This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോക്കുഗാവാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടോക്കുഗാവാ

Tokugawa

ജപ്പാനില്‍ 1603 മുതല്‍ 1867 വരെ നിലനിന്ന സൈനിക ഭരണകുടുംബം (ഷോഗനേറ്റ്). സൈനിക ഭരണാധികാരികള്‍ 'ഷോഗണ്‍' എന്ന പേരില്‍ അറിയപ്പെട്ടു. വര്‍ഷങ്ങളോളം നീണ്ട അസ്ഥിരതയും കുഴപ്പങ്ങളും നിലനിന്ന ജപ്പാനില്‍ രാഷ്ട്രീയ സ്ഥിരത കൈവരുത്തിയത് ടോക്കുഗാവാ ഷോഗനേറ്റ് ആണ്. ഈ ഭരണകാലത്ത് ജപ്പാനില്‍ സമാധാനം നിലനില്‍ക്കുകയും നാട് അഭിവൃദ്ധിപ്രാപിക്കുകയും ചെയ്തു. ചക്രവര്‍ത്തിഭരണത്തെ നിഷ്പ്രഭമാക്കിക്കൊണ്ട് നിലനിന്ന ഈ ഷോഗനേറ്റിന് അന്ത്യം കുറിച്ചത് 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ചക്രവര്‍ത്തിഭരണം ശക്തിപ്രാപിച്ചതോടെയാണ്. ജപ്പാനില്‍ നിലനിന്ന മൂന്നാമത്തേതും അവസാനത്തേതുമായ ഷോഗനേറ്റായിരുന്നു ടോക്കുഗാവ. കാമാകൂറാ ഷോഗനേറ്റും അഷികാഗാ ഷോഗനേറ്റുമാണ് ഇതിനുമുമ്പുണ്ടായിരുന്നവ. 16-ാം നൂറ്റാണ്ടിലെ ആഭ്യന്തരക്കുഴപ്പങ്ങളുടെ പശ്ചാത്തലത്തില്‍ ജപ്പാനില്‍ അധികാരത്തിലേക്കുയര്‍ന്നുവന്ന മഹാപ്രഭുവായിരുന്ന ടോക്കുഗാവാ ഇയെയാസു (1542-1616) ഈ ഷോഗനേറ്റ് സ്ഥാപിച്ചു. ഇതിനും 200-250 വര്‍ഷം മുമ്പുതന്നെ ടോക്കുഗാവാ കുടുംബത്തിന്റെ മേല്‍നോട്ടത്തില്‍ ഒരു പ്രാദേശിക സൈനിക വിഭാഗം സ്ഥാപിക്കപ്പെട്ടിരുന്നു. സൈനിക ശക്തിയിലൂടെയും രാഷ്ട്രീയ കരുനീക്കങ്ങളിലൂടെയും ഇയെയാസു 1603-ല്‍ ഷോഗണ്‍ പദവി കരസ്ഥമാക്കിക്കൊണ്ട് ടോക്കുഗാവാ ഭരണത്തിന് തുടക്കം കുറിച്ചു. കുടുംബത്തുടര്‍ച്ച നിലനിര്‍ത്താനായി ഇദ്ദേഹം 1605-ഓടെ അധികാരമൊഴിഞ്ഞ് തന്റെ മകനെ ഷോഗണ്‍ ആക്കി. എങ്കിലും മരണം വരെ (1616) ഇയെയാസു തന്നെയായിരുന്നു ഭരണം നിയന്ത്രിച്ചിരുന്നത്.

ടോക്കുഗാവാ ഇയെയാസു

ഈ ഷോഗനേറ്റിന്റെ ഭരണകാലത്തിനെ 'ടോക്കുഗാവാ കാലഘട്ടം' എന്നു വിളിക്കുന്നു. ഇവരുടെ ആസ്ഥാനം എദോ (ഇപ്പോള്‍ ടോക്യോ)യില്‍ ആയിരുന്നതിനാല്‍ ഇത് 'എദോ കാലഘട്ടം' എന്നും അറിയപ്പെടുന്നു. ടോക്കുഗാവാ ഷോഗനേറ്റില്‍ 15 ഷോഗനുകള്‍ ഭരണാധിപന്മാരായി വര്‍ത്തിച്ചിരുന്നു. എദോ ആസ്ഥാനമാക്കിയുള്ള കേന്ദ്രീകൃത ഭരണസംവിധാനമാണ് ഇവര്‍ ആവിഷ്ക്കരിച്ചിരുന്നത്. പ്രാദേശിക നേതാക്കളായ ഡെയ്മോകളെ (ഫ്യൂഡല്‍ പ്രഭുക്കള്‍) നിയന്ത്രിച്ചു നിര്‍ത്താനായതുമൂലം ഇവര്‍ക്ക് സുസ്ഥിരമായ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞു. ഡെയ്മോകളെ അവരവരുടെ മേഖലകളില്‍ ഭരണം നടത്താന്‍ അനുവദിച്ചിരുന്നുവെങ്കിലും ഷോഗനേറ്റിനോടു വിധേയത്വം പുലര്‍ത്താനായി ഇവര്‍ക്കുമേല്‍ ഏറെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ടോക്കുഗാവാ ഭരണകാലത്ത് ജപ്പാന്‍ സാമ്പത്തികമായും സാമൂഹികമായും അഭിവൃദ്ധി പ്രാപിച്ചു. പരിഷ്കൃത കൃഷിസമ്പ്രദായവും നാണ്യവിളകള്‍ കൃഷിചെയ്യുന്ന രീതിയും സ്വീകരിച്ചതുമൂലം കാര്‍ഷികരംഗത്ത് പുരോഗമനമുണ്ടായി. വ്യാപാരവും വാണിജ്യവും അഭിവൃദ്ധിപ്രാപിച്ചു. ഫ്യൂഡല്‍ സാമ്പത്തിക വ്യവസ്ഥിതിയില്‍നിന്നും വ്യാവസായിക സാമ്പത്തിക വ്യവസ്ഥിതിയിലേക്കുള്ള ജപ്പാന്റെ പരിവര്‍ത്തനത്തിന് തുടക്കമിട്ടത് ടോക്കുഗാവാ ഭരണകാലത്താണ്. ഒസാക്കയും എദോയും പ്രമുഖ വ്യാപാരകേന്ദ്രങ്ങളായി വികസിച്ചു. നഗരങ്ങള്‍ വളര്‍ന്നുവന്നു. നഗര ജനസംഖ്യയില്‍ വര്‍ധനവുണ്ടായി. നഗര ജീവിതം അഭിവൃദ്ധിപ്പെടുകയും ചെയ്തു. വിപുലമായ വിദ്യാഭ്യാസസൗകര്യം ഇക്കാലത്ത് ജപ്പാനിലെ ജനങ്ങള്‍ക്കു ലഭ്യമായിരുന്നു. സാമൂഹികവും സാംസ്കാരികവുമായ നേട്ടങ്ങള്‍ കൈവരിക്കാനും അവര്‍ക്കു കഴിഞ്ഞു. ഇതിനെല്ലാം സഹായകരമായ രീതിയില്‍ രാഷ്ട്രീയ സുസ്ഥിരതയും സമാധാനവും ടോക്കുഗാവാ ഭരണകാലത്ത് നിലനിന്നിരുന്നു.

വിദേശികളുടെ വരവും അവരുടെ സ്വാധീനവും രാജ്യത്തിനെ ശിഥിലീകരണത്തിലേക്കു നയിക്കുമെന്ന ധാരണമൂലം ടോക്കുഗാവാ ഷോഗനേറ്റ് മറ്റു രാജ്യങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതിന് വിമുഖത കാട്ടിയിരുന്നു. രാജ്യത്ത് ക്രിസ്തുമതം പ്രചരിക്കുന്നതിനോട് ഇവര്‍ എതിര്‍പ്പുപ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 1630-കളുടെ അവസാനം മുതല്‍ ഈ ഒഴിഞ്ഞുനില്‍ക്കല്‍ നയമാണ് ഇവര്‍ പ്രാവര്‍ത്തികമാക്കിയത്. എന്നാല്‍ ചൈനക്കാരുമായും ഡച്ചുകാരുമായും ചെറിയ തോതിലുള്ള ബന്ധം ഉണ്ടായിരുന്നുതാനും. 1853-ല്‍ മാത്യു സി. പെറി എന്ന യു. എസ്. പ്രതിനിധി ജപ്പാനില്‍ പ്രവേശിക്കുന്നതുവരെ ഈ അവസ്ഥ തുടര്‍ന്നു. പാശ്ചാത്യരുടെ ആഗമനത്തോടെയുണ്ടായ രാഷ്ട്രീയത്തകര്‍ച്ചയെത്തുടര്‍ന്ന് യോഷിനോബു എന്ന 15-ാമത്തെയും അവസാനത്തെയുമായ ടോക്കുഗാവാ ഷോഗണ്‍ 1867-ല്‍ അധികാരമൊഴിഞ്ഞു. തുടര്‍ന്ന് മെയ്ജി ചക്രവര്‍ത്തിയുടെ ഭരണ പുനഃസ്ഥാപനം നടന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍