ബന്ധിത മലിനീകരണ നിയന്ത്രണങ്ങളിലൂടെ പട്ടണത്തിന്റെ പരിസ്ഥിതി സംരക്ഷണം സന്തുലിതമാക്കാനുള്ള യത്നങ്ങളും നടത്തി. ഈ സംവിധാനങ്ങളിലൂടെ ടോക്യോ ലോകോത്തര പട്ടണങ്ങള്‍ക്കൊപ്പം വളര്‍ന്നുയര്‍ന്നു.

(ഡോ. എ. പസ്ലിത്തില്‍, സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%8B%E0%B4%95%E0%B5%8D%E0%B4%AF%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍